ദിവ്യ ഉണ്ണി

Divya Unni

ചലച്ചിത്ര താരം. 1981-ൽ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണന്റെയും കിഴക്കെമഠത്തിൽ ഉമദേവിയുടെയും മകളായി കൊച്ചിയിൽ ജനിച്ചു. ദിവ്യ ഉണ്ണിയുടെ അമ്മ ഉമ ദേവി ഭവൻസ് വിദ്യാമന്ദിർ സ്കുളിലെ അദ്ധ്യാപികയായിരുന്നു. 2013-ലെ മികച്ച അദ്ധ്യാപികയ്ക്കുള്ള നാഷണൽ അവാർഡ് ലഭിച്ചയാളാണ് ഉമാദേവി. ഭവൻസ് സ്കൂളിലും എറണാംകുളം സെന്റ് തെരേസാസ് കോളേജിലുമായിട്ടായിരുന്നു ദിവ്യ ഉണ്ണിയുടെ പഠനം.

1981-ൽ എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക് എന്ന സിനിമയിൽ തന്റെ രണ്ടാമത്തെ വയസ്സിലാണ് ദിവ്യ ഉണ്ണി അഭിനയിയ്ക്കുന്നത്. 1987-ൽ രണ്ടാം ക്ലാസിൽ പഠിയ്ക്കുമ്പോൾ നീയെത്ര ധന്യ എന്ന ചിത്രത്തിലാണ് പിന്നീട് അഭിനയിച്ചത്. 1991-ൽ പൂക്കാലം വരവായി എന്ന സിനിമയിലും തുടർന്ന്  ഓ ഫാബി, സൗഭാഗ്യം എന്നീ സിനിമകളിലും ബാലനടിയായി അഭിനയിച്ചു. 1996- ൽ വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന സിനിമയിലാണ് ദിവ്യ ഉണ്ണി ആദ്യമായി നായികയാകുന്നത്, ദിലീപായിരുന്നു നായകൻ. തുടർന്ന് ജയറാം, മുകേഷ്, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവ്വരുടെയെല്ലാം നായികയായി അഭിനയിച്ചു. 1995-2005 കാലത്ത് മലയാളത്തിലെ മുൻനിര നായികമാരിലൊരാളായി മാറി. ചുരം, കഥാനായകൻ, കാരുണ്യം, വർണ്ണപ്പകിട്ട്, ഒരു മറവത്തൂർ കനവ്, പ്രണയ വർണ്ണങ്ങൾ, ആകാശ ഗംഗ, ഫ്രണ്ട്സ്, ഉസ്താദ്.. എന്നിവയെല്ലാം ദിവ്യാ ഉണ്ണി അഭിനയിച്ച പ്രശസ്തമായ ചിത്രങ്ങളാണ്. ചില തമിഴ്,തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മൂന്നാം വയസ്സുമുതൽ നൃത്തപഠനം തുടങ്ങിയ ദിവ്യ ഉണ്ണി മികച്ചൊരു നർത്തകികൂടിയാണ്. കേരള സ്കൂൾ കലോത്സവത്തിൽ 1990 -91 വർഷങ്ങളിൽ  കലാതിലകമായിരുന്നു. ദൂരദർശനിൽ ദിവ്യ ഉണ്ണി നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ ദൂരദർശനു വേണ്ടി വിനയൻ സംവിധാനം ചെയ്ത ഒരു സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

2002-ലായിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം. അമേരിയ്ക്കയിൽ ജോലിയുള്ള സുധീർ ശേഖർ ആയിരുന്നു വരൻ. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന് അമേരിയ്ക്കയിൽ താമസമാക്കിയ ദിവ്യ ഉണ്ണി അവിടെ ശ്രീപാദം സ്കൂൾ ഓഫ് ആർട്സ് എന്ന നൃത്ത വിദ്യാലയം നടത്തുകയാണിപ്പോൾ. സുധീർ - ദിവ്യ ദമ്പതികൾക്ക് രണ്ടുമക്കളാണുള്ളത്. സുധീറുമായുള്ള ബന്ധം പിരിഞ്ഞതിനുശേഷം ദിവ്യ ഉണ്ണി മുംബൈ മലയാളിയായ അരുൺകുമാറിനെ വിവാഹം ചെയ്തു. അതിൽ ഒരു കുട്ടിയുണ്ട്. വിവാഹത്തിനുശേഷം മുസാഫിർ എന്ന സിനിമയിലൂടെ 2013-ൽ ചലച്ചിത്രലോകത്തേയ്ക്ക് തിരിച്ചുവന്നു. ഇന്ത്യയിലും അമേരിയ്ക്കയിലും മറ്റു രാജ്യങ്ങളിലുമായി നിരവധി വേദികളിൽ നൃത്തപരിപാടികൾ ദിവ്യാ ഉണ്ണി ഇപ്പോൾ അവതരിപ്പിച്ചുവരുന്നു.

 

ഇൻസ്റ്റഗ്രാം പ്രൊഫൈൽ