സിന്ധുദേവി

Sindhudevi
എസ് സിന്ധു രമേഷ്
S Sindhu Ramesh
ആലപിച്ച ഗാനങ്ങൾ: 43

കൊല്ലം സ്വദേശിനി. പിന്നണി ഗാനരംഗത്ത്  35 വർഷത്തോളം പരിചയമുള്ള ഗായികയാണ് സിന്ധു ദേവി എന്ന സിന്ധു രമേഷ്.  രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊല്ലം രാജൻ ലാലിന്റെ ( സംഗീത സംവിധായകൻ ശരത്തിന്റെ അമ്മാവൻ) അടുത്ത് കർണാടക സംഗീതം അഭ്യസിക്കാൻ തുടങ്ങിയ സിന്ധു പത്താം വയസ്സിൽ കൊല്ലം ആനന്ദവല്ലിശ്വരം ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി.  ഗുരു വെങ്കടാചലം, ഇരിഞ്ഞാലക്കുട വിജയകുമാർ, പ്രൊഫസർ ഓമനക്കുട്ടി ടീച്ചർ തുടങ്ങി വിവിധ പ്രമുഖരുടെ കീഴിൽ തുടർന്നും ശാസ്ത്രീയസംഗീത പരിശീലനം നടത്തി.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആകാശവാണിയിൽ (ഓൾ ഇന്ത്യ റേഡിയോ) കലാകാരിയായി. സ്കൂൾ കാലഘട്ടത്തിൽ “സിംഗിംഗ് ബേർഡ്സ്”, “സിതാര”, “വോയ്‌സ് ഓഫ് യൂത്ത്” എന്നീ സംഗീത ഗ്രൂപ്പുകളിൽ സ്ഥിരം ഗായികയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും 2000 ലധികം ഷോകളിൽ പങ്കെടുത്തു. പ്രശസ്ത പിന്നണി ഗായകരായ കെ ജി മാർക്കോസ്, പി ജയചന്ദ്രൻ, ഉണ്ണിമേനോൻ, ജി വേണുഗോപാൽ, എംജി ശ്രീകുമാർ, ശ്രീകാന്ത്, പന്തളം ബാലൻ എന്നിവർക്കൊപ്പമൊക്കെ പാടി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ “വെളിച്ചമില്ലാത്ത വീഥി" എന്ന സിനിമയിൽ കെ പി ഉദയഭാനുവിന്റെ സംഗീതത്തിൽ എസ് ജാനകിക്കൊപ്പം പാടാൻ അവസരം ലഭിച്ചു. ഏറെ നാൾ തരംഗിണി സ്റ്റുഡിയോയിൽ മലയാളത്തിലെ മുൻനിര സംഗീതസംവിധായകരുടെ ഗാനങ്ങൾക്ക് ട്രാക്ക് പാടി. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്  എന്ന സിനിമയിൽ ജെറി അമൽദേവിന്  ആയിരം കണ്ണുമായ്, ലാത്തിരി പൂത്തിരി എന്ന ഗാനങ്ങൾക്ക് ട്രാക്ക് പാടിയാണ് ആ മേഖലയിൽ തുടക്കമിടുന്നത്. മാമലകൾക്കപ്പുറത്ത് എന്ന സിനിമയിൽ ട്രാക്ക് പാടിയത് തന്നെ സിനിമയിൽ ഒർജിനൽ ട്രാക്കായി ഉപയോഗിക്കാൻ സംഗീത സംവിധായകനായ മോഹൻ സിതാരയോട് നിർദ്ദേശിച്ചത് യേശുദാസാണ്. സംഗീതം ഐശ്ചികമായി ബിരുദം ചെയ്ത സിന്ധു 1988ൽ ബിരുദപഠനത്തിനിടയിൽ കെ ജെ യേശുദാസിനൊപ്പം എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളും സന്ദർശിച്ച് ഗാനമേളകളിൽ പാടി. ദക്ഷിണാഫ്രിക്ക, അമേരിക്ക, കാനഡ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും യേശുദാസിന്റെ കൂടെ പ്രകടനങ്ങൾ നടത്തിയിരുന്നു.  

