അനുരാധ ശ്രീറാം
പ്രശസ്ത ഗായിക രേണുകാ ദേവിയുടെയും മീനാക്ഷി സുന്ദരം മോഹൻ്റെയും മകളായി 1970 ജൂലൈ 9നു ചെന്നൈയിൽ ജനനം. പദ്മ ശേഷാദ്രി ബാലഭവനിൽ സ്കൂൾ പഠനം പൂർത്തിയാക്കി. ആറു വയസ്സു മുതൽ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ അനുരാധ, കർണ്ണാടക സംഗീതത്തിലെ പ്രമുഖരായ തഞ്ചാവൂർ എസ് കല്യാണരാമൻ, സംഗീത കലാനിധി ഡോ. ടി. ബൃന്ദ, ഡോ. ടി. വിശ്വനാഥന്‍ എന്നിവര്‍ക്ക് കീഴില്‍ സംഗീതം അഭ്യസിച്ചു. പണ്ഡിറ്റ് മണിക്ബുവ താക്കൂര്‍ ദാസിന്റെ കീഴില്‍ ഹിന്ദുസ്ഥാനിയും അഭ്യസിച്ച അനുരാധ, ചെന്നൈ ക്യൂൻസ് മേരി കോളേജിൽ നിന്നും സംഗീതത്തിൽ ബി.എയും എം.എയും കരസ്ഥമാക്കി. പിന്നീട് അമേരിക്കയിലെ കണക്റ്റിക്കട്ടിലുള്ള വെസ്ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എത്നോ-മ്യൂസിക്കോളജിയിൽ എം.എ കരസ്ഥമായി. പിന്നീട പാശ്ചാത്യ ഒപേറ, ജാസ് സംഗീത ശാഖകളിലും പ്രാവീണ്യം നേടി.
1980 ൽ കാലി എന്ന തമിഴ് ചിത്രത്തിലെ ഗാനമാലപിച്ചു കൊണ്ട് ബാലതാരമായാണു സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് 1995ൽ ബോംബെ എന്ന ചിത്രത്തിലെ മലരോട് മലരിങ്ങ് എന്ന ഗാനമാലപിച്ചു കൊണ്ട് ഗായികയായി അരങ്ങേറ്റം കുറിച്ചു. എ ആർ റഹ്മാൻ്റെ തന്നെ ഇന്ദിരയിലെ അച്ചം അച്ചം ഇല്ലൈ ആയിരുന്നു ആദ്യത്തെ സോളോ ഗാനം. 1997ൽ പുറത്തിറങ്ങിയ 'ചെന്നൈ ഗേൾ' എന്ന ആൽബം വലിയ ഹിറ്റായിരുന്നു. ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിനായി ഭർത്താവ് ശ്രീറാമിനൊപ്പം സംഗീതവും നൽകിയിട്ടുണ്ട് അനുരാധ. ആറു ഭാഷകളിലായി 3000ലധികം ഗാനങ്ങൾ ഇതുവരെ പാടിക്കഴിഞ്ഞു. അറേബ്യ എന്ന ജയരാജ് ചിത്രത്തിലെ ഹമ്മ ഹേയ് എന്ന ഗാനം മനോക്കൊപ്പം പാടിയാണു അനുരാധാ ശ്രീറാം ആദ്യമായി മലയാളത്തിൽ എത്തിയത്.
പന്ത്രണ്ടാം വയസ്സു മുതൽ സംഗീത വേദികളിൽ സജീവമായിരിക്കുന്ന അനുരാധ, നിരവധി റേഡിയോ/ടെലിവിഷൻ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി മ്യൂസിക് റിയാലിറ്റി ഷോകളുടെ വിധികർത്താവായും അനുരാധ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള തമിഴ്‌നാട് കര്‍ണാടക, ബംഗാള്‍ സംസ്ഥാന അവാര്‍ഡുകളും തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും ഉള്‍പ്പെടെ നിരവധി ബഹുമതികൾ അവരെ തേടിയെത്തി. 2012-ൽ സത്യഭാമ യൂണിവേഴ്‌സിറ്റി, സംഗീത രംഗത്തെ സംഭാവനകൾക്കായി അവർക്ക് ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഭര്‍ത്താവ് ശ്രീറാം പരശുറാം അറിയപ്പെടുന്ന സംഗീതജ്ഞന്‍.