കെ എസ് ഹരിശങ്കർ
സംഗീതജ്ഞരായ ആലപ്പി ശ്രീകുമാറിന്റെയും കമലാ ലക്ഷ്മിയുടേയും മകനായി 1993 നവംബർ 18ന് തിരുവനന്തപുരത്ത് ജനിച്ചു. ഡോ.കെ ഓമനക്കുട്ടി മുത്തശ്ശിയാണ്. സംഗീതജ്ഞരായ എം ജി രാധാകൃഷ്ണൻ, എം ജി ശ്രീകുമാർ, ഡോ.കെ ഓമനക്കുട്ടി കുടുംബത്തിൽ നിന്ന് വരുന്ന ഇളമുറ ഗായകനാണ് ഹരിശങ്കർ. അച്ഛൻ ആലപ്പി ശ്രീകുമാർ സ്വാതി തിരുനാൾ സംഗീത കോളേജിൽ ഡിപ്പാർട്ട്മെന്റ് തലവനായി ജോലി നോക്കുന്നു. അമ്മ കമലാ ലക്ഷ്മി വീണ അർട്ടിസ്റ്റാണ്. കുട്ടിക്കാലത്ത് തന്നെ കർണ്ണാടക സംഗീതം അഭ്യസിച്ച് തുടങ്ങിയ ഹരിശങ്കർ സ്കൂൾ തലം മുതൽ തന്നെ പാടിത്തുടങ്ങി. അച്ഛൻ ശ്രീകുമാറാണ് ആദ്യ ഗുരു. മുത്തശ്ശിയിൽ നിന്ന് തുടർന്ന് സംഗീതം അഭ്യസിക്കുന്ന ഹരിശങ്കർ തന്റെ സ്റ്റുഡിയോ ആയ "ആഞ്ജനേയ ഡിജിറ്റലിൽ" പാടിയ കവർ-അൺപ്ലഗ്ഡ് വേർഷൻ പാട്ടുകൾ കേട്ട് സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് ആദ്യം സിനിമയിൽ പാടാൻ അവസരം കൊടുക്കുന്നത്. എം ജി രാധാകൃഷ്ണന്റെ മകനും മലയാള സിനിമയിലെ സൗണ്ട് ഡിസൈനറും ജേഷ്ഠതുല്യനുമായ എം ആർ രാജാകൃഷ്ണൻ വഴിയാണ് ഔസേപ്പച്ചന്റെ അടുത്ത് ഹരിശങ്കറിന്റെ ഈ ഗാനങ്ങളെത്തുന്നത്.
ഔസേപ്പച്ചൻ സംഗീതം നിർവ്വഹിച്ച "കാരണവർ" എന്ന സിനിമയിലെ "കാറ്റേ ചാരിയ വാതിൽ" എന്നതാണ് ആദ്യം പാടിയ ഗാനം. തുടർന്ന് ഷാൻ റഹ്മാന്റെ ചിത്രമായ "ഓർമ്മയുണ്ടോ ഈ മുഖ"ത്തിലെ "പയ്യെ പയ്യെ" എന്ന ഗാനവും പാടാൻ ഹരിശങ്കറിന് സാധിച്ചു. മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിൽ വിദ്യാസാഗറിന്റെ ഈണത്തിലും പാടി. ഗോപി സുന്ദർ സംഗീതം ചെയ്യുന്ന മോഹൻലാൽ ചിത്രമായ "ലൈല ഓ ലൈല"യിലെ "മർഹബ" എന്ന ഗാനവും പാടാൻ അവസരമൊത്ത ഹരിശങ്കർ സംഗീത കച്ചേരികളും അവതരിപ്പിക്കാറുണ്ട്.
തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹരിശങ്കർ ഇപ്പോൾ പി എം എസ് കോളേജിൽ മൂന്നാം വർഷ ഡെന്റൽ ബിരുദ വിദ്യാർത്ഥിയാണ്. കുട്ടിക്കാലത്ത് സംഗീത സംവിധായകൻ ജോൺസന്റെ സംഗീതത്തിലും പ്രൊഫഷണലായി പാടിയിട്ടുണ്ട്. സഹോദരൻ രവിശങ്കർ മീഡിയാ സ്കൂളിൽ മൾട്ടിമീഡിയ വിദ്യാർത്ഥിയാണ്.