ഏഴു നിറങ്ങൾ
ധനികയായ ചെറുപ്പക്കാരൻ തന്റെ ബാല്യകാലസഖിയെ തഴഞ്ഞ് അവന്റെ സഹപാഠിയായ പാവപ്പെട്ട സുഹൃത്തിന്റെ സഹോദരിയെ വിവാഹം ചെയ്യുന്നു. അവളെ വിവാഹം കഴിക്കാൻ പുറകെ നടന്ന മുറച്ചെറുക്കനെ വേണ്ടെന്ന് വെച്ചാണ് അവൾ തന്റെ സഹോദരന്റെ സുഹൃത്തിനെ വിവാഹം കഴിക്കുന്നത്. വർണ്ണശബളമായ അവരുടെ ജീവിതത്തിൽ കാർമേഘത്തിന്റെ ഇരുൾ മൂടുന്നു. ഇരുൾ മൂടിയത് ബാല്യകാലസഖിയോ അതോ മുറച്ചെറുക്കനോ? കാർമേഘത്തിന്റെ ഇരുൾ നീങ്ങി വീണ്ടും അവരുടെ ജീവിതത്തിൽ ഏഴു നിറങ്ങളും വിടരുമോ?
Actors & Characters
Main Crew
കഥ സംഗ്രഹം
ഡാം സൈറ്റിൽ ജോലി നോക്കുന്ന ബാലചന്ദ്രൻ (ജോസ്) ഒരു ഉൾനാടൻ ഗ്രാമത്തിലൂടെ കാർ ഓടിച്ചു പോകുമ്പോൾ പെട്രോൾ തീർന്നത് കാരണം കാർ നിർത്തേണ്ടി വരുന്നു. അടുത്തെങ്ങാനും പെട്രോൾ കിട്ടുമോ എന്ന് ഡ്രൈവർ പാപ്പച്ചൻ (ബഹദൂർ) അതിലെ വരുന്ന ടീച്ചറോട് (സുകുമാരി) ചോദിക്കുമ്പോൾ, ബസ്സ് പിടിച്ചു പോയാൽ അടുത്തൊരു പെട്രോൾ സ്റ്റേഷൻ ഉണ്ടെന്നവർ പറയുന്നു. പാപ്പച്ചൻ ബസ്സ് പിടിച്ചു പോകുമ്പോൾ ഡ്രൈവറെയും കാത്ത് നിൽക്കുന്ന ബാലചന്ദ്രനോട് അയാൾ വരാൻ കുറച്ച് വൈകും, അതുകൊണ്ട് വിരോധമില്ലെങ്കിൽ വീട്ടിൽ കേറിയിരിക്കാം എന്ന് ക്ഷണിക്കുമ്പോൾ ബാലചന്ദ്രൻ അങ്ങോട്ട് ചെല്ലുന്നു. അപ്പോഴേക്കും ടീച്ചറുടെ മകൾ ശാരദ (വിധുബാല) കോളേജിൽ നിന്നും മടങ്ങി എത്തുന്നു. ശാരദ ബാലചന്ദ്രനെക്കാണുമ്പോൾ തന്നെ പെണ്ണു കാണാൻ വന്നവനായിരിക്കും എന്ന് തെറ്റിദ്ധരിക്കുന്നു. പിന്നീടവർക്ക് മനസ്സിലാവുന്നു അയാൾ തന്റെ സഹോദരൻ ശങ്കരൻകുട്ടിയുടെ സഹപാഠിയായിരുന്നു എന്ന്. പാപ്പച്ചൻ പെട്രോളുമായി മടങ്ങി വരുമ്പോൾ ബാലചന്ദ്രൻ അവരോട് യാത്ര പറഞ്ഞ് മടങ്ങുന്നു.
ടീച്ചറുടെ അഭ്യുദയകാംക്ഷി ശങ്കുണ്ണിയും (പറവൂർ ഭരതൻ) ശാരദയെ പെണ്ണു കാണാൻ വന്ന പാർട്ടിയായിരിക്കും എന്നാണ് ആദ്യം കരുതുന്നത്. അതല്ലെന്ന് ടീച്ചർ പറയുമ്പോൾ, അവസാനമായി ശാരദയെ കണ്ടിട്ട് പോയ പാർട്ടിയിൽ നിന്നും വല്ല വിവരവും വന്നുവോ എന്നയാൾ ചോദിക്കുമ്പോൾ ഇല്ലെന്ന് ടീച്ചർ പറയുന്നു. കുറച്ച് കഴിയുമ്പോൾ ടീച്ചർക്ക് ഒരു കത്ത് വരുന്നു, അത് ശങ്കുണ്ണി ചോദിച്ച പാർട്ടിയിൽ നിന്നുള്ളതായിരുന്നു. കത്ത് വായിച്ച ടീച്ചർ അതും നടക്കില്ലെന്ന് പറയുന്നു. കത്ത് മേശയിലെ ഡ്രാവറിൽ വെച്ച് ടീച്ചർ അകത്തേക്ക് പോകുമ്പോൾ ശാരദ ആ കത്തെടുത്ത് വായിക്കുന്നു. ശാരദയുടെ മുറച്ചെറുക്കൻ രാധാകൃഷ്ണനുമായി (ജനാർദ്ദനൻ) അവൾക്ക് ബന്ധമുണ്ടെന്നും, അവൾ പരിശുദ്ധയല്ലെന്നും കാണിച്ച് ഒരു കത്ത് ലഭിച്ചത് കൊണ്ട് ഈ ബന്ധത്തിൽ താത്പര്യമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ കത്ത്. കത്ത് വായിച്ച് വിഷമിച്ചു നിൽക്കുന്ന ശാരദയോട് രാധാകൃഷ്ണൻ നമ്മളോട് പകരം വീട്ടുകയാണെന്നും, അവൻ ഇങ്ങിനെ ചെയ്യുമെന്ന് ഒട്ടും വിചാരിച്ചില്ലെന്നും ടീച്ചർ പറയുന്നു. ശാരദ അപ്പോൾ അന്ന് നടന്ന കാര്യം ഓർത്ത് നിൽക്കുന്നു. ശാരദയുടെ അച്ഛൻ മരിച്ച ശേഷം അനന്തിരവൻ രാധാകൃഷ്ണൻ അവരോടൊപ്പം താമസിച്ചിരുന്ന ദിവസങ്ങളിൽ ഒന്നിൽ രാധാകൃഷ്ണൻ ശാരദയെ കുളിമുറിയിൽ വെച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നു. അവനിൽ നിന്നും ശാരദ ഒരുവിധം രക്ഷപ്പെടുന്നു. ഈ വിവരമറിയുന്ന ടീച്ചർ രാധാകൃഷ്ണനെ വീട്ടിൽ നിന്നും ഇറക്കി വിടുന്നു. വീട്ടിൽ നിന്നും ഇറങ്ങിപ്പോകുമ്പോൾ ഇതിന് പകരം വീട്ടും എന്ന് താക്കീത് നൽകിപ്പോകുന്നു.
ശാരദ ബസ്സ് കാത്ത് നിൽക്കുമ്പോൾ അതുവഴി കാറിൽ പോകുന്ന ബാലചന്ദ്രൻ കാർ നിർത്തി കുശലാന്വേഷണങ്ങൾ നടത്തുന്നു. ശാരദ അവനെ വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ പിന്നീട് വരാമെന്ന് പറഞ്ഞവൻ പോകുന്നു. ഇതെങ്കിലും നടക്കും എന്ന് കരുതിയിരുന്ന ആലോചനയും തട്ടിപ്പോയതിൽ ടീച്ചറും ശങ്കുണ്ണിയും വിഷമിച്ചിരിക്കുന്നു. അപ്പോൾ ശങ്കുണ്ണി വേറൊരു നല്ല പയ്യനുണ്ട് അതൊന്ന് ആലോചിക്കാമോ എന്ന് ടീച്ചറോട് ചോദിക്കുമ്പോൾ, അതും രാധാകൃഷ്ണൻ മുടക്കിയേക്കുമോ എന്ന് ടീച്ചർ സംശയിക്കുന്നു.
ബാലചന്ദ്രൻ മൗനമായി ശാരദയെ പ്രേമിച്ചു തുടങ്ങുമ്പോൾ, ശാരദയും ബാലചന്ദ്രനെ മൗനമായി പ്രേമിച്ചു തുടങ്ങുന്നു. ആ സമയത്ത് ഒരു നാൾ ബാലചന്ദ്രന് ഒരു ടെലിഗ്രാം വരുന്നു - ശാരദയുടെ സഹോദരൻ ശങ്കരൻകുട്ടിക്ക് ഒരു അപകടം പറ്റിയെന്ന് കാണിച്ചുകൊണ്ട്. ബാലചന്ദ്രൻ അത് ടീച്ചറെയും, ശാരദയെയും അറിയിച്ച് അവരെയും കൂട്ടി ബാംഗ്ലൂരിലേക്ക് പോകുന്നു. ശങ്കരൻകുട്ടി മരിച്ചുപോയി എന്ന വിവരം അവിടെത്തുമ്പോഴാണ് അവരറിയുന്നത്. ശങ്കരൻകുട്ടിയുടെ ശവസംസ്കാരം കഴിഞ്ഞ് അവർ മടങ്ങുന്നു.
മടങ്ങിയെത്തുന്ന ബാലചന്ദ്രനോട് അച്ഛൻ വന്നിരുന്നുവെന്നും, തിരിച്ചെത്തിയ ഉടൻ തന്നെ നാട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ടെന്നും പാപ്പച്ചൻ പറയുന്നു. രാധാകൃഷ്ണൻ ശങ്കരൻകുട്ടിയുടെ മരണ വാർത്ത അറിഞ്ഞ് ടീച്ചറെയും, ശാരദയെയും ആശ്വസിപ്പിക്കാൻ എത്തുന്നു. അപ്പോൾ ആയാളും ശങ്കുണ്ണിയും തമ്മിൽ വാക്ക് തർക്കത്തിലേർപ്പെടുമ്പോൾ ടീച്ചർ ശങ്കുണ്ണിയെ വീട്ടിലേക്ക് പോകാൻ പറയുന്നു.
ബാലചന്ദ്രൻ നാട്ടിലേക്ക് ചെല്ലുന്നു. അച്ഛൻ നരേന്ദ്രനും (ശങ്കരാടി) അമ്മ മാധവിയും (മീന) ചേർന്ന് നരേന്ദ്രന്റെ പാർട്ടണർ ആയ രാഘവ പണിക്കരുടെ (വീരൻ) മകൾ ബിന്ദുവിനെ (ശുഭ) വിവാഹം കഴിക്കാൻ ബാലചന്ദ്രനെ നിർബന്ധിക്കുന്നു. ബാലചന്ദ്രൻ തനിക്ക് അതിൽ താല്പര്യമില്ലെന്നും, ശാരദയെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും പറയുന്നു. ഒരിക്കലും ആ വിവാഹം നടത്തിത്തരില്ലെന്ന് അച്ഛനും അമ്മയും പറയുന്നു. ബാലചന്ദ്രൻ ബിന്ദുവിനെക്കണ്ട് തന്റെ തീരുമാനം അറിയിക്കുന്നു. പാവപ്പെട്ട ആ കുടുംബത്തിന് വേണ്ടി ബിന്ദു ഈ ത്യാഗം ചെയ്യണമെന്നും പറയുന്നു. പുറത്തു നിന്നും വരുന്ന രാഘവപ്പണിക്കാരോടൊപ്പം രാധാകൃഷ്ണനും വരുന്നു. പണിക്കർ രാധാകൃഷ്ണനെ ബാലചന്ദ്രന് പരിചയപ്പെടുത്തുന്നു - മുൻപ് അവരുടെ റബ്ബർ ഏജൻറ് ആയിരുന്നുവെന്നും, ഇടയ്ക്ക് ഡൽഹിക്ക് പോയി എന്നും, ഇപ്പോൾ വീണ്ടും തിരിച്ചു വന്നിരിക്കുകയാണെന്നും പറഞ്ഞ്.
ബാലചന്ദ്രൻ ടീച്ചറെയും, ശാരദയെയും കാണാൻ ചെല്ലുമ്പോൾ അവിടെ ശാരദ മാത്രമാണുണ്ടായിരുന്നത്. സംസാരത്തിനിടയിൽ ശാരദയെ ഇഷ്ടമാണെന്നും, അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നും ബാലചന്ദ്രൻ പറയുമ്പോൾ ശാരദ ഒന്നും പറയാതെ നിൽക്കുന്നു. അവളുടെ മൗനം സമ്മതമാണെന്ന് മനസ്സിലാക്കി ബാലചന്ദ്രൻ അവളെ തന്നോട് ചേർത്തു പിടിച്ചു നിൽക്കുമ്പോൾ ടീച്ചർ അവിടേക്ക് കയറി വരുന്നു. ബാലചന്ദ്രനിൽ നിന്നും ഇതൊട്ടും പ്രതീക്ഷിച്ചില്ല എന്ന് ടീച്ചർ പറയുമ്പോൾ, ശാരദയെ തനിക്കിഷ്ടമാണെന്നും, അവളെ വിവാഹം കഴിച്ചോളാം എന്നും ബാലചന്ദ്രൻ പറയുന്നു. നിങ്ങളുടെ അന്തസ്സുമായി തട്ടിച്ചു നോക്കുമ്പോൾ ഞങ്ങൾക്ക് അത് ആലോചിച്ചുകൂടി നോക്കാൻ കഴിയാത്തതാണെന്നും, ബാലചന്ദ്രന്റെ മാതാപിതാക്കൾ ഇതിനൊരിക്കലും സമ്മതിക്കില്ല എന്നും ടീച്ചർ പറയുമ്പോൾ, എന്തുവന്നാലും താൻ ശാരദയെ വിവാഹം കഴിക്കും എന്ന് ബാലചന്ദ്രൻ ഉറപ്പ് നൽകുന്നു.
ബാലചന്ദ്രൻ അച്ഛനെയും, അമ്മയെയും എത്ര ക്ഷണിച്ചിട്ടും അവർ വിവാഹത്തിന് വരാൻ വിസമ്മതിക്കുന്നു. എല്ലാവരുടെയും പ്രതിനിധിയായി ബിന്ദു മാത്രം വിവാഹത്തിൽ പങ്കെടുക്കുന്നു. രാധാകൃഷ്ണൻ ബിന്ദുവിനെക്കണ്ട് ബാലചന്ദ്രൻ വിവാഹം കഴിച്ചത് തന്റെ മുറപ്പെണ്ണിനെയാണെന്നും, ശാരദ തന്റെ ഭാര്യയാവേണ്ടവളായിരുന്നുവെന്നും പറയുമ്പോൾ, തന്റെയും അവസ്ഥ അതു തന്നെയാണെന്നും, പക്ഷേ താനത് കാര്യമാക്കുന്നില്ല എന്നും ബിന്ദു പറയുന്നു. ബാലചന്ദ്രനെ നമുക്കൊരു പാഠം പഠിപ്പിക്കണം എന്ന് രാധാകൃഷ്ണൻ പറയുമ്പോൾ, അതിന്റെയൊന്നും ആവശ്യമില്ലെന്ന് ബിന്ദു പറയുന്നു. രാധാകൃഷ്ണൻ പിന്നീട് പണിക്കരെക്കാണുമ്പോൾ, അദ്ദേഹം നരേന്ദ്രനും മകനും തന്നെ ചതിച്ചുവെന്നും, അതിനവർ അനുഭവിക്കും എന്നും പറയുന്നു.
സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടയിൽ ശാരദ ഒരു ദിവസം ബാലചന്ദ്രനോട് അവധിയെടുത്ത് ബാലചന്ദ്രന്റെ മാതാപിതാക്കളെ കാണാൻ ചെല്ലണം എന്ന് പറയുമ്പോൾ ബാലചന്ദ്രൻ ആദ്യം വിസമ്മതിക്കുന്നുണ്ടെങ്കിലും പിന്നീട് ശരിയെന്ന് പറയുന്നു. നിശ്ചയിച്ച ദിവസം കാറിൽ പോകുമ്പോഴാണ് ശാരദ അറിയുന്നത് ബാലചന്ദ്രൻ തന്നെ പറ്റിച്ചതാണെന്നും, മാതാപിതാക്കളുടെയടുത്തല്ല, മറിച്ച് വേറെവിടുത്തെയോ ഗസ്റ്റ് ഹോക്സിലേക്കാണ് പോകുന്നതെന്ന്. രണ്ടുപേരും ഗസ്റ്റ് ഹൗസിലെ മുറിയിലേക്ക് ചെല്ലുമ്പോൾ അവിടെ ബാലചന്ദ്രന്റെ അച്ഛനെക്കണ്ട് പകച്ചു നിൽക്കുന്നു. അവർ അവിടെ വരുന്ന വിവരം പാപ്പച്ചൻ വഴി അറിഞ്ഞ് അവരെക്കാണാൻ വന്നതാണ് അച്ഛൻ, അമ്മ അറിയാതെ. ശാരദയെയും കൊണ്ട് വീട്ടിലേക്ക് വരാത്തതിൽ അച്ഛൻ ബാലചന്ദ്രനോട് കോപിക്കുന്നു. ഉടൻ തന്നെ വരാം എന്ന് ബാലചന്ദ്രൻ പറയുമ്പോൾ, താൻ ഇവിടെ വന്ന് കണ്ട വിവരം അമ്മ അറിയരുതെന്ന് അച്ഛൻ പറയുന്നു.
രണ്ടു ദിവസത്തേക്കുള്ള അവധിക്കത്ത് ഓഫീസിൽ കൊടുക്കാൻ പാപ്പച്ചനെ ഏൽപ്പിച്ച് ഗസ്റ്റ് ഹൗസിൽ നിന്നും ബാലചന്ദ്രൻ ശാരദയെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോവുന്നു. വീടിന് മുൻപിൽ അമ്മയെ കാണുമ്പോൾ ശാരദ അവരുടെ കാൽക്കൽ വീണ് ആശീർവാദത്തിനായി കാത്ത് നിൽക്കുന്നു. ഒരക്ഷരം ഉരിയാടാതെ മുഖം തിരിച്ച് നിൽക്കുന്ന അമ്മയോട് ഒന്നുകിൽ അവരെ അകത്തോട്ട് വിളിക്കണം അല്ലെങ്കിൽ പറഞ്ഞു വിടണം എന്ന അച്ഛൻ പറയുമ്പോൾ അത് നിങ്ങൾക്കും ആകാമല്ലോ എന്ന് അമ്മ പറഞ്ഞ് അകത്തേക്ക് പോകുന്നു. അച്ഛൻ ബാലചന്ദ്രനെയും, ശാരദയെയും അകത്തേക്ക് വരാൻ ആംഗ്യം കാണിക്കുന്നു. അകത്ത് വന്ന ശേഷവും അമ്മ അവരോട് ഒരക്ഷരം സംസാരിക്കുന്നില്ല. ആഹാരം കഴിക്കാൻ ഇരിക്കുമ്പോഴും അവരെ തിരിഞ്ഞു നോക്കുന്നില്ല. എന്നാൽ, രാത്രി കിടക്കമുറിയിൽ വെച്ച് തനിക്ക് ആ പെണ്ണിനെ ഇഷ്ടപ്പെട്ടുവെന്നും, നല്ല അടക്കമൊതുക്കമുള്ളവളാണെന്നും, മോന് പറ്റിയ പെണ്ണ് തന്നെയാണെന്നും, നിങ്ങളല്ലേ ആദ്യം അവരോട് മിണ്ടേണ്ടത് എന്നും അമ്മ അച്ഛനോട് പറയുന്നു. അമ്മ തിരിഞ്ഞു പോലും നോക്കാത്തതിൽ ശാരദ വിഷമിച്ചിരിക്കുമ്പോൾ, അമ്മ പാലുമായി വന്ന് താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് ശാരദയോട് മാപ്പു ചോദിക്കുന്നു. അടുത്ത ദിവസം പ്രാതൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ താനും പണിക്കരും തമ്മിൽ തെറ്റിയെന്നും, എസ്റ്റേറ്റ് ഓഫീസ് വരെ ചെന്ന് കാര്യങ്ങളെല്ലാം ഒന്നന്വേഷിച്ച് വരണം എന്നും അച്ഛൻ ബാലചന്ദ്രനോട് പറയുന്നു.
ചില ദിവസങ്ങൾക്ക് ശേഷം രാധാകൃഷ്ണൻ ബിന്ദുവിനെ കാണുമ്പോൾ കല്യാണക്കാര്യമൊക്കെ ഏതുവരെയായി എന്ന് ചോദിക്കുമ്പോൾ, ആലോചനകൾ വന്നുകൊണ്ടിരിക്കുന്നു എന്നവൾ പറയുന്നു. ഞാൻ എന്റെ മുറപ്പെണ്ണിനെ കെട്ടാൻ മോഹിച്ചു, എന്നാൽ അവൾ വേറൊരാളെ കെട്ടി, അതുപോലെ ബിന്ദു ബാലചന്ദ്രനെ മോഹിച്ചു, എന്നാൽ അവനും വേറൊരുവളെ കെട്ടി, അതുകൊണ്ട് നമ്മൾ രണ്ടു പേർക്കും ഒരു പൊരുത്തമുണ്ടെന്ന് രാധാകൃഷ്ണൻ ബിന്ദുവിനോട് പറയുമ്പോൾ ബിന്ദു അത് ഉറക്കെ ചിരിച്ചു തള്ളിക്കളയുന്നു. അച്ഛനോടും അമ്മയോടും വിടപറഞ്ഞിറങ്ങുമ്പോൾ, ബാലചന്ദ്രന് വരാൻ പറ്റിയില്ലെങ്കിലും നീ പാപ്പച്ചനെയും കൂട്ടി ഇടയ്ക്കിടയ്ക്കിവിടെ വരണം എന്ന് അമ്മ ശാരദയോട് പറയുന്നു.
ഒരു ദിവസം ബാലചന്ദ്രൻ ഓഫീസിലേക്ക് പുറപ്പെടാൻ വേണ്ടി കാറിൽ ഇരിക്കുമ്പോൾ ഒരു കത്ത് വരുന്നു. കത്ത് വായിച്ച് പരവശനായിട്ടിരിക്കുന്ന ബാലചന്ദ്രനോട് എന്താ കാര്യം എന്ന് ശാരദ ചോദിക്കുമ്പോൾ. "a devil's letter" എന്ന് പറഞ്ഞ് ആ കത്ത് അവൻ കീറിയിടുന്നു. ബാലചന്ദ്രൻ പോയ ശേഷം ആ തുണ്ടുകളെല്ലാം പെറുക്കിയെടുത്തൊട്ടിച്ച് നോക്കുമ്പോൾ അത് രാധാകൃഷ്ണന്റെ കത്താണെന്ന് ശാരദ മനസ്സിലാക്കുന്നു. അതിൽ അയാൾ ശാരദ തന്റെ കൂടെ പല ദിവസവും ഭാര്യയെപ്പോലെ കഴിഞ്ഞിട്ടുണ്ടെന്ന് എഴുതിയത് കണ്ട് വിഷമിച്ചിരിക്കുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ബാലചന്ദ്രൻ പതിവുപോലെ ഉന്മേഷവാനായിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവൻ എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാരദ മനസ്സിലാക്കുന്നു. രാത്രി പുറത്ത് ടോർച്ചും തെളിച്ച് എന്തോ തിരയുന്ന ബാലചന്ദ്രനോട് എന്താണ് തിരയുന്നതെന്ന് ശാരദ ചോദിക്കുമ്പോൾ, എന്തോ ഇഴയുന്നത് പോലെ തോന്നി, പാമ്പായിരിക്കുമോ എന്ന് തിരയുകയാണെന്നവൻ പറയുന്നു. അതു കേട്ട് ചിരിച്ചുകൊണ്ട് ശാരദ പറയുന്നു - ഇഴയുന്നത് പാമ്പാണെങ്കിൽ അത് ഇഴഞ്ഞു പൊയ്ക്കൊള്ളും, പക്ഷേ ഇഴയുന്നത് മനസ്സിലാണെങ്കിൽ അതത്ര വേഗം പോകില്ല. നിങ്ങൾ തേടുന്നത് എന്താണെന്നെനിക്കറിയാം, അത് ഞാൻ എടുത്തു വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് അകത്തേക്ക് പോയി ഒട്ടിച്ചുവെച്ച കത്തെടുത്ത് ബാലചന്ദ്രന് കൊടുക്കുന്നു. അപ്പോൾ ബാലചന്ദ്രൻ, ആ കത്ത് ആരെഴുതിയതാണെന്ന് നോക്കാൻ മറന്നു അത് നോക്കാൻ വേണ്ടിയാണെന്ന് പറഞ്ഞ് ഉരുണ്ടു കളിക്കുമ്പോൾ, അത് മറ്റാരുമല്ല എന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു നടന്നിരുന്ന മുറച്ചെറുക്കൻ രാധാകൃഷ്ണനാണെന്ന് പറഞ്ഞ് ശാരദ മുറിക്ക് പുറത്തേക്ക് കടക്കുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ ബാലചന്ദ്രൻ ശാരദയോട് അധികം മിണ്ടാതെ അകൽച്ച പാലിക്കുന്നു, ജോലി കഴിഞ്ഞ് വളരെ നേരം വൈകിയാണ് വീട്ടിലെത്തുന്നതും. ആരോടോ ഉള്ള ദേഷ്യമൊക്കെ തീർക്കുന്നത് പാപ്പച്ചനോടാണ്. ബാലചന്ദ്രന്റെ ഈ പ്രവർത്തികൾ ശാരദയെ വല്ലാതെ വിഷമിപ്പിക്കുന്നു.
