മനോ
റസൂൽ ബാബുവിന്റെയും ഷഹീദ ബാബുവിന്റെയും മകനായി ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലെ സത്തേനപ്പള്ളിയിലാണ് നാഗൂർ ബാബു എന്ന മനോ ജനിച്ചത്. ഇളയരാജയാണ് ഇദ്ദേഹത്തിന്റെ പേര് മനോ എന്നാക്കിയത്. പ്രശസ്ത വോക്കലിസ്റ്റ് നേദാനുരി കൃഷ്ണമൂർത്തിയിൽ നിന്നുമാണ് അദ്ദേഹം കർണാടിക് സംഗീതം അഭ്യസിച്ചത്.
1986 -ൽ വിക്രം എന്ന തെലുഗു ചിത്രത്തിലും പൂവിഴി വാസലിലെ എന്ന തമിഴ് ചിത്രത്തിലും പാടിക്കൊണ്ട് മനോ ചലച്ചിത്രഗാനരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് നിരവധി തമിഴ്, തെലുങ്കു ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചു. കാതലൻ എന്ന തമിഴ് ചിത്രത്തിലെ "മുക്കാല മുക്കാബുല..", ഉള്ളത്തൈ അള്ളിത്താ എന്ന ചിത്രത്തിലെ "അഴകിയ ലൈല..", മുത്തു -വിലെ "തില്ലാന.." എന്നീ ഗാനങ്ങൾ ഇദ്ദേഹം പാടിയവയിൽ ജനപ്രീതി ആർജിച്ചവയാണ്. 1992-ലാണ് മനോ മലയാള സിനിമയിൽ എത്തുന്നത്. സൂര്യമാനസം, മാന്യന്മാർ എന്നീ സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. അതിനുശേഷം സൈന്യം ഉൾപ്പെടെ നിരവധി മലയാള ചിത്രങ്ങളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. കന്നഡ, ബംഗാളി, ഹിന്ദി സിനിമകളിലും മനോ പാടിയിട്ടുണ്ട്. കൂടാതെ സംഗീതസംവിധാനം, അഭിനയം, ചലച്ചിത്ര നിർമ്മാണം, ഡബിങ്ങ് എന്നീ രംഗങ്ങളിലും മനോ സജീവമാണ്.
ജമീല ബാബുവാണ് ഭാര്യ, സോഫിയ ബാബു, ഷക്കീർ ബാബു, റാഫി ബാബു എന്നിവർ മക്കളാണ്.