ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
അഭ്യസ്തവിദ്യരായ ഭാര്യയും, ഭർത്താവും. അവരുടെ ഏക മകളുമായി ജീവിതം സന്തുഷ്ടമായി നീങ്ങുമ്പോൾ അവരുടെ ജീവിതത്തിലേക്ക് വിരുന്നുകാരനായി കടന്നുവരുന്ന ഭർത്താവിന്റെ ബാല്യകാല സ്നേഹിതൻ. അവന്റെ വരവ് ആ കൊച്ചു കുടുംബത്തിൽ ഏർപ്പെടുത്തുന്ന ഭൂകമ്പമാണ് കഥാതന്തു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ഭാഗ്യനാഥ് | |
രോഹിണി | |
ശ്യാമള | |
ശങ്കരൻ | |
കുഞ്ഞിക്കാളിയമ്മ | |
ചെറിയമ്മ | |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
എം ബി ശ്രീനിവാസൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 1 979 |
ശ്രീവിദ്യ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 979 |
കെ സി ജോയ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ജനപ്രിയ ചിത്രം | 1 979 |
കഥ സംഗ്രഹം
ഫ്ലാഷ്ബാക്കിലൂടെയാണ് കഥ പറയപ്പെട്ടിട്ടുള്ളത്.
മദ്ധ്യവയസ്കനായ ഡോക്ടർ കെ.ആർ.വി.രാജ (മധു)യുടെ മകൾ ശ്യാമള (അംബിക)യുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ഡോക്ടർ രാജയുടെ വീട്ടിലെ പണിക്കാരൻ ശങ്കരൻ നായരാണ് (ശങ്കരാടി) എല്ലാം നോക്കി നടത്തുന്നത്. രാജയുടെ ചില അടുത്ത സുഹൃത്തുക്കളും സഹായത്തിനായുണ്ട്. അപ്പോൾ ഒരു ട്രങ്ക് കോൾ വന്ന വിവരം രാജയെ ശങ്കരൻ അറിയിക്കുന്നു. അസ്വസ്ഥനും, കുപിതനായി രാജ അത് അറ്റൻഡ് ചെയ്യുന്നു - "എനിക്കല്പം തിരക്കാണ് ...... ആലോചിച്ചാൽ അറിഞ്ഞൂടേ? ...... ഒരപേക്ഷ, എന്നെ ശല്യപ്പെടുത്തരുത്, ദയവു ചെയ്ത് ഇതൊന്നു കഴിയുന്നത് വരെ എന്നെ ശല്യപ്പെടുത്തരുത്....... ശരി, ഇതൊന്ന് കഴിഞ്ഞിട്ടു വേണമെങ്കിൽ എന്റെ ശവത്തിൽ കേറി നിന്ന് അട്ടഹസിച്ചോളു ..... പക്ഷെ, ഇതൊന്ന് കഴിയുന്നത് വരെ ...... ഇതൊന്ന് കഴിയുന്നത് വരെയും ........." സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ലൈൻ കട്ട് ആവുകയാണ്. അസ്വസ്ഥനായി നിൽക്കുന്ന രാജയെക്കാണാൻ വരുന്ന ശങ്കരനോട് ഈ ട്രങ്ക്കോൾ വന്ന വിവരം ശ്യാമ അറിയരുതെന്ന് പറയുന്നു രാജ. രണ്ടുപേരും ആരെയോ ഭയക്കുന്നു - ആ വ്യക്തി ഈ വിവാഹ ചടങ്ങിൽ എങ്ങാനും വന്നു നിന്നാലോ എന്നാണ് അവർ ഭയക്കുന്നത്.
