കെ ബാലചന്ദര്‍
തഞ്ചാവൂരിലെ തമിഴ് ബ്രാഹ്മണകുടുംബത്തിൽ ദണ്ഡപാണിയുടെയും സരസ്വതിയുടെയും മകനായി ജനിച്ചു. ചിദംബരത്തെ അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ് സി സുവോളജി ബിരുദം നേടിയ ശേഷം ബാലചന്ദർ തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടയിൽ സ്‌കൂൾ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. 1960 -കളിൽ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ സൂപ്രണ്ടായി ജോലി ചെയ്തുകൊണ്ടിരുന്ന കാലത്ത് നാടകരചനക്കും സംവിധാനത്തിനും സമയം കണ്ടെത്തിയ അദ്ദേഹം സാമൂഹിക പ്രതിബദ്ധതയുള്ള നാടകങ്ങളിലൂടെ അന്നു തന്നെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചു.
എം.ജി.ആറിന്റെ ആവശ്യപ്രകാരം ദൈവത്തായി എന്ന ചിത്രത്തിന് സംഭാഷണമെഴുതിക്കൊണ്ട് ബാലചന്ദർ ചലച്ചിത്ര ലോകത്ത് എത്തി. 1965 -ൽ നാണൽ, നീർക്കുമിഴി എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 1975 -ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ്വരാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് രജനീകാന്ത് സിനിമയിലേക്ക് കടന്നു വന്നത്. കമലഹാസനും രജനീകാന്തും തങ്ങളുടെ അഭിനയ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ഒന്നിച്ചെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. അവർകൾ, വറുമയിൻ നിറം, സികപ്പ്, നാൾകൾ എന്നീ ചിത്രങ്ങൾ അദ്ദേഹത്തെ തമിഴ് സംവിധായകരുടെ മുൻനിരയിലെത്തിച്ചു. 1978 -ൽ സംവിധാനം ചെയ്ത മാരോ ചരിത്ര എന്ന ചിത്രത്തിലൂടെ ബാലചന്ദർ കമലഹാസനെ തെലുങ്ക് സിനിമയിൽ അവതരിപ്പിച്ചു. വൻവിജയം നേടിയ ഈ ചിത്രമാണ് 1981 -ൽ ഏക് ദൂജേ കേ ലിയേ എന്ന പേരിൽ അദ്ദേഹം ഹിന്ദിയിലെടുത്തത്. 1985 -ൽ സ്വന്തമായി കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത സിന്ധുഭൈരവി ഏറെ ജനപ്രീതി നേടി. സംഘർഷങ്ങളിൽ പെടുന്ന സംഗീതജ്ഞന്റെ ജീവിതമായിരുന്നു ഈ ചിത്രത്തിന്റെ പ്രമേയം.
കെ ബാലചന്ദറിന്റെ പല തമിഴ് സിനിമകളും മലയാളത്തിൽ റീമെയ്ക്ക് ചെയ്തിട്ടുണ്ട്. ചില സിനിമകൾ മൊഴിമാറ്റിയും മലയാളത്തിൽ വന്നിട്ടുണ്ട്. എം ടി വാസുദേവൻ നായർ - ഐ വി ശശി ചിത്രമായ ഇടനിലങ്ങൾ നിർമ്മിച്ചികൊണ്ട് കെ ബാലചന്ദർ മലയാള സിനിമാലോകത്തും തന്റെ സാന്നിധ്യമറിയിച്ചു. 2006 -ൽ പുറത്തു വന്ന പൊയ് എന്ന തമിഴ് ചിത്രമാണ് അദ്ദേഹം ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത സിനിമ. 2008 -ൽ കുസേലൻ, തിരുവണ്ണാമലൈ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ കവിതാലയയുടെ ബാനറിൽ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത്. ഏതാനും ടെലിവിഷൻ പരമ്പരകളും ബാലചന്ദർ നിർമ്മിച്ചിട്ടുണ്ട്. ഇതിനിടെ രെട്ടൈ ചുഴി എന്ന തമിഴ് ചിത്രത്തിൽ പ്രധാന വേഷമണിഞ്ഞ് അഭിനയരംഗത്തെ മികവും അദ്ദേഹം വെളിപ്പെടുത്തി.
കെ ബാലചന്ദറിന്റെ ഭാര്യ രാജം. കൈലാസം, പ്രസന്ന, പുഷ്പ കന്തസ്വാമി എന്നിവരാണ് മക്കൾ. 2014 ഡിസംബറിൽ കെ ബാലചന്ദർ അന്തരിച്ചു.