സൗമ്യ സദാനന്ദൻ

Soumya Sadanandan

തിരുവനന്തപുരത്ത്, സദാനന്ദൻ-ഊർമ്മിളാ ദേവി ദമ്പതികളുടെ മകൾ.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബിരുദത്തിനുശേഷം ബാംഗളൂരിൽ 4 വർഷം ഒരു മൾട്ടിനാഷണൽ കമ്പനിയിൽ വർക്ക് ചെയ്തു. ജോലിയിൽ മടുപ്പു തോന്നി തിരികെ നാട്ടിൽ എത്തി കുറേ യാത്ര ചെയ്തു. തുടർന്നായിരുന്നു സിനിമാപ്രവേശം.
മമ്മാസിന്റെ “സിനിമാ കമ്പനി“ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് സിനിമയിലെ ആദ്യ ചുവടുവെപ്പ്. അതോടൊപ്പം തന്നെ,മലയാളത്തിലെ ചില പരസ്യ സംവിധായകരുടെ കൂടെയും ജോലി ചെയ്തു. സിനിമാ കമ്പനിയിൽ വളരെ ചെറിയ ഒരു വേഷം ചെയ്ത് വെള്ളിത്തിരയിലെ അഭിനയത്തിനും നാന്ദി കുറിച്ചു. തുടർന്ന് ,"ഇടവപ്പാതി","ജവാൻ ഓഫ് വെള്ളിമല","ഡേവിഡ് ആൻഡ് ഗോലിയാത്ത്" എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിൽ സംവിധാനസഹായി ആയി ജോലി ചെയ്തു. ഡേവിഡ് ആൻഡ് ഗോലിയാത്തിൽ പ്രാധാൻയമുള്ളൊരു വേഷത്തിൽ അഭിനയിയ്ക്കുകയും ചെയ്തു. "വൺ" എന്ന ചിത്രത്തിലൂടെ സഹസംവിധായിക ആയി, ഒരു ചെറിയ വേഷവും ചെയ്തു. 2014 ൽ സന്തോഷ് ശിവന്റെ “ഇനം” എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ഒപ്പം സംവിധാന മേഖലയിലും സഹകരിച്ചു.

സിനിമയ്ക്ക് പുറമേ, കപ്പ ടിവിയിൽ “ഫിലിം ലോഞ്ച്” എന്ന പരിപാടി അവതരിപ്പിക്കുന്നതിനൊപ്പം, പരസ്യ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടർ എന്ന നിലയിലും സജീവമാണ് സൌ‌മ്യ സദാനന്ദൻ.

സ്വന്തം പ്രൊഡക്ഷനിൽ സ്വന്തമായി സംവിധാ‍നം ചെയ്യുന്ന “ആശാനും ആശാത്തിയും” എന്ന ഷോർട്ട് ടെലിസീരിയൽ ചെയ്തു.  നോൺ ഫീച്ചർ ഫിലിം കാറ്റഗറിയിൽ സൗമ്യ ചെയ്ത ചെമ്പൈ എന്ന ഡോക്കുമെന്ററിക്ക് 2017 ലെ ദേശീയ അവാർഡ് ലഭിച്ചു. ചെമ്പൈ എകാദശി മ്യൂസിക്ക് ഫെസ്റ്റിവലിലെ കെ ജെ യേശുദാസിന്റെ കച്ചേരി കേൾക്കാൻ 2014 ൽ പോയ സൗമ്യ അവിചാരിതമായി ചെമ്പൈ ഭാഗവതരുടെ കഥ ഡോക്യൂമെന്ററി ആക്കുകയായിരുന്നു