രാജ ട്രൻകോൾ വന്ന നമ്പറിലേക്ക് വീണ്ടും കോണ്ടാക്ട് ചെയ്യാൻ ശ്രമിക്കുന്നുവെങ്കിലും, അപ്പുറത്ത് ആരും അറ്റൻഡ് ചെയ്യുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്. അതിനിടയിൽ രാജ ആരോടെന്നപോലെ സ്വയം പിറുപിറുക്കുന്നു "രോഹിണി, ലിസൺ ടു മി, യു ഹാവ് ഡൺ ഇനഫ് ഡാമേജ് ടു മി, ഐ ഹാവ് ഫോർഗോട്ടൺ ദി ഹോൾ തിങ്, ഐ ഡോണ്ട് വാണ്ട് എ സ്കാൻഡൽ നൗ, വിൽ യു ഫോർ ഗോഡ് സേക് കീപ് എവേ, കീപ് എവേ, ഫോർ ഗോഡ് സേക് കീപ് എവേ.....". രോഹിണി എന്ന് പേരുള്ള സ്ത്രീയെയാണ് ഇവർ ഭയക്കുന്നത് എന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു.
മദ്ധ്യവയസ്കയായ ഒരു സ്ത്രീ വീടും പൂട്ടി പണിക്കാരിയോട് യാത്ര പറഞ്ഞുകൊണ്ട് പുറപ്പെടുമ്പോൾ ഫോൺ അടിക്കുന്നത് കേട്ട് തുറന്ന് ആരെന്ന് നോക്കണോ എന്ന് പണിക്കാരി ചോദിക്കുമ്പോൾ വേണ്ടെന്ന് പറഞ്ഞുകൊണ്ട് ടാക്സിയിൽ കേറുന്നു. എന്നാ തിരിച്ചു വരുന്നത് എന്ന് ചോദിക്കുന്ന പണിക്കാരിയോട്, വരുന്ന വിവരത്തിന് ഞാൻ കത്തെഴുതാം എന്നവർ പറയുന്നു. അവർ ട്രെയിനിൽ കയറി എവിടേക്കോ യാത്രയാവുകയാണ്. ആ യാത്രയിൽ അവരുടെ ഓർമ്മകൾ ഭൂതകാലത്തേക്ക് തിരിക്കുന്നു. മദ്ധ്യവയസ്ക മറ്റാരുമല്ല, രോഹിണിയാണ് (ശ്രീവിദ്യ).
ഗേൾസ് ഹോസ്റ്റലിൽ റിക്രിയേഷൻ റൂമിൽ രോഹിണി ദിനപത്രം വായിച്ചുകൊണ്ടിരിക്കുന്നു. രോഹിണി എം.എ. ലിറ്ററേച്ചർ വിദ്യാർഥിനിയാണ്. ചുറ്റും പെൺകുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിക്കൊണ്ടിരിക്കുന്നു. അവരുടെ ശല്യം സഹിക്കാൻ കഴിയാതെ രോഹിണി തന്റെ മുറിയിലേക്ക് കയറി വന്ന് പുസ്തകം വായിക്കാൻ തുടങ്ങുന്നു. അവിടെയുമുണ്ട് രണ്ടു റൂം മേറ്റ്സ്. അവർ രോഹിണിയെ ഒരു വികാരവുമില്ലാത്തവളാണെന്ന് പറഞ്ഞ് കളിയാക്കുന്നു. കൂടെ മറ്റൊരുവൾ പറയുന്നു - മിണ്ടാപ്പൂച്ച കലമുടയ്ക്കും. വിവാഹത്തെക്കുറിച്ചും, ഭാവി വരനെക്കുറിച്ചുമുള്ള രോഹിണിയുടെ സങ്കല്പമെന്താണെന്ന് ചോദിക്കുമ്പോൾ, ഭാവിയെക്കുറിച്ച് നമുക്കെന്തറിയാം, അതൊക്കെ നടക്കേണ്ടത് പോലെ നടക്കും എന്ന് രോഹിണി മറുപടി പറയുന്നു.
രോഹിണി ഒരു പുസ്തകപ്പുഴുവാണ്. നല്ലൊരു കവയിത്രികൂടിയാണവൾ. അവളുടെ ചില കവിതകളൊക്കെ മാധ്യമങ്ങളിൽ അച്ചടിച്ചുവരാറുണ്ട്. പഠനം പൂർത്തിയാക്കിയ ശേഷം രോഹിണിക്ക് ഐ എ എസ് കാരനായ ഡോക്ടർ രാജയുടെ വിവാഹാഭ്യര്ത്ഥന വരുന്നു. ഇരുകൂട്ടർക്കും ഇഷ്ടമായത്കൊണ്ട് ആ വിവാഹം നടക്കുന്നു.
