ഗായത്രി അശോകൻ
പരസ്യകല എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് ഗായത്രി അശോകന്റെത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഏപ്രിൽ 6 ന് ആണ് ജനനം. ഭാസ്കരൻ നായർ, രത്നമ്മ എന്നിവരാണ് മാതാപിതാക്കൾ.
ബി. അശോക് എന്നതാണ് ഇദ്ദേഹത്തിൻ്റെ യഥാർത്ഥ പേര്. 1983ൽ പത്മരാജൻ സംവിധാനം ചെയ്ത ‘കൂടെവിടെ’ എന്ന സിനിമയിലൂടെയാണ് പോസ്റ്റർ ഡിസൈനിങ്ങ് രംഗത്തേക്ക് വരുന്നത്. കഥാപാത്രങ്ങളുടെ മുഖം തപാൽ സ്റ്റാംപിൽ മുദ്രണം ചെയ്യപ്പെട്ട മാതൃകയിൽ ഈ ചിത്രത്തിനായി ഇദ്ദേഹം ഡിസൈൻ ചെയ്ത പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നുള്ള രണ്ട് പതിറ്റാണ്ടിലധികം കാലം മലയാള സിനിമാ രംഗത്തെ പോസ്റ്റർ ഡിസൈനിങ്ങിൽ പ്രഥമ സ്ഥാനീയനായിരുന്നു.
ഗായത്രി എന്ന പേരില്‍ അദ്ദേഹം ആരംഭിച്ച പരസ്യ സ്ഥാപനത്തിന്റെ പേരാണ് പോസ്റ്റർ ഡിസൈനിങ്ങിൽ ഇദ്ദേഹത്തിന്റെ സൈനേജ് ആയി മാറിയതും അദ്ദേഹത്തിന്റെ പേരിന്റെ ഒപ്പം ചേര്‍ന്നതും. തിരകഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് ആണ് ഗായത്രി എന്ന പേര് നല്‍കിയത്.
സിനിമയുടെ കഥാപരിസരങ്ങൾക്ക് യോജിക്കുന്ന, എന്നാൽ ഏതു പ്രേക്ഷകരേയും ആകർഷിക്കുന്ന പരസ്യരീതിയാണ് ഗായത്രി അശോകന്റെ പ്രത്യേകത. ഗായത്രിയുടെ കയ്യൊപ്പ് പതിഞ്ഞ ഒട്ടേറെ പോസ്റ്റുകൾ മലയാളികളുടെ മനസ്സിലുണ്ട്. ‘സർഗം’, ‘മിമിക്സ് പരേഡ്’ തുടങ്ങിയ താര രഹിത കൊമേഴ്സ്യൽ ചിത്രങ്ങൾക്കും അതോടൊപ്പം അരവിന്ദന്റെ ‘ചിദംബരത്തിനും അടൂർ ഗോപാലകൃഷ്ണറ്റെ ഒട്ടുമിക്ക ചിത്രങ്ങൾക്കും പോസ്റ്റർ ഡിസൈൻ ഒരുക്കിയത് ഗായത്രി അശോകനാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ , ദേവരാഗം, കാലാപാനി, താഴ്വാരം, പാദമുദ്ര ,നിറക്കൂട്ട്, സ്ഫടികം ,ന്യൂഡൽഹി, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയമായ ചിത്രങ്ങളുടെ വാണിജ്യവിജയങ്ങള്ക്ക് ഗായത്രിയുടെ പോസ്റ്ററുകള്‍ക്കും വലിയ പങ്കുണ്ട്.
സാങ്കേതിക വിദ്യ അത്രയൊന്നും പുരോഗമിക്കാത്ത കാലത്തു സ്വന്തം പരീക്ഷണങ്ങളിലൂടെയാണു അശോകൻ ഡിസൈനുകൾ തയ്യാറാക്കിയിരുന്നത്. എയർ ബ്രഷ് കോൺസപ്റ്റ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അശോകനാണ് കിലുക്കത്തിനു വേണ്ടി ആദ്യ കംപ്യൂട്ടർ ഡിസൈൻ തയ്യാറാക്കിയതും. മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമയുടെ ത്രീഡി ഡിസൈൻ അക്കാലത്തു വിപ്ലവമായിരുന്നു.
ബി. അശോക് എന്ന യഥാർത്ഥ പേരിൽ 'ദൗത്യം' എന്ന സിനിമക്ക് കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതിയിട്ടുണ്ട്. മറ്റു ചില സിനിമകൾക്ക് കഥയും മൂലകഥയും സൃഷ്ടിച്ചിട്ടുണ്ട്.
മലയാള സിനിമയിൽ പോസ്റ്റർ ഡിസൈനിംഗ് മേഖലയിൽ ഒട്ടേറെ നൂതന രീതികൾ അവലംബിക്കുകയും പരസ്യകലാരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്ത ഗായത്രി അശോകൻ നിലവിൽ പഴയതുപോലെ മലയാള സിനിമയിൽ സജീവമല്ല. വർഷങ്ങളായി കൊച്ചിയിലാണ് അദ്ദേഹത്തിന്റെ താമസം.