ഒരു ദിവസം ബിന്ദു ബാലചന്ദ്രന്റെ വീട്ടിലേക്ക് വരുന്നു. ബാലചന്ദ്രന്റെ അച്ഛനുമായി പിണങ്ങിയത് കാരണം പണിക്കർ എസ്റ്റേറ്റ് കാര്യങ്ങളിൽ കുറച്ച് കള്ളത്തരങ്ങളൊക്കെ കാണിച്ചിട്ടുണ്ടെന്നും, അതൊക്കെ ഒന്ന് ശരിയാക്കാൻ വേണ്ടി എസ്റ്റേറ്റ് വരെ വരണമെന്നും പറഞ്ഞ് ബിന്ദു തിരിച്ചു പോവുന്നു. അവൾ പറഞ്ഞ പ്രകാരം ബാലചന്ദ്രൻ ബിന്ദുവിനെ കാണാൻ ചെല്ലുന്നു. ബാലചന്ദ്രന് സ്വന്തമായുള്ള എസ്റ്റേറ്റിൽ ജോലിക്കാരുടെ ചില പ്രശ്നങ്ങളുണ്ടെന്നും, അതിന്റെ പിന്നിൽ അവളുടെ അച്ഛനാണെന്നും ബിന്ദു പറയുന്നു.
അതിന് ശേഷം ഒരു ദിവസം പെട്ടെന്ന് ബാലചന്ദ്രൻ ശാരദയോട് പഴയത് പോലെ പെരുമാറാനും തുടങ്ങുന്നു. പിന്നീട്, മൂന്നു ദിവസം അവധിയെടുത്തിട്ടുണ്ടെന്നും, എസ്റ്റേറ്റിലെ ചില കാര്യങ്ങൾ ഒത്തു തീർപ്പാക്കാനുണ്ടെന്നും, അവിടേക്ക് പോകുന്നതിന് മുൻപ് ശാരദയുടെ അമ്മയെയും കാണാൻ പോകാം എന്നും പറയുന്നു. അവർ ശാരദയുടെ വീട്ടിലെത്തുമ്പോൾ അമ്മ സുഖമില്ലാതെ കിടക്കുന്നത് കണ്ടിട്ട് ശാരദ ഇവിടെ നിന്നോട്ടെ, അമ്മയുടെ അസുഖം മാറിയ ശേഷം തിരികെ വിളിച്ചുകൊണ്ടു പോകാം എന്ന് ബാലചന്ദ്രൻ പറയുന്നു. അപ്പോൾ ശാരദയുടെ അമ്മ പറയുന്നു, എനിക്കൊന്നുമില്ല, ബാലചന്ദ്രന്റെ മാതാപിതാക്കൾ ശാരദയെക്കാണാൻ കാത്തിരിക്കുന്നുണ്ടാകും, അതുകൊണ്ട് അവളെയും കൊണ്ടുപോകു എന്ന് പറയുമ്പോൾ, അത് സാരമില്ല ശാരദ ഇവിടെ നിൽക്കട്ടെ എന്ന് പറഞ്ഞ് ശാരദയെ തിരിഞ്ഞു പോലും നോക്കാതെയും, അവളോട് യാത്ര പോലും പറയാതെയും ബാലചന്ദ്രൻ ഇറങ്ങിത്തിരിക്കുന്നു. ശാരദ വിഷമത്തോടെ നോക്കി നിൽക്കുന്നു.
ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കാൻ ഞാനുണ്ടല്ലോ, നീയെന്തിനാ ഇവിടേക്ക് വന്നത്, അത് നിന്റെ ഉദ്യോഗത്തെ ബാധിക്കും എന്ന് അച്ഛൻ പറയുമ്പോൾ, ഉദ്യോഗത്തിനെ ബാധിക്കാത്ത വിധത്തിൽ ഞാൻ നോക്കിക്കൊള്ളാം എന്ന് ബാലചന്ദ്രൻ പറയുന്നു. ശാരദയെ എന്തുകൊണ്ട് കൂടെക്കൊണ്ടുവന്നില്ല എന്ന് ബാലചന്ദ്രനോട് അമ്മ ചോദിക്കുമ്പോൾ, അവളെ വിളിച്ചതാണെന്നും, അവളുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ അവൾ അവളുടെ അമ്മയെ വിട്ടേച്ച് വരില്ലെന്ന് പറഞ്ഞു എന്നും കള്ളം പറയുന്നു. അപ്പോൾ ഒരു ഫോൺ വരുന്നത് അറ്റൻഡ് ചെയ്യാൻ വേണ്ടി ബാലചന്ദ്രൻ അടുത്ത മുറിയിലേക്ക് ചെല്ലുമ്പോൾ, ശാരദയെക്കുറിച്ച് ചോദിക്കുമ്പോൾ ഇവൻ എന്തിന് ഉരുണ്ടു കളിക്കുന്നു, എന്തോ പന്തികേടുണ്ടെന്ന് അമ്മയും അച്ഛനും സംശയിക്കുന്നു. വിളിച്ചത് ബിന്ദുവാണെങ്കിലും, ഫോണിൽ ആരായിരുന്നു എന്ന് അച്ഛൻ ചോദിക്കുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ആണെന്ന് ബാലചന്ദ്രൻ കള്ളം പറയുന്നു. പിന്നീട് അദ്ദേഹത്തേക്കാണാനാണെന്ന് പറഞ്ഞ് ബാലചന്ദ്രൻ പോകുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ കൂടെ ചില യൂണിയൻ നേതാക്കളോടൊപ്പം ബിന്ദുവും ബാലചന്ദ്രന് വേണ്ടി കാത്തുനിൽക്കുകയായിരുന്നു. എല്ലാവരുമായി സംസാരിച്ച് യൂണിയന്റെ പ്രശ്നം പരിഹരിക്കപ്പെടുന്നു.
