പ്രേംനസീർ

Prem Nazir

മലയാളത്തിലെ  എക്കാലത്തെയും നിത്യഹരിത നായകൻ എന്ന വിശേഷണത്തിനു അർഹനായ ഒരു നടൻ ഉണ്ടെങ്കിൽ അത്  അബ്ദുൾ ഖാദർ എന്ന പ്രേംനസീർ ആയിരിക്കും. തെക്കൻ കേരളത്തിലെ ചിറയിൻകീഴ് എന്ന സ്ഥലത്ത് അക്കോട്ട് ഷാഹുൽ ഹമീദിന്റേയും അസുമാ ബീവിയുടേയും മൂത്ത പുത്രനായി 1927 ഏപ്രിൽ മാസം 7 നു ജനിച്ചു. കടിനാങ്കുളം ലോവർ പ്രൈമറി സ്കൂളിൽ നിന്ന് ആരംഭിച്ച വിദ്യാഭ്യാസം ആലപ്പുഴ എസ്.ഡി കോളേജിലും ചങ്ങനാശ്ശേരി എസ്.ബിയിലുമായി അദ്ദേഹം പൂർത്തിയാക്കി. 

സ്കൂൾ കോളേജ് വിദ്യാഭാസ കാലത്തു തന്നെ അഭിനയത്തിൽ തൽപ്പരനായിരുന്ന അബ്ദുൾ ഖാദർ, നാടകവേദികളിൽ സജീവസാന്നിദ്ധ്യമായിരുന്നു. പ്രൊഫ. ഷെപ്പേർഡ് എന്ന അതികായൻ സംവിധാനം ചെയ്ത ഷേക്സ്പീരിയൻ നാടകമായ മേർച്ചന്റ് ഒഫ് വെനീസിലെ ഷൈലോക്ക് എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അബ്ദുൾ ഖാദർ കോളേജു നാടകങ്ങളിലെ തന്റെ സ്ഥനം സുരക്ഷിതമാക്കി.    അന്നത്തെ നായകസങ്കല്പത്തിൽ ഒരു നായകനുവേണ്ട എല്ലാ തികവുകളും ഉള്ള സുന്ദരനായ അദ്ദേഹം അക്കാലത്ത് നാടകങ്ങളിൽ നിന്ന് ധാരാളം പുരസ്കാരങ്ങളും നേടി.  ജനപ്രിയമായി വന്ന സിനിമ എന്ന നൂതന ദൃശ്യാവിഷ്കാരത്തിലേക്ക് അദ്ദേഹം ആകൃഷ്ടനായി. അങ്ങനെ 1951ൽ കൗമുദി ബാലകൃഷ്ണന്റെ ചിത്രമായ ത്യാഗസീമയിൽ അബ്ദുൾ ഖാദർ ആദ്യമായി വേഷമിട്ടു. സത്യന്റേയും ആദ്യചിത്രമായിരുന്ന ത്യാഗസീമ പക്ഷേ പ്രദർശനത്തിനെത്തിയില്ല. പിന്നീട് 1952ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെ അബ്ദുൾ ഖാദർ മലയാള സിനിമാ ലോകത്തേയ്ക്കു പ്രവേശിച്ചു.  

അദ്ദേഹത്തിന്റെ മൂന്നാം ചിത്രമായ വിശപ്പിന്റെ വിളിക്കിടയിലാണ് അബ്ദുൾ ഖാദർ എന്ന പേരു മാറ്റി പ്രേംനസീർ എന്ന പേരു തിക്കുറിശ്ശി നൽകിയത്. ആ നാമം അനശ്വരമാക്കി 32 വർഷം അദ്ദേഹം എതിരാളിയില്ലാതെ മലയാള സിനിമയിൽ നിറഞ്ഞു നിന്നു. മലയാളികളുടെ നായക സങ്കൽപ്പം പരിപൂർണ്ണതയിലെത്തിയത് പ്രേംനസീറിലായിരുന്നു. ഏതാണ്ട് 525  മലയാളചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. അതിൽ 501 ചിത്രങ്ങൾ റിലീസായി. 35 തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചതിൽ 25 എണ്ണം റിലീസായി. മലയാളത്തിലും.തമിഴിലുമായി ഏകദേശം 555 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഏറ്റവും അധികം ചലച്ചിത്രങ്ങളിൽ നായകനായഭിനയിച്ച വ്യക്തി എന്ന ഗിന്നസ് റെക്കോഡ് കൂടാതെ. ഒരു നായികയോടൊപ്പം ഏറ്റവുമധികം ചലച്ചിത്രങ്ങളിൽ നായകനായ വ്യക്തി എന്ന റെക്കോഡും അദ്ദേഹത്തിനാണ്,  ഷീലയോടോപ്പം 107 ചിത്രങ്ങളിലാണ്അദ്ദേഹം  അഭിനയിച്ചത്. ഇതിൽ ഷീല നസീറിന്റെ അമ്മയും സഹോദരിയും കാമുകിയും ഭാര്യയും ചേട്ടന്റെ ഭാര്യയും അമ്മായി അമ്മയും മരുമകളും ഒക്കെ ആയി അഭിനയിച്ചിട്ടുണ്ട്. 100-ൽ അധികം നായികമാരോടോപ്പം അഭിനയിച്ചു എന്ന റെക്കോർഡും പ്രേംനസീറിനു സ്വന്തമാണ്. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രത്തിലും( തച്ചോളി അമ്പു) ആദ്യ 70 എം എം ചിത്രത്തിലും(പടയോട്ടം) നസീർ ആയിരുന്നു നായകൻ.    

