അകലങ്ങളിൽ അഭയം
ന്യായാധിപനായ അച്ഛനും, പബ്ലിക് പ്രോസിക്യൂട്ടറായ മകനും ഉണ്ണിയെന്ന കൊലപാതകിയ്ക്ക് വേണ്ടി കോടതിയിൽ ഏറ്റുമുട്ടുന്നു. ആരാണീ ഉണ്ണി? ഏറ്റുമുട്ടലിന്റെ അവസാനം വിജയിക്കുന്നത് അച്ഛനോ, അതോ മകനോ?
Actors & Characters
Actors | Character |
---|---|
ജഡ്ജി രഘുരാമൻ | |
അഡ്വ. ബാലചന്ദ്രൻ | |
ഉണ്ണി | |
പണിക്കർ | |
സാക്ഷി മത്തായി | |
സാവിത്രിയുടെ അച്ഛൻ | |
ആധാരം എഴുത്തുകാരൻ വേലു | |
വിക്രമൻ പിള്ള | |
സാവിത്രി | |
അമ്മിണി എന്ന ഭാർഗവി | |
യമുന | |
മത്തായിയുടെ ഭാര്യ | |
Main Crew
കഥ സംഗ്രഹം
കൊട്ടാര സദൃശമായ വീട്ടിലെ അന്തേവാസികളാണ് ജഡ്ജി രഘുരാമനും (മധു), ഭാര്യ സാവിത്രിയും (ഷീല), മകൻ അഡ്വക്കേറ്റ് ബാലചന്ദ്രനും (സോമൻ). അവിടുത്തെ കാര്യസ്ഥനാണ് പണിക്കർ (ശങ്കരാടി). രാവിലെ പതിവു പോലെ ബാലചന്ദ്രൻ കോടതിയിലേക്ക് പുറപ്പെടുമ്പോൾ, അച്ഛൻ പുറപ്പെട്ടിട്ടില്ലെന്നാണ് പണിക്കരിൽ നിന്നും അറിയാൻ കഴിയുന്നത്. ബാലചന്ദ്രൻ ഇറങ്ങിയ അല്പ നേരത്തിനുള്ളിൽ സാവിത്രിയോട് ഒരക്ഷരം പോലും ഉരിയാടാതെ രഘുരാമനും ഇറങ്ങുന്നു.
ഉണ്ണിയുടെ (സുകുമാരൻ) കേസ് വിചാരണയാണ് അന്ന് രഘുരാമന്റെ മുന്നിൽ എത്തിയിരിക്കുന്നത്. ബാലചന്ദ്രൻ വക്കീൽമാരുടെ സീറ്റിൽ ഇരിപ്പുണ്ട്. ഉണ്ണി പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. ഉണ്ണിയുടെ അമ്മ അമ്മിണി എന്ന ഭാർഗവി (ശാരദ) ഓടിക്കിതച്ച് വിചാരണ നടക്കുന്ന മുറിയുടെ വാതിൽക്കൽ വന്നു നിൽക്കുന്നു. സത്യപ്രതിജ്ഞക്ക് ശേഷം ഉണ്ണി പറഞ്ഞു തുടങ്ങുന്നു - സത്യം തെളിയിക്കാൻ തനിക്ക് തന്റെ മനഃസ്സാക്ഷി മാത്രമേയുള്ളുവെന്നും, നിങ്ങളുടെ നീതി ശാസ്ത്രത്തിന് തന്റെ മനഃസാക്ഷിയെ വിശ്വസിക്കാൻ കഴിയുമെങ്കിൽ വിശ്വാസിക്കു എന്നും പറഞ്ഞ്, സംഭവം വിവരിക്കുന്നു. ഇടിയും മഴയുമുള്ള ഒരു ദിവസം ജോലി കഴിഞ്ഞ് തന്റെ വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ണി കാണുന്നത് വിക്രമൻ പിള്ള (ജസ്റ്റിൻ) തന്റെ അമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നതാണ്. വാതിൽ തള്ളിത്തുറന്ന് അകത്തു കടക്കുന്ന ഉണ്ണി അമ്മയെ അയാളുടെ കൈകളിൽ നിന്നും രക്ഷിക്കുന്നു. ഉണ്ണി അയാളെ മർദ്ധിക്കാൻ ശ്രമിക്കുമ്പോൾ അമ്മിണി അവനെ വിലക്കുന്നത് കാരണം അയാളെ വെറുതെ വിട്ടയക്കുന്നു. എല്ലാം മറന്ന് സമാധാനത്തോടെ ഉറങ്ങുമ്പോഴാണ് ഉണ്ണി വീടിന്റെ കൂരയിൽ തീ കത്തുന്നത് ശ്രദ്ധിക്കുന്നത്. പുറത്തേക്ക് ഓടിച്ചെന്ന് നോക്കുമ്പോൾ കാണുന്നത് ആ കൃത്യം ചെയ്തത് ഓടുന്ന വിക്രമൻ പിള്ളയെയും സംഘത്തെയുമാണ്. ഉണ്ണി പെട്ടെന്ന് വീടിനുള്ളിൽ ചെന്ന് ഉറങ്ങിക്കിടക്കുന്ന അമ്മയെ പുറത്തേക്ക് എത്തിച്ച ശേഷം, വിക്രമൻ പിള്ളയുടെയും, സംഘത്തിന്റെയും പുറകെ ഓടുന്നു. വിക്രമൻ പിള്ളയുമായുള്ള ഏറ്റുമുട്ടലിൽ, തലയിൽ ഉണ്ണിയുടെ പ്രഹരമേറ്റ് വിക്രമൻ പിള്ള മരിക്കുന്നു.
സംഭവം വിവരിച്ച ശേഷം ഉണ്ണി തുടരുന്നു - തന്റെ അമ്മയെയാണ് പിള്ള അക്രമിച്ചതെന്നും, അമ്മയെ മറ്റൊരാൾ ആക്രമിക്കുന്നത് ഏത് മകനാണ് നോക്കി നിൽക്കുക, കൊല്ലാനായിരുന്നു ആഗ്രഹമെങ്കിൽ അയാളെ ആ സമയത്ത് തന്നെ കൊല്ലുമായിരുന്നുവെന്നും, അമ്മയെ ഉപദ്രവിച്ചതും പോരാഞ്ഞ് ഞങ്ങളുടെ കിടപ്പാടവും അയാൾ തീ വെച്ച് നശിപ്പിച്ചുവെന്നും, അതൊക്കെക്കണ്ട് കൈയ്യും കെട്ടി നിൽക്കാൻ കഴിയുമോ എന്നും ചോദിച്ച ശേഷം ജഡ്ജി രഘുരാമനെ നോക്കി, ചെയ്തത് തെറ്റാണെന്ന് കോടതിക്ക് തോന്നുന്നുണ്ടെങ്കിൽ തന്നെ ശിക്ഷിച്ചോളൂവെന്നും, മനഃസ്സാക്ഷിയുടെ മുൻപിൽ താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ഉണ്ണി പറയുന്നു.
തുടർന്ന് അമ്മിണിയെ സാക്ഷിക്കൂട്ടിലേക്ക് വിളിക്കുന്നു. സാക്ഷിക്കൂട്ടിൽ നിൽക്കുന്ന അമ്മിണിയും രഘുരാമനും നേർക്കു നേർ നോക്കുമ്പോൾ പകച്ചു പോവുന്നു. ആ നേരത്ത് പണിക്കരും കോടതി മുറിയിലെത്തുന്നു. അഡ്വക്കേറ്റ് ബാലചന്ദ്രൻ അമ്മിണിയെ ചോദ്യം ചെയ്യൽ തുടങ്ങുന്നു. പേരും, വീടും, നാടും, ഉണ്ണിയും അവരും തമ്മിലുള്ള ബന്ധവും മറ്റും ചോദിച്ച ശേഷം ഭർത്താവാരാണെന്ന് ചോദിക്കുമ്പോൾ മറുപടി നൽകാതെ അമ്മിണി രഘുരാമനെ നോക്കുമ്പോൾ, രഘുരാമൻ തലകുനിക്കുന്നു. ബാലചന്ദ്രൻ വീണ്ടും ഭർത്താവാരാണെന്ന് ചോദിക്കുമ്പോൾ താൻ അവിവാഹിതയാണെന്ന് അമ്മിണി പറയുന്നു. അതുകേട്ട്, ഉണ്ണിയുടെ അച്ഛൻ ആരാണെന്ന് ചോദിക്കുമ്പോൾ, ജീവിച്ചിരിപ്പുണ്ടെന്ന് മാത്രം അമ്മിണി പറയുന്നു. അതല്ല ചോദിച്ചതെന്നും, ആരാണെന്നാണ് ചോദിച്ചതെന്നും ബാലചന്ദ്രൻ ചോദിക്കുമ്പോൾ, താൻ പറയില്ലെന്നും, താനത് പറയാൻ പാടില്ലെന്നും പറഞ്ഞ് അമ്മിണി വിതുമ്പുന്നു. ഇതെല്ലാം പുറത്തു നിൽക്കുന്ന പണിക്കർ വിഷമത്തോടെ കേട്ടു നിൽക്കുന്നു. ജഡ്ജിയോട് തന്റെ ചോദ്യത്തിന് അമ്മിണി ഉത്തരം നൽകുന്നില്ലെന്ന് പരാതിപ്പെടുമ്പോൾ, ഡിഫെൻസ് വക്കീൽ ഇത്തരം വ്യക്തിപരമായ ചോദ്യങ്ങൾക്ക് ഇവിടെ പ്രസക്തിയില്ലെന്ന് പറഞ്ഞ് വാദിക്കുന്നു. അതിന്, ആ ചോദ്യത്തിന് പ്രസക്തിയുണ്ടെന്ന് ബാലചന്ദ്രനും വാദിക്കുന്നു. രഘുരാമൻ അല്പം മൗനം പാളിച്ച ശേഷം, കേസ് വെള്ളിയാഴ്ചവരെ നീട്ടിവെച്ചിരിക്കുന്നു എന്നും പറഞ്ഞ് എണീറ്റ് പോവുന്നു.
