വിടപറയും മുമ്പേ
തന്റെ വേദനകളെല്ലാം ഉള്ളിൽ ഒതുക്കി അത് പുറംലോകമറിയാതെ സന്തോഷവാനാണെന്ന് വിശ്വസിപ്പിച്ച് നടക്കുന്ന ഉദ്യോഗസ്ഥനായ നായകൻ. നായകൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കർക്കശക്കാരനായ മാനേജർ. നല്ലവരായ കുറെ സഹപ്രവർത്തകർ. മാനേജരുടെ നേർ എതിർ സ്വഭാവക്കാരിയായ നല്ലവളായ അയാളുടെ ഭാര്യയും മകനും. ഇവർ തമ്മിലുള്ള ആത്മബന്ധങ്ങളുടെയും, നൊമ്പരങ്ങളുടെയും കഥ.
Actors & Characters
Actors | Character |
---|---|
ഫ്രാൻസിസ് സേവ്യർ | |
മാധവൻകുട്ടി | |
ഡോ തോമസ് | |
മനോഹരൻ | |
പണിക്കർ | |
വർഗീസ് | |
സുധ | |
ജാനകി | |
ഓമന | |
സുധ പ്രസിഡന്റായിട്ടുള്ള ക്ലബ് അംഗം | |
ലത | |
മിനി | |
പ്രസാദ് | |
സേവ്യർ പാർക്കിൽ വച്ചു കാണുന്നയാൾ | |
സേവ്യറിന്റെ സങ്കല്പത്തിലെ ഭാര്യ | |
ഫാദർ | |
സുധ പ്രസിഡന്റായിട്ടുള്ള ക്ലബ് അംഗം |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
പ്രേംനസീർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | പ്രത്യേക ജൂറി പുരസ്കാരം | 1 981 |
ഇന്നസെന്റ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ ചിത്രം | 1 981 |
കഥ സംഗ്രഹം
ഈ ചിത്രം എറണാകുളം ലുലു തിയേറ്ററിലെ ഉത്ഘാടന ചിത്രമായി സെപ്തംബർ 3 നും ഇതര കേന്ദ്രങ്ങളിൽ സെപ്തംബർ 10 നുമാണ് റിലീസ് ചെയ്തത്.
ഫ്രാൻസിസ് സേവ്യർ (നെടുമുടി വേണു) പതിവ് പോലെ അന്നും ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് നേരംവൈകി എത്തുന്നു. സേവ്യർ വാതിൽ തുറന്ന് അകത്തു കടക്കുമ്പോൾ തന്നെ സ്ഥാപനത്തിലെ ജോലിക്കാരെല്ലാം അയാളെത്തന്നെ ദയനീയമായും, പരിഹാസത്തോടെയും നോക്കി നിൽക്കുന്നു. സേവ്യർ ഒപ്പിടാൻ വേണ്ടി സൂപ്രണ്ട് പണിക്കരുടെ പക്കൽ ചെല്ലുമ്പോൾ, പണിക്കർ റിസ്റ്റ് വാച്ചിൽ സമയം നോക്കിയ ശേഷം സേവ്യറിനെ മാനേജറിന്റെ റൂമിലേക്ക് ചെന്ന് കിട്ടാനുള്ളത് വാങ്ങിച്ച ശേഷം വന്നു ഒപ്പിട്ടാൽ മതിയെന്ന് പറയുന്നു. സേവ്യർ മാനേജർ മാധവൻകുട്ടിയുടെ (പ്രേംനസീർ) മുറിയിലേക്ക് പോകുന്നു. മാധവൻകുട്ടി സേവ്യറിനെ പുച്ഛസ്വരത്തിൽ സ്വീകരിച്ച് ഇരിക്കാൻ പറയുന്നു. സേവ്യർ ഇരിക്കാതെ അദ്ദേഹത്തെ തന്നെ ദയനീയമായി നോക്കി നിൽക്കുന്നു. അപ്പോൾ, വന്നത് എന്തിനാണെന്ന് മനസ്സിലായില്ലല്ലോ എന്ന് മാധവൻകുട്ടി വീണ്ടും പുച്ഛത്തോടെ ചോദിക്കുന്നു. സേവ്യർ അതിനും ഒന്നും മിണ്ടാതെ നിൽക്കുന്നു. പുറത്ത്, പ്യുൺ വർഗീസ് (ഇന്നസെന്റ്) പണിക്കരിന്റെ ഒപ്പിനായി ദസ്താവേജുകൾ കൊടുക്കുമ്പോൾ, ഒപ്പിട്ടുകൊണ്ടേ പണിക്കർ പറയുന്നു - സേവ്യർ അകത്തു ചെന്നിട്ട് ഒരനക്കവും കേൾക്കാനില്ലല്ലോ. അതിന്, ഇനി തലചുറ്റി എങ്ങാനും വീണോ എന്ന് വർഗീസ് പറയുമ്പോൾ, സേവ്യറാ, അവന്റെ തൊലിക്ക് നല്ല കട്ടിയാ എന്ന് പണിക്കർ ചിരിച്ചുകൊണ്ട് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ അകത്തു നിന്നും മാധവൻകുട്ടിയുടെ ശബ്ദം ഉയർന്നു കേൾക്കുന്നു - ഷട് അപ്, ഐ ഡോണ്ട് വാണ്ട് യുവർ ലേം എക്സ്ക്യൂസസ്, ദിസ് ഈസ് ദി ലാസ്റ് വാണിംഗ് ഫോർ യു, മൈൻഡ് യു? അതുകേട്ട്, സേവ്യർ പതിഞ്ഞ ശബ്ദത്തിൽ ശരി സാർ എന്ന് പറയുമ്പോൾ, മാധവൻകുട്ടി വീണ്ടും ഗർജ്ജിക്കുന്നു - ഗോ ട്ടോ യുവർ സീറ്റ്.
സേവ്യർ മുറിക്ക് പുറത്തു പോയതും മാധവൻകുട്ടി പിറുപിറുക്കുന്നു - മടുത്തു എനിക്ക്, വഴക്കു പറഞ്ഞ് എനിക്കെ നാണമായിത്തുടങ്ങി. പുറത്തു വന്ന് സേവ്യർ ഒപ്പിടുമ്പോൾ, ഇന്നും കിട്ടിയോ, ഇനിയെങ്കിലും നിനക്ക് സമയത്ത് വന്നുകൂടെ സേവ്യറെ എന്ന് പണിക്കർ ചോദിക്കുമ്പോൾ, സേവ്യർ മറുപടിയൊന്നും പറയുന്നില്ല. അപ്പോൾ, പണിക്കർ തുടരുന്നു - അങ്ങേര് തന്നെയാണ് ഇതിനൊക്കെ വലംവെച്ചു കൊടുക്കുന്നത്, വിളിച്ച് ഒരു ഫൈറിങ്ങും, ഒരു വാർണിംഗും, അതോടെ സംഗതി തീർന്നു. പണിക്കർ ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സേവ്യർ ഒപ്പിട്ട് സ്വന്തം സീറ്റിലേക്ക് പോകുന്നു. അപ്പോൾ, സേവ്യറെ നോക്കി പണിക്കർ വീണ്ടും പറയുന്നു - എന്നാലും നിന്റെ ഒരു തൊലിക്കട്ടിയെ. സേവ്യർ സീറ്റിൽ പോയിരിക്കുമ്പോൾ ടൈപ്പിസ്റ്റ് ലത (സുലേഖ) പ്യുൺ മനോഹരനെ (രവി മേനോൻ) വിളിച്ച് ഫാൻ ഓൺ ചെയ്തേക്കു, സേവ്യർ വല്ലാതെ വിയർത്തിരിക്കുന്നു എന്ന് പറയുമ്പോൾ, എല്ലാവരും ചിരിക്കുന്നു. അന്നേരം, മാധവൻകുട്ടി പണിക്കരെ വിളിