പ്രമീള

Prameela

തെന്നിന്ത്യൻ ചലച്ചിത്ര നടി. അമൽദാസിന്റെയും സുശീലയുടെയും മകളായി തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ജനിച്ചു. സ്ക്കൂളിൽ എട്ടാം ഫോറം കഴിഞ്ഞതിനുശേഷമാണ് പ്രമീള സിനിമയിലെത്തുന്നത്. കൂട്ടുകാരിയായിരുന്ന ജയയുടെ അമ്മാമൻ സിനിമാ നിർമ്മാതാവായിരുന്നു. അദ്ദേഹം എം ജി ആറിന്റെ സഹോദരപുത്രൻ സുകുമാരനെ നായകനാക്കി നിർമ്മിയ്ക്കുന്ന സിനിമയിലേയ് പുതുമുഖ നായികയെ അന്വേഷിച്ചിരുന്ന സമയത്ത് ജയയുടെ കൈവശമുള്ള പ്രമീളയുടെ ഫോട്ടോ കണ്ടിഷ്ടപ്പടുകയും അദ്ദേഹം തന്റെ സിനിമയായ മീനവൻ മകനിൽ പ്രമീളയെ നായികയാക്കുകയും ചെയ്തു. പക്ഷേ ആ സിനിമ പാതി വഴിക്ക് നിന്നുപോയി. എങ്കിലും സിനിമാമാസികകളിൽ പുതുമുഖ നടി പ്രമീളയെക്കുറിച്ച് വാർത്തകൾ വന്നിരുന്നതിനാൽ അവർ ജനശ്രദ്ധ നേടിയിരുന്നു. 

 സിനിമാമാസികകളിൽ നിന്നും പ്രമീളയെക്കുറിച്ചറിഞ്ഞ് മലയാളത്തിൽ നിന്നും സംവിധായകൻ കെ എസ് സേതുമാധവനും നിർമ്മാതാവ് കെ പി കൊട്ടാരക്കരയും പ്രമീളയെ കാണാൻ ചെല്ലുകയും അവരുടെ മൂന്ന് ചിത്രങ്ങളിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കുകയും ചെയ്തു. ലൈൻ ബസ്, സംഭവാമി യുഗേ യുഗേ , പോസ്റ്റുമാനെ കാണ്മാനില്ല  എന്നിവയായിരുന്നു ആ സിനിമകൾ. സിനിമകൾ വിജയിച്ചതോടെ പ്രമീള ശ്രദ്ധിക്കപ്പെടുന്ന താരമായി മാറി. തുടർന്ന് കെ എസ് ഗോപാലകൃഷ്ണന്റെ തമിഴ് ചിത്രം വാഴയടി വാഴൈ, കെ ബാലചന്ദറിന്റെ അരങ്ങേറ്റം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. സാഹചര്യം കൊണ്ട് വേശ്യവൃത്തിയ്ക്ക് ഇറങ്ങേണ്ടിവന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്ന അരങ്ങേറ്റം തമിഴ്നാട്ടിൽ വലിയ വിജയമാകുകയും പ്രമീളയുടെ അഭിനയം നിരുപക പ്രശംസ നേടുകയും ചെയ്തു. മികച്ച നടിയ്ക്കുള്ള തമിഴ്നാട് സ്റ്റേറ്റ് ആവാർഡ്, ഫിലിം ഫെയർ അവാർഡ്, ഫിലിം ഫാൻസ് അസോസിയേഷൻ അവാർഡ് എന്നിവ അരങ്ങേറ്റത്തിലെ അഭിനയത്തിലൂടെ പ്രമീള കരസ്ഥമാക്കി. തുടർന്ന് ശിവാജി ഗണേശൻ, രജനീകാന്ത്,  പ്രേംനസീർ, മധു, ജയൻ എന്നീ മുൻനിര നടന്മാരുടെയെല്ലാം കൂടെ പ്രമീള അഭിനയിച്ചിട്ടുണ്ട്..

പ്രമീളയുടെ അച്ഛന്റെ കർക്കശ സ്വഭാവവും പെരുമാറ്റദൂഷ്യവും കാരണം സിനിമാ സെറ്റുകളിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും അതുമൂലം അവർക്ക് സിനിമകളിൽ അവസരം കുറയുകയും ചെയ്തു. ആ സമയത്താണ് മലയാളത്തിൽ നടിയും സുഹൃത്തുമായിരുന്ന ഉഷാറാണി നിർമ്മിച്ച തമ്പുരാട്ടി എന്ന സിനിമയിൽ അഭിനയിക്കുന്നത്. അടൂർഭാസിയുടെ അസംതൃപ്തയായ ഭാര്യയുടെ വേഷ്മായിരുന്നു പ്രമീളയ്ക്ക്. പല രംഗങ്ങളിലും ഗ്ലാമറസ്സായി അഭിനയ്ക്കേണ്ടി വന്നു ആ സിനിമയിൽ. തമ്പുരാട്ടി പ്രമീളയുടെ ഇമേജ് മാറ്റിമറിച്ചു. മലയാള സിനിമയിലെ സ്കെസ് ബോംബ് എന്ന പേരിൽ പ്രമീള അറിയപ്പെടാൻ തുടങ്ങി. പിന്നീട് ഇതേ രീതിയിലുള്ള കഥാപാത്രങ്ങളെ തുടർന്നുള്ള സിനിമകളിലും അവർക്ക് അവതരിപ്പിയ്ക്കേണ്ടി വന്നു. 1990 -ൽ ജഡ്ജ്മെന്റ് എന്ന സിനിമ നിർമ്മിച്ചുകൊണ്ട് പ്രമീള നിർമ്മാതാവുമായി. മലയാളം,തമിഴ്, തെലുങ്കു് ഭാഷകളിലായി നൂറിലധികം സിനിമകളിൽ പ്രമീള അഭിനയിച്ചിട്ടുണ്ട്.  അച്ഛന്റെ മരണശേഷം അമേരിക്കയിൽ പോയി സഹോദരനോടൊപ്പം താമസമാക്കിയ പ്രമീള അവിടെ വെച്ച് പോൾ എന്ന അമേരിക്കൻ പൗരനെ വിവാഹം ചെയ്ത് അമേരിക്കയിൽ തന്നെ താമസമാക്കി.