കമൽ ഹാസൻ

Kamal Hasan

Profile photo drawing by : നന്ദൻ

കമലഹാസൻ. അഭിനേതാവ്, നർത്തകൻ, ഗായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച സകലകലാ വല്ലഭൻ. 1954 നവംബർ 7 -ന്  തമിഴ് നാട്ടിലെ രാമനാഥപുരത്തുള്ള ഒരു അയ്യങ്കാർ കുടുംബത്തിൽ ജനിച്ചു. അച്ഛൻ അഡ്വക്കെറ്റ് ശ്രീനിവാസൻ, അമ്മ രാജലക്ഷ്മി. പാർത്ഥസാരഥി എന്നായിരുന്നു കമലഹാസന്റെ ആദ്യത്തെ പേര്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അച്ഛൻ ശ്രീനിവാസൻ മകന് പിന്നീടാണ് കമലഹാസൻ എന്ന പേർ നൽകുന്നത്. കമലഹാസന്, ചാരുഹാസൻ, ചന്ദ്രഹാസൻ, നളിനി എന്നീ മൂന്ന് മുതിർന്ന സഹോദരങ്ങളുണ്ട്. ചാരുഹാസനും ചന്ദ്രഹാസനും അഭിനേതാക്കളായിരുന്നു. സഹോദരി നളിനി ക്ലാസിക്കൽ ഡാൻസറും.

തന്റെ ജന്മ ഗ്രാമമായ പരമകുടിയിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ കമലഹാസന്റെ തുടർ പഠനം മദ്രാസിലായിരുന്നു. അ കാലത്താണ് അദ്ദേഹം നൃത്തമടക്കമുള്ള കലാരുപങ്ങളിലും സിനിമയിലും ആകൃഷ്ടനാകുന്നത്. സിനിമാ നിർമ്മാണ കമ്പനിയായ AVM സ്റ്റുഡിയോയുടെ ഉടമയും സംവിധായകനുമായിരുന്നു എ വി മെയ്യപ്പന്റെ മകൻ എ വി ശരവണനെ പരിചയപ്പെട്ടതാണ് കമലഹാസന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അദ്ദേഹം കമലിന് അവരുടെ സിനിമയായ കളത്തൂർ കണ്ണമ്മയിൽ ബാലതാരമായി അഭിനയിക്കുവാനുള്ള അവസരം കൊടുത്തു. 1960 -ൽ കളത്തൂർ കണ്ണമ്മയിലൂടെ അഭിനയം തുടങ്ങിയ കമലഹാസൻ ഒരു വർഷത്തിനുള്ളിൽ അഞ്ചു സിനിമകളിൽ അഭിനയിച്ചു. 1962 -ൽ കണ്ണും കരളും എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറി. അച്ഛന്റെ പ്രോത്സാഹനത്തോടെ കമൽ ടി കെ എസ് നാടക സഭ എന്ന നാടക കമ്പനിയിൽ ചേർന്നു. അതോടൊപ്പം തന്നെ സ്ക്കൂൾ പഠനവും തുടർന്നു.

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പിന്നീട് കമലഹാസൻ സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. ഡാൻസ് കൊറിയോഗ്രാഫർ തങ്കപ്പൻ മാസ്റ്ററുടെ ഡാൻസ് അസിസ്റ്റന്റായിട്ടായിരുന്നു അദ്ദേഹം സിനിമയിൽ തിരിച്ചെത്തിയത്. അതിനോടൊപ്പം സിനിമകളിൽ ചില ചെറിയ റോളുകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. 170 -ൽ മാനവൻ എന്ന തമിഴ് ചിത്രത്തിലാണ് കമൽ ഹാസൻ പിന്നീട് അഭിനയിക്കുന്നത്. 1973 -ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത അരങ്ങേറ്റ്രം എന്ന സിനിമയിലാണ് കമൽ ആദ്യമായി ഒരു പ്രധാന വേഷം ചെയ്യുന്നത്. തുടർന്ന് രണ്ടുവർഷത്തോളം കമലഹാസൻ തമിഴിൽ സഹനായകനായും മറ്റു പ്രധാന കാരക്ടർ റോളുകളിലും അഭിനയിച്ചു. ആ സമയത്തു തന്നെയാണ് അദ്ദേഹം മലയാളത്തിൽ നായകനാകുന്നത്. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത കന്യാകുമാരി ആയിരുന്നു ആ ചിത്രം. കന്യാകുമാരിയിലെ അഭിനയം കമലഹാസന് ഫിലിം ഫെയർ ആവാർഡ് നേടിക്കൊടുത്തു.

1975 -ൽ കെ ബാലചന്ദറിന്റെ അപൂർവരാഗങ്ങൾ എന്ന തമിഴ് ചിത്രത്തിൽ നായകനായതോടെയാണ് കമലഹാസൻ തമിഴിലെ മുൻനിര നായക പദവിയിലേയ്ക്കുയരുന്നത്. മലയാളത്തിൽ കന്യാകുമാരിയ്ക്കുശേഷം വിഷ്ണുവിജയം, സത്യവാൻ സാവിത്രിമദനോത്സവംവയനാടൻ തമ്പാൻഈറ്റ, വ്രതംചാണക്യൻ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ നായകനായി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷാചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1981 -ൽ മൂംട്രാംപിറൈ എന്ന തമിഴ് സിനിമയിലെ അഭിനയത്തിനാണ് കമൽ ഹാസന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിയ്ക്കുന്നത്. തുടർന്ന് മൂന്നുതവണ അദ്ദേഹം ദേശീയ പുരസ്ക്കാരത്തിനർഹനായി. പത്തൊൻപതു തവണ ഫിലിം ഫെയർ അവാർഡുകൾ നേടിയിട്ടുണ്ട്.

ഗുരു എന്ന തമിഴ് ചിത്രത്തിന് തൂലിക ചലിപ്പിച്ചുകൊണ്ടാണ് കമലഹാസൻ തിരക്കഥാരചന തുടങ്ങുന്നത്. നാല്പതിലധികം തിരക്കഥകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അപൂർവ്വ സഹോദരങ്ങൾ, മഹാനദി, തേവർമകൻ, അൻപേശിവം, ദശാവതാരം, ഉത്തമവില്ലൻ, ഹേ റാം എന്നിവ അവയിൽ ശ്രദ്ധേയമായ രചനകളാണ്. ഗുരു എന്ന സിനിമയിലൂടെ തന്നെയായിരുന്നു അദ്ദേഹം സംവിധായകനാകുന്നതും.ഹേ റാം, വീരുമാണ്ടി, വിശ്വരൂപം എന്നിവയുൾപ്പെടെ എട്ടു ചിത്രങ്ങൾ കമൽ ഹാസൻ സംവിധാനം ചെയ്തിട്ടുണ്ട്. രാജ പാർവൈ എന്ന ചിത്രത്തിലൂടെ സിനിമാ നിർമ്മാണവും തുടങ്ങിയ കമൽഹാസൻ മുപ്പതോളം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.

കമലഹാസന് രണ്ടു മക്കളാണുള്ളത്. സിനിമാതാരമായ ശ്രുതി ഹാസൻ, അക്ഷര ഹാസൻ.