ബാലചന്ദ്രന്റെ മാതാപിതാക്കൾ ശാരദയുടെ വീട്ടിലേക്ക് ചെല്ലുന്നു. ബാലചന്ദ്രന്റെ അമ്മ ശാരദയോട് നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് തുറന്നു പറയു, എല്ലാറ്റിനും പരിഹാരമുണ്ടാക്കാം എന്ന് പറയുമ്പോൾ, ശാരദ ഒരു പ്രശ്നവുമില്ലെന്ന് പറയുന്നു. അപ്പോൾ, മാധവിയമ്മ പറയുന്നു - ഭാര്യാഭർത്താക്കന്മാർ തമ്മിൽ പ്രശ്നമുണ്ടാവുമ്പോൾ ആരെങ്കിലും ഒരാൾ താണു കൊടുത്താലേ കുടുംബ ജീവിതത്തിന് സ്വസ്ഥത കിട്ടൂ എന്നുപദേശിച്ച് മടങ്ങുന്നു. തിരിച്ചു പോകുമ്പോൾ അവർ ശാരദയെയും കൂടെ കൊണ്ടുപോവുന്നു.
യൂണിയൻ പ്രശ്നം പരിഹരിച്ചു തിരികെ പോരുമ്പോൾ ബിന്ദു തനിക്ക് എം.എ. യ്ക്ക് അഡ്മിഷൻ കിട്ടി എന്ന് ബാലചന്ദ്രനോട് പറയുമ്പോൾ, അപ്പോൾ കൂടെക്കൂടെ ഞങ്ങളുടെ വീട്ടിലേക്ക് വരാമല്ലോ എന്നവൻ പറയുന്നു. അങ്ങിനെ വന്നാൽ ശാരദയ്ക്ക് സംശയം തോന്നില്ലേ എന്ന് ബിന്ദു ചോദിക്കുമ്പോൾ, അവൾക്കൊരു സംശയവും തോന്നില്ല എന്നവൻ പറയുന്നു. എങ്കിൽ ഞാൻ കൂടെക്കൂടെ വരാം എന്നും, അതുവഴി ജീവിതത്തിൽ ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോഴും ബാലചന്ദ്രനെ കണ്ടുകൊണ്ടിരിക്കാനുള്ള ഭാഗ്യമെങ്കിലും എനിക്ക് കിട്ടുമല്ലോ എന്ന് ബിന്ദു പറയുന്നു.
വീട്ടിലെത്തുന്ന ബാലചന്ദ്രൻ അവിടെ ശാരദയെക്കണ്ടോന്നു ഞെട്ടുന്നു. എന്നിട്ട് ശാരദയോട് അച്ഛൻ അവിടെ വന്നിരുന്നുവല്ലേ എന്ന് ചോദിക്കുമ്പോൾ, അച്ഛൻ മാത്രമല്ലേ അമ്മയും വന്നിരുന്നെന്നവൾ പറയുന്നു. അപ്പോഴേക്കും അമ്മ വന്ന് ബാലചന്ദ്രനെ അച്ഛൻ വിളിക്കുന്നുവെന്ന് പറയുമ്പോൾ ബാലചന്ദ്രൻ അച്ഛന്റെ പക്കൽ പോകുന്നു. ശാരദ ഇവിടെ കുറച്ചു ദിവസം നിൽക്കട്ടെ നീ മാത്രം തിരിച്ചുപോയാൽ മതിയെന്ന് അച്ഛൻ പറയുമ്പോൾ, അത് പറ്റില്ല, ആഹാരത്തിനും മറ്റും പ്രശ്നമാവും, അതുകൊണ്ട് അവളെയും കൊണ്ടേ പോവുള്ളു എന്ന് പറഞ്ഞ് ബാലചന്ദ്രൻ ശാരദയെയും കൂട്ടി മടങ്ങുന്നു. വീട്ടിൽ ഒറ്റയ്ക്ക് തിരിച്ചു വന്നത് കണ്ട പാപ്പച്ചൻ ശാരദ വന്നില്ലേയെന്ന് ചോദിക്കുമ്പോൾ അവളുടെ അമ്മയ്ക്ക് സുഖമില്ലാത്തത് കൊണ്ട് അവളെ അവളുടെ അമ്മടെ കൂടെ ആക്കി എന്നും, ഈ വിവരം അച്ഛനോട് വിളിച്ചു പറയേണ്ട എന്നും ബാലചന്ദ്രൻ പറയുന്നു.
