മോഹൻ ശർമ്മ
മലയാള ചലച്ചിത്ര നടൻ. 1948 നവംബർ 16ന് തത്തമംഗലത്ത് ജനിച്ചു. തത്തമംഗലത്തും ചിറ്റൂരുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ സ്ക്കൂൾ വിദ്യാഭ്യാസം. അതിനുശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ അദ്ദേഹം ബിരുദമെടുത്തു. ദക്ഷിണേന്ത്യയിൽനിന്നും അഭിനയത്തിൽ ബിരുദമെടുത്ത ആദ്യ വ്യക്തിയാണ് മോഹൻശർമ്മ. പഠിത്തം കഴിഞ്ഞതിനുശേഷമാണ് മോഹൻ സിനിമയിലേയ്ക്കെത്തുന്നത്. 1972 ൽ പി എൻ മേനോൻ സംവിധാനം ചെയ്ത പണിമുടക്ക് ആയിരുന്നു മോഹൻ ശർമ്മ അഭിനയിച്ച ആദ്യ സിനിമ.
തുടർന്ന് എ വിൻസന്റ് സംവിധാനം ചെയ്ത ചെണ്ട എന്നിവയുൾപ്പെടെ കുറച്ചു സിനിമകളിൽ അഭിനയിച്ചതിനുശേഷം 1974 ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ചട്ടക്കാരി എന്ന സിനിമയിൽ നായകനായി. പിന്നീട് നെല്ല്, പ്രയാണം എന്നിവയുൾപ്പെടെ ചില സിനിമകളിൽ കൂടി നായകനായോ നായക തുല്യമായ കഥാപാത്രങ്ങളായോ അദ്ദേഹം അഭിനയിച്ചു. 1985 വരെ സിനിമകളിൽ മോഹൻ ശർമ്മ സജീവമായിരുന്നു. പിന്നീട് സിനിമയിൽ നിന്നും പിന്മാറിയ അദ്ദേഹം വലിയൊരു ഇടവേളയ്ക്കുശേഷം 2000 ത്തിൽ ദാദാ സാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്.
മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും മോഹൻ ശർമ്മ അഭിനയിച്ചിട്ടുണ്ട്. ഇരുപതോളം തമിഴ് ചിത്രങ്ങളിലും നാല് ഹിന്ദി ചിത്രങ്ങളിലും ചില തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1983 ൽ ബന്ധം എന്ന സിനിമ നിർമ്മിച്ചുകൊണ്ട് അദ്ദേഹം സിനിമാ നിർമ്മാണത്തിലേയ്ക്കും കടന്നു. തുടർന്ന് രണ്ടു സിനിമകൾ കൂടി നിർമ്മിച്ചു. 2012 ൽ മോഹൻ ശർമ്മ മലയാളത്തിലും തമിഴിലുമായി ഒരു സിനിമ സംവിധാനം ചെയ്തു. ഗ്രാമം എന്ന ആ സിനിമയുടെ കഥ, തിരക്കഥ എന്നിവ രചിച്ചതും അദ്ദേഹം തന്നെയായിരുന്നു. കൂടാതെ ഗ്രാമത്തിന്റെ നിർമ്മാതാവും മോഹൻ ശർമ്മയായിരുന്നു. നല്ലൊരു ഗായകൻ കൂടിയായ മോഹൻ ശർമ്മ വിവിധ സിനിമകളിലായി ഏഴു ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
മൂന്നു പ്രാവശ്യം നാഷണൽ ഫിലിം ജൂറി മെംബറും ഒരിയ്ക്കൽ ഇന്ത്യൻ പനോരമ ജൂറി മെംബറും ആയി ഇരുന്നിട്ടുണ്ട്. ചട്ടക്കാരി എന്ന സിനിമയിൽ തന്റെ നായികയായി അഭിനയിച്ച ലക്ഷ്മിയെയാണ് മോഹൻ ശർമ്മ വിവാഹം ചെയ്തത്. 1975 ലായിരുന്നു അവരുടെ വിവാഹം.1980 ൽ അവർ വിവാഹ മോചനം നേടി. അതിനുശേഷം 1982 ൽ അദ്ദേഹം വീണ്ടും വിവാഹിതനായി. ശാന്തിയാണ് മോഹൻ ശർമ്മയുടെ ഭാര്യ.