ഡോക്ടർ രാജ വിശാലമനസ്കനാണ്. അദ്ദേഹം രോഹിണിയെ വെറുമൊരു അടുക്കളക്കാരിയാക്കി തളച്ചിടാൻ ആഗ്രഹിക്കുന്നില്ല. രോഹിണിക്ക് അവളുടേതായ സ്വാതന്ത്യം നൽകുന്നു - അവൾക്കിഷ്ടപ്പെട്ട എന്തും തുടർന്ന് ചെയ്യാം, ജോലി ചെയ്യാം - അവളുടെ എഴുത്തുകൾ വായിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ, നിരുത്സാഹപ്പെടുത്തുകയോ ചെയ്യില്ലെന്നും വാക്കു കൊടുക്കുന്നു. കൂടെ തന്റെ സിദ്ധാന്തങ്ങൾ അവളിൽ അടിച്ചേൽപ്പിക്കാനും ശ്രമിക്കില്ലെന്ന് വാഗ്ദാനവും. രാജ അവളിൽ നിന്നും ഒന്നേ ആഗ്രഹിക്കുന്നുള്ളു - അവരുടേതായ ഒരു വീട് / ലോകം തീർക്കണം - എപ്പോഴും ജോലിക്കാര്യം നിമിത്തം കറങ്ങേണ്ടി വരുന്ന അയാൾക്ക് ദൂരെ എവിടെയോ തന്റേതായ ഒരു വീടുണ്ട് / ലോകമുണ്ടെന്ന്, അവിടെ അയാൾക്കായി ഒരാൾ കാത്തിരിപ്പുണ്ടെന്നത് തന്നെ ആശ്വാസമേകുന്ന ഒന്നാണ്. രോഹിണിക്ക് അവൾ പഠിച്ച കോളേജിൽ തന്നെ അദ്ധ്യാപികയായി ജോലി കിട്ടുന്നു. അധികം താമസിയാതെ അവർക്കൊരു മകൾ ജനിക്കുന്നു - ശ്യാമള.
ഡോക്ടർ രാജ ഒരു ഉന്നത സർക്കാരുദ്യോഗസ്ഥനായത് കൊണ്ട് എപ്പോഴും തുടർ യാത്രയിലായിരിക്കും. സ്ഥലത്തുള്ളപ്പോഴും ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നത് അർദ്ധരാത്രി കഴിഞ്ഞായിരിക്കും. ഭാര്യയുമായി ഒരല്പം സമയം പങ്കിടാനോ, ഒരു ഭർത്താവിൽ നിന്നും ഭാര്യ പ്രതീക്ഷിക്കുന്ന ദാമ്പത്യ സുഖം നൽകാനോ രാജയ്ക്ക് കഴിയുന്നില്ല. നല്ലൊരു ദാമ്പത്യ ജീവിതം സ്വപ്നം കണ്ട രോഹിണിയെ അത് മാനസികമായി വല്ലാതെ തളർത്തുന്നു, പക്ഷേ അവർ അതൊരിക്കലും രാജയോട് തുറന്നു പറയുന്നില്ല.
ആയിടയ്ക്ക് ഒരു ദിവസം രാജയുടെ ബാല്യകാല സുഹൃത്തും, കുറച്ചു കാലം സഹപ്രവർത്തകനുമായിരുന്ന ഭാഗ്യനാഥ് (എം.ജി.സോമൻ) അതിഥിയായി എത്തുന്നു. ഭാഗ്യനാഥ് അവിവാഹിതനാണ്. ഡൽഹിയിൽ നിന്നും ഔദ്യോഗിക നിമിത്തമായി വന്നതാണ് ഭാഗ്യനാഥ്. അയാൾ രോഹിണിയുടെ കവിതകൾ വായിച്ചിട്ടുണ്ടെന്ന് മാത്രമല്ല, എല്ലാം മനോഹരമായിട്ടുണ്ടെന്ന് പറയുകയും, തുടർന്ന് എഴുതണമെന്നും പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു. ഭാഗ്യനാഥ് ആളൊരു രസികനും, നല്ലൊരു ഗായകനുമാണ്. രാജയുടെ അഭ്യർത്ഥന മാനിച്ച് അയാൾ നല്ലൊരു ഗാനം ആലപിച്ച് ആ കൂടിക്കാഴ്ച്ച ധന്യമാക്കുന്നു.
