സന്തോഷ് ശിവൻ

Santhosh Sivan

സന്തോഷ്‌ ശിവൻ

ഛായാഗ്രാഹകൻ, സംവിധായകൻ, നിർമ്മാതാവ്‌,നടൻ. 

1964 ഫെബ്രുവരി 8 ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരത്തെ പ്രശസ്തവും നിലവിലുള്ള ഏറ്റവും പഴയതുമായ "ശിവൻസ്‌ സ്റ്റുഡിയോ" ഉടമ ശിവശങ്കരൻ നായർ അഥവാ ശിവൻ ആണ്‌ സന്തോഷിന്റെ പിതാവ്‌. നിശ്ചലചിത്രങ്ങൾക്കൊപ്പം സിനിമയും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിരുന്ന അച്ഛൻ ശിവന്‌‌ അന്താരാഷ്ട്രതലത്തിലും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. 

കൊട്ടാരത്തിലെ ചിത്രകലാ അദ്ധ്യാപികയായിരുന്ന മുത്തശിയുമായുള്ള അടുപ്പം കുട്ടിക്കാലത്തുതന്നെ ചിത്രരചനയിൽ പ്രാഗത്ഭ്യം നേടാൻ സന്തോഷ്‌ ശിവനെ സഹായിച്ചു.തിരുവനന്തപുരം ലയോള സ്കൂളിലും മാർ ഇവാനിയോസ്‌ കോളേജിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനൊപ്പം പിതാവിന്റെ സ്റ്റുഡിയോ വഴി ക്യാമറകളേയും ഫോട്ടോഗ്രാഫിയേയും സിനിമാലോകത്തേയും പരിചയപ്പെട്ടിരുന്നത്‌ ഛായാഗ്രഹണം പഠിക്കാൻ പ്രേരണയായി. പൂനയിലെ Film and Television Institute of India (FTII) യിൽനിന്നും ബിരുദം കരസ്ഥമാക്കി. 

1986 ൽ വിജയകൃഷ്ണൻ സംവിധാനം ചെയ്ത "നിധിയുടെ കഥ" ആയിരുന്നു സന്തോഷ് ശിവന്റെ ആദ്യ സിനിമ.തുടർന്ന് മലയാളം,തമിഴ്‌,കന്നഡ,തെലുഗു,ഹിന്ദി,ഇംഗ്ലീഷ്‌,ഇദു മിഷ്മി ഭാഷകളിലായി അൻപതിലധികം സിനിമകളും അത്രതന്നെ ഡോക്യുമെന്ററികളും ഏതാനും ടെലിവിഷൻ പരിപാടികളും അദ്ദേഹത്തിന്റെ ചലച്ചിത്രസൃഷ്ടികളായി പുറത്തിറങ്ങി.

അരുണാചൽ പ്രദേശിലെ 'ഇദു മിഷ്മി' എന്ന ഗ്രാമീണ ഭാഷയിൽ സന്തോഷ്‌ ശിവൻ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച “The Story of Tiblu” എന്ന ഹ്രസ്വചിത്രം 1988ൽ The Best Short fiction film ആയി ദേശീയ ചലച്ചിത്രപുരസ്കാരം കരസ്ഥമാക്കി. സന്തോഷിന്റെ ആദ്യ ദേശീയ പുരസ്കാരനേട്ടവും അതുതന്നെ. 

1989ൽ ആദിത്യ ഭട്ടാചാര്യയുടെ "രാഖ്‌" എന്ന അമീർ ഖാൻ ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം. 1990ൽ "ഇന്ദ്രജാലം","നം:20 മദ്രാസ്‌ മെയിൽ" തുടങ്ങിയ വൻ വിജയമായ മലയാളം സിനിമകളിലൂടെ ശ്രദ്ധേയനായി.1990 ലെ മികച്ച ഛായഗ്രാഹകനുള്ള ദേശീയ അവാർഡ് "പെരുന്തച്ചൻ" എന്ന സിനിമയിലൂടെ സന്തോഷ്‌ ശിവനു ലഭിച്ചു. 

1991ൽ ഫിലിം ഡിവിഷൻ നിർമ്മിച്ച്‌ അച്ഛൻ ശിവൻ സംവിധാനം ചെയ്ത "മോഹിനിയാട്ടം ത്രൂ ഏജസ്‌" എന്ന ഡോക്കുമെന്ററിയിലൂടെ മകൻ സന്തോഷ്‌ ശിവൻ ഛായാഗ്രഹണത്തിനുള്ള നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലെ ദേശീയ അവാർഡ് നേടി. 1991ൽ മണിരത്നം ചിത്രമായ "ദളപതി"യിലൂടെ തമിഴിലും ചലച്ചിത്രപ്രവേശനം നടത്തി. 1992ൽ "റോജ" തമിഴ്‌നാട്‌ സംസ്ഥാന അവാർഡും "അഹം" കേരള സംസ്ഥാന അവാർഡും സന്തോഷ്‌ ശിവനു നൽകി. അതേ വർഷം തന്നെ സഹോദരനായ സംഗീത്‌ ശിവൻ സംവിധാനം ചെയ്ത "യോദ്ധ" എന്ന മോഹൻലാൽ സിനിമയിലൂടെ നേപ്പാളിന്റെ ദൃശ്യഭംഗി മലയാളി സിനിമാ പ്രേക്ഷകർക്ക്‌ പകർന്നുകൊടുത്ത്‌ ജനപ്രിയനായി. 