രഘുരാമൻ കാറിൽ കയറി കോടതി വളപ്പിൽ നിന്നും പുറപ്പെടുമ്പോൾ, കോടതിക്ക് പുറത്ത് അമ്മിണി നിൽക്കുന്നത് കണ്ട് കാർ നിർത്താൻ പറയുന്നു. അപ്പോൾ, കാറിനടുത്ത് വന്ന്, അമ്മിണി പറയുന്നു - ഒന്നും ഞാനിതേവരെ ചോദിച്ചിട്ടില്ല, ഇന്നാദ്യമായി കാലുപിടിച്ച് കണ്ണീരോടെ ഞാൻ യാചിക്കുകയാണ്, എന്റെ മോൻ ..... എനിക്കവൻ മാത്രമേയുള്ളു, അവനെ രക്ഷിക്കണം. അതിന്, രഘുരാമൻ ഞാനൊരു ന്യായാധിപനാണ് എന്ന് പറയുമ്പോൾ, അങ്ങും ഒരച്ഛനല്ലേയെന്ന് അമ്മിണി ചോദിക്കുന്നു. അതുകേട്ട്, മൗനം പാലിച്ച ശേഷം, പോകാമെന്ന് രഘുരാമൻ ഡ്രൈവറോട് പറയുന്നു. കാർ നീങ്ങുന്നതും നോക്കി അമ്മിണി വിഷമത്തോടെ നിൽക്കുന്നു.
അപ്പോൾ സാക്ഷി മത്തായി എന്നറിയപ്പെടുന്ന മത്തായി (മാള അരവിന്ദൻ) അമ്മിണിയുടെയടുത്ത് വന്ന് തന്നെ പരിചയപ്പെടുത്തിയ ശേഷം, താൻ കള്ളസാക്ഷി പറയുന്നവനും, കൊള്ളോരുതാത്തവനുമാണെന്നാണ് എല്ലാവരും പറയുന്നതെന്നും, വയറ്റുപിഴപ്പിന് വേണ്ടി പല വേഷങ്ങളും കെട്ടുമെന്നും, വിശപ്പാണ് ഏറ്റവും വലുതെന്നും, നിങ്ങളുടെ സ്ഥിതി എനിക്കറിയാമെന്നും, നിങ്ങളുടെ മകനുവേണ്ടി എന്ത് കള്ളസാക്ഷി വേണമെങ്കിലും ഞാൻ പറയാമെന്നും, കാശിന് വേണ്ടിയല്ലെന്നും തനിക്കുമുണ്ട് അമ്മയും പെങ്ങളുമെന്നും, നിങ്ങൾക്ക് വിരോധമില്ലെങ്കിൽ തന്റെ വീട്ടിൽ വന്നു താമസിക്കാമെന്നും പറയുന്നു.
ബാലചന്ദ്രൻ മറ്റൊരു വക്കീലിനോട് സംസാരിക്കുമ്പോൾ, ഇന്നെന്തോ അച്ഛൻ നല്ല മൂഡിലല്ലായിരുന്നുവെന്നും, ക്രോസ്സിങ്ങിൽ താനാ സ്ത്രീയെ കുടഞ്ഞു വന്നതായിരുന്നുവെന്നും, അപ്പോഴേക്കും അച്ഛന് എന്ത് പറ്റിയോ ആവോ എന്ന് പറയുമ്പോൾ, സാർ വല്ലാത്ത ഔട്ട് ഓഫ് മൂഡിലായിരുന്നുവെന്നും, ഒരിക്കലും സാറിനെ ഇങ്ങിനെ കണ്ടിട്ടില്ലെന്നും സുഹൃത്ത് പറയുന്നു. അതുകേട്ട്, നമുക്ക് വെള്ളിയാഴ്ച നോക്കാമെന്നും, വൈകീട്ട് നിങ്ങൾ വീട്ടിൽ വരുമ്പോൾ നമ്മൾ ഈ കേസ് ശരിക്കും പഠിച്ചിട്ടു പോകണം എന്നും ബാലചന്ദ്രൻ പറയുകയും, ഇരുവരും പിരിഞ്ഞു പോവുകയും ചെയ്യുന്നു. ബാലചന്ദ്രൻ കാറിനടുത്ത് വരുമ്പോൾ, അവിടെ കാത്തുനിൽക്കുന്ന പണിക്കർ, അച്ഛൻ പോയീന്ന് പറഞ്ഞേക്കാൻ പറഞ്ഞു എന്ന് പറയുമ്പോൾ, ഇന്നെന്താ പണിക്കരേട്ടാ അച്ഛൻ വല്ലാതിരുന്നതെന്ന് ചോദിക്കുന്നു. അതിന്, അത് എന്താണാവോ അച്ഛൻ വയ്യാതിരുന്നുവെന്ന് തനിക്കും തോന്നിയെന്നും അദ്ദേഹം പറയുന്നു. തുടർന്ന് ഇരുവരും കാറിൽ കയറി വീട്ടിലേക്ക് പോകുന്നു.
വീട്ടിലെത്തിയ രഘുരാമൻ വളരെ അസ്വസ്ഥനായി കാണപ്പെടുന്നു. അമ്മിണി അദ്ദേഹത്തോട് യാചിച്ചത് ഓർത്തിരിക്കുകയാണദ്ദേഹം. രഘുരാമന്റെ അസ്വസ്ഥത ശ്രദ്ധിക്കുന്ന സാവിത്രി, അദ്ദേഹത്തിന്റടുത്തേക്ക് ചെല്ലുമ്പോൾ, പണിക്കർ വന്നില്ലേയെന്ന് രഘുരാമൻ ചോദിക്കുന്നു, അതിന് ഇല്ലെന്ന് സാവിത്രി മറുപടി പറഞ്ഞ ശേഷം, എന്തേ വല്ലാതെയെന്ന് ചോദിക്കുന്നു. അതിന്, ഒന്നുമില്ലെന്ന് രഘുരാമൻ പറയുന്നു. തുടർന്ന്, ഇന്നിനി കോടതിയില്ലേ എന്ന് സാവിത്രി ചോദിക്കുമ്പോൾ, ഉണ്ട് പോവുന്നില്ലെന്ന് രഘുരാമൻ പറഞ്ഞ്, കുടിക്കാൻ എന്തെങ്കിലും വേണമെന്ന് പറയുമ്പോൾ സാവിത്രി ചിന്താക്കുഴപ്പത്തോടെ അകത്തേക്ക് പോകുന്നു.
ചിന്താവിഷ്ടനായിരിക്കുന്ന രഘുരാമനെ അവിടേക്ക് കയറി വരുന്ന യമുന ചെറുതായൊന്നു കളിയാക്കുന്നു. അപ്പോൾ അവളെ നോക്കി യമുന ഇപ്പോ വന്നതേയുള്ളു എന്ന് ചോദിക്കുമ്പോൾ, ഇപ്പോ എന്നവൾ മറുപടി പറയുന്നു. അന്നേരം കാർ വരുന്ന ശബ്ദം കേട്ട്, ബാലേട്ടൻ വന്നു എന്ന് പറഞ്ഞ് അവൾ മുറിയിൽ നിന്നും പോകുന്നു. ബാലചന്ദ്രന്റെ മുറിയിലേക്ക് ഓടുന്ന വഴിക്ക് ഇടനാഴിയിൽ വെച്ച് പണിക്കരെ കാണുമ്പോൾ അദ്ദേഹത്തെയും ചെറുതായൊന്ന് കളിയാക്കിയ ശേഷം യമുന ബാലചന്ദ്രന്റെ മുറിയിലേക്ക് പോകുന്നു. അവിടെച്ചെന്ന് ബാലചന്ദ്രനെയും യമുന കളിയാക്കുന്നു. യമുനയും ബാലചന്ദ്രനും കമിതാക്കളാണ്.