ശാരദ അമ്മയോട് നടന്നതെല്ലാം പറഞ്ഞിരിക്കുന്നു. വിഷമിച്ചിരിക്കുന്ന അവളെ അമ്മ എല്ലാം ശരിയാവും എന്ന് സമാധാനപ്പെടുത്തുന്നു. തനിച്ചിരിക്കുന്ന ബാലചന്ദ്രനെ ശാരദയുമൊത്ത് കഴിഞ്ഞ ആ മനോഹര നിമിഷങ്ങൾ വേട്ടയാടുന്നു. അടുത്ത ദിവസം രാവിലെ ശാരദയുടെ വസ്ത്രങ്ങളെല്ലാം ഒരു പെട്ടിയിലാക്കി അത് അവളെ ഏൽപ്പിക്കാൻ പറയുകയും, ബാലചന്ദ്രന് ജോലിത്തിരക്കുള്ളത് കാരണം കുറെ ദിവസങ്ങൾക്ക് ശേഷമേ അങ്ങോട്ട് വരാൻ പറ്റുള്ളു എന്ന് പറയാനും പറയുന്നു. കോളേജ് അഡ്മിഷനുമായി ബന്ധപ്പെട്ട് അവിടേക്ക് വരുന്നുണ്ടെന്ന് ബിന്ദു ഫോണിൽ വിളിച്ച് അറിയിക്കുമ്പോൾ, അത് കഴിഞ്ഞ ശേഷം വീട്ടിലോട്ടു വരു എന്ന് ബാലചന്ദ്രൻ പറയുന്നു. പിന്നീട്, വേലക്കാരിയെയും നാളെ വന്നാൽ മതി എന്ന് പറഞ്ഞ് പറഞ്ഞയക്കുന്നു. അല്പ സമയത്തിന് ശേഷം ബിന്ദു അവിടേക്ക് വരുന്നു. വീടൊക്കെ ശാരദ വളരെ ഭംഗിയായി അലങ്കരിച്ചിട്ടുണ്ടല്ലോ എന്ന് ബിന്ദു പറയുമ്പോൾ, തൽക്കാലം നമുക്ക് അവളെ മറന്ന് മറ്റു വല്ലതും സംസാരിക്കാം എന്ന് ബാലചന്ദ്രൻ പറയുന്നു.
സംസാരിച്ചിച്ചുകൊണ്ടിരിക്കുമ്പോൾ തനിക്ക് തെറ്റു പറ്റിയെന്നും, ശാരദ പിഴച്ചവളായിരുന്നുവെന്നും, തന്റെ സ്വസ്ഥത ആകെ നഷ്ടപ്പെട്ടുവെന്നും ബാലചന്ദ്രൻ ബിന്ദുവിനോട് പറയുന്നു. അതിനവൾ ആ കത്തിലെ വാർത്ത സത്യമല്ലെങ്കിലോ എന്ന് ചോദിക്കുമ്പോൾ, അങ്ങിനെ വിശ്വസിക്കാൻ ശ്രമിച്ചിട്ടും തനിക്കതിന് കഴിയുന്നില്ലെന്ന് ബാലചന്ദ്രൻ പറയുന്നു. സംസാരിച്ചുകൊണ്ടേ രണ്ടുപേരും ആശ്ലേഷഭരിതരായി ഇരിക്കുമ്പോൾ അവിടേക്ക് അപ്രതീക്ഷിതമായി ശാരദ കയറി വരുന്നു. അവളെക്കണ്ട് ബാലചന്ദ്രൻ ആദ്യമൊന്ന് പരുങ്ങുന്നുവെങ്കിലും, നീയിവിടെ വരേണ്ട എന്നത് കൊണ്ടല്ലേ നിന്റെ വസ്ത്രങ്ങളെല്ലാം പാപ്പച്ചനോട് കൊടുത്തുവിട്ടതെന്നവൻ പറയുമ്പോൾ, പാപ്പച്ചൻ വന്നില്ലെങ്കിലും താനിവിടെ വരുമായിരുന്നു എന്നും, ഇവിടെ വന്ന ശേഷമല്ലേ പലതും മനസ്സിലായതെന്നും ശാരദ പറയുന്നു. വാക്തർക്കത്തിനിടയിൽ ഇവിടെ നിന്നും ഇറങ്ങിപ്പോകാൻ ശാരദയോട് ബാലചന്ദ്രൻ പറയുമ്പോൾ, തനിക്ക് ചിലത് പറയാനുണ്ട് അത് പറഞ്ഞ ശേഷം പൊയ്ക്കൊള്ളാമെന്നവൾ പറയുന്നു.
Audio & Recording
ചമയം
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഇന്ദ്രചാപം നഭസ്സിൽ |
പി ഭാസ്ക്കരൻ | ജി ദേവരാജൻ | പി മാധുരി |
2 |
തരിവള ചിരിക്കുന്ന കൈയ്യുകളാൽ |
പി ഭാസ്ക്കരൻ | ജി ദേവരാജൻ | കെ ജെ യേശുദാസ് |
3 |
ഇത്ര നാൾ ഇത്ര നാൾ |
പി ഭാസ്ക്കരൻ | ജി ദേവരാജൻ | കെ ജെ യേശുദാസ് |
4 |
ഏഴു നിറങ്ങൾ |
പി ഭാസ്ക്കരൻ | ജി ദേവരാജൻ | കെ ജെ യേശുദാസ് |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് |