ആലപ്പി അഷ്റഫ്
മലയാള ചലച്ചിത്ര നടൻ, സംവിധായകൻ. ആലപ്പുഴജില്ലയിൽ ജനിച്ചു. വിദ്യാഭ്യാസകാലത്തുതന്നെ മിമിക്രി ചെയ്തിരുന്നു അദ്ദേഹം. ആലപ്പുഴ എസ് ഡി കോളാജിലായിരുന്നു അഷറഫിന്റെ വിദ്യാഭ്യാസം. ഫാസിൽ നെടുമുടിവേണു, ജിജൊ... തുടങ്ങിയ പ്രഗത്ഭമതികളായിരുന്നു സഹപാഠികൾ. കോളേജിൽ വെച്ച് മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം അനുകരണ രംഗത്തേയ്ക്ക് കടക്കുന്നത്. മൃഗങ്ങളെയും പക്ഷികളെയും അനുകരിയ്ക്കുന്നതിനുപകരം സിനിമാതാരങ്ങളെയും രാഷ്ട്രീയക്കാരെയും അനുകരിച്ചുകൊണ്ടാണ് അഷറഫ് പ്രശസ്തനായത്. കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രി ആദ്യമായി ഉൾപ്പെടുത്തിയപ്പോൾ അതിൽ ഒന്നാം സ്ഥാനം കിട്ടിയത് അഷ്റഫിനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ സംഭവം. ആകാശവാണിയിലൂടെ അഷ്റഫിന്റെ സമ്മാനാർഹമായ പ്രോഗ്രാം പ്രക്ഷേപണം ചെയ്തത് അദ്ദേഹത്തെ കേരളം മുഴുവൻ അറിയപ്പെടുന്നവനാക്കി. തുടർന്ന് ധാരാളം മിമിക്രി പ്രോഗ്രാമുകൾ അദ്ദേഹത്തിന് ലഭിയ്ക്കാൻ തുടങ്ങി. മിമിക്സ് പരേഡ് എന്ന കലാരുപത്തിന്റെ ഉപജ്ഞ്യാതാക്കളിൽ ഒരാളാണ് ആലപ്പി അഷറഫ്.
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ എന്ന സിനിമയിലാണ് ആലപ്പി അഷറഫ് ആദ്യമായി അഭിനയിയ്ക്കുന്നത്. വളരെ ചെറിയ ഒരു വേഷമായിരുന്നു അത്. പിന്നീട് ദ്വീപ് എന്ന ചിത്രത്തിലും ഒരു ചെറിയവേഷം ചെയ്തു. ചൂള എന്ന ചിത്രത്തിനു വേണ്ടിയാണ് അഷറഫ് ആദ്യമായി ഡബ്ബ് ചെയ്യുന്നത്. ചൂളയിലെ നായകനായ പി ജെ ആന്റണി ഡബ്ബിംഗിനു മുൻപ് അപ്രതീക്ഷിതമായി മരിച്ചതിനാൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിനുവേണ്ടി ശബ്ദം കൊടുക്കുവാനുള്ള ഭാഗ്യം ലഭിച്ചത് അഷറഫിനാണ്. അതിനുശേഷം ജയനുവേണ്ടിയാണ് അദ്ദേഹം ശബ്ദംകൊടുത്തത്. ജയന്റെ മരണത്തെത്തുടർന്ന് നാലു സിനിമകളായിരുന്നു ഡബ്ബ് ചെയ്യാതെ മുടങ്ങിക്കിടന്നിരുന്നത്. അതിൽ മനുഷ്യമൃഗം എന്ന സിനിമയ്ക്ക് വേണ്ടിയാണ് അഷറഫ് ആദ്യമായി ശബ്ദംകൊടുത്തത്. അതിനുശേഷം കോളിളക്കം, ആക്രമണം, അറിയപ്പെടാത്ത രഹസ്യം, സഞ്ചാരി എന്നീ സിനിമകളിലും ജയനു വേണ്ടി ശബ്ദം കൊടുത്തു. ഒരു നായക നടൻ മരിച്ചതിനു ശേഷം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിനു ശബ്ദം കൊടുക്കുന്ന കേരളത്തിലെ ആദ്യത്തെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആലപ്പി ആഷറഫ് ആണ്. രജനീകാന്ത് നായകനായി നാലു ഭാഷകളിൽ എടുത്ത ഗർജ്ജനം എന്ന സിനിമയിൽ രജനീകാന്തിനു വേണ്ടി മലയാളത്തിൽ ശബ്ദം കൊടുത്തത് അഷറഫ് ആയിരുന്നു.
ആലപ്പി അഷറഫ് സംവിധായകനാകുന്നത്, 1983 -ൽ പ്രേംനസീർ,മമ്മൂട്ടി എന്നിവർ നായകന്മാരായ ഒരു മാടപ്രാവിന്റെ കഥ എന്ന സിനിമയിലൂടെയാണ്. സിനിമയുടെ കഥ,തിരക്കഥ,സംഭാഷണം എല്ലാം അഷറഫ് തന്നെയായിരുന്നു. തുടർന്ന് പതിനൊന്ന് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ഇരുപത്തിഅഞ്ചോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആറോളം സിനിമകളിൽ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു. പാറ, ഒരു മുത്തശ്ശിക്കഥ, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം, ഇൻ ഹരിഹർ നഗർ, അണുകുടുംബം ഡോട്ട് കോം. എന്നീ സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് ആലപ്പി അഷറഫ്.