ആലോചനയിൽ മുഴുകിയിരിക്കുന്ന രഘുരാമന്റെയടുത്ത് ചെന്ന് പണിക്കർ, കോടതി വളപ്പിൽവെച്ച് അമ്മിണിയെ കണ്ടിരുന്നുവെന്നും, എന്നെ കണ്ടപ്പഴേ തിരിച്ചറിഞ്ഞുവെന്നും, എങ്ങിനെ തിരിച്ചറിയാതിരിക്കും എന്നും, ഞാൻ ആലോചിക്കുവായിരുന്നു ആ അമ്മയും മകനും കൊലക്കേസും നമ്മുടെ ബെഞ്ചിൽ തന്നെ വന്നു കേറിയെന്നും, ഇനിയെന്തൊക്കെ സംഭവിക്കുമോ എവിടെച്ചെന്ന് അവസാനിക്കുമോ ആവോ എന്നും പറയുമ്പോൾ രഘുരാമൻ അസ്വസ്ഥനാവുകയും സോഫയിൽ നിന്നും എണീറ്റ് ജനാലക്കരികിൽ പോയി നിൽക്കുകയും ചെയ്യുന്നു. പണിക്കർ വീണ്ടും തുടരുന്നു - ഒരു കണക്കിന് നോക്കിയാൽ ബാലൻ കുഞ്ഞിനെ കുറ്റം പറയാനും പറ്റില്ല എന്നും, ഉണ്ണി ആരാണെന്ന് ബാലൻ കുഞ്ഞിനറിയാമോ നമുക്കൊട്ട് പറയാനും പറ്റില്ല എന്നും, ആ ഉണ്ണി രക്ഷപ്പെട്ടില്ലെങ്കിൽ അമ്മിണിയുടെ സ്ഥിതി മഹാ കഷ്ടത്തിലാവുമെന്നും, അവളുടെ വിധി നോക്കണേയെന്നും പറയുമ്പോൾ രഘുരാമൻ എല്ലാം അസ്വസ്ഥതയോടെ കേട്ടു നിൽക്കുന്നു. പണിക്കർ വീണ്ടും തുടരുകയാണ് - എന്തെങ്കിലും ഒന്ന് ചെയ്തില്ലെങ്കിൽ മഹാപാപമാവുമെന്നും, ബാലൻകുഞ്ഞിനോട് പറയാനും പറ്റില്ല, പറയാതിരിക്കാനും പറ്റില്ല എന്നും, എന്തൊക്കെ വന്നു സംഭവിക്കുമോ ആവോ എന്നും പറഞ്ഞു നിർത്തുമ്പോൾ രഘുരാമൻ കൂടുതൽ അസ്വസ്ഥനാവുന്നുവെന്നല്ലാതെ പണിക്കരോട് ഒന്നും തിരിച്ചു പറയുന്നില്ല.
ബാലചന്ദ്രൻ തന്റെ കൂടെ പ്രവർത്തിക്കുന്ന വക്കീലിനോട് കേസിനേക്കുറിച്ച് വിശദമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് - ശക്തമായ പ്രഹരം തലക്കെട്ടിട്ടാണ് വിക്രമൻ പിള്ള മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടെന്നും, കൊല്ലുവാനുള്ള ഉദ്ദേശം പ്രതിക്ക് നേരത്തെ ഉണ്ടായിരുന്നുവെന്ന് പ്രൂവ് ചെയ്യണമെന്നും, അതിന് ആദ്യമായി അമ്മിണിയുടെയും ഉണ്ണിയുടെയും കുടുംബ പശ്ചാത്തലം നമുക്ക് എസ്റ്റാബ്ലിഷ് ചെയ്യണമെന്നും, അമ്മിണിക്ക് ഭർത്താവില്ലാതെ ജനിച്ച മകനാണ് ഉണ്ണിയെന്നും, അങ്ങിനെയുള്ള അമ്മിണിയുടെ വീട്ടിൽ വിക്രമൻ പിള്ള ഒറ്റയ്ക്ക് കയറിയിറങ്ങുമോ എന്ന് വിശദീകരിച്ചുകൊണ്ടിരിക്കുമ്പോൾ അവിടേക്ക് രഘുരാമൻ കയറി വരുന്നു. രഘുരാമൻ, തനിക്ക് ബാലചന്ദ്രനോട് അല്പം സംസാരിക്കാനുണ്ടെന്ന് പറയുമ്പോൾ, ഞങ്ങൾക്ക് കേസിനെക്കുറിച്ച് കുറച്ചുകൂടി സംസാരിക്കാനുണ്ടെന്നും, അതുകഴിഞ്ഞ് താൻ അച്ഛന്റെ മുറിയിലേക്ക് വരാമെന്നും ബാലചന്ദ്രൻ പറയുന്നു. അപ്പോൾ, അതുപോരാ എന്നും, ഇനി ഈ കേസ് സംബന്ധമായി നിങ്ങൾ തമ്മിൽ സംസാരിക്കേണ്ട കാര്യമില്ലെന്നും രഘുരാമൻ പറയുമ്പോൾ, അച്ഛൻ പറയുന്നത് എന്ന് പറഞ്ഞ് പറയാൻ വന്നത് മുഴുമിപ്പിക്കാതെ ബാലചന്ദ്രൻ നിർത്തുമ്പോൾ, ഞാൻ വ്യക്തമാക്കാമെന്ന് രഘുരാമൻ പറയുന്നു. അതുകേട്ട്, കൂടെയുള്ള വക്കീൽ നിങ്ങൾ തമ്മിൽ സംസാരിക്കു എന്നു പറഞ്ഞ് പുറത്തേക്ക് പോകുന്നു. രഘുരാമൻ എന്താണ് പറയാൻ പോകുന്നത് എന്നത് കേൾക്കാൻ മുറിക്ക് പുറത്തു നിൽക്കുന്ന പണിക്കർ അക്ഷമയോടെ കാത്തുനിൽക്കുന്നു.
ഈ കേസിൽ പ്രോസിക്യൂഷന് വേണ്ടി നീയിനി ചിന്തിക്കരുതെന്നും, പ്രോസിക്യൂട്ടർ ജോലി അത്ര വലിയ പദവിയൊന്നുമല്ലല്ലോ എന്നും, ശ്രമിച്ചാൽ അതിലും വലിയ പദവി നേടാനുള്ള യോഗ്യത നിനക്കുണ്ടെന്നും രഘുരാമൻ പറയുമ്പോൾ, അച്ഛൻ പറയുന്നത് തനിക്ക് മനസ്സിലാവുന്നില്ലെന്ന് ബാലചന്ദ്രൻ പറയുന്നു. അതുകേട്ട്, നീ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവെക്കണമെന്ന് രഘുരാമൻ പറയുന്നു. അതിന്, എന്തിന് രാജിവെക്കണമെന്ന് ബാലചന്ദ്രൻ ചോദിക്കുന്നു. അന്നേരം, താൻ പറഞ്ഞു കഴിയട്ടെ എന്ന് പറഞ്ഞ ശേഷം തുടരുന്നു - രാജിവെച്ച ശേഷം ഉണ്ണിയുടെ കേസ് നീ ഏറ്റെടുത്ത് വാദിക്കണം എന്ന് പറയുമ്പോൾ, ഉണ്ണിയുടെ കേസോ എന്ന് കുഴപ്പത്തോടെ ചോദിക്കുന്നു. അതിന്, അതേ എന്നും, ഉണ്ണി നിരപരാധിയാണെന്നും, ഉണ്ണിയെ രക്ഷപ്പെടുത്തണമെന്നും രഘുരാമൻ പറയുന്നു. അതുകേട്ട്, കൊലക്കുറ്റം ചുമത്തി പ്രതിക്കൂട്ടിൽ നിൽക്കുന്ന ഉണ്ണി നിരപരാധിയാണെന്നോ എന്ന് ബാലചന്ദ്രൻ ചോദിക്കുന്നു. അതിന്, ആയിക്കൂടെന്നില്ലല്ലോ എന്ന് രഘുരാമൻ മറു ചോദ്യം ചോദിക്കുന്നു. അതിന്, അച്ഛന്റെ പദവിയിലുള്ളൊരാൾ ഒരിക്കലും അങ്ങനൊരു മുൻവിധി എഴുതില്ലെന്ന് ബാലചന്ദ്രൻ പറയുമ്പോൾ, തെറ്റും ശരിയും നിന്നെക്കാൾ തനിക്ക് കൂടുതലറിയാമെന്നും, താൻ പറയുന്നതനുസരിക്കണമെന്നും, എങ്ങിനെയും ഉണ്ണിയെ രക്ഷിച്ചേ പറ്റു എന്നും രഘുരാമൻ പറയുന്നു. അന്നേരം, അച്ഛൻ തന്നോട് ക്ഷമിക്കണമെന്നും, നീതി ശാസ്ത്രത്തിന്റെ അർത്ഥവും ആഴവും താൻ പഠിച്ചത് പുസ്തകങ്ങളിൽ നിന്ന് മാത്രമല്ലെന്നും, തന്റെ അച്ഛനിൽ നിന്നുകൂടിയാണെന്നും ബാലചന്ദ്രൻ പറയുമ്പോൾ, നീ തർക്കിക്കാൻ വേണ്ടിയാണ് സംസാരിക്കുന്നതെന്ന് രഘുരാമൻ പറയുന്നു. അതുകേട്ട്, അല്ല എന്നും സത്യങ്ങളാണ് പറയുന്നതെന്നും ബാലചന്ദ്രൻ പറയുന്നു. അതിന്, എല്ലാവരുടെയും നന്മയ്ക്ക് വേണ്ടിയാണ് താൻ പറയുന്നതെന്ന് രഘുരാമൻ പറയുമ്പോൾ, വാദി ഭാഗത്ത് നിൽക്കുന്ന തനിക്ക് അച്ഛനുവേണ്ടിയാണെങ്കിൽ പോലും പെട്ടെന്നങ്ങിനെ മാറാൻ കഴിയില്ലെന്നും, തന്റെ മനഃസ്സാക്ഷി അതിനനുവദിക്കില്ലെന്നും, അച്ഛൻ തന്നോട് ക്ഷമിക്കണമെന്നും ബാലചന്ദ്രൻ പറയുന്നു. അതുകേട്ട്, നിന്റെ തീരുമാനം മാറ്റുന്നതാണ് നല്ലതെന്ന് രഘുരാമൻ പറയുമ്പോൾ, അല്ലച്ഛാ താൻ അച്ഛന്റെ മകനാണെന്നും, ജഡ്ജി രഘുരാമന്റെ മകന്റെ തീരുമാനത്തിന് അങ്ങിനെയൊരു മാറ്റമുണ്ടായിക്കൂടാ എന്നും ബാലചന്ദ്രൻ പറയുന്നു. അപ്പോൾ, അല്പം അരിശത്തോടെ ബാലചന്ദ്രാ എന്ന് രഘുരാമൻ വിളിക്കുമ്പോൾ, അച്ഛന്റെ വിശ്വാസം എന്തു തന്നെയായാലും, തന്റെ നോട്ടത്തിൽ ഉണ്ണി കുറ്റവാളിയാണെന്നും, കുറ്റവാളി ശിക്ഷപ്പെടണമെന്നും ബാലചന്ദ്രൻ പറയുമ്പോൾ, രഘുരാമൻ വിഷമത്തോടെ നോക്കി നിന്ന ശേഷം, നിനക്ക് ദുഃഖിക്കേണ്ടി വരുമെന്ന് മാത്രം പറഞ്ഞ് പുറത്തേക്ക് പോകുന്നു. പുറത്തു നിൽക്കുന്ന പണിക്കരും വിഷമത്തോടെ നടന്നു നീങ്ങുന്നു.
