കലൂർ ഡെന്നിസ്

Kaloor Dennis
കഥ: 27
സംഭാഷണം: 114
തിരക്കഥ: 109

മലയാള സിനിമാരംഗത്തെ ഏറ്റവും തിരക്കുണ്ടായിരുന്ന ഹിറ്റ്മേക്കർ തിരക്കഥാകൃത്ത്. അടുപ്പമുള്ളവർ കലൂരാനെന്നും ഡെന്നീസ് അച്ചായനെന്നും വിളിക്കുന്ന കലൂർ ഡെന്നീസ്. വളരെ തിരക്കുണ്ടായിരുന്ന സമയത്ത് ഒരു വർഷത്തിൽ 15 ഓളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട് കലൂർ ഡെന്നീസ്. കലൂർ പാറേപ്പറമ്പ് വീട്ടിൽ ജനനം. ചെറുപ്പം മുതൽ തന്നെ സിനിമയോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം ധാരാളം സിനിമകൾ കാണുകയും പല ആനുകാലികങ്ങളിലും ചെറിയ കഥകൾ എഴുതുകയും ചെയ്തിരുന്നു. കെ ജെ ഡെന്നീസ് എന്ന പേരിലാണ് അന്ന് അദ്ദേഹം എഴുതിയിരുന്നത്, സുഹൃത്തുക്കളുടെ നിർദ്ദേശത്തെ മാനിച്ചാണ് പിന്നീടത് കലൂർ ഡെന്നീസ് എന്ന് മാറ്റിയത്. എയ്ഞ്ചൽ ജോണിന്റെ  ചിത്രകൗമുദി എന്ന മാഗസിന് വേണ്ടി സിനിമ ആർട്ടിസ്റ്റുകളെ കുറിച്ചുള്ള ലേഖനങ്ങളും അദ്ദേഹം എഴുതിയിരുന്നു. ചിത്രകൗമുദിയിൽ നിന്നും പിരിഞ്ഞ ശേഷം ആർട്ടിസ്റ്റ് കിത്തോയും സെബാസ്റ്റ്യൻ പോളുമായി ചേർന്ന് 1972 ൽ ചിത്രപൗർണ്ണമി എന്നൊരു പത്രം കുറെ വർഷക്കാലം നടത്തിയിരുന്നു. ജോണ്‍ പോളും ഈ പത്രത്തിൽ സഹകരിച്ചിരുന്നു. ആ കാലത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ട ആ പ്രസിദ്ധീകരണം 1984 ൽ  സാമ്പത്തിക ബാധ്യത മൂലം നിന്ന് പോകുകയായിരുന്നു. പത്രവർത്തനത്തിനൊപ്പം അമച്വർ നാടക വേദികളിലെ സജീവ സാന്നിധ്യമായിരുന്നു കലൂർ ഡെന്നീസ്.  സിനിമയോടും എഴുത്തിനോടുമുള്ള കമ്പം കണ്ട് വീട്ടുകാർ ഡെന്നീസിനെ മേട്ടൂരുള്ള അമ്മാവന്റെ ഒപ്പം ജോലിക്കായി പറഞ്ഞയച്ചുവെങ്കിലും ആറു മാസം മാത്രമേ ആ ജോലിക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ. മേട്ടൂരിലെ താമസം ഡെന്നീസിനെ തമിഴ് പഠിക്കാൻ സഹായിച്ചു. പിന്നീട് തമിഴ് സിനിമാ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങൾ തന്റെ പത്രത്തിനായി തർജ്ജിമ ചെയ്യുവ്വാൻ അത് അദ്ദേഹത്തെ സഹായിച്ചു.

