ശ്വേത മോഹൻ
ചലച്ചിത്ര പിന്നണി ഗായിക. 1985 നവംബർ 19 ന് പ്രശസ്ത പിന്നണി ഗായിക സുജാതയുടെയും കൃഷ്ണ മോഹന്റെയും മകളായി ചെന്നൈയിൽ ജനിച്ചു. ശ്വേതയുടെ പ്രാഥമിക വിദ്യാഭ്യാസം ചെന്നൈ ഗുഡ് ഷെപ്പേർഡ് കോൺവെന്റിലായിരുന്നു. അതിനുശേഷം ചെന്നൈ സ്റ്റെല്ലാമേരീസ് കോളേജിൽ നിന്നും ബിരുദം നേടി. ചെറുപ്പത്തിലേ സംഗീതം പഠിച്ചു തുടങ്ങിയ ശ്വേത പത്താം വയസ്സിൽ 1995 ൽ എ ആർ റഹ്മാന്റെ സംഗീതത്തിൽ ബോംബെ, ഇന്ദിര എന്നീ സിനിമകളിൽ പാടിക്കൊണ്ടാണ് പിന്നണി ഗാന രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്
2003 ൽ ത്രീ റോസസ് എന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചുകൊണ്ട് പിന്നണി ഗാനരംഗത്ത് സജീവമായി. തുടർന്ന് നിരവധി തമിഴ് ചിത്രങ്ങളിൽ പല പ്രഗത്ഭരായ സംഗീത സംവിധായകരുടെയും കീഴിൽ മികച്ച ഗാനങ്ങൾ ആലപിച്ചു. 2005 ൽ ബൈ ദ പീപ്പിൾ എന്ന സിനിമയിൽ പാടിക്കൊണ്ട് ശ്വേത മലയാള സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് ലയൺ, വിനോദയാത്ര, പന്തയക്കോഴി, നിവേദ്യം, ഒരേ കടൽ, ഗീതാഞ്ജലി, വരനെ ആവശ്യമുണ്ട്... എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ പാടി. വിനോദയാത്രയിൽ മധു ബാലകൃഷ്ണനോടൊപ്പം പാടിയ "മന്ദാരപ്പൂ മൂളി..," നിവേദ്യത്തിൽ വിജയ് യേശുദാസിനൊപ്പം പാടിയ "കോലക്കുഴൽ വിളി കേട്ടോ..," ഒരേ കടൽ എന്ന സിനിമയിലെ "യമുന വെറുതെ..", എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങൾ ശ്വേത മോഹൻ മലയാളത്തിൽ പാടിയിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അറുനൂറോളം ഗാനങ്ങൾ ശ്വേത ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള കേരള, തമിഴ്നാട് ഗവണ്മെന്റുകളുടെ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾക്ക് ശ്വേതയ്ക്ക് അർഹയായി.അതിൽ പ്രധാനപ്പെട്ട ചില പുരസ്കാരങ്ങൾ ഇവയാണ്.
മികച്ച ഗായികക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം 2007ൽ നിവേദ്യം എന്ന സിനിമയിലെ കോലക്കുഴൽ വിളി കേട്ടോ രാധേ.. എന്നു തുടങ്ങുന്ന ഗാനത്തിന് ലഭിച്ചു.
2008ൽ ഒരേ കടൽ എന്ന സിനിമയിലെ യമുന വെറുതേ.. എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ അവാർഡും
അതേ വർഷം തന്നെ മികച്ച പിന്നണിഗായികക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് -നോവൽ എന്ന സിനിമയിലെ പൂങ്കുയിലേ.. പൂങ്കുയിലേ എന്നു തുടങ്ങുന്ന ഗാനത്തിനും ലഭിക്കയുണ്ടായി. കൂടാതെ മികച്ച പിന്നണിഗായികക്കുള്ള വനിതഫിലിം അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിക്കയുണ്ടായി.
2007ലെ സൻഫീസ്റ്റ് ഇശൈ അരുവി അവാർഡ് അവർക്ക് ലഭിച്ച മറ്റൊരു പ്രധാനപ്പെട്ട അവാർഡ് ആണ്.
2011 ജനുവരിയിലാണ് ശ്വേത വിവാഹിതയായത്. ഭർത്താവ് അശ്വിൻ ശശി. ശ്വേത - അശ്വിൻ ദമ്പതികൾക്ക് ഒരു മകൾ, പേര് ശ്രേഷ്ഠ.