ബാലചന്ദ്രന്റെ മുറിയിൽ നിന്നും അസ്വസ്ഥനായിറങ്ങുന്ന രഘുരാമൻ ആരോടും ഒന്നും ഉരിയാടാതെ കാറിൽ കയറിപ്പോവുന്നു. ആ സമയത്ത് പണിക്കർ ബാലചന്ദ്രന്റെയടുത്ത് ചെന്ന്, അച്ഛൻ പറയുന്നതാണ് കുഞ്ഞേ ശരിയെന്ന് പറയുമ്പോൾ, അത് നിങ്ങൾക്കെങ്ങിനെ അറിയാമെന്ന് ചോദിക്കുന്നു. അതിന്, ബാലൻകുഞ്ഞ് ജനിക്കുന്നതിന് മുൻപേ തനിക്ക് രഘുരാമനെ അറിയാമെന്ന് പറയുന്നു. അതുകേട്ട്, ഈ കേസിന്റെ കാര്യത്തിൽ മാത്രം അച്ഛനെന്താ ഒരു പ്രത്യേകത എന്ന് ബാലചന്ദ്രൻ ചോദിക്കുമ്പോൾ, ഒന്ന് കാണാതെ മറ്റൊന്നദ്ദേഹം പറയില്ലെന്നും, നമ്മൾ തോട്ടിയുടെ തുമ്പത്ത് കാണുന്നത് അദ്ദേഹം തൂശിയുടെ തുമ്പത്ത് കാണും എന്നും, കുഞ്ഞ് അച്ഛനെ അനുസരിക്കണമെന്നും പണിക്കർ പറയുന്നു. അപ്പോൾ, എന്തോ തനിക്കതിന് കഴിയുന്നില്ലെന്ന് ബാലചന്ദ്രൻ പറയുന്നു.
രഘുരാമൻ കാറിൽ യാത്ര ചെയ്യുമ്പോൾ തന്റെ ഭൂതകാലത്തെക്കുറിച്ച് ഓർമ്മിക്കുകയാണ്.
രഘുരാമന്റെ കൗമാരകാലം - അവധിക്ക് നാട്ടിലെത്തുമ്പോൾ അമ്മിണി വഴിയിൽവെച്ച് തന്നെ രഘുരാമനെ കാണുകയും, കാത്തു കാത്തിരുന്നു കണ്ണ് കഴച്ചതിന്റെ പരിഭവം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ, പണിക്കർ രഘുരാമനെ സ്വീകരിക്കാൻ ഓടിയെത്തുന്നു. അമ്മിണിയോട് പൊയ്ക്കൊള്ളാൻ പറഞ്ഞിട്ട് രഘുരാമൻ പണിക്കരുടെ കൂടെ പോകുന്നു. രഘുരാമൻ ഓർമ്മകളിൽ നിന്നും തിരിച്ചെത്തുന്നു.
അടുത്ത ദിവസത്തെ ദിനപത്രത്തിൽ രഘുരാമൻ ജഡ്ജി പദവി രാജിവെച്ചു എന്ന വാർത്തയാണ് അച്ചടിച്ചു വരുന്നത്. ആ വാർത്ത വായിച്ചതും ബാലചന്ദ്രൻ രഘുരാമനെ കാണാൻ ചെല്ലുന്നു. രഘുരാമൻ വരാന്തയിൽ ഉലാത്തിക്കൊണ്ടിരിക്കുകയാണ്. രഘുരാമനോട് എന്തിനിത് ചെയ്തു എന്ന് ചോദിക്കുമ്പോൾ, ഉണ്ണിയെ രക്ഷപ്പെടുത്താൻ വേണ്ടി നീ ഉദ്യോഗം രാജിവെക്കണമെന്ന് താൻ പറഞ്ഞുവെന്നും, പക്ഷേ നീ തയ്യാറായില്ലെന്നും, ഉണ്ണി കുറ്റവാളിയാണെന്നും കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നും നീ പറഞ്ഞുവെന്നും, നിന്നെ താൻ കുറ്റപ്പെടുത്തിന്നില്ലെന്നും, നിനക്ക് നിന്റെ വിശ്വാസങ്ങളാണ് വലുതായിരുന്നുവെന്നും, ഐ ആം പ്രൗഡ് ഓഫ് യുവർ പ്രൊഫഷണൽ ഹോണസ്റ്റ് എന്നും, നിന്നെപ്പോലെ തന്റെ വിശ്വാസങ്ങൾ തനിക്കും വലുതാണെന്നും, താൻ നിരപരാധിയെന്ന് വിശ്വസിക്കുന്ന ഉണ്ണി രക്ഷപ്പെടണമെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും, ഒരു അഭിഭാഷകൻ എന്ന നിലയിൽ തനിക്ക് എന്നും നിന്നെക്കുറിച്ച് മതിപ്പാണെന്നും, നിന്നെപ്പോലെ സമർത്ഥനായ ഒരു അഡ്വക്കേറ്റ് ഉണ്ണിക്കെതിരായി ഹാജരാവുമ്പോൾ അവൻ രക്ഷപ്പെടണമെങ്കിൽ നിന്നെക്കാൾ സമർത്ഥനായ ആരെങ്കിലും അവനുവേണ്ടി ഹാജരായേ പറ്റു എന്നും, നിന്നെക്കുറിച്ച് തനിക്കെപ്പോഴും അഭിമാനമാണെന്നും, നിന്നെ എതിർത്ത് തോൽപ്പിക്കാൻ നിന്നെക്കാൾ ശക്തനായി ഇന്നിവിടെ നിന്റെ അച്ഛൻ മാത്രമേയുള്ളുവെന്നും രഘുരാമൻ പറയുന്നു. ഇത്രയും പറഞ്ഞ് നമുക്ക് കോടതിയിൽ കാണാമെന്നും പറഞ്ഞ് രഘുരാമൻ പോകുന്നു.
രഘുരാമൻ ജഡ്ജി പദവി രാജിവെച്ച കാര്യം അറിഞ്ഞ് സാവിത്രിയുടെ അച്ഛൻ (വീരൻ) രഘുരാമന്റെ വീട്ടിലെത്തുന്നു. വിവരമുള്ള ആരെങ്കിലും ചെയ്യുന്ന കാര്യമാണോ ഇതെന്നും, ഓരോ സ്ഥാനവും പദവിയും കിട്ടാൻ വേണ്ടി ഓരോരുത്തരും ഇവിടെ കാത്തിരിക്കുകയാണെന്നും, അപ്പോഴാണ് ഇവിടുള്ള ആള് കൈയ്യിലിരിക്കുന്നത് വേണ്ടെന്ന് വെച്ചിരിക്കുന്നതെന്നും സാവിത്രിയെ നോക്കി പറയുമ്പോൾ, സാവിത്രി ഒന്നും ഉരിയാടാതെ നിൽക്കുന്നു. അപ്പോൾ അദ്ദേഹം രഘുരാമന്റെ മുറിയിലേക്ക് പോകുന്നു. നിഷേധിത്തരമല്ലേ ഇതെല്ലാം എന്നും, വീണ്ടുവിചാരമില്ലാതെ ഓരോന്ന് പ്രവർത്തിക്കുകയാണെന്നും, ബാക്കിയുള്ളവരുണ്ടല്ലോ പുറകെ നടന്നു കഷ്ടപ്പെടാനെന്നും, ഉടൻ തന്നെ രാജി പിൻവലിക്കണമെന്നും അദ്ദേഹം രഘുരാമനോട് പറയുമ്പോൾ, ക്ഷമിക്കണമെന്നും, അത് സാധ്യമല്ലെന്നും രഘുരാമൻ പറയുന്നു. അതുകേട്ട്, സാധ്യമല്ലെന്നോ, രാജിവെക്കാനും മാത്രം എന്താ ഉണ്ടായതെന്നും സാവിത്രിയുടെ അച്ഛൻ ചോദിക്കുമ്പോൾ, എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ലെന്നും, അമ്മാവൻ അതിന് വേണ്ടി സംസാരിക്കേണ്ടെന്നും രഘുരാമൻ പറയുന്നു. അതുകേട്ട് കുപിതനായ അദ്ദേഹം, തന്റെ വാക്കിനും, തനിക്കും വിലയില്ലാത്ത ഈ സ്ഥലത്തു താനിനി നിൽക്കില്ലെന്നും, ഇനി ഈ പാടി താൻ ചവിട്ടില്ലെന്നും പറഞ്ഞ് രഘുരാമന്റെ മുറിയിൽ നിന്നും പുറത്തേക്ക് വന്ന്, താഴെയിരിക്കുന്ന സാവിത്രിയോടും ഇതേ കാര്യം പറഞ്ഞ് ഇറങ്ങിപ്പോവുന്നു.