അതിഥി സൽക്കാരം കഴിഞ്ഞ് രാത്രി രാജയുടെ കാറിൽ ഭാഗ്യനാഥിനെ അയാളുടെ താമസസ്ഥലത്ത് കൊണ്ടാക്കാൻ രാജയും, രോഹിണിയും പോകുന്നു. യാത്രക്കിടയിൽ കഴിച്ച മദ്യത്തിന്റെ ലഹരിയിൽ രാജ ഉറങ്ങുന്ന തക്കം നോക്കി ഭാഗ്യനാഥ് രോഹിണിയുടെ കഴുത്തിൽ കൈവിരലുകൾ ചലിപ്പിച്ച് ത്രസിപ്പിക്കുന്നു - ശാരീരിക സുഖത്തിനായി ദാഹിക്കുന്ന അവളുടെ ദാഹം മനസ്സിലാക്കിയത് പോലെ. രോഹിണി ആ സമയത്ത് പ്രതികരിക്കാത്തതിനാൽ, അടുത്ത ദിവസം അയാൾ ഫോൺ വിളിച്ച് എപ്പോൾ വീണ്ടും കാണാം എന്ന് ചോദിക്കുന്നു. അതിന് രോഹിണി മറുപടിയൊന്നും നൽകുന്നില്ല. ആ ദിവസം രാജയ്ക്ക് അടിയന്തിരാവശ്യത്തിനായി ബോംബയ്ക്ക് പോകേണ്ടി വരുന്നു. താമസം മാറിയത് കാരണം നാളെ അടുത്ത ചില സുഹൃത്തുക്കൾക്കായി ഒരു ചെറിയ പാർട്ടി ഏർപ്പാടാക്കിയിട്ടുണ്ടെന്നും, അതിൽ രോഹിണിയും തീർച്ചയായും പങ്കെടുക്കണം എന്ന് ഭാഗ്യനാഥ് വീട്ടിൽ വന്ന് ക്ഷണിക്കുമ്പോൾ, രാജയില്ലാതെ ഞാനെങ്ങനെ വരാനാണ് എന്ന് ചോദിക്കുന്ന രോഹിണിയോട്, അദ്ദേഹം നാളെ വൈകുന്നേരം തിരിച്ചെത്തുമെന്നും, പാർട്ടിയിൽ പങ്കെടുക്കാമെന്ന് ഉറപ്പു തന്നിട്ടുണ്ടെന്നും പറഞ്ഞു ഭാഗ്യനാഥ് തിരികെ പോകുന്നു.
പറഞ്ഞപോലെ രാജയും, രോഹിണിയും പാർട്ടിയിൽ പങ്കെടുക്കുന്നു. എന്നാൽ, പാർട്ടി അവസാനിക്കുന്നതിന് മുൻപ് തന്നെ അല്പം ജോലിത്തിരക്കുണ്ടെന്നും, അരമണിക്കൂർ കഴിഞ്ഞ് തിരികെ വരാം എന്നും പറഞ്ഞ് രോഹിണിയെ അവിടെ ഇരുത്തി രാജ പുറത്തു പോകുന്നു. പാർട്ടി കഴിഞ്ഞ് അതിഥികളെല്ലാം തിരികെ പോയി ശേഷം രോഹിണി മാത്രം അവിടെ ഒറ്റയ്ക്കാവുന്നു. രാജയെ കാത്തു നിൽക്കുന്ന രോഹിണിയോട്, വരാൻ പറ്റില്ലെന്നും, രോഹിണിയെ തിരികെ വീട്ടിലെത്തിക്കണമെന്നും രാജ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു എന്ന് ഭാഗ്യനാഥ് പറയുന്നു. കാറിൽ വീട്ടിലേക്ക് കൊണ്ടുവിടാം എന്ന വ്യാജേന രോഹിണിയെ ഭാഗ്യനാഥ് കൊണ്ടുപോവുന്നത് വിജനമായ കടൽത്തീരത്തേക്കാണ്. അവിടെ അയാൾ രോഹിണിയുടെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു. പിന്നീട് രോഹിണി വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് രാജ വരുന്നത്.
