അന്തിമാനക്കൂടാരം
അന്തിമാനക്കൂടാരം
പൊൽച്ചിലമ്പിൽ ചാഞ്ചാടും
മിന്നാരപ്പൊന്നുരുക്കി പണ്ടമാക്കുമ്പോൾ
തപ്പുകൊട്ടി പാടാനും
തമ്മിലൊന്നായ് കൂടാനും
ചിന്തൂരച്ചാന്തുപൊട്ടും തൊട്ടു വന്നാട്ടെ
(അന്തിമാന...)
കുന്നോളം കുളിരുമായ്
മഞ്ഞണിഞ്ഞ മലയോരം
കനവുലാവുമീ കറുകനാമ്പുപോൽ
ആരെയാരെത്തേടി ഞാൻ
ചെല്ലക്കുടമണി മെല്ലെ കിലുകിലെ
ഉള്ളിൽ മൂളുമൊരു താളത്തിൽ
മിന്നിപ്പൊലിയുമൊരോമൽ കനവുകൾ
എന്നെ മൂടുമൊരു നേരത്ത്
മാരിമുകിലിൻ കൈകൾ ചാർത്തും
മിന്നൽ വളകൾ കിലുങ്ങുമ്പോൾ
പീലിവിടരും മയിലിൻ പിടപോൽ
കേളിയാടി ഇടനെഞ്ചിൽ
ഓ..അകന്നേപോയ്
ശരത്ക്കാലം അലിഞ്ഞേപോയ്
(അന്തിമാന...)
കന്നിക്കതിർമണി കൊത്തി തുരുതുരെ
ദൂരെ മായുമൊരു പൈങ്കിളിയായ്
കണ്ണിൽ പലവുരു നിൻ പുഞ്ചിരിയുടെ
കാന്തിചിന്തുമൊരു നേരത്ത്
പാതിമലരിൻ ഇതളിൽ തെളിയും
മഞ്ഞുമണിയായ് മാറീ നീ
രാവിലുണരും വനചന്ദ്രികയായ്
മൂകമുരുകി എന്നുള്ളിൽ
ഓ...മറഞ്ഞേ പോയ്
പഴംപാട്ടും മറന്നേപോയ്
(അന്തിമാന...)