കോടതിയിലെത്തിയ ശേഷം രഘുരാമൻ പണിക്കരെ അയച്ച് പുറത്തു കാത്തുപകുതിയിൽ നിൽക്കുന്ന അമ്മിണിയെ തന്റെ മുറിയിലേക്ക് വിളിപ്പിക്കുന്നു. നേരിൽ കാണുമ്പോൾ ഇരുവരും കൗമാരപ്രായത്തിൽ നടന്ന സംഭവം ഓർത്തു പോവുന്നു. തുടർന്ന് അമ്മിണിയോട് കേസിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ, കോടതിൽ ഉണ്ണി പറഞ്ഞതെല്ലാം സത്യമാണെന്നും, തന്റെ മകനെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്നും അമ്മിണി പറയുന്നു. അതേത്തുടർന്ന്, ഇരുവരും ഉണ്ണിയെ പാർപ്പിച്ചിരിക്കുന്ന ലോക്ക് അപ്പിലേക്ക് പോയി ഉണ്ണിയെ കാണുന്നു. ആരോരുമില്ലാത്ത ഒരു പാവം സ്ത്രീയ്ക്ക് ജനിച്ച മകനാണ് താനെന്നും, അങ്ങിനെയുള്ള തനിക്ക് വേണ്ടി ഇത്രയും വലിയ പദവി ഉപേക്ഷിച്ച നിങ്ങൾ വലിയവനായിരിക്കും, പക്ഷേ മഠയനാണെന്നെ താൻ പറയുള്ളുവെന്നും, തന്നെക്കുറിച്ച് തനിക്ക് ഭയമില്ലെന്നും, തൂക്കിക്കൊല്ലാൻ വിധിച്ചാൽപ്പോലും തനിക്ക് ദുഃഖമില്ലെന്നും, എന്നാൽ അമ്മയെക്കുറിച്ച് ഓർക്കുമ്പോൾ എന്ന് രഘുരാമനെ നോക്കി പറഞ്ഞ ശേഷം ഉണ്ണി പകുതിയിൽ നിർത്തുമ്പോൾ, രഘുരാമൻ വിഷമത്തോടെ നിൽക്കുന്നു. അമ്മിണിയാവട്ടെ വിതുമ്പാൻ തുടങ്ങുന്നു. തുടർന്ന്, അച്ഛനെക്കുറിച്ച് പറയുമ്പോൾ മാത്രമേ താൻ അമ്മയുടെ മുഖം തെളിഞ്ഞു കണ്ടിട്ടുള്ളുവെന്നും, അദ്ദേഹം വലിയ ആളാണത്രെയെന്നും, സ്വന്തം മകനെ കണ്ടെത്താൻ ഇനിയും നട്ടെല്ലില്ലാത്ത മാന്യനായ അച്ഛനുണ്ടല്ലോ, ഹൃദയമില്ലാത്ത ആ ദുഷ്ടനാണ് തന്റെ അമ്മയെ നശിപ്പിച്ചതെന്നും, തന്റെ ജീവിതം തകർത്തതും ഈ ഇരുമ്പഴിക്കൂട്ടിലാക്കിയതും ആ ദുഷ്ടൻ തന്നെയെന്നും, അല്ലെന്ന് പറയാൻ നിങ്ങൾക്ക് കഴിയുമോ എന്ന് ഉണ്ണി ചോദിക്കുമ്പോൾ രഘുരാമൻ തലകുനിച്ചു നിൽക്കുന്നു. ഉണ്ണി വീണ്ടും തുടർന്നു - ചോദിക്കുമ്പോഴൊക്കെ അമ്മ പറയും, ഒരു ദിവസം അച്ഛൻ തന്നെക്കാണാൻ വരുമെന്നും, എന്തോ ആ മാന്യൻ വന്നില്ലെന്നും, വന്നിരുന്നെങ്കിൽ ഒരുപക്ഷേ മരിച്ചു പോയ വിക്രമൻ പിള്ളയ്ക്ക് പകരം എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ, അമ്മിണി ഇടയ്ക്ക് കയറി ഉണ്ണി എന്ന് വിളിക്കുന്നു. അപ്പോൾ, ക്ഷമിക്കണമെന്നും, വികാരാവേശം കൊണ്ട് താൻ എന്തൊക്കെ പറഞ്ഞുപോയെന്നും, തന്റെ അച്ഛന്റെ മുഖത്തു നോക്കി ചോദിക്കേണ്ട ചോദ്യങ്ങളായിരുന്നു ഇതെല്ലാമെന്നും, പക്ഷേ അമ്മ ഒരിക്കലും തന്റെ അച്ഛന്റെ തനിക്ക് കാണിച്ചു തന്നില്ലല്ലോയെന്നും ഉണ്ണി വിഷമത്തോടെ പറയുമ്പോൾ, സാരമില്ലെന്നും, ധൈര്യമായിരിക്കു, നിനക്ക് ഞാനുണ്ടെന്നും രഘുരാമൻ ഉണ്ണിക്ക് ആശ്വാസം പകരുന്നു. അതുകേട്ട്, സാർ കാണിക്കുന്ന ദയവിന്റെ ആയിരത്തിൽ ഒരംശമെങ്കിലും തന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ തന്റെ അമ്മയുടെ കണ്ണുകൾ ഒരിക്കലും നിറയുമായിരുന്നില്ലെന്ന് ഉണ്ണി പറയുന്നു. ഇതുകേട്ട് പുറത്തു നിൽക്കുന്ന അമ്മിണി അവിടുന്ന് പോവുന്നു. പിന്നീട്, താൻ വീണ്ടും അമ്മയെ കരയിപ്പിച്ചുവെന്നും, താൻ ജനിച്ചത് മുതൽ കരയാനെ അമ്മയ്ക്ക് നേരമുണ്ടായിരുന്നുള്ളുവെന്നും കൂടി ഉണ്ണി പറയുന്നു. എല്ലാം കേട്ട ശേഷം രഘുരാമൻ അവിടുന്ന് നടന്നു നീങ്ങുന്നു.
പുറത്തു നിൽക്കുന്ന അമ്മിണി രഘുരാമനെക്കണ്ടതും, മകൻ ധിക്കാരം പറയുകയും വേദനിപ്പിക്കുകയും ചെയ്തുവല്ലേയെന്ന് ചോദിക്കുമ്പോൾ, ഇല്ലെന്നും, അവന്റെ ധിക്കാരം തനിക്കിഷ്ടമായെന്നും രഘുരാമൻ പറയുമ്പോൾ, അമ്മിണി പഴയ കാര്യങ്ങൾ ഓർത്തുപോവുന്നു - അവർ കമിതാക്കളായിരിക്കുമ്പോൾ, ഒരു മകൻ ജനിച്ചാൽ എങ്ങിനെയായിരിക്കണം അവൻ എന്ന് അമ്മിണി ചോദിക്കുമ്പോൾ, അവൻ ധിക്കാരിയും തന്റേടിയുമായിരിക്കണമെന്ന് രഘുരാമൻ പറഞ്ഞത്.
അടുത്ത ഹിയറിങ്ങിൽ രഘുരാമൻ കോടതിയിൽ ഉണ്ണിക്ക് വേണ്ടി വാദിക്കാൻ എത്തുന്നു. സ്വന്തം അമ്മ അപമാനിക്കപ്പെടുന്നത് ഒരു മകനും നോക്കി നിൽക്കാൻ സാധ്യമല്ലെന്നും, മരണപ്പെട്ട വിക്രമൻ പിള്ളയെ അയാളുടെ ദുരുദ്ദേശത്തിൽ നിന്നും പിന്തിരിപ്പിക്കാനും, വീട്ടിൽ നിന്നും ഇറക്കിവിടാനും മാത്രമേ തന്റെ കക്ഷി ശ്രമിച്ചിട്ടുള്ളുവെന്നും, ക്രൂരനായ ആ മനുഷ്യൻ അവരുടെ ഏക സമ്പത്തായ കൊച്ചു കുടിലിന് തീവെച്ചുവെന്നും, അതിനു ശേഷം സ്വാഭാവികമായും അടി കലശിലുകൾ ഉണ്ടായെന്നും, ഉണ്ണിക്ക് വിക്രമൻപിള്ളയെ കൊല്ലണമായിരുന്നുവെങ്കിൽ വീട്ടിൽ നിന്നും പുറത്തിറക്കി വിടുന്നതിന് മുൻപ് അതാകാമായിരുന്നുവെന്നും, ഉണ്ണിക്ക് അയാളെ കൊല്ലണമെന്ന ആഗ്രഹം തീരെയില്ലായിരുന്നുവെന്നും ജഡ്ജിയുടെ മുൻപിൽ രഘുരാമൻ പറഞ്ഞു നിർത്തുന്നു.