സന്തോഷ്‌ ശിവൻ എന്ന ഛായാഗ്രാഹകനെത്തേടി പുരസ്കാരങ്ങൾ നിരന്തരം കടന്നുവരാൻ തുടങ്ങി. 1995ൽ "ഇന്ദിര" തമിഴ്‌ന്നാട്‌ സംസ്ഥാന അവാർഡു നൽകിയപ്പോൾ 1996 ൽ കാലാപാനി കേരള സംസ്ഥാന അവാർഡും ദേശീയ അവാർഡും നൽകി. 1996ൽ സന്തോഷ്‌ ശിവൻ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ച കുട്ടികൾക്കുള്ള സിനിമയായ "ഹലോ" ആ വിഭാഗത്തിൽ ദേശീയ പുരസ്കാരം നേടി. ജനപ്രിയതയും കലാമൂല്യവും നിരൂപകപ്രശംസയും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെ ശ്രദ്ധേയമാക്കി. 

1997ൽ ഇരുവർ (തമിഴ്), 1998ൽ ദിൽസേ (ഹിന്ദി) എന്നിവയ്ക്ക്‌ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് ലഭിച്ചു. 1998ൽ സന്തോഷ്‌ ശിവൻ രചനയും സംവിധാനവും കൂടി ചെയ്ത "ദി ടെററിസ്റ്റ്‌" എന്ന ചിത്രം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കെയ്റൊ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനും മികച്ച നടിയ്ക്കുമുള്ള(അയേഷാ ധാർക്കർ) അവാർഡ് ടെററിസ്റ്റിനു ലഭിച്ചു. കൂടാതെ മികച്ച തമിഴ്‌ സിനിമയ്ക്കുള്ള ദേശീയപുരസ്കാരത്തിനും "ടെററിസ്റ്റ്‌" അർഹമായി. 1998ലെ മികച്ച പരിസ്ഥിതി സൗഹൃദ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സന്തോഷ്‌ ശിവനായിരുന്നു. അദ്ദേഹം രചന,ഛായാഗ്രഹണം,നിർമ്മാണം,സംവിധാനം നിർവ്വഹിച്ച "മല്ലി" എന്ന തമിഴ്‌ സിനിമയ്ക്കായിരുന്നു പുരസ്കാരം. 

1999ൽ "വാനപ്രസ്ഥ"ത്തിനു ശേഷം ഹിന്ദി സിനിമകളിലേക്ക്‌ മാറി. 2001ൽ ഷാരൂക്‌ ഖാൻ നായകനായ "അശോക" സംവിധാനം ചെയ്തു. 2005ൽ സംവിധാനം ചെയ്ത "നവരസ" ഏറ്റവും നല്ല തമിഴ്‌ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. 2006ൽ ലോകത്തിലെ പ്രശസ്തമായ മിക്ക ചലച്ചിത്രോത്സവവേദികളിലും പുരസ്കാരങ്ങളും ആസ്വാദകരുടെ പ്രശംസയും നേടിക്കൊണ്ട്‌ "നവരസ" ശ്രദ്ധേയമായി. 

"ബിൽ ഗേറ്റ്സ്‌ ഫൗണ്ടേഷൻ" നിർമ്മിച്ച്‌ സന്തോഷ്‌ ശിവൻ സംവിധാനം ചെയ്ത "പ്രാരംഭ" എന്ന കന്നഡ സിനിമയ്ക്ക്‌ 2008ലെ മികച്ച വിദ്യാഭ്യാസ സംബന്ധിയായ ഹ്രസ്വചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 2008-ൽ സംവിധാനം ചെയ്ത "തഹാൻ" അന്താരാഷ്ട്രതലത്തിൽ അനേകം പുരസ്കാരങ്ങൾ നേടി. 

