മധു അമ്പാട്ട്
പാലക്കാട്ട് ജില്ലയിലെ പ്രശസ്തമായ അമ്പാട്ട് തറവാട്ടിലെ സുലോചനയുടെയും, പ്രശസ്ത മജീഷ്യനായിരുന്ന കെ.ഭാഗ്യനാഥിന്റേയും മകനായി 1949 മാര്‍ച്ച് 6ന് മധു അമ്പാട്ട് ജനിച്ചു. കേരളത്തിലെ ആദ്യത്തെ ജനകീയമന്ത്രിയായിരുന്ന അമ്പാട്ട് ശിവരാമ മേനോനാണ് മുത്തച്ഛൻ. ഒരു ഇംഗ്ലീഷ് പ്രഫസര്‍ ആയിരുന്ന അച്ഛൻ ഭാഗ്യനാഥ് ജോലി രാജിവച്ച് അറിയപ്പെടുന്ന മജീഷ്യനായി മാറിയിരുന്നു. മധു അമ്പാട്ട് ചിറ്റൂര്‍ ഗവണ്മെന്റ് സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം1970ല്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും ഫിസിക്സില്‍ ബിരുദം നേടി. പിന്നിട് പൂനയിലെ ഫിലം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നുവര്‍ഷത്തെ ഛായഗ്രാഹണപഠന കോഴ്സിനു ചേരുകയും തുടര്‍ച്ചയായി മൂന്നു വര്‍ഷവും സ്കോളര്‍ഷിപ്പിന് അര്‍ഹനാവുകയും, ഗോൾഡ് മെഡലുമായി ഛായാഗ്രഹണ കോഴ്സ് പൂർത്തിയാക്കുകയും ചെയ്തു. നല്ലൊരു ഫോട്ടോഗ്രാഫറും കൂടിയായിരുന്ന അച്ഛന്റെ പ്രോത്സാഹനമാണ് ഛായാഗ്രഹണം ഒരു തൊഴിലാക്കി മാറ്റാൻ മധു അമ്പാട്ടിനെ പ്രേരിപ്പിച്ചത്. രാമു കാര്യാട്ടിന്റെ ഒരു ഡോക്യുമെന്ററിക്ക് ഛായാഗ്രഹണം നിർവ്വഹിച്ച് കൊണ്ടാണ് പ്രൊഫഷണലായി തുടക്കമിടുന്നത്. ഏകദേശം 40 വർഷത്തെ സിനിമാ ജീവിതത്തിൽ 9 ഭാഷകളിലായി 200ലേറെ സിനിമകൾ പൂർത്തിയാക്കി. ഏറെ അവാർഡുകളും നേടി ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകരിലൊരാളാവാൻ മധു അമ്പാട്ടിനു കഴിഞ്ഞു. മൂന്ന് പ്രാവശ്യം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും നാല് പ്രാവശ്യം കേരള സംസ്ഥാന സർക്കാരിന്റെ അവാർഡും കരസ്ഥമാക്കി. സിനിമകൾക്ക് പുറമേ ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, സീരിയലുകൾ എന്നിവയൊക്കെ മധു അമ്പാട്ടിന്റെ ഛായാഗ്രഹണ കരിയറിൽ ഉൾപ്പെടുന്നു.
സിനിമയിൽ ഏറെ പ്രശസ്തിയാർജ്ജിച്ച നടി വിധുബാലയാണ് മധു അമ്പാട്ടിന്റെ സഹോദരി. അമൃത ടിവിയിലെ കഥയല്ലിത് ജീവിതമെന്ന പരമ്പരയിലൂടെ ടെലിവിഷൻ രംഗത്തും പ്രശസ്തയാണവർ.
ദര്‍ശനും, റിത്വിനും എന്ന ആൺകുട്ടികളും ഭാര്യ ലതയുമടങ്ങുന്നതാണ് മധു അമ്പാട്ടിന്റെ കുടുംബം. ചെന്നെയിലാണ് സ്ഥിര താമസം.