അദ്ദേഹം സിനിമയിൽ ആലപിച്ചതായഭിനയിച്ച ഗാനങ്ങൾ മിക്കവയും പാടിയത് കെ.ജെ.യേശുദാസ് ആയിരുന്നു. അതും ഒരു റെക്കോഡായി നിലകൊള്ളുന്നു. മലയാള ചലച്ചിത്ര ഗാനശാഖയുടെ വസന്തകാലമായിരുന്നു പ്രേംനസീർ - യേശുദാസ് ജോഡിയുടെ കാലഘട്ടം. ഗാനരംഗങ്ങളിൽ തികഞ്ഞ തന്മയീഭാവത്തോടെയുള്ള അദ്ദേഹത്തിന്റെ അധരചലനങ്ങൾ ആ ഗാനങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രംതന്നെ പാടുന്നതാണോ എന്ന് തോന്നിപ്പിക്കുമാറ് ആകർഷകമായിരുന്നു.

ഇരുട്ടിന്റെ ആത്മാവ്, അടിമകൾ, കള്ളിച്ചെല്ലമ്മ, അസുരവിത്ത്, അനുഭവങ്ങൾ പാളിച്ചകൾ, പടയോട്ടം, കരി പുരണ്ട ജീവിതങ്ങൾ, വിട പറയും മുൻപേ ,കാര്യം നിസ്സാരം, തേനും വയമ്പും, ധ്വനി എന്നീ ചിത്രങ്ങൾ പ്രേംനസീറിന്റെ വൈവിധ്യമേറിയ നീണ്ട അഭിനയജീവിതത്തിലെ എടുത്തു പറയേണ്ട മുഹൂർത്തങ്ങളാണ്.

രാഷ്ട്രപതിയുടെ പദ്മഭൂഷൺ പുരസ്കാരത്തിന് (1983) അർഹനായ പ്രേംനസീർ 1985ൽ ദേശീയ ചലച്ചിത്ര ആഅർഡ് ജൂറി അംഗമായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി 1992 ൽ പ്രേംനസീർ പുരസ്കാരമേർപ്പെടുത്തി.

ഒരു സിനിമ സംവിധാനം ചെയ്യണമെന്ന തന്റെ ആഗ്രഹം ബാക്കി വെച്ചാണ് നസീർ പോയത്.  മമ്മൂട്ടിയെ വെച്ചൊരു ചിത്രം എഴുതാനുള്ള തിരക്കഥയ്ക്കായി തന്നെ നസീർ കാണാൻ വന്ന കാര്യം ഏറെ സ്നേഹത്തോടെയാണ് പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ഓർമ്മക്കുറിപ്പുകളിൽ പരാമർശിക്കുന്നത്. പക്ഷേ ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്ത് ആറു മാസത്തിനുള്ളിൽ പ്രേംനസീർ മരിച്ചപ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു സംവിധായകനെയായിരുന്നു എന്ന് ഡെന്നിസ് ജോസഫ് എഴുതുന്നു.

2013-ൽ ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഇന്ത്യൻ സിനിമാ മേഖലയിലെ ഇതിഹാസതുല്യരായ 50 വ്യക്തികളുടെ സ്റ്റാമ്പുകളിൽ പ്രേംനസീറിന്റെ ചിത്രവും ആലേഖനം ചെയ്തിരുന്നു. ഇതിൽ മലയാളത്തെ പ്രതിനിധീകരിച്ച് നസീറിന്റെ ചിത്രം മാത്രമാണ് ഇടം നേടിയത്.

ഹബീബാ ബീവിയാണ് ഭാര്യ. സിനിമാ നടനായ ഷാനവാസ് ഉൾപ്പെടെ നാലു മക്കളാണ് ശ്രീ പ്രേംനസീറിന്. ലൈല,റസിയ,റീത്ത എന്നിങ്ങനെ പെണ്‍മക്കൾ. അദ്ദേഹത്തിന്റെ സഹോദരൻ പ്രേം നവാസും ഒരു അഭിനേതാവായിരുന്നു.  സ്വഭാവസവിശേഷതകൾ കൊണ്ടും ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും ഒരു നല്ല വ്യക്തി എന്ന നിലയിൽ പേരെടുത്ത വ്യക്തിയുമായ അദ്ദേഹം 1989 ജനുവരി 16 നു 61 ആം വയസ്സിൽ മദ്രാസിൽ വച്ച്  അന്തരിച്ചു. എങ്കിലും എക്കാലത്തെയും അനശ്വര നായകനായി അദ്ദേഹം മലയാള ചലച്ചിത്ര ലോകത്ത് തന്റെ നിത്യ സാന്നിദ്ധ്യമറിയിക്കുന്നു.

അവലംബം - എന്റെ ജീവിതം - പ്രേംനസീർ - അനശ്വര നടന്റെ ആത്മകഥ

വിവിധ ഓൺലൈൻ ലേഖനങ്ങൾ