ബാബു നന്തൻകോട്
തിരുവനന്തപുരം നന്തൻകോട് സ്വദേശിയായ ബാബു ചെറുപ്പം മുതൽ കലയോടും സാഹിത്യത്തോടും ആഭിമുഖ്യം പുലർത്തിയിരുന്നതിനാൽ BSc ബിരുദം നേടിയശേഷം സംവിധാനം പഠിക്കാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡിപ്ലോമ നേടിയതിനുശേഷം രണ്ട് മൂന്ന് വർഷം ബാബു സിനിമാമോഹവുമായി പല നിർമ്മാതാക്കളേയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അക്കാലത്ത് പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിനെ പരിചയപ്പെട്ട ബാബു അദ്ദേഹത്തിന്റെ ഉപദേശപ്രകാരം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു ദിനപ്പത്രത്തിന്റെ ഫിലിം ലേഖകനായി ജോലി സ്വീകരിച്ചു. ആ ജോലി ബാബുവിന്റെ ജീവിതത്തിലെ വഴിത്തിരിവായി.
സിനിമാഫീൽഡിൽ സജീവമായ ഒട്ടുവളരെപ്പേരെ പരിചയപ്പെടാൻ അതിടയാക്കി. രാമുകാര്യാട്ടിന് പുറമേ പി. സുബ്രഹ്മണ്യം, നിർമ്മാതാവ് അക്കരപ്പച്ച സുകുമാരൻ തുടങ്ങിയ സിനിമാ രംഗത്തെ പ്രശസ്തരുമായുള്ള പരിചയങ്ങൾ ബാബുവിന്റെ സിനിമാ പ്രവേശത്തിന് കാരണമായിത്തീർന്നു.1970 -ൽ ബാബു നന്തങ്കോടിന്റെ കഥയിൽ എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത മധുവിധു റിലീസായി. അതിനുശേഷം ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കാലത്ത് സഹപ്രവർത്തകനായിരുന്ന ടി വയ്യാദുരയുമായിച്ചേർന്ന് ബാബു ഒരു ചലച്ചിത്രകഥ തയ്യാറാക്കിയിരുന്നു. ഏറെ ശ്രമങ്ങൾക്കൊടുവിൽ 1972 ൽ അദ്ദേഹം ആ കഥ ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി. അതായിരുന്നു Dhakam എന്ന തമിഴ് ചിത്രം. തമിഴിലെ പ്രശസ്ത നടൻ മുത്തുരാമനും ബംഗാളി നടിയായ നന്ദിതാബോസും പ്രധാന ഭാഗങ്ങളിൽ വേഷമിട്ട ഈ ചിത്രത്തിന് ഫിലിംഫൈനാൻസ് കോർപ്പറേഷന്റെ ധനസഹായത്തോടെ നിർമ്മിക്കപ്പെട്ട ആദ്യചിത്രമെന്ന ബഹുമതിയുമുണ്ട്. ചിത്രം നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്തു.
1973 -ൽ പി. കേശവദേവിന്റെ നോവൽ തോപ്പിൽ ഭാസിയുടെ തിരക്കഥയിൽ ബാബു നന്തങ്കോടിന്റെ സംവിധാനത്തിൽ സ്വപ്നം എന്ന പേരിൽ റിലീസ് ചെയ്തു. ബാലമുരളി എന്ന അപരനാമം വിട്ട് ONV സ്വന്തം പേരുപയോഗിച്ച് ഗാനങ്ങൾ എഴുതിയ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. (1972 ലെ ശ്രീ ഗുരുവായൂരപ്പനാണ് ആദ്യ ചിത്രം.) തുടർന്ന് ശ്രീകുമാരൻ തമ്പി കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ച യൗവനം എന്ന ചിത്രം സംവിധാനം ചെയ്തു. തുടർന്ന് ശ്രീകുമാരൻ തമ്പിയുടെ രചനയിൽ മൂന്ന് ചിത്രങ്ങളുൾപ്പെടെ അഞ്ച് ചിത്രങ്ങൾ കൂടി ബാബു സംവിധാനം ചെയ്തു. അവയിൽ കർണ്ണപർവ്വം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ബാബുവിന്റേതായിരുന്നു. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം എന്ന ചിത്രത്തിൽ ഒരു വേഷം അഭിനയിക്കുകയും ചെയ്തു. 1978 -ൽ അഹല്യ എന്ന സിനിമ സംവിധാനം ചെയ്തതിന് ശേഷം ആത്മീയവഴിയിലേക്ക് തിരിഞ്ഞ ബാബു നന്തങ്കോട് ചലച്ചിത്രലോകത്ത് നിന്നും എന്നന്നേക്കുമായി പിൻവാങ്ങി.