രോഹിണിക്ക് ആ സംഭവത്തെക്കുറിച്ച് ദുഃഖവും, പശ്ചാത്താപവുമുണ്ടെങ്കിലും ഭർത്താവിൽ നിന്നും ലഭിക്കാത്ത സുഖം ഭാഗ്യനാഥിൽ നിന്നും ലഭിക്കുന്നത് കൊണ്ട് തെറ്റ് തുടർക്കഥയായി മാറുകയാണ്. മകളെ നോക്കുന്നതിലും, അവളുടെ കൊച്ചു കൊച്ചു ആവശ്യങ്ങൾ നിറവേറ്റുന്നതിലും രോഹിണി പതിയെ അവഗണന കാണിച്ചു തുടങ്ങുന്നു. ഏതു നേരവും ഭാഗ്യനാഥിന്റെ വിളിക്കായി അവൾ കാത്തിരിക്കുന്നു. ഈ അവിഹിത ബന്ധം ശങ്കരൻ നായർ തിരിച്ചറിയുന്നുണ്ടെങ്കിലും, അദ്ദേഹം രാജയോട് അതിനെക്കുറിച്ചൊന്നും പറയുന്നില്ല.
ഈ അവിഹിത ബന്ധത്തെക്കുറിച്ചുള്ള വാർത്ത ഒരു സായാഹ്ന പത്രത്തിൽ അച്ചടിച്ചു വന്നത് രാജ കാണാൻ ഇടവരുന്നു. രാജ രോഹിണിയോട് ഇതിലെ സത്യസന്ധതയെക്കുറിച്ച് അന്വേഷിക്കുകയോ, ശകാരിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, ഇതൊന്നും വായിക്കാനുള്ള ക്ഷമ തനിക്കില്ലെന്നും, വേണമെങ്കിൽ രോഹിണിക്ക് വായിക്കാമെന്നും, പിന്നീട് മറ്റാരും കാണുന്നതിന് മുൻപ് പത്രം നശിപ്പിക്കാനും പറഞ്ഞ് നടന്നു നീങ്ങുന്നു. വിഷമിതയായ രോഹിണി ഭാഗ്യനാഥിനെ ചെന്ന് കാണുന്നു. അയാൾ അതൊന്നും കാര്യമാക്കേണ്ട, എന്തായാലും നാലാൾ അറിഞ്ഞാൽ പാത്തും പതുങ്ങിയും കണ്ടുമുട്ടാതെ, ധൈര്യമായി പുറത്ത് വിലസാമല്ലോ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നു. അവിടെ നിന്നും പുറത്തിറങ്ങുമ്പോൾ രാജ വീടിന് മുൻപിൽ കാറുമായി നിൽക്കുന്നത് കണ്ട് രണ്ടുപേരും അമ്പരന്ന് നിൽക്കുന്നു. രാജ ഭാഗ്യനാഥിനോട് അർത്ഥഗർഭമായി "താങ്ക്യൂ" എന്ന് മാത്രം പറഞ്ഞ് രോഹിണിയുമായി കാറിൽ നീങ്ങുന്നു.
