ചിത്ര അയ്യർ

Chitra Iyer

സംഗീത ആൽബങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സിനിമാപിന്നണിഗാനരംഗത്തെത്തിയ കലാകാരിയാണ് ചിത്ര അയ്യർ.

1984ലാണ് ചിത്ര അയ്യർ ആദ്യമായി ഒരു സംഗീത ആൽബത്തിൽ പാടുന്നത്. ചന്ദ്രു സംഗീതസംവിധാനം നിർവഹിച്ച മൂകാംബികാസ്തുതികൾ. 1993ൽ ഉഡുപ്പികൃഷ്ണനെക്കുറിച്ചുള്ള ഭക്തിഗാനങ്ങൾ സ്വന്തമായി സംഗീതം നൽകി ആലപിച്ച് പുറത്തിറക്കി. ഏഷ്യാനെറ്റ് ചാനലിൽ "ജീവ സപ്തസ്വരങ്ങൾ" എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന ചിത്രയെ ആദ്യമായി സിനിമാപിന്നണിഗാനരംഗത്ത് അവതരിപ്പിയ്ക്കുന്നത് ബേണി ഇഗ്നേഷ്യസ് ആണ്. 1997ൽ "കുടുംബവാർത്തകൾ" എന്ന ചിത്രത്തിൽ ബിജുനാരായണനോടൊപ്പം,"തങ്കമണി താമരയായ്" എന്ന പാട്ടിലൂടെ. അദ്ദേഹത്തിന്റെ തന്നെ സംഗീതത്തിൽ "ഗ്രാമപഞ്ചായത്ത്" എന്ന സിനിമയിൽ ആദ്യ സോളോ("അധരം മധുരം..").

മലയാളത്തിൽ മോഹൻ സിതാര,എം ജയചന്ദ്രൻ,രമേഷ് നാരായണൻ,സുരേഷ് പീറ്റേഴ്സ്,ബാലഭാസ്കർ,ജാസി ഗിഫ്റ്റ്,ദീപക് ദേവ് തുടങ്ങിയ മുൻനിര സംഗീതസംവിധായകരുടെയെല്ലാം പാട്ടുകൾ പാടിയിട്ടുള്ള ചിത്ര അയ്യരെ തമിഴ് സിനിമാ പിന്നണിഗാനരംഗത്തിനു പരിചയപ്പെടുത്തിയത് എ ആർ റഹ്മാനാണ്. 2000ൽ "തെനാലി" എന്ന സിനിമയിലെ ഹരിഹരനോടൊപ്പം പടിയ "അത്തിനി സിത്തിനി" എന്ന പാട്ടിലൂടെ. തുടർന്ന് തമിഴിലെ യുവൻ ശങ്കർ രാജ,വിദ്യാസാഗർ,ഭരദ്വാജ് തുടങ്ങിയവർക്കു വേണ്ടിയെല്ലാം പിന്നണി പാടിയിട്ടുണ്ട്. എ ആർ റഹ്മാൻ തന്നെ ചിത്ര അയ്യരെ തെലുഗു സിനിമയിലും അവതരിപ്പിച്ചു. കൂടാതെ,ഹംസലേഖ,ഗുരുകിരൺ എന്നിവരുടെ സംഗീതത്തിൽ കന്നഡസിനിമയിലും പിന്നണി പാടിയിട്ടുണ്ട് ചിത്ര അയ്യർ. AGOSH എന്ന ഇൻഡി-പോപ് ബാൻഡിനുവേണ്ടിയും പാടിയിട്ടുണ്ട്.

ചിത്ര അയ്യർ പാടിയ, സ്വപ്നക്കൂടിലെ "ഇഷ്ടമല്ലെടാ.." ക്രോണിക് ബാച്ച്ലറിലെ "ചുണ്ടത്ത് ചെത്തിപ്പൂ" തുടങ്ങിയ പാട്ടുകൾ വൻഹിറ്റുകളായിരുന്നു. സിനിമാഗാനങ്ങൾ കൂടാതെ,ഫിലിപ് വി ഫ്രാൻസിസ്,വിനോദ് രത്നം എന്നിവരുടെ സംഗീതത്തിൽ ക്രിസ്തീയഭക്തിഗാന ആൽബങ്ങളിലും പാടിയിട്ടുണ്ട്.

ടെലിവിഷൻ പരിപാടികൾ അവതരിപ്പിയ്ക്കുകയും,പരമ്പരകളിൽ വേഷമിടുകയും ചെയ്ത ചിത്ര അയ്യരെ ലെനിൻ രാജേന്ദ്രൻ,2010ൽ "മകരമഞ്ഞ്" എന്ന ചിത്രത്തിലൂടെ അഭിനേത്രിയായി അവതരിപ്പിച്ചു. "മലയാളി ഹൗസ്" എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലെ ഒരു മൽസരാർത്ഥി ചിത്ര അയ്യർ ആയിരുന്നു.

കുട്ടിക്കാലം മുതൽക്കേ സംഗീതം അഭ്യസിയ്ക്കുന്നുണ്ട് ചിത്ര അയ്യർ. പണ്ഡിറ്റ് ജസ്രാരിന്റെ ശിഷ്യനായ,ഗ്വാളിയോർ ഖരാനയിലെ മുകുന്ദ് ക്ഷീരസാഗർ ആണ് ഹിന്ദുസ്ഥാനി സംഗീതത്തിൽ ഗുരു. വിനായക് തോർവി കർണാടക സംഗീതഗുരുവും.

തമിഴ്നാട് സ്വദേശികളായ ഡോ.രാജദുരൈ, ഡോ.രുക്മിണി അയ്യർ എന്നിവരാണ് മാതാപിതാക്കൾ.മുൻ ഇൻഡ്യൻ എയർഫോഴ്സ് പൈലറ്റായിരുന്ന വിനോദ് ശിവരാമനാണ് ഭർത്താവ്.അദിതി,അഞ്ജലി എന്നിങ്ങനെ രണ്ട് പെണ്മക്കൾ.