കീരവാണി

Keeravani
Maragathamani
Date of Birth: 
ചൊവ്വ, 4 July, 1961
മരഗതമണി
എം എം ക്രീം
Maragathamani
സംഗീതം നല്കിയ ഗാനങ്ങൾ: 56
ആലപിച്ച ഗാനങ്ങൾ: 6

തെലുങ്ക് ചലച്ചിത്രസംഗീതലോകത്ത് നിന്നും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരനേട്ടം വഴി തന്‍റെ പ്രശസ്തി ആഗോളതലത്തില്‍ എത്തിച്ച സംഗീത പ്രതിഭയാണ് എം എം കീരവാണി.

ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മരഗതമണി, കീരവാണി എന്നീ പേരുകളിലും ഹിന്ദിയില്‍ എം എം ക്രീം എന്ന പേരിലും പ്രസിദ്ധനായ അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ നാമം കൊഡൂരി മരഗതമണി കീരവാണി എന്നാണ്. ആന്ധ്രാപ്രദേശിലെ കൊവ്വൂര്‍ ദേശത്ത് ഗാനരചയിതാവും തിരകഥാകൃത്തുമായ കൊഡൂരി ശിവശക്തി ദത്തയുടെ മകനായി 1961ലാണ് ജനനം.

തെലുങ്ക് സംഗീത സംവിധായകന്‍ കെ ചക്രവര്‍ത്തി, മലയാളത്തിലെ രാജാമണി എന്നിവരുടെ സഹായിയായി 1987 കാലഘട്ടത്തിലാണ് കീരവാണിയുടെ സിനിമാജീവിതം ആരംഭിയ്ക്കുന്നത്. 1990ല്‍ കല്കി എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി അവസരം ലഭിച്ചെങ്കിലും പെട്ടിയിലോതുങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. അതേ വര്ഷം തന്നെ ഇറങ്ങിയ മനസ്സു മമത എന്നാ ചിത്രം പക്ഷെ കീരവാണിയെ ശ്രദ്ധേയനായി. തൊട്ടടുത്ത വര്ഷം ക്ഷണം ക്ഷണം എന്ന ചിത്രത്തിലെ ഗാനങ്ങളുടെ ജനപ്രീതി കീരവാണിയ്ക്ക് ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു മേല്‍വിലാസം നേടിക്കൊടുക്കുകയും വൈകാതെ തമിഴില്‍ നിന്നും കന്നടത്തില്‍ നിന്നും മലയാളത്തില്‍ നിന്നും ക്ഷണമെത്തുകയും ചെയ്തു.

1991ല്‍ ഐവി ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ കീരവാണിയുടെ സംഗീതം ആദ്യമായി മുഴങ്ങിയത്. പി കെ ഗോപിയെഴുതിയ ഗാനങ്ങള്‍ ശ്രദ്ധേയമായിരുന്നു. 1992ല്‍ സൂര്യമാനസം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടും മനോഹരഗാനത്തിലൂടെ സാന്നിധ്യം അറിയിച്ചു. 1996ല്‍ ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗത്തിലെ ഗാനങ്ങള്‍ ആണ് കീരവാണി മലയാളത്തിന് നല്‍കിയ  ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. എം ഡി രാജേന്ദ്രന്‍ എഴുതിയ ഗാനങ്ങള്‍ എല്ലാം തന്നെ മധുരമാര്‍ന്ന ഈണം കൊണ്ടും നവീനമായ വാദ്യവിന്യാസം കൊണ്ടും ആസ്വാദകര്‍ക്ക് നവ്യാനുഭൂതിയാണ് നല്‍കിയത്. ഇതേ വര്ഷം തന്നെ തെലുങ്ക് നാട്ടില്‍ നിന്ന് വന്ന മറ്റൊരു സംഗീത സംവിധായകനായ വിദ്യാസാഗര്‍ മറ്റൊരു തരംഗം കൂടി സൃഷ്ടിച്ചു മലയാളഗാനങ്ങളുടെ ശൈലിയില്‍ കാര്യമായ മാറ്റത്തിന് തുടക്കം ഇട്ടു. അഴകിയ രാവണനില്‍ തുടങ്ങിയ വിദ്യാസാഗര്‍ പിന്നീട് മലയാളത്തില്‍ നിറഞ്ഞു നിന്നപ്പോള്‍ ദേവരാഗത്തിന് ശേഷം കീരവാണി മലയാളത്തില്‍ പ്രവര്‍ത്തിച്ചിട്ടേ ഇല്ല എന്നത് വലിയൊരു നഷ്ടമാണ് ഗാനാസ്വാദകര്‍ക്ക്.

2022ലെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു..' എന്ന ഗാനത്തിനാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയത്. 1997ല്‍ അന്നമയ്യ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. സംഗീത സംവിധാനത്തിന് തെലുങ്കില്‍ 11 തവണയും തമിഴില്‍ ഒരു തവണയും സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോള്‍ മികച്ച ഗായകന്‍ കൂടിയായ കീരവാണിയെ തേടി തെലുങ്കില്‍ മൂന്ന് തവണയാണ് മികച്ച പിന്നണിഗായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. ഗുരുതുല്യനായി കീരവാണി കാണുന്ന രാജാമണിയുടെ ഈണത്തില്‍ മലയാളത്തില്‍ മാണിക്യചെമ്പഴുക്ക എന്ന ചിത്രത്തിന് വേണ്ടി സുജാതയ്ക്കൊപ്പം 'മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ
മാണിക്ക്യച്ചെമ്പഴുക്ക..' എന്ന ഗാനവും കീരവാണി ആലപിച്ചിട്ടുണ്ട്.

പ്രശസ്ത സംവിധായകന്‍ രാജമൌലി രാജാമണിയുടെ പിതൃസഹോദരപുത്രനാണ്. ഭാര്യ ശ്രീവല്ലി സിനിമയില്‍ ലൈന്‍ പ്രോഡ്യൂസര്‍ ആയി പ്രവര്‍ത്തിക്കുന്നു. മൂത്തപുത്രന്‍ കാല ഭൈരവ ഗായകനായും ശ്രീ സിംഹ നടനായും സിനിമയില്‍ പ്രവര്‍ത്തിക്കുന്നു.