ഭാഗ്യലക്ഷ്മി

Bhagyalakshmi

ഡബ്ബിങ്ങ് ആർട്ടിസ്റ്റ്, നടി

മലയാള സിനിമകളിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റും ചില പഴയകാലചിത്രങ്ങളിൽ ബാലതാരവും നായികയുമായിരുന്നു ഭാഗ്യലക്ഷ്മി. 

കോഴിക്കോട്ട്‌ പോവ്വാട്ട്‌ തറവാട്ടിൽ കുമാരൻ നായരുടേയും ഷൊർണ്ണൂർ കുറുപ്പത്ത്‌തറവാട്ടിൽ ഭാർഗ്ഗവി അമ്മയുടേയും മകളായി 1962 നവംബർ ഒന്നിന്‌ കോഴിക്കോട്ട്‌ജനിച്ചു. ഇന്ദിരാ നായർ സഹോദരിയും ഉണ്ണി നായർ സഹോദരനുമാണ്‌. കുട്ടിക്കാലത്തുതന്നെ മാതാപിതക്കളെ നഷ്ടപ്പെട്ട ഭാഗ്യലക്ഷ്മി അതേത്തുടർന്ന്അനാഥാലയത്തിലും പിന്നീട്‌ മദിരാശിയിൽ വല്യമ്മയുടെ ഒപ്പവുമാണ്‌ വളർന്നത്‌. കുട്ടിയായിരിക്കുമ്പോഴേ സംഗീതവും വീണയും പഠിച്ചിരുന്നു.സിനിമയിൽസജ്ജീവമാകുന്നതിനു മുൻപ് മദ്രാസിലെ ചില ഗാനമേളാട്രൂപ്പുകളിൽഗായികയുമായിരുന്നു.അക്കാലത്ത് ബാലതാരങ്ങൾക്ക്‌ കുട്ടികൾ ഡബ്ബ് ചെയ്യുന്നപതിവില്ലെങ്കിലും 1972ൽ പി എൻ സുന്ദരം സംവിധാനം ചെയ്ത  “അപരാധി” എന്നസിനിമയിൽ പ്രേംനസീറിന്റെ മകളായി അഭിനയിച്ച കുട്ടിക്ക് ശബ്ദം നൽകിക്കൊണ്ട്‌ഡബ്ബിംഗ്‌ ആർട്ടിസ്റ്റായി മാറി. പിന്നീട് 'കത്ത്‌', ഹമീദ്‌ കാക്കശേരിയുടെ ‘മനസ്സ്’ എന്നീചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.  'ചഞ്ചലം' തുടങ്ങിയ ആദ്യ ചിത്രങ്ങളിൽപെൺകുട്ടികൾക്കാണ് ശബ്ദം കൊടുത്തിരുന്നതെങ്കിലും പിന്നീട്ആൺകുട്ടികൾക്കും ശബ്ദം കൊടുത്തു.മദിരാശിയിൽ ചലച്ചിത്ര ജീവിതത്തോടൊപ്പംപ്രീ യൂണിവേഴ്സിറ്റി പഠനവും പൂർത്തിയാക്കി. 

1978ൽ ജെ വില്യംസിന്റെ 'മദാലസ'യിലും 1980ൽ ഭരതന്റെ 'ചാമര'ത്തിലുംഭാഗ്യലക്ഷ്മി അഭിനയിച്ചു. തുടർന്ന് 1980ൽ 'സൂര്യദാഹ'ത്തിലും 81ൽ 'മനസ്സിന്റെതീർത്ഥയാത്ര'യിലും ദേവന്റെ നായികയായും 82ൽ 'തായമ്പക'യിൽ മുകേഷിന്റെനായികയായും അഭിനയിച്ചെങ്കിലും തന്റെ തന്നെ താല്പര്യക്കുറവുകൊണ്ട് അഭിനയംഉപേക്ഷിച്ച് ഡബ്ബിങ്ങ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 

