ദലീമ
ആലപ്പുഴ അരൂർ സ്വദേശിനിയാണ് ദലീമ ജോജോ. പള്ളുരുത്തി രാമൻ കുട്ടി ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. ബേണി-ഇഗ്നേഷ്യസിന്റെ ഒരു കാസ്സറ്റിലൂടെ ലളിതഗാന ഗായികയായി പ്രവേശം കുറിച്ചു. പിന്നീട് സണ്ണി സ്റ്റീഫൻ സംഗീതം നൽകിയ ‘തപസ്യ’യിലൂടെ പ്രശസ്തി നേടി. തുടർന്ന് “പ്രസാദം”. രഞ്ജിനിയുടെ “ആവണിത്തുമ്പി” “ഹണി” എന്നീ കസ്സറ്റുകളും ഏറേ ശ്രദ്ധിക്കപ്പെട്ടു. പ്രധാന പ്രൊഫഷണൽ നാടകട്രൂപ്പുകൾക്ക് വേണ്ടി പാടിയിട്ടുണ്ട്. എസ്. എൽ. പുരം സൂര്യസോമ, കൊച്ചിൻ മഹാത്മ, പെരുമ്പാവൂർ യുഗ്മക, ഓച്ചിറ മഹിമ എന്നീ ട്രൂപ്പുകൾ ഇതിൽപ്പെടും. നിരവധി റ്റി വി സീരിയലുകൾക്ക് വേണ്ടി പാടിയിട്ടുണ്ട്. ഉണ്ണിമേരിയുടെ മഗ്ദലനമറിയം എന്ന സീരിയലിനു വേണ്ടി പാടിയ “കണ്ണീരുകൊണ്ട് നനയുക’ എന്ന പാട്ട് വളരെ ശ്രദ്ധിക്കപ്പെട്ടു. 1994 ഇൽ ജർമ്മനി, ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളിൽ ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്. എസ്. ജാനകിയുടെ ശബ്ദത്തിൽ അതേ പടി പാടുന്നതിൽ പ്രഗൽഭയാണ്. “കേശാദിപാദം” എന്ന കസ്സെറ്റ് ഇതിനു ഉദാഹരണമാണ്.
എറണാകുളം ടാലന്റ് പബ്ലിക് സ്കൂൾ സംഗീതാദ്ധ്യാപികയാണ് ദലീമ. ഭർത്താവ് ജോജോ തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ അദ്ധ്യാപകനാണ്.