രോഹിണിയുമായി രാജ നേരെ വീട്ടിലേക്ക് പോകുന്നുവെങ്കിലും, വീട്ടിലേക്ക് കേറാതെ അവിടുന്ന് നേരെ രോഹിണിയും, ഭാഗ്യനാഥും ആദ്യമായി ഒന്നിച്ച വിജനമായ കടൽത്തീരത്തേക്ക് പോകുന്നു. അവിടെ രാജ തന്റെ തീരുമാനങ്ങൾ രോഹിണിയെ അറിയിക്കുന്നു - രോഹിണിക്ക് ഭാഗ്യനാഥുമായുള്ള ബന്ധത്തിൽ സന്തോഷവതിയായത് കൊണ്ട് അയാളുമൊത്ത് ജീവിക്കാം. മകളെ ബോർഡിങ് സ്കൂളിൽ ചേർക്കാൻ പോവുകയാണ്. വിവാഹമോചനമില്ലാതെ തന്നെ നമുക്ക് പിരിയാം. ചിലവിനുള്ള പണം മാസം തോറും കൃത്യമായി ഞാൻ എത്തിച്ചിരിക്കും. ഞാൻ എപ്പോഴും ടൂറിലായത് കൊണ്ട് നമ്മൾ തമ്മിൽ പിരിഞ്ഞു എന്ന് ആർക്കും സംശയം വരികയുമില്ല. അഥവാ ആരെങ്കിലും ചോദിച്ചാലും, "ഉടൻ തന്നെ ഞാൻ നാട്ടിലേക്ക് വരുന്നതായിരിക്കും" എന്ന് ഞാൻ അഭിനയിക്കാം, "അദ്ദേഹം എപ്പോഴും ടൂറിലല്ലേ" എന്ന് അല്പം ദുഃഖം രോഹിണിയും പ്രകടിപ്പിച്ചഭിനയിച്ചാൽ മതി.
രാജ രോഹിണിയെ തനിച്ചാക്കി മകളെയും, ശങ്കരനെയും കൂട്ടി ആ വീട് വിട്ടുപോവുന്നു. രോഹിണി ഭാഗ്യനാഥിനെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരാൻ പറയുന്നുണ്ടെങ്കിലും അയാൾ അത് വകവെക്കുന്നില്ലെന്ന് മാത്രമല്ല ഫോൺ കട്ട് ചെയ്യുകയും ചെയ്യുന്നു. രോഹിണി ഭാഗ്യനാഥിനെ കാണാൻ ചെല്ലുന്നുണ്ടെങ്കിലും അയാൾ വീട്ടിലില്ലെന്നും, വരാൻ വൈകുമെന്നും പണിക്കാരൻ കുട്ടൻ (നിസ്സാർ) പറയുമ്പോൾ രോഹിണി തിരികെ പോവുന്നു. രോഹിണി വീട്ടിലെത്തുമ്പോൾ അവളെക്കാത്ത് അവിടെ അവളുടെ അച്ഛൻ കാത്തിരിക്കുകയാണ്. അച്ഛൻ അവളെ കുറച്ചു ദിവസം നാട്ടിലേക്ക് മാറിത്താമസിക്കാനുള്ള ക്ഷണവുമായി വന്നതാണ്. പക്ഷേ, രോഹിണി വിസമ്മതിക്കുന്നു. അച്ഛൻ വിഷമത്തോടെ അവിടുന്ന് തിരിക്കുന്നു.