ഈ മനോഹര തീരം എന്ന ചിത്രത്തിന്റെ ചർച്ചക്കായി കിത്തോയുടേയും ജോണ്‍ പോളിന്റെയും നിർബന്ധത്തിനു വഴങ്ങിയാണ് പാറപ്പുറത്തിനും കിത്തോക്കുമൊപ്പം ഹൈദരാബാദിൽ ഐ വി ശശിയെ കാണാൻ ആദ്യമായി ഡെന്നീസ് പോകുന്നത്. അന്ന് ഐ വി ശശിയുടെ നിർബന്ധത്തിനു വഴങ്ങി പാറപ്പുറത്തിന്റെ തിരക്കഥയിൽ കലൂർ ഡെന്നീസും ജോണ്‍ പോളും ചെറിയ തോതിൽ സഹകരിച്ചിരുന്നു. പിന്നീട് അനുഭവങ്ങളേ നന്ദി എന്ന ഐ വി ശശി ചിത്രത്തിനു കഥയെഴുതിക്കൊണ്ടാണ് സിനിമയിലേക്ക് കടന്നു വരുന്നത്. എസ് എൽ പുരത്തിന്റെ തിരക്കഥകൾ ഇഷ്ടപ്പെട്ടിരുന്ന ഡെന്നീസ്, എസ് എൽ പുരത്തെ ആ ചിത്രത്തിനു തിരക്കഥയെഴുതാനായി ഐ വി ശശിയോട് നിർദ്ദേശിക്കുകയായിരുന്നു. അതിനു ശേഷം ഇവിടെ കാറ്റിനു സുഗന്ധം, അകലങ്ങളിൽ അഭയം എന്നീ ചിത്രങ്ങൾക്ക് കഥയെഴുതി. ആന്റണി ഈസ്റ്റ്മാന്റെ വയൽ എന്ന ചിത്രത്തിനാണ് ആദ്യമായി കലൂർ ഡെന്നീസ് തിരക്കഥയെഴുതുന്നത്. ചാമരത്തിനു ശേഷം ജഗൻ പിക്ചേഴ്സ് നിർമ്മിച്ച ചിത്രമായിരുന്നു രക്തം. കലൂർ ഡെന്നീസ് രചന നിർവഹിച്ച ആ ചിത്രത്തിലേക്ക് ജോഷിയെ സംവിധായകനായി നിർദ്ദേശിച്ചതും കലൂർ ഡെന്നീസായിരുന്നു. രക്തം എന്ന ആ മൾട്ടി സ്റ്റാർ ചിത്രം സൂപ്പർ ഹിറ്റായതോടെ മലയാള സിനിമയിൽ ജോഷി-കലൂർ ഡെന്നീസ് എന്നൊരു പുതിയ കൂട്ടുകെട്ട് പിറവികൊണ്ടു. ജൂബിലിയുടെ ആ രാത്രി എന്ന ചിത്രത്തിലൂടെ ആ കൂട്ടുകെട്ടിലേക്ക് മമ്മൂട്ടി കൂടി കടന്നു വന്നു. സന്ദർഭം, കഥയിതു വരെ, ഒന്നിങ്ങു വന്നെങ്കിൽ തുടങ്ങി നിരവധി ഹിറ്റു ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ പിറന്നു. മമ്മൂട്ടി - പെട്ടി - കുട്ടി എന്ന വാണീജ്യ വിജയത്തിന്റെ ഫോർമുലക്ക് തുടക്കമിട്ടത് കലൂർ ഡെന്നീസായിരുന്നു. പിന്നീട് മമ്മൂട്ടിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ആ കൂട്ടുകെട്ട് പിരിഞ്ഞു. അതിനു ശേഷമാണു മോഹൻലാലിനെ നായകനാക്കി ജോഷി-കലൂർ ഡെന്നീസ് ടീമിന്റെ ജനുവരി ഒരു ഓർമ്മ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രം ഉണ്ടായത്.