1992 ൽ ചെന്നൈയിലേക്ക് താമസം മാറിയ സിന്ധു, ഗായകൻ മനോയോടൊപ്പം "തങ്കക്കിളി" എന്ന തമിഴ് ചിത്രത്തിലൂടെ സംഗീത സംവിധായകൻ ഇളയരാജയുടെ കീഴിൽ പാടി തമിഴ് സിനിമാ രംഗത്തും തുടക്കം കുറിച്ചു. ഇളയരാജക്ക് ശേഷം വിദ്യാസാഗർ, കീരവാണി, സിർപി തുടങ്ങിയ പ്രശസ്ത സംവിധായകർക്ക് വേണ്ടി നിരവധി സിനിമകളിൽ പാടി. നാട്ടാമൈ, ജയ്ഹിന്ദ്, കർണ്ണ, പ്രിയം, ഇലവരസി, തമിഴച്ചി, നേതാജി, മുരുകൻ, ദേവർമഗൻ, തായ് തങ്കൈ പാസം തുടങ്ങിയ തമിഴ് സിനിമകളിൽ പാടി. ഏകദേശം ഇതേ കാലയളവിൽത്തന്നെ ലക്ഷ്മൺ ശ്രുതിയുടെയും ഗംഗൈ അമരന്റെയുമൊക്കെ ഓർക്കസ്ട്രയിലും സ്ഥിരം ഗായികയായിരുന്നു. മലയാളത്തിലെ സംഗീത സംവിധായകർക്കൊപ്പവും മദ്രാസിൽ നിന്ന ഈ കാലയളവിൽ പാട്ടുകൾ പാടിയിരുന്നു. ജോൺസന്റെ സംഗീത സംവിധാനത്തിൽ വീണ്ടും ചില വീട്ടുകാര്യങ്ങളെന്ന സിനിമയിൽ യേശുദാസിനൊപ്പം പാടിയ "പിൻ നിലാവിൻ പൂ " എന്ന ഗാനം സിന്ധുവിന്റേതായി ഏറെ ശ്രദ്ധേയമായ ഒരു ഗാനമാണ്. എം സൗന്ദരരാജൻ, എസ് പി ബാലസുബ്രഹ്മണ്യം, മനോ, മലേഷ്യ വാസുദേവൻ തുടങ്ങിയവർക്കൊപ്പം അക്കാലത്തെ പ്രമുഖ ഗായകരൊപ്പം മദ്രാസിലുള്ളപ്പോൾ പാടാൻ അവസരം ലഭിച്ചു. ഗായിക കെ എസ് ചിത്ര വഴി സംഗീത സംവിധായകൻ കീരവാണിയെ പരിചയപ്പെട്ടത് നിരവധി തെലുങ്ക് സിനിമകളിൽ സിന്ധുവിനു പാടാൻ അവസരമായി. തെലുങ്ക് സിനിമകൾക്ക് പുറമേ കന്നഡയിലും ഹിന്ദിയിലും പാടിയിട്ടുണ്ട്. 

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഏകദേശം 525-ലധികം ഗാനങ്ങളും,  ബദുഗ (ഊട്ടിയിലെ ഗോത്ര ഭാഷ) ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ 2000 ലധികം ഭക്തിഗാനങ്ങളും സിന്ധു പാടിയിട്ടുണ്ട്. 1998ൽ എസ് വി രമേഷിനെ വിവാഹം കഴിച്ച സിന്ധു  2002ൽ ഭർത്താവിനൊപ്പം കുവൈറ്റിലേക്ക് പോയി. 2004ൽ സ്വന്തം സംഗീത സ്ഥാപനമായ “ശ്രീഹരി സ്കൂൾ ഓഫ് മ്യൂസിക്” കുവൈത്തിൽ ആരംഭിച്ചു. കുവൈത്തിലെ ഇന്ത്യൻ സാംസ്കാരിക വേദികളിലും ശാസ്ത്രീയ സംഗീത വേദികളിലുമൊക്കെ സജീവമാണ്. പുതുതായി സംഗീതം ചെയ്ത് ആൽബങ്ങളും പാട്ടുകളുമൊക്കെ പുറത്തിറക്കിയിട്ടുണ്ട്.  

സിന്ധുവിന്റെ പ്രൊഫൈൽ : ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.