പി ടി കുഞ്ഞുമുഹമ്മദ്
മലയാള ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്. 1949-ൽ തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്തുള്ള ഏനാമാവിൽ എം കെ സൈതാലിക്കുട്ടിയുടെയും തിരുനെല്ലി കുഞ്ഞാമിനയുടെയും മകനായി ജനിച്ചു. ഗുരുവായുർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് പ്രീഡിഗ്രിയും തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും നേടിയ കുഞ്ഞുമുഹമ്മദ് പന്ത്രണ്ട് വർഷത്തോളം യു.എ.ഇ- ലെ അബുദാബിയിൽ ജോലിചെയ്തു.
പി ടി കുഞ്ഞുമുഹമ്മദ് നിർമ്മാതാവായിക്കൊണ്ടാണ് ചലച്ചിത്ര ലോകത്തേയ്ക്കെത്തുന്നത്. കെ ആർ മോഹനൻ സംവിധാനം ചെയ്ത പുരുഷാർത്ഥം നിർമ്മിച്ചുകൊണ്ട് 1986-ലാണ് സിനിമയിൽ തുടക്കമിടുന്നത്. 1987-ലെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം പുരുഷാർത്ഥം കരസ്ഥമാക്കി. 1987-ൽ പവിത്രന്റെ ഉപ്പ് എന്ന ചിത്രത്തിൽ അഭിനയിച്ചു. 1992-ൽ കെ ആർ മോഹനന്റെ സ്വരൂപത്തിന്റെ നിർമ്മാതാവായി. സമാന്തര സിനിമകളുടെ വക്താവായാണ് പി ടി കുഞ്ഞുമുഹമ്മദ് അറിയപ്പെട്ടത്.
പി ടി കുഞ്ഞുമുഹമ്മദ് 1993- ലാണ് സംവിധായകനാകുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു. മഗ്രിബ്. മികച്ച നവാഗത സംവിധായകനുള്ള അവാർഡ് മഗ്രിബിലൂടെ കുഞ്ഞുമുഹമ്മദിന് ലഭിച്ചു. 1999-ൽ അദ്ദേഹം ഗർഷോം എന്ന സിനിമ സംവിധാനം ചെയ്തു. 2007-ൽ മോഹൻലാലിനെ നായകനാക്കി പരദേശി എന്ന സിനിമ സംവിധാനം ചെയ്തു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം പരദേശി കുഞ്ഞുമുഹമ്മദിന് നേടിക്കൊടുത്തു. തുടർന്ന് വീരപുത്രൻ, വിശ്വാസ്പൂർവ്വം മൺസൂർ എന്നീ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. പി ടി സംവിധാനം ചെയ്ത എല്ലാ സിനിമകളുടെയും കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു.
കൈരളി ചാനലിന്റെ സ്ഥാപക ഡയറക്ടർമാരിലൊരാളാണ് പി ടി കുഞ്ഞുമുഹമ്മദ്. 1994 ലും 1996 ലും ഗുരുവായുർ മണ്ഡലത്തിൽ നിന്ന് സി.പി.എം. സ്വതന്ത്ര എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും പ്രാഗാത്ഭ്യം തെളിയിച്ചു അദ്ദേഹം. കൈരളി ടിവിയിൽ അവതരിപ്പിച്ചു വരുന്ന പ്രവാസലോകം എന്ന പരിപാടി നിരവധി എപ്പിസോഡുകൾ പിന്നിട്ടു. കാണാതാവുന്ന പ്രവാസി ഇന്ത്യക്കാരെ കണ്ടെത്തുന്നതിനുള്ള ഒരു പരിപാടിയാണിത്. കേരാള പ്രവാസി സംഘത്തിന്റെ സംസ്ഥാന അധ്യക്ഷനാണ് പി.ടി കുഞ്ഞുമുഹമ്മദ്.
പി ടി കുഞ്ഞുമുഹമ്മദിന്റെ ഭാര്യയുടെ പേര് ആയിഷാബി.