1978ൽ പ്രിയദർശൻ-സുരേഷ്കുമാർ-അശോക്‌കുമാർ-മോഹൻലാൽ ടീമിന്റെആദ്യചിത്രമായ “തിരനോട്ട”ത്തിലാണ് ഭാഗ്യലക്ഷ്മി ആദ്യമായി നായികക്ക് ശബ്ദംകൊടുക്കുന്നത്. രേണു ചന്ദയാണ്‌ ശബ്ദം സ്വീകരിച്ചതെങ്കിലും നിർഭാഗ്യവശാൽചിത്രം റിലീസ് ചെയ്തില്ല. പിന്നീട് ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിൽ നായികസംസാരിക്കുന്ന ആദ്യചിത്രമായി പുറത്തുവന്നത് അന്തരിച്ച ജയൻ അവസാനമായിഅഭിനയിച്ച “കോളിളക്കം” എന്ന സിനിമയിലാണ്. 1981ലെ ആ സിനിമയിൽസുമലതക്കായിരുന്നു ഭാഗ്യലക്ഷ്മി ശബ്ദം നൽകിയത്. ആദ്യകാലങ്ങളിൽഡബ്ബിങ്ങിനെ അത്ര സീരിയസ്സായി കണ്ടിരുന്നില്ലെങ്കിലും സംവിധായകൻ ഫാസിൽ, സൌണ്ട് എഞ്ചിനീയർ ദേവദാസ് എന്നിവരുമായുള്ള പ്രവൃത്തി പരിചയം  തന്റെകാഴ്ചപ്പാടുകളെ ഒരുപാട് മാറ്റിയതായും ഡബ്ബിങ്ങിനെ വളരെ സീരിയസ്സായും മികച്ചപ്രൊഫഷനായും സമീപിക്കുവാൻ കാരണമാകുകയുംചെയ്തതായി ഭാഗ്യലക്ഷ്മിതന്റെ അഭിമുഖങ്ങളിൽ അനുസ്മരിച്ചിട്ടുണ്ട്.

മലയാളത്തിലെ പ്രശസ്ത നടികളായിരുന്ന കാർത്തിക, രേവതി, നദിയാമൊയ്തു, അമല, പാർവ്വതി, ഉർവ്വശി, ശോഭന, സംയുക്താ വർമ്മ മുതൽ നയൻ താരവരെയുള്ള നായികമാരുടെ ഏതാണ്ടെല്ലാ ചിത്രങ്ങളിലും ഭാഗ്യലക്ഷ്മിയായിരുന്നുശബ്ദം നൽകിയത്.

സിനിമയുടെ മേഖലയിൽ പലപ്പോഴും ആരും വിലമതിക്കാതെ മറന്നു കളയുന്നഡബ്ബിങ്ങ് ആർട്ടിസ്റ്റുകൾക്ക് കൂട്ടായ്മയും സംഘടനാപ്രവർത്തനവും വേണമെന്ന്തോന്നിയതുകൊണ്ട് മലയാളത്തിലെ ഡബ്ബിങ്ങ് ആർട്ടിസ്റ്റുകളുടെ സംഘടനാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇപ്പോൾ സംഘടനാ പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കുന്നു.

സിനിമയിലെ വരും തലമുറക്ക് ഡബ്ബിങ്ങിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്നആഗ്രഹത്താൽ എറണാകുളത്ത് ഭാഗ്യലക്ഷ്മി ആരംഭിച്ച ഡബ്ബിങ്ങ് ഇൻസ്റ്റിട്യൂട്ട്പക്ഷെ, പല കാരണങ്ങളാൽ പാതി വഴിയിൽ അവസാനിപ്പിക്കേണ്ടിവന്നു.

മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റായി പേരെടുത്ത ഭാഗ്യലക്ഷ്മിക്ക് നിരവധി തവണസംസ്ഥാന സിനിമാ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്ത്കഴിഞ്ഞ അരനൂറ്റാണ്ടോളം നീണ്ട സിനിമാജീവിതത്തിൽ മൂവായിരത്തിനുമേൽചിത്രങ്ങളിലായി അസംഖ്യം നടികൾക്ക്‌ ശബ്ദസാന്നിദ്ധ്യമായി ഭാഗ്യലക്ഷ്മി മാറി. 

