വി ബി കെ മേനോൻ
മറുനാടൻ മൂവീസ്, അനുഗ്രഹ സിനി ആർട്സ് തുടങ്ങിയ ബാനറുകളിൽ മലയാളത്തിൽ ഒട്ടേറെ സിനിമകൾ നിർമ്മിച്ചിട്ടുള്ള ചലച്ചിത്ര നിർമ്മാതാവാണ് വി ബി കെ മേനോൻ. വി ബാലകൃഷ്ണ മേനോൻ എന്നതാണ് ശരിയായ പേര്. തൃശ്ശൂർ അന്തിക്കാടാണ് ജനിച്ചതെങ്കിലും ഏഴാം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം ഇരിങ്ങാലക്കുടയിലേക്ക് താമസം മാറിയ ഇദ്ദേഹം പിന്നീട് സഹോദരനൊപ്പം മുംബൈയിലേക്ക് പോയി അവിടെ വിദ്യാഭ്യാസം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചു. മുംബൈയിൽ മലയാളി സമാജത്തിന്റെ നാടകങ്ങളിലും കലാപരിപാടികളിലും സജീവമായിരുന്നു. തുടർന്ന് വിസിറ്റിംഗ് വിസയിൽ ദുബായിൽ എത്തുകയും അവിടെ അക്കൗണ്ടന്റ് ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതിനിടയിൽ മലയാള സിനിമകൾ വിതരണത്തിനെടുത്ത് ദുബായിൽ പ്രദർശിപ്പിക്കുന്ന ബിസിനസും ചെയ്തുപോന്നു. ഇപ്രകാരം 150ലധികം ചിത്രങ്ങൾ ദുബായിലെത്തിച്ചിട്ടുണ്ട് ഇദ്ദേഹം.
എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ബന്ധനം എന്ന ചിത്രം മറുനാടൻ മൂവീസ് എന്ന ബാനറിൽ നിർമ്മിച്ച കൊണ്ടാണ് ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1978 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് പങ്കിട്ട രണ്ട് ചിത്രങ്ങളിലൊന്ന് ബന്ധനം ആയിരുന്നു. തുടർന്ന് എം ടിയുടെ തന്നെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഐ വി ശശിയുടെ സിന്ദൂര സന്ധ്യക്കു മൗനം എന്ന ചിത്രങ്ങളും ഇതേ ബാനറിൽ നിർമ്മിച്ച വി ബി കെ മേനോൻ അനുഗ്രഹ സിനി ആർട്സ് എന്ന ബാനറിലാണ് കൂടുതൽ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ളത്. താഴ്വാരം, കേളി, ദേവാസുരം, അഭിമന്യു തുടങ്ങി പതിനാറോളം ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ഇദ്ദേഹം അക്കരെയക്കരെയക്കരെ, ഒരു യാത്രാമൊഴി, ഗീതാഞ്ജലി തുടങ്ങി ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
നിലവിൽ എറണാകുളം കടവന്ത്രയിലുള്ള അനുഗ്രഹ എന്ന വീട്ടിലാണ് താമസം. ബന്ധനം എന്ന സിനിമയിൽ പിന്നണി പാടിയിട്ടുള്ള ഗായികയായ ലീലാ മേനോനാണ് ഭാര്യ. പ്രീതി, അനിൽ എന്നിവരാണ് മക്കൾ.