കുടുംബചിത്രങ്ങൾക്ക് സ്ഥിരമായി കഥകളെഴുതിയ അദ്ദേഹം, തൊണ്ണൂറുകളിലെ മാറിയ ട്രെൻഡിനനുസരിച്ച് ഗജകേസരിയോഗം, മിമിക്സ്‌ പരേഡ് തുടങ്ങി ഒട്ടേറെ തമാശ ചിത്രങ്ങൾക്ക് തിരക്കഥകൾ ഒരുക്കി.  മിമിക്സ് പരേഡിന്റെ വൻ വാണീജ്യവിജയത്തിനു ശേഷം സിമ്പിൾ പ്രൊഡക്ഷനുമായി ചേർന്ന് ആ ചിത്രത്തിന്റെ അടുത്ത ഭാഗമായ കാസർഗോഡ്‌ കാദർഭായി ചെയ്തു.  മുകേഷ്, സിദ്ദിക്ക്, ജഗദീഷ് തുടങ്ങിയ നടന്മാർക്ക് മുൻ നിരയിലേക്ക് കടന്നു വരാൻ വഴിയൊരുക്കിയത് കലൂർ ഡെന്നീസിന്റെ ചിത്രങ്ങളായിരുന്നു. അതിന്റെ തുടർച്ചയെന്നവണ്ണം മുൻ നിര നായക നടന്മാരെ ഒഴിവാക്കി, ജഗദീഷിനെ നായകനാക്കി സ്ത്രീധനം എന്ന ചിത്രം ചെയ്യാനുള്ള തീരുമാനം കലൂർഡെന്നീസിന്റെതായിരുന്നു. കമലിന്റെ  ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ, ചിത്രപൗർണ്ണമി എന്ന ബാനറിൽ കലൂർ ഡെന്നീസ് കിത്തോയോടൊപ്പം സഹകരിച്ചു. ത്രീ മെൻ ആന്റ് എ ബേബി എന്ന അമേരിക്കൻ ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തൂവൽസ്പർശം എന്ന കമൽ ചിത്രത്തിനു തിരക്കഥയൊരുക്കിയതും അദ്ദേഹമാണ്. ജയരാജ് സംവിധാനം ചെയ്ത കുടുംബസമേതത്തിനു ആദ്യമായി അദ്ദേഹത്തിനു തിരക്കഥക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ആ കാലത്ത് വില്ലൻ വേഷങ്ങളിൽ സജീവമായിരുന്ന ബാബു ആന്റണി നായക വേഷങ്ങളിലേക്ക് കടന്നതും കലൂർ ഡെന്നീസ് ചിത്രങ്ങളിലൂടെയാണ്. ഉപ്പുകണ്ടം ബ്രദേഴ്സ്, കമ്പോളം തുടങ്ങിയ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായി. കർപ്പൂരദീപം എന്ന ജോർജ്ജ് കിത്തു ചിത്രവുമായി ബന്ധപ്പെട്ട് തിരക്കഥയുടെ പേരിൽ സുരേഷ് ഗോപിയുമായി പ്രശ്നങ്ങൾ ഉണ്ടാകുകയും അത് മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു. അന്ന് ഡെന്നീസും സുരേഷ് ഗോപിയും തമ്മിലുണ്ടായ ആ പ്രശ്നം മാക്ട എന്ന സംഘടന രൂപീകൃതമാകാൻ കാരണമായി. അതിനു മുൻകൈ എടുത്തത് കലൂർ ഡെന്നീസായിരുന്നു. സിനിമയിൽ സജീവമായി നിന്നിരുന്ന കലൂർ ഡെന്നീസ് അല്പം ഉൾവലിഞ്ഞത് ശാരീരികമായ അസ്വാസ്ഥ്യങ്ങളെ തുടർന്നായിരുന്നു. 2006 ൽ വലതു കാലിലുണ്ടായ ഒരു ചെറിയ മുറിവ്, അദ്ദേഹത്തിന്റെ ജീവന് ഭീഷണിയായപ്പോൾ കാൽ മുറിച്ചു നീക്കുകയായിരുന്നു. ഇനിയൊരു മടങ്ങി വരവില്ല എന്ന് ഡോക്ടർമാർ പോലും വിധിയെഴുതിയ അവസ്ഥയിൽ നിന്നും അത്ഭുതകരമായാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വന്നത്. അസുഖം ഭേദമായ ശേഷം എഗൈൻ കാസർഗോഡ്‌ കാദർ ഭായി, ക്ലൈമാക്സ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.

1982 ൽ കൂനമ്മാവ് സ്വദേശിനിയായ സീനയെ വിവാഹം കഴിച്ചു. മക്കൾ ഡിനു, ഡീൻ. ഡിനു ഡെന്നീസ്, ഒറ്റനാണയം, എന്നിട്ടും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.