അപ്പോൾ, അവിടെയാണ് നിങ്ങൾക്ക് തെറ്റുപറ്റിയതെന്ന് പറഞ്ഞ് ബാലചന്ദ്രൻ എണീറ്റ് വരുന്നു. തുടർന്ന്, പക വീട്ടാനും പകരം ചോദിക്കാനും വേണ്ടി മാത്രമാണ് പ്രതി ആ രാത്രിയിൽ അയാളുടെപുറകേ ... എന്ന് ബാലചന്ദ്രൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ, താൻ വിശദീകരിച്ചുകൊണ്ടിരിക്കുമ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ ഇടയ്ക്ക് കയറി തടസ്സം ഏർപ്പെടുത്തരുതെന്ന് രഘുരാമൻ ജഡ്ജിയോട് പറയുന്നു. അപ്പോൾ, സോറി അച്ഛാ എന്ന് ബാലചന്ദ്രൻ പറയുമ്പോൾ, ഇവിടെ അച്ഛനും മകനുമല്ല എന്ന് രഘുരാമൻ പറയുന്നു. പിന്നീട്, മരണം യാദൃശ്ചികമായിരുന്നുവെന്നും, അതൊരു കൊലപാതകമല്ലെന്നും, കൊല്ലപ്പെട്ട വിക്രമൻപിള്ള സഹചാരികളുമൊത്ത് ആക്രമിക്കാൻ തയ്യാറായി വന്നതായിരുന്നുവെന്നും, സ്വന്തം രക്ഷയ്ക്ക് വേണ്ടി ഉണ്ണിക്കവരെ നേരിടേണ്ടി വന്നുവെന്നും, അത് തികച്ചും ആക്സിഡന്റ് മാത്രമായിരുന്നുവെന്നും, തന്റെ കക്ഷി നിരപരാധിയാണെന്നും, കോടതിയുടെ ദയവും സഹതാപവും മാത്രമാണ് തന്റെ കക്ഷി അർഹിക്കുന്നതെന്നും രഘുരാമൻ വാദിക്കുന്നു.
രഘുരാമൻ പറഞ്ഞത് ശരിയല്ലെന്നും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശിരസ്സിൽ ഷോവൽ കൊണ്ടേറ്റ പ്രഹരം മൂലമാണ് വിക്രമൻപിള്ള മരിച്ചതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, മല്പിടിത്തത്തിനിടയിൽ കാൽ വഴുതി താഴെ വീണ് തല ഷോവലിൽ കൊണ്ടാണ് വിക്രമൻപിള്ള മരിച്ചതെന്ന് ബഹുമാനപ്പെട്ട എതിർഭാഗം വക്കീൽ പറയില്ല എന്ന് കരുതുന്നുവെന്നും, കോപവും വൈരാഗ്യവും മൂലം ബോധപൂർവ്വം തന്നെയാണ് വിക്രമൻപിള്ളയുടെ മരണത്തിനുള്ള സാഹചര്യം പ്രതി ഉണ്ടാക്കിയിട്ടുള്ളതെന്നും, വീട് കത്തിച്ചുവെന്നത് കേസിന്റെ ബലത്തിന് വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു സംഭവം മാത്രമായിക്കൂടെന്നുമില്ലന്നും ബാലചന്ദ്രൻ എതിർത്ത് വാദിക്കുമ്പോൾ, രഘുരാമൻ ഇടയ്ക്ക് കയറി, അല്ല അത് സത്യമല്ലെന്ന് രഘുരാമൻ വാദിക്കുന്നു. താൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് കയറി പറയരുതെന്ന് പറഞ്ഞ് ബാലചന്ദ്രൻ തുടരുന്നു - താൻ വിവാഹിത അല്ല എന്നവർ വിസ്താരത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും, പ്രതിയുടെ അച്ഛൻ ആരാണെന്ന് പറയാൻ അവർ തയ്യാറുമല്ലെന്നും, ഈ പശ്ചാത്തലത്തിൽ പ്രതിയുടെ അമ്മയുടെ ജീവിത സാഹചര്യങ്ങളെ ഒരു വിധത്തിൽ മാത്രമേ നമുക്ക് വ്യാഖ്യാനിക്കാൻ കഴിയൂ എന്നും, കൊല്ലപ്പെട്ട വിക്രമൻപിള്ളയുമായി പ്രതിയുടെ അമ്മയ്ക്ക് ബന്ധങ്ങളുണ്ടായിരുന്നിരിക്കാം എന്നും, അതിൽ പ്രതിയ്ക്ക് വെറുപ്പും എതിർപ്പും ഉണ്ടായിരുന്നിരിക്കാം എന്നും, ആർക്കറിയാം കൊല്ലപ്പെട്ട വിക്രമൻപിള്ള തന്നെ പ്രതിയുടെ അച്ഛൻ എന്നും ബാലചന്ദ്രൻ വാദിക്കുമ്പോൾ, അമ്മിണി വിതുമ്പി നിൽക്കുകയും, രഘുരാമൻ "അല്ല" എന്ന് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. അപ്പോൾ, അതെങ്ങിനെ എന്റെ എതിർഭാഗം വക്കീനിലിന് തീർത്തു പറയാൻ കഴിയും എന്ന് ബാലചന്ദ്രൻ ചോദിക്കുന്നു.
തുടർന്ന്, പ്രതിയും കൊല്ലപ്പെട്ട വിക്രമൻപിള്ളയും തമ്മിൽ വൈരാഗ്യവും ശത്രുതയുമുണ്ടായിരുന്നുവെന്നും, തക്ക സന്ദർഭം കിട്ടിയപ്പോൾ പ്രതി അതുപയോഗപ്പെടുത്തിയെന്നും, അത് കുരുതിക്കൂട്ടിയ കൊലപാതമാകമായിരുന്നുവെന്നും, പ്രതി ഏറ്റവും കടുത്ത ശിക്ഷ അർഹിക്കുന്നുവെന്നും ബാലചന്ദ്രൻ വാദിക്കുന്നു. അന്നേരം, വ്യക്തികളെക്കുറിച്ച് തെളിയിക്കാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് പറയരുതെന്ന് രഘുരാമൻ വാദിക്കുമ്പോൾ, തെളിയിക്കപ്പെട്ട കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളുവെന്ന് ബാലചന്ദ്രൻ പറയുന്നു. അതിന്, എന്റെ കക്ഷിയുടെ അമ്മയെക്കുറിച്ച് പറഞ്ഞത് എന്ന് രഘുരാമൻ ചോദിക്കുമ്പോൾ, അവർ ഈ കോടതിയിൽ പറഞ്ഞതിന്റെ വ്യാഖ്യാനം മാത്രമാണെന്നും, ഭർത്താവില്ലാതെ ജനിച്ച മകനാണ് ഉണ്ണിയെന്ന് ആ സ്ത്രീ കോടതിയിൽ പറഞ്ഞതിന് രേഖകളുണ്ടെന്നും ബാലചന്ദ്രൻ വാദിക്കുമ്പോൾ, രഘുരാമൻ നിയന്ത്രണം വിട്ട് "ബാലചന്ദ്രാ" എന്ന് വിളിക്കുന്നു. ജഡ്ജി അത് ചൂണ്ടിക്കാണിക്കുമ്പോൾ, കോടതിയിൽ വ്യക്തികളില്ല കക്ഷികളേയുള്ളുവെന്നും, ബന്ധങ്ങളില്ല ന്യായങ്ങളെ ഉണ്ടാവൂ എന്നും ബാലചന്ദ്രൻ പറയുമ്പോൾ, മനഃസ്സാക്ഷിയുടെ മുന്നിൽ സത്യങ്ങൾക്കേ പ്രസക്തിയുള്ളുവെന്ന് രഘുരാമൻ പറയുന്നു. അതിന്, അറിയപ്പെടാത്ത സത്യങ്ങളാവില്ല ഇവിടെ പ്രമാണം എന്നും, തെളിയിക്കപ്പെട്ട സത്യങ്ങൾ മാത്രമായിരിക്കുമെന്നും ബാലചന്ദ്രൻ പറയുമ്പോൾ, താൻ ഈ കേസിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് രഘുരാമൻ പറയുന്നു. അതുകേട്ട്, താനും എന്ന് ബാലചന്ദ്രൻ മറുപടി പറയുന്നു. അതോടെ അന്നത്തെ വിചാരണ തീരുന്നു.
പണിക്കർ വീട്ടിലെത്തി കോടതിൽ അച്ഛനും മകനും തമ്മിൽ തകർത്തു വാദിച്ചതിനെക്കുറിച്ച് സാവിത്രിയുടെ വിവരിക്കുകയും, കേസിൽ രഘുരാമൻ തന്നെയായിരിക്കും ജയിക്കുക എന്നും പറയുമ്പോൾ, അതെങ്ങിനെ നിങ്ങൾക്ക് തീർത്തു പറയാൻ കഴിയുമെന്ന് സാവിത്രി ചോദിക്കുന്നു. അതിന്, പ്രതി കുറ്റം ചെയ്തിട്ടില്ല എന്ന് അദ്ദേഹം വാദിക്കുന്നില്ലെന്നും, സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടതാണെന്നുമാണ് എന്നുമാണല്ലോ വാദിക്കുന്നത് എന്നതുകൊണ്ടും എന്ന് പണിക്കർ പറയുന്നു. അതുകേട്ട്, അനുഭവം കൂടുതലായതുകൊണ്ടാവും ജഡ്ജി പദവി രാജിവെച്ച് മകനെതിരായി തന്നെ കേസ് വാദിക്കുന്നതെന്ന് സാവിത്രി പറയുമ്പോൾ, അത് ആ ഉണ്ണി നിരപരാധിയായതുകൊണ്ടാണെന്നും, പാവപ്പെട്ട അനാഥ സ്ത്രീയുടെ മോനല്ലേയെന്നും പണിക്കർ പറയുന്നു. അപ്പോൾ, ഏത് അനാഥ സ്ത്രീയെന്ന് സാവിത്രി ചോദിക്കുമ്പോൾ, പണിക്കർ ഒന്ന് പരുങ്ങിയ ശേഷം, ദൂരെ എവിടത്തെയോ ആണെന്നും, നമ്മുടെ ജാതിയുമല്ലെന്നും പറഞ്ഞ് തടി തപ്പുന്നു.
