സലിം അഹമ്മദ്

Salim Ahamed
Salim Ahamed
Date of Birth: 
Thursday, 1 October, 1970
സംവിധാനം: 5
കഥ: 5
സംഭാഷണം: 5
തിരക്കഥ: 5

മലയാള ചലച്ചിത്ര സംവിധായകൻ. 1971- ജൂലൈയിൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ അഹമ്മദ് കുട്ടിയുടെയും ആയിഷയുടെയും മകനായി ജനിച്ചു. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ നിന്ന് കോമേഴ്‌സിൽ ബിരുദവും ടൂറിസം രംഗത്തെ അയോട്ട കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. അതിനുശേഷം അദ്ദേഹം തൃശ്ശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. അവിടുത്തെ പഠനത്തിനു ശേഷം സൂര്യ ടിവിയിൽ  ക്രിയേറ്റീവ് ഡയറക്ടറും സ്ക്രിപ്റ്റ് റൈറ്ററുമെല്ലാമായി കുറച്ചുകാലം വർക്ക് ചെയ്തു. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത രസിക രാജ നമ്പർ 1 എന്ന കോമഡി ഷോ സംവിധാനം ചെയ്തത് സലിം അഹമ്മദ് ആയിരുന്നു.

സലിം അഹമ്മദിന്റെ സിനിമയിലേയ്ക്കുള്ള ചുവട് വെപ്പ് സാഫല്യം എന്ന സിനിമയുടെ സംവിധാന സഹായിയായിട്ടായിരുന്നു. 2011- ൽ സലിംകുമാറിനെ നായകനാക്കി ആദാമിന്റെ മകൻ അബു എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധായകനാകുന്നത്. സിനിമയുടെ സഹ നിർമ്മാതാവുകൂടിയായിരുന്നു സലിം അഹമ്മദ്. ഹജ്ജിനുപോകാൻ ശ്രമിയ്ക്കുന്ന ദരിദ്രനായ ഒരു അത്തർ വില്പനക്കാരന്റെ കഥ പറഞ്ഞ ആദാമിന്റെ മകൻ അബു നിരൂപക പ്രശംസയും ജനപ്രീതിയും ഒരുപോലെ നേടി. മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡും, മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡും ആദാമിന്റെ മകൻ അബു നേടി. 2015- ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പത്തേമാരി മലയാളത്തിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. അഞ്ച് സിനിമകൾ സലിം അഹമ്മദ് സംവിധാനം ചെയ്തിട്ടുണ്ട്.

സലിം അഹമ്മദിന്റെ ഭാര്യയുടെ പേര് മഫീദ, അവർക്ക് രണ്ടു മക്കളാണുള്ളത്. അലൻ സാഹർ അഹമ്മദ്, അമൽ സാഹർ അഹമ്മദ്.