ജിനോയ് ജനാർദ്ദനൻ
1985 മാർച്ച് 4 ന് കണ്ണൂർ ഇരിട്ടിയിൽ എ.കെ.ജനാർദ്ദനൻ്റെയും ടി.കെ. കാഞ്ചനവല്ലിയുടെയും മൂന്നു മക്കളിൽ രണ്ടാമനായി ജനിച്ചു.. പ്രാഥമിക വിദ്യാഭ്യാസം മുഴക്കുന്ന് ഗവൺമെൻ്റ് യു.പി. സ്കൂളിലും, ഹൈസ്കൂൾ വിദ്യാഭ്യാസം പാല ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലും, പ്ലസ്ടു മട്ടന്നൂർ യൂനിവേഴ്സൽ കോളേജിലും പൂർത്തിയാക്കിയ ശേഷം, കണ്ണൂർ ഗീതാഞ്ജലി കോളേജ് ഓഫ് ഫൈൻ ആർട്സിൽ ചിത്രകലയും, തുടർന്ന് കൊച്ചി Ignou യിൽ നിന്നും ടൂറിസത്തിൽ ബാച്ച്ലർ ഡിഗ്രിയും എടുത്തു.
പത്തൊൻപതാം വയസിൽ സിനിമാ മോഹവുമായി തലശേരിയിൽ നിന്നും കൊച്ചിയിലേക്ക് വന്നതാണ് ജിനോയ് ജനാർദ്ദനൻ. കൊച്ചിയിലെ ആദ്യ കാലങ്ങളിൽ ബേക്കറിയിൽ സെയിൽസ് മാനായിരുന്നു.. ജോലിയോടൊപ്പം ആഴ്ചയിൽ കിട്ടുന്ന ഒരു ഓഫ് ദിവസത്തിൽ പല പല ലൊക്കേഷനുകളിലും അവസരത്തിനായി അലഞ്ഞു. ചില സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി വർക്ക് ചെയ്യാൻ അവസരം കിട്ടി. പിന്നീട് പല പല ജോലികളിൽ ഏർപ്പെട്ടു..കൊച്ചി നഗരത്തിൽ ഓട്ടോ ഓടിച്ച് ജീവിച്ച മൂന്ന് വർഷങ്ങളിലായിരുന്നു ഏറ്റവുമധികം സിനിമാ സംബന്ധിയായ സൗഹൃദ ബന്ധങ്ങൾ ജിനോയ്ക്ക് ഉണ്ടായത്. അത് ചില ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കാനും, പിന്നീട് സിനിമയിൽ അസിസ്റ്റൻ്റ് ഡയറക്ടർ എന്ന നിലയിലേക്ക് മാറാനും തുടർന്ന് ബോൺസായ്, മറിയം വന്ന് വിളക്കൂതി തുടങ്ങിയ സിനിമകളിൽ സംവിധാന സഹായി എന്ന നിലയിൽ പ്രവർത്തിക്കാനും, ചെറിയ വേഷങ്ങളിൽ അഭിനയിക്കാനും സാധിച്ചു. 2020 ൽ കോഴിപ്പോര് എന്ന സിനിമ ജിനോയ് ജനാർദ്ധനൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുകയും, അതിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുകയും ചെയ്തു.