രഘുരാമനും പണിക്കരും മുറിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ, നിങ്ങൾ പിന്നീട് അമ്മിണിയെക്കണ്ടോ എന്നു രഘുരാമൻ ചോദിക്കുമ്പോൾ, കണ്ടു എന്നും, വളരെ കഷ്ട സ്ഥിതിയിലാണെന്നും, സാക്ഷി മത്തായിയുടെ വീട്ടിലെ വരാന്തയിലാണ് താമസമെന്നും, ഊണും ഉറക്കവുമില്ലാതെ ഏതു സമയത്തും ആ മകന്റെ കാര്യം മാത്രം ജപിച്ചുകൊണ്ട് കഴിയുകയാണെന്നും അറിയാൻ കഴിഞ്ഞുവെന്ന് പണിക്കർ പറയുന്നു. ആ നേരത്ത് സാവിത്രി അവിടേക്ക് കയറി വരുന്നു. അതുകേട്ട്, നിങ്ങൾ തന്നെ അമ്മിണിക്ക് ഏതെങ്കിലും സൗകര്യമുള്ള ഒരു സ്ഥലം ഏർപ്പാടാക്കിക്കൊടുക്കു എന്ന് രഘുരാമൻ പറയുമ്പോൾ, അന്വേഷിച്ചു നോക്കാമെന്ന് പണിക്കർ പറയുന്നു. അപ്പോൾ, അമ്മിണിയെ വേറെ എവിടെയെങ്കിലും എന്തിനാണ് താമസിപ്പിക്കുന്നത്, ഈ വീട്ടിൽ തന്നെ താമസിപ്പിക്കാമല്ലോ എന്ന് സാവിത്രി ചോദിക്കുന്നു. രഘുരാമൻ അതുവേണ്ടെന്ന് കുറെ പറഞ്ഞു നോക്കുന്നുവെങ്കിലും, ഇവിടെ കൊണ്ടുവരൂ എന്ന് പണിക്കരെ സാവിത്രി നിർബന്ധിക്കുമ്പോൾ, മറ്റു മാർഗ്ഗമില്ലാതെ പണിക്കർ അമ്മിണിയെ കൊണ്ടുവരാൻ പോകുന്നു.
ബാലചന്ദ്രന് അമ്മിണിയെ വീട്ടിൽ താമസിപ്പിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. പണിക്കരുടെ കൂടെ അമ്മിണിയെക്കണ്ടതും സാവിത്രി ഞെട്ടുകയും, നീയാണോ എന്ന് ചോദിക്കുകയും ചെയ്യുന്നു. പണിക്കർ അവിടുന്ന് പോകുന്നു. സാവിത്രി രഘുരാമന്റെ നേർക്ക് തിരിഞ്ഞ് ഇവരായിരുന്നോ ആ സ്ത്രീയെന്ന് ചോദിക്കുമ്പോൾ, അതെയെന്ന് രഘുരാമൻ പറയുന്നു. അതുകേട്ട്, വിതുമ്പലിന്റെ തുമ്പത്തെത്തുന്ന സാവിത്രി നിയന്ത്രിച്ചുകൊണ്ട്, അമ്മിണിയേയും കൂട്ടി അകത്തേക്ക് പോകുന്നു.
ബാലചന്ദ്രൻ പണിക്കരെക്കണ്ട്, ആ സ്ത്രീ ഇവിടെ എന്ന് ചോദിക്കുമ്പോൾ, അമ്മ വിളിപ്പിച്ചതാണെന്ന് പണിക്കർ പറയുന്നു. സാവിത്രി അമ്മിണിയോട്, അമ്മിണിയെന്നല്ലേ പേര് എന്ന് ചോദിച്ച് താൻ മറന്നിട്ടില്ലെന്ന് പറയുന്നു. അതുകേട്ട്, തന്നെ വിളിച്ചുവെന്ന് പണിക്കർ പറഞ്ഞപ്പോൾ അത്ഭുതം തോന്നിയെന്നും, അതും നിങ്ങൾ വിളിച്ചുവെന്ന് പറഞ്ഞപ്പോൾ, അതുകൊണ്ട് മാത്രമാണ് താൻ വന്നതെന്നും അമ്മിണി പറയുന്നു. അപ്പോൾ, സാവിത്രി ഒന്നും മിണ്ടാത്തത് കണ്ട്, സാരമില്ല താൻ പൊയ്ക്കൊള്ളാമെന്ന് അമ്മിണി പറയുമ്പോൾ, ഈ മുറി അമ്മിണിക്കുപയോഗിക്കാമെന്നും, എന്താവശ്യമാണെങ്കിലും തന്നോട് പറയാമെന്നും പറഞ്ഞ് സാവിത്രി മുറിയിൽ നിന്നും പോകുന്നു. സാവിത്രി രഘുരാമനെക്കണ്ട അമ്മിണിക്ക് എല്ലാ സൗകര്യങ്ങൾക്കും ചെയ്തുകൊടുത്തിട്ടുണ്ടെന്ന് പറയുമ്പോൾ, അമ്മിണിയാണെന്ന് കരുതിയില്ല അല്ലേ എന്ന് രഘുരാമൻ ചോദിക്കുന്നു. അതിന് മറുപടി പറയാതെ, അവൾക്ക് അവളുടെ മകനെയെങ്കിലും രക്ഷപ്പെടുത്തിക്കൊടുക്കു എന്ന് പറഞ്ഞ് മുറിയിൽ നിന്നും പോകുന്നു.
ബാലചന്ദ്രൻ സാവിത്രിയെക്കണ്ട്, കോടതിയിൽ അച്ഛൻ തന്നെ എതിർക്കുന്നുവെന്നും, വീട്ടിൽ തന്റെ അമ്മ താൻ എതിർക്കുന്ന കക്ഷിയുടെ അമ്മയെ വിളിപ്പിച്ച് താമസിപ്പിച്ചിരിക്കുന്നു എന്ന് അരിശത്തോടെ പറയുമ്പോൾ, സാവിത്രി ഒന്നും പറയാതെ അവിടുന്ന് പോവുന്നു. അപ്പോൾ, ആരൊക്കെ എതിർത്താലും ഒടുവിൽ താൻ തന്നെയായിരിക്കും ജയിക്കുന്നതെന്ന് ബാലചന്ദ്രൻ പറയുന്നു. അച്ഛന്റെയും മകന്റെയും ഇടയിൽപ്പെട്ട് സാവിത്രി തീ തിന്നുന്നു.
അമ്മിണിയെ വീട്ടിൽ താമസിപ്പിച്ചിരിക്കുന്ന വിവരം അറിഞ്ഞെത്തുന്ന സാവിത്രിയുടെ അച്ഛൻ, അമ്മിണിയെ ഉടൻ തന്നെ ഇറക്കിവിടണമെന്ന് സാവിത്രിയോട് പറയുമ്പോൾ, അത് പറ്റില്ലെന്നും അച്ഛൻ ഇതിൽ ഇടപെടരുതെന്നും പറയുന്നു. അതുകേട്ട് കുപിതനാവുന്ന അച്ഛൻ താനെങ്ങിനെ ഇടപെടാതിരിക്കും എന്ന് ചോദിക്കുമ്പോൾ, ഇത് രഘുരാമന്റെ വീടാണെന്നും, അദ്ദേഹത്തിന്റെ ഇഷ്ടമേ ഇവിടെ നടക്കു എന്നും സാവിത്രി പറയുന്നു. താൻ അപമാനിക്കപ്പെട്ടു എന്ന് കരുതി സാവിത്രിയുടെ അച്ഛൻ ദേഷ്യത്തോടെ ഇറങ്ങിപ്പോവുന്നു. എല്ലാം കേട്ടുനിൽക്കുന്ന അമ്മിണി വീട്ടിൽ നിന്നും ഇറങ്ങാൻ തീരുമാനിക്കുമ്പോൾ, പോകരുതെന്നും, അമ്മിണി പോയാൽ രഘുരാമന്റെ മനസ്സ് വല്ലാതെ വേദനിക്കുമെന്നും പറഞ്ഞ് സാവിത്രി അമ്മിണിയെ പിടിച്ചു നിർത്തുന്നു.