ഗായികയായും നായികയായും ഡബ്ബിങ്ങ് ആർട്ടിസ്റ്റായും മലയാള സിനിമയിൽസജീവമായിരുന്ന ഭാഗ്യലക്ഷ്മി ഇപ്പോൾ ഡബ്ബിങ്ങ് മേഖലയിൽ പ്രമുഖയായിത്തന്നെതുടരുന്നതോടൊപ്പം ടെലിവിഷൻ ചാനലുകളിലും സുപരിചിതയാണ്. കൈരളിചാനലിലെ “മനസ്സിലൊരു മഴവില്ല്”, "സെൽഫി" എന്നീ പ്രോഗ്രാമുകളിൽഅവതാരകയായി. 2021ൽ ഏഷ്യാനെറ്റ്‌ ചാനലിലെ പ്രശസ്തമായ "ബിഗ്‌ ബോസ്‌മലയാളം സീസൺ 3" ഷോയിൽ പങ്കെടുത്തിരുന്നു. 

കുടുംബം: 1985 ഒക്റ്റോബർ 27ന്‌ ചലച്ചിത്രപ്രവർത്തകനായ കെ.രമേഷ്കുമാറുമായിവിവാഹജീവിതം ആരംഭിച്ചു. 2014 സെപ്തംബറിൽ വേർപിരിഞ്ഞശേഷം 2021 മാർച്ച്‌23ന്‌ വൃക്കരോഗബാധിതനായിരുന്ന രമേഷ്‌ കുമാർ മരിച്ചു. 

രണ്ട് മക്കൾ. മൂത്തമകൻ നിധിൻ എഞ്ചിനീയർ, ഇപ്പോൾ സംവിധായകൻരഞ്ജിതിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു. രണ്ടാമത്തെ മകൻസച്ചിൻ ബാംഗ്ലൂരിൽ പഠിക്കുന്നു.

അവാർഡുകൾ

1991 സംസ്ഥാന ചലച്ചിത്ര അവാർഡ് - മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ്  -  നടി : അമല | ചിത്രങ്ങൾ : എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം

1995 സംസ്ഥാന ചലച്ചിത്ര അവാർഡ് - മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ് - നടി കനക | ചിത്രം : കുസൃതിക്കാറ്റ് | നടി : പ്രിയംബദാ റായ്, ചിത്രം : ഓർമ്മകളുണ്ടായിരിക്കണം

2002 സംസ്ഥാന ചലച്ചിത്ര അവാർഡും കേരള ഫിലിം ക്രിട്ടിക്സ്‌  അവാർഡും- മികച്ചഡബ്ബിങ്ങ് ആർട്ടിസ്റ്റ് - നടി സൌന്ദര്യ | ചിത്രം : യാത്രക്കാരുടെ ശ്രദ്ധക്ക്

ഭാഗ്യലക്ഷ്മിയുടെ ആത്മകഥയായ "സ്വരഭേദങ്ങൾ"ക്ക്‌ കേരള സാഹിത്യ അക്കാദമിപുരസ്കാരം ലഭിച്ചിട്ടുണ്ട്‌. 

മികച്ച അവതരണത്തിനും ഡബ്ബിംഗിനുമുള്ള കേരള സ്റ്റേറ്റ്‌ ടെലിവിഷൻ അവാർഡ്‌2002,2015 വർഷങ്ങളിൽ ലഭിച്ചു. 

2012ൽ മികച്ച ഡബ്ബിംഗ്‌ ആർട്ടിസ്റ്റിനുള്ള ഏഷ്യാനെറ്റ്‌ ടെലിവിഷൻ അവാർഡ്‌ നേടി. 

മലയാള സിനിമയിൽ അവിസ്മരണീയമായ പല കഥാപാത്രങ്ങളുടേയുംപൂർണ്ണതയിൽ ഭാഗ്യലക്ഷ്മിയുടെ ശബ്ദസാന്നിദ്ധ്യം വലിയ പങ്കുവഹിച്ചു.