ചേർത്തല ഡോ.കെ എൻ രംഗനാഥ ശർമ്മ
കർണ്ണാടക സംഗീതജ്ഞൻ-സംഗീതശാസ്ത്രജ്ഞൻ. സംഗീതവഴിയിലെ വ്യത്യസ്തമായ ഒരു സ്ഥാനമാണ് ദൂരദർശൻ-ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റായ ഡോ.ചേർത്തല രംഗനാഥ ശർമ്മയുടേത്. ഗവേഷകരായ സംഗീതവിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് കൊടുക്കുന്ന സംഗീത ശാസ്ത്രജ്ഞനും അതേ സമയം തന്നെ തികഞ്ഞ പെർഫോമറും എന്ന നിലയിൽ കർണ്ണാടക സംഗീതമേഖലയിൽ പ്രസിദ്ധിയാർജ്ജിക്കുവാൻ കഴിഞ്ഞ ചുരുക്കം ചിലരിലൊരാൾ. മധുരൈ സദ്ഗുരു സംഗീത വിദ്യാലയ കോളേജിലെ സീനിയർ ലക്ചററായി ജോലി നോക്കുന്നതിനോടൊപ്പം തന്നെ ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിലേറെ കച്ചേരികൾ നടത്തിയിട്ടുണ്ട്.
കാലിക്കറ്റ് സർവ്വകലാശാലയിലെ പാലക്കാട് ചിറ്റൂർ സംഗീത കോളേജിൽ നിന്ന് 1987ലും 89ലും യഥാക്രമം സംഗീതത്തിലെ ബിരുദത്തിനും,ബിരുദാനന്തര ബിരുദത്തിനും ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശേഷം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതശാസ്ത്രത്തിൽ റിസേർച്ചും ഡോക്ടറേറ്റും പൂർത്തിയാക്കി. കേന്ദ്രഗവണ്മെന്റിന്റെ സ്കോളർഷിപ്പോടെയാണ് സംഗീതത്തിൽ കൂടുതൽ ഗവേഷണം പൂർത്തിയാക്കിയത്.1999 മുതൽ നവരാത്രിമണ്ഡപ കച്ചേരികൾ അവതരിപ്പിക്കുന്ന ശ്രീ.ശർമ്മ സ്വാതിതിരുനാൾ കൃതികളുടെ ആലാപന വൈഭവത്തിൽ മുൻപന്തിയിൽ നിൽക്കുന്നു. സംഗീതത്തിലെ ലയത്തിൽ ഗവേഷണം നടത്തുന്ന ശർമ്മക്ക് "രാഗം-താനം-പല്ലവി" എന്നിവയിലെ പ്രാഗൽഭ്യത്തിന് ചെന്നൈ സംഗീത അക്കാദമിയിൽ നിന്നും അവാർഡ് ലഭ്യമായിരുന്നു. 1966ൽ നാരായണ അയ്യരുടെയും ലക്ഷ്മിയമ്മാളുടെയും മകനായി ജനിച്ച രംഗനാഥശർമ്മ, സംഗീതജ്ഞനായ പിതാവ് ചേർത്തല നാരായണ അയ്യരിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ പൂർത്തിയാക്കിയത്. ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ ശിഷ്യനായി അറിയപ്പെടുന്ന പിതാവ് വഴി ശെമ്മാങ്കുടിയിൽ നിന്നും നേരിട്ട് സംഗീതം അഭ്യസിക്കാനുള്ള അവസരം ലഭിച്ചിരുന്നു.
ഭാര്യ മോഹന സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്.രണ്ട് കുട്ടികളും സംഗീതം ശാസ്ത്രീയമായി അഭ്യസിക്കുന്നു.
അവലംബം - ഹിന്ദു ദിനപത്രം