യമുന ബാലചന്ദ്രനെക്കണ്ട് അമ്മിണിയെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത് ശരിയായില്ലെന്ന് പറയുമ്പോൾ, അത് നമ്മൾക്ക് മാത്രം തോന്നിയാൽ പോരല്ലോ എന്നും, അച്ഛന് കോടതിയിൽ വെച്ച് മാത്രം തന്നെ എതിർത്താൽ പോരെന്നും പറഞ്ഞ് അകത്തേക്ക് പോകുന്നു. അമ്മിണി ഇത് കേൾക്കാനിടയാകുന്നു. അമ്മിണി നേരെ രഘുരാമനെക്കണ്ട്, താൻ കാരണം എല്ലാവരുടെയും സ്വസ്ഥത നഷ്ടപ്പെട്ടുവെന്നും, അതുകൊണ്ട് താൻ ഇവിടുന്നും പോവുന്നതാണ് നല്ലതെന്നും, തന്നെ പോകാൻ അനുവദിക്കൂ എന്നും പറയുന്നു. അപ്പോൾ, നീ പോകാൻ പാടില്ലെന്നും, നിന്റെ ഏക ആശ്രയം നിന്റെ മകനായിരുന്നുവെന്നും, ഉണ്ണി കൊലപാതി അല്ലെന്ന് നീ പറഞ്ഞുവെന്നും, അത് ശരിയാണെങ്കിൽ ഉണ്ണി രക്ഷപ്പെടണമെന്നും, ഈ കേസിന്റെ വിധി പറയുന്നത് വരെ നീ ഇവിടെയുണ്ടാവണമെന്നും രഘുരാമൻ പറയുന്നു. താൻ ഇവിടെ നിൽക്കുന്നത് ശരിയല്ലെന്നും താൻ കാരണം നിങ്ങളുടെ ജീവിതത്തിന്റെ സ്വസ്ഥത മുഴുവൻ താൻ കാരണം നശിച്ചുവെന്നും അമ്മിണി വീണ്ടും പറയുമ്പോൾ, നിന്നെ പോകാൻ അനുവദിക്കില്ലെന്നും ജീവിതത്തിന്റെ കാര്യമല്ല താൻ പറഞ്ഞതെന്നും, കേസിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും രഘുരാമൻ പറയുന്നു. സാവിത്രി ഇതെല്ലാം കേട്ട് മുറിക്ക് പുറത്ത് നിൽക്കുകയായിരുന്നു. രഘുരാമൻ മുറിയിൽ നിന്നും പോയതും സാവിത്രി അകത്തേക്ക് ചെന്ന്, അദ്ദേഹം പോകാൻ അനുവദിക്കില്ലെന്ന് താൻ പറഞ്ഞതല്ലേ, പിന്നെന്തിനാണ് ചോദിക്കാൻ പോയതെന്ന് ചോദിക്കുന്നു. തുടർന്ന്, നിന്നെ അദ്ദേഹം പ്രേമിച്ചിരുന്നതും, നിങ്ങൾ പിരിഞ്ഞു പോയതും രഘുരാമൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സാവിത്രി പറയുന്നു. അതുകേട്ട്, എല്ലാം അറിഞ്ഞിരുന്നിട്ടും സാവിത്രി തന്നോട് ഇങ്ങിനെ പെരുമാറുന്നുണ്ടല്ലോ എന്ന് അമ്മിണി ചോദിക്കുമ്പോൾ, ഇതെല്ലാം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് താൻ ഒരിക്കലും കടന്നുവരില്ലായിരുന്നു എന്നും, എന്നാൽ താൻ കടന്നുവരുന്നതിന് മുൻപേ വിധി നിങ്ങളെ പിരിച്ചു കഴിഞ്ഞിരുന്നല്ലോ എന്നും സാവിത്രി പറയുന്നു. തുടർന്ന്, നിന്നോട് വിധി വളരെ ക്രൂരമായി പെരുമാറിയെന്നും, പിന്നീട് എവിടെയായിരുന്നുവെന്നും, ഭർത്താവിന് എവിടെയായിരുന്നു ജോലി എന്നും, അദ്ദേഹം മരിച്ചിട്ട് എത്ര കാലമായി എന്നും സാവിത്രി ചോദിക്കുമ്പോൾ അമ്മിണി വിതുമ്പാൻ തുടങ്ങുന്നു. അപ്പോൾ, തന്നോട് ക്ഷമിക്കു എന്നും, അമ്മിണിയുടെ മകൻ രക്ഷപ്പെടുന്നത് വരെ അമ്മിണിക്ക് ഇവിടെ തന്നെ താമസിക്കാമെന്നും പറഞ്ഞ് സാവിത്രി പോകുന്നു.
കോടതിയിലെ വിസ്താരണ കഴിഞ്ഞ് മടങ്ങി വരുന്ന രഘുരാമൻ അമ്മിണിയെക്കണ്ട് ഒന്നും പറയാതെ അകത്തേക്ക് പോകുന്നു. അപ്പോൾ, അമ്മിണി ഓടിച്ചെന്ന് പണിക്കരോട് വേവലാതിയോടെ കേസിനെക്കുറിച്ച് അന്വേഷിക്കുന്നു. അതിന്, ഒന്നും പറയാറായിട്ടില്ലെന്നും, അച്ഛനും മകനും കട്ടയ്ക്ക് നിന്ന് വാദിച്ചുവെന്നും പറയുന്നു. അസ്വസ്ഥയായ അമ്മിണി നേരെ ബാലചന്ദ്രന്റെ മുറിയിലേക്ക് പോകുന്നു. തനിക്ക് തന്റെ മകൻ മാത്രമേയുള്ളുവെന്നും, അവനെ രക്ഷിക്കണമെന്നും ബാലചന്ദ്രനോട് വേദനയോടെ പറയുമ്പോൾ, അത് കോടതി തീരുമാനിക്കുമെന്ന് ബാലചന്ദ്രൻ പറയുന്നു. തുടർന്ന്, നിങ്ങളുടെ മകൻ കുറ്റവാളിയാണെന്നാണ് തന്റെ വിശ്വാസമെന്നും, തന്റെ വാദം ജയിച്ചാൽ നിങ്ങളുടെ മകൻ ശിക്ഷിക്കപ്പെടുമെന്നും ബാലചന്ദ്രൻ പറയുമ്പോൾ, അമ്മിണി വിതുമ്പുന്നു. അപ്പോൾ, അതല്ല അച്ഛന്റെ വാദമാണ് ജയിക്കുന്നതെങ്കിൽ നിങ്ങളുടെ മകൻ രക്ഷപ്പെടുമെന്നും, അച്ഛൻ ജയിക്കുന്നതിൽ തനിക്ക് സന്തോഷമേയുള്ളുവെന്നും, എന്നാൽ അച്ഛനെ തോൽപ്പിക്കാൻ വേണ്ടിയല്ലെന്നും, കുറ്റവാളി രക്ഷപ്പെടാതിരിക്കാൻ വേണ്ടിയാണ് താൻ വാദിക്കുന്നതെന്നും, മറ്റൊന്നും ആരും തനിക്ക് പ്രശ്നമല്ലെന്നും ബാലചന്ദ്രൻ പറയുന്നു. അതുകേട്ട്, ഉണ്ണി കുറ്റവാളി അല്ലല്ലോ എന്ന് അമ്മിണി പറയുമ്പോൾ, അതു തീരുമാനിക്കേണ്ടത് കോടതിയാണെന്ന് ബാലചന്ദ്രൻ പറയുന്നു. അപ്പോൾ, ഒരമ്മയുടെ വേദനയും കണ്ണുനീരും കാണാൻ കുഞ്ഞിന് കഴിയുന്നില്ലേയെന്ന് അമ്മിണി കരഞ്ഞുകൊണ്ട് ചോദിക്കുന്നു. അതിന്, നീതിശാസ്ത്രത്തിന്റെ മുന്നിൽ വികാരങ്ങൾ ഇല്ലെന്നും, സത്യങ്ങൾ മാത്രമേയുള്ളുവെന്നും ബാലചന്ദ്രൻ പറയുന്നു. ആ നേരത്ത് രഘുരാമൻ കടന്നു വന്ന്, നിന്റെ വക്കീലിനെ നിനക്ക് വിശ്വസിക്കാമെന്നും, താൻ നിന്നെ ചതിക്കില്ലെന്നും, അതിനുവേണ്ടി മറുഭാഗം വക്കീലിനെ സ്വാധീനിക്കണമെന്നില്ലെന്നും രഘുരാമൻ പറയുന്നു. അമ്മിണി എന്ത് പറയണമെന്നറിയാതെ വിത്തുമ്പോൾ, നീ പോകു എന്നും, ഞങ്ങൾ തമ്മിൽ സംസാരിക്കട്ടെയെന്നും രഘുരാമൻ പറയുമ്പോൾ അമ്മിണി പോകുന്നു. മകന്റെ വാദിക്കാനുള്ള കഴിവിനെ അഭിനന്ദിച്ച ശേഷം, ഇന്ന് തനിക്കൊരു പിഴവ് പറ്റിയെന്നും, ഇനിമേൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും രഘുരാമൻ പറയുമ്പോൾ, അച്ഛൻ വല നെയ്തോളൂ രക്ഷപ്പെടാൻ തനിക്കറിയാമെന്ന് ബാലചന്ദ്രൻ പറയുന്നു. ആ നേരത്ത് യമുന അവിടേക്ക് ഓടിവരുന്നു. രഘുരാമൻ മുറിയിൽ നിന്നും പോകുന്നു. അന്നേരം, സാവിത്രിയുടെ അച്ഛൻ ബാലചന്ദ്രന്റെ മുറിയിൽ വന്ന് അമ്മിണിയെ വീട്ടിൽ താമസിപ്പിച്ചതിനെക്കുറിച്ച് പുച്ഛത്തോടെ സംസാരിക്കുമ്പോൾ, തന്നോടെന്തിന് ഇതിനെക്കുറിച്ച് പറയുന്നു എന്ന് ബാലചന്ദ്രൻ ചോദിക്കുന്നു. അതിഷ്ടപ്പെടാത്ത അദ്ദേഹം ദേഷ്യത്തോടെ പുറത്തേക്ക് പോകുന്നു.
Audio & Recording
ചമയം
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
തിരുവൈക്കത്തപ്പാ ശ്രീ മഹാദേവാനഠഭൈരവി |
ആർ കെ ദാമോദരൻ | ജി ദേവരാജൻ | വാണി ജയറാം |
2 |
കുമ്മാട്ടിക്കളി കാണാൻ |
ആർ കെ ദാമോദരൻ | ജി ദേവരാജൻ | പി മാധുരി |
3 |
മുഖശ്രീ വിടർത്തുന്ന കൗമാരംഹരികാംബോജി |
ആർ കെ ദാമോദരൻ | ജി ദേവരാജൻ | കെ ജെ യേശുദാസ് |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് (Gallery) | |
കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ,പോസ്റ്റർ ഇമേജ് |