രോഹിണിയെ കോളേജിൽ കുട്ടികൾ പരിഹസിക്കാൻ തുടങ്ങിയിരുന്നു. ദിവസങ്ങളായിട്ടും ഭാഗ്യനാഥിൽ നിന്നും യാതൊരു പ്രതികരണവും കാണാത്തതിനാൽ രോഹിണി അയാളെ വീണ്ടും കാണാൻ ചെല്ലുന്നു. അയാൾ കൂടെയുണ്ടായിരുന്നാൽ മാത്രം മതി, മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല എന്ന് രോഹിണി അയാളെ ആശ്ലേഷിച്ചു കൊണ്ട് പറയുമ്പോൾ, അയാൾ അവളുടെ കൈകൾ തട്ടി മാറ്റി പുച്ഛത്തോടെ മാറി നിൽക്കാൻ പറയുന്നു. പിന്നീടയാൾ പറയുന്നു "വിശക്കുന്ന ഒരു മൃഗം നിങ്ങളുടെ ഈ ശരീരത്തിൽ ചങ്ങലയിൽ കിടന്ന് ചുരമാന്തുകയായിരുന്നു. കുറച്ചിടെ അത് കണ്ടില്ലെന്ന് നടിച്ചു നടന്നു. പിന്നീടൊരിക്കൽ അതിനെ അഴിച്ചുവിട്ടു. അത് വേട്ട തുടങ്ങി. കാടന്റെ കരുത്തുള്ള കാമുകനെയായിരുന്നു നിങ്ങൾക്കാവശ്യം. ശരിയല്ലേ? അഭിനയിച്ചഭിനയിച്ച് എനിക്ക് മടുത്തു. ഇപ്പോൾ എനിക്ക് മുഖമൂടിയില്ല." അയാൾ വീണ്ടും തുടരുന്നു "ഒരു ചെറിയ വീട്ടിലാണ് ഞാൻ വളർന്നത്. വീടെന്നല്ല പറയേണ്ടത്, കുടിൽ. അടുത്ത് ഒരു കോവിലകം. അവിടുത്തെ അടിച്ചുതളിക്കാരിയായിരുന്നു എന്റെ അമ്മ. തമ്പുരാക്കന്മാരുടെ എച്ചിൽ ചോറിന്റെ ഒരു പങ്ക് അമ്മ എനിക്ക് തരും. വിശക്കുമ്പോൾ കോവിലകത്തെ എച്ചിലിന് സ്വാദുണ്ട്, ഹും ... എല്ലാ വിശപ്പിനും ഇത് ബാധകമാണ്. കോവിലകത്തെ കുട്ടികളുടെ പുസ്തക സഞ്ചിയും, ചോറ്റുപാത്രവും ചുമക്കാൻ കൂടെ നടക്കുന്ന ചെറുക്കനെക്കണ്ട് ഒരു മാസ്റ്റർ ക്ലാസ്സിൽ ചേർത്തു. അതാണ് എന്റെ തുടക്കം. അന്നും കൊച്ചനിയൻ തമ്പുരാൻ (രാജ) നല്ലവനായിരുന്നു. അദ്ദേഹം എനിക്ക് പഴയ നിക്കറും ഷർട്ടും തന്നു. എനിക്ക് മെറിറ്റ് സ്കോളർഷിപ് കിട്ടിയപ്പോ സന്തോഷിച്ചു. അദ്ദേഹം വലിയ മനുഷ്യനാണ്. എനിക്ക് ബഹുമാനമാണ്. തമ്പുരാട്ടിക്ക് പഴയ അടിയാന്റെ ചില്ലറ സേവനങ്ങൾ എന്നും ഉണ്ടാവും. പറയാൻ മടിക്കരുത്." ഇത് പറഞ്ഞു കഴിഞ്ഞതും രോഹിണി കുപിതയായി അയാളുടെ ചെകിടത്ത് അടിക്കുന്നു. അപ്പോൾ അയാൾ പറയുന്നു "നാടകം അവസാനിപ്പിക്കുന്നതാണ് നല്ലത്. നമുക്ക് സുഹൃത്തുക്കളായിട്ട് കൈപിടിച്ച് പിരിയാം. ഒച്ചപ്പാടും ഹിസ്റ്റീരിയയും വേണ്ട."
Audio & Recording
Video & Shooting
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
വിശ്വമഹാക്ഷേത്രസന്നിധിയിൽകാപി, തോടി, ശുഭപന്തുവരാളി |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം എം ബി ശ്രീനിവാസൻ | ആലാപനം എസ് ജാനകി |
നം. 2 |
ഗാനം
വിവാഹനാളിൽ പൂവണിപ്പന്തൽയമുനകല്യാണി |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം എം ബി ശ്രീനിവാസൻ | ആലാപനം എസ് ജാനകി |
നം. 3 |
ഗാനം
കല്യാണീ അമൃതതരംഗിണീകല്യാണി |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം എം ബി ശ്രീനിവാസൻ | ആലാപനം പി ജയചന്ദ്രൻ |
Contributors | Contribution |
---|
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് (Gallery ) |