ജോസഫ് ഒഴുകയിൽ
കോട്ടയം ജില്ലയിലെ പാലയിലാണ് ജോസഫ് ജനിച്ചത്. ജോസഫിന്റെ കുട്ടിക്കാലത്ത് അദ്ധേഹത്തിന്റെ പിതാവ് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിയിലെത്തി സ്ഥലംവാങ്ങി വീടുവച്ച് താമസമാരംഭിച്ചതിനാൽ കോഴിക്കോടായിരുന്നു ജോസഫ് പഠിച്ചുവളർന്നത്. സെന്റ്പോൾസ് സൊസൈറ്റിയിലാണ് ജോസഫ് പഠനം നിർവഹിച്ചത്. അവിടെ നിന്നു ലഭിച്ച പ്രായോഗിക പരിജ്ഞാനം കൈമുതലാക്കി കോഴിക്കോട് മുതലക്കുളത്ത് "ആശയം" എന്ന പേരിൽ ഒരു ചെറിയ പ്രിന്റിംഗ് പ്രസ്സ് തുടങ്ങി. ചെറുപ്പത്തിലേ സാഹിത്യ വാസനയുള്ള ആളായിരുന്നതിനാൽ ജോസഫ് 'ആശയം' എന്ന പേരിൽ ഒരു മാസികയും ആരംഭിച്ചു. അക്കാലത്തെ ജനപ്രിയ എഴുത്തുകാരായ മുട്ടത്തുവർക്കി, കോട്ടയം പുഷ്പനാഥ്, തോമസ് ടി അമ്പാട്ട്, ഏറ്റുമാനൂർ ശിവകുമാർ തുടങ്ങിയവരുടെയൊക്കെ കൃതികൾ ആശയം മാസികയിൽ പ്രസിദ്ധീകരിച്ചു വന്നു.
സിനിമാ തീയേറ്ററുകൾക്കുള്ള ടിക്കറ്റുകൾ ആശയം പ്രസ്സിൽ അച്ചടിച്ചു തുടങ്ങിയതോടെയാണ് ജോസഫ് ഒഴുകയിലിന്റെ സിനിമാ ബന്ധങ്ങൾ തുടങ്ങുന്നത്. ആദ്യം കഥകൾ എഴുതിത്തുടങ്ങിയ ജോസഫ് പിന്നെ ഗാനങ്ങൾ എഴുതാൻ തുടങ്ങി. ജോസഫിന്റെ സുഹൃത്തുക്കൾ അദ്ധേഹം എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകി ആലപിക്കാൻ തുടങ്ങിയതോടെ ജോസഫിന്റെ രചനാ വൈഭവം ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. തുടർന്ന് ഏതാനും നാടകങ്ങൾക്ക് പാട്ടെഴുതാൻ അദ്ധേഹത്തിന് അവസരം ലഭിച്ചു. കോഴിക്കോട്ടെ സാംസ്കാരിക വേദികളിലും ജോസഫ് സജീവ സാന്നിധ്യമായി
സംഗീതസംവിധായകൻ കോഴിക്കോട് യേശുദാസ് ഒരിക്കൽ ആശയം പ്രസ്സിൽ വന്നതായിരുന്നു ജോസഫിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ജോസഫിന്റെ പാട്ടെഴുത്തിനെക്കുറിച്ചറിഞ്ഞ യേശുദാസ് അദ്ധേഹത്തിന്റെ രചനകൾ വാങ്ങിക്കൊണ്ട് പോവുകയും പിന്നീട് അവയിൽ ചില ഗാനങ്ങൾ സംഗീതം നൽകി ജോസഫിനെ പാടിക്കേഴ്പ്പിക്കുകയും ചെയ്തു. ഈ ഗാനങ്ങൾ ഏതെങ്കിലും സിനിമയിൽ ഉൾപ്പെടുത്താൻ ജോസഫിന്റെയും സുഹൃത്തുക്കളുടേയും ശ്രമഫലമായി ജോസഫ് ഒഴുകയിൽ എഴുതിയ കഥയ്ക്ക് പുരുഷൻ കടലുണ്ടി തിരക്കഥ എഴുതി പി ആർ എസ് ബാബുവിന്റെ സംവിധാനത്തിൽ തമിഴ് നടൻ വസന്തും പാർവതിയും പ്രധാന വേഷങ്ങളിലഭിനയിച്ച അനഘ എന്ന ചിത്രം നിർമ്മിക്കപ്പെട്ടു. ഷൂട്ടിംഗ് തുടങ്ങുന്നതിന് തൊട്ടുമുൻപ് നിർമ്മാതാക്കൾ പിന്മാറിയതിനാൽ സിനിമയുടെ നിർമ്മാണവും ജോസഫ് ഒഴുകയിലിന് ചെയ്യേണ്ടിവന്നു. 1989 -ൽ അനഘ റിലീസായി. സിനിമ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ജോസഫ് ഒഴുകയിലിന്റെ വരികൾക്ക് കോഴിക്കോട് യേശുദാസ് സംഗീതം നൽകിയ അനഘയിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സിനിമ മാത്രം ചെയ്ത് സിനിമാ രംഗത്ത് നിന്നും ഒഴിഞ്ഞു നിന്ന ജോസഫ് ഒഴുകയിൽ 2011 ജൂലൈയിൽ അന്തരിച്ചു.