2008ൽ "സന്തോഷ് ശിവൻ പ്രൊഡക്ഷൻ" എന്ന പേരിൽ അദ്ദേഹം ഒരു സിനിമാ നിർമ്മാണകമ്പനി രൂപീകരിച്ചു. പൃഥ്വിരാജ്‌, ഷാജി നടേശൻ, സന്തോഷ്‌ ശിവൻ എന്നിവർ ചേർന്ന് 2011ൽ രൂപീകരിച്ച മറ്റൊരു ചലച്ചിത്ര നിർമ്മാണക്കമ്പനിയാണ്‌ "ആഗസ്റ്റ്‌ സിനിമാസ്‌". ഉറുമി,ഇന്ത്യൻ റുപ്പീസ്‌,മഞ്ചാടിക്കുരു,ബാംഗ്ലൂർ ഡേയ്സ്‌, സെവന്ത്‌ ഡേ, ഇയ്യോബിന്റെ പുസ്തകം എന്നിവയടക്കം ശ്രദ്ധേയമായ കുറേ സിനിമകൾ നിർമ്മിച്ചശേഷം 2015ൽ നടൻ ആര്യയും ആഗസ്റ്റ്‌ സിനിമാസിൽ ചേർന്നിരുന്നു. 2017ൽ പൃഥ്വിരാജ്‌ കമ്പനിയിൽ നിന്ന് പിന്മാറിയെങ്കിലും ദി ഗ്രേറ്റ്‌ ഫാദർ,കലി,തീവണ്ടി തുടങ്ങി പല വിജയചിത്രങ്ങളും നിർമ്മിച്ചുകൊണ്ട്‌ ആഗസ്ത്‌ സിനിമാസ്‌ രംഗത്തുണ്ട്‌. 

വിജയകൃഷ്ണൻ സംവിധാനം ചെയ്ത "ഒരിടത്ത്‌ ഒരിക്കൽ" എന്നകുട്ടികൾക്കായുള്ള ടെലിവിഷൻ പരമ്പരയുടെ "കമണ്ഡലു" എന്ന കഥാഭാഗവും  "കഥാസംഗമം"എന്ന പരമ്പരയിൽ വൈക്കം മുഹമ്മദ്‌ ബഷീർ എഴുതിയ "ഒരു ജയിൽപുള്ളിയുടെചിത്രം" എന്ന കഥാഭാഗവും ഛായാഗ്രഹണം നിർവ്വഹിക്കുകവഴി ടെലിവിഷൻ പരമ്പരകളിലും സന്തോഷ്‌ ശിവൻ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. 

2011ൽ ലനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത "മകരമഞ്ഞ്‌" എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി അഭിനയിച്ചിരുന്നു. 

"ഇനം" അഥവാ "സിലോൺ"എന്ന തമിഴ്‌ സിനിമ ശ്രീലങ്കൻ തീവ്രവാദത്തിന്റെ പശ്ചാത്തലത്തിൽ സന്തോഷ്‌ ശിവൻ സംവിധാനം ചെയ്തു. 2013ലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ റിലീസ്‌ ചെയ്തു. 2014ൽ ടാക്സ്‌ ഫ്രീ ആയി ഇന്ത്യയിൽ റിലീസ്‌ ചെയ്ത സിനിമ ചില പ്രാദേശിക സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചു. 2017ൽ പുറത്തിറങ്ങിയ "സ്പൈഡർ" ആണ്‌ തെലുഗുവിലെ അരങ്ങേറ്റചിത്രം. "മാനഗരം" എന്ന തമിഴ്‌ ചിത്രത്തിന്റെ ഹിന്ദി രൂപാന്തരമായ "മുംബൈക്കാർ" ആണ്‌ സന്തോഷ്‌ ശിവൻ സംവിധാനം ചെയ്യുന്ന 2021ലെ സിനിമ. തമിഴ്‌ താരം വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്‌. 

2021ൽ മോഹൻലാൽ സംവിധാനം ചെയ്യുന്ന "ബാരോസ്‌" എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും സന്തോഷ്‌ ശിവനാണ്‌. 

Indian Society of Cinematographers (ISC)  സ്ഥാപകാംഗം കൂടിയാണ് സന്തോഷ് ശിവൻ. ഏഷ്യാ പസഫിക് മേഖലയിൽ നിന്നും  American Society of Cinematographers (ASC) ൽ അംഗമായ ആദ്യത്തെ ആളാണ് സന്തോഷ് ശിവൻ. ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനയെ പരിഗണിച്ച് 2014 ൽ സന്തോഷ് ശിവന് രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

ഭാര്യ ദീപ.
മകൻ സർവ്വജിത്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ബാലതാരമായി സർവ്വജിത്‌ അഭിനയിച്ചിട്ടുണ്ട്.

സഹോദരൻമാരായ സഞ്ജീവ് ശിവനും, സംഗീത് ശിവനും സിനിമാ സംവിധായകരാണ്‌. ഏകസഹോദരി സംഗീത പ്രശസ്ത ഗായകൻ ഉദയഭാനുവിന്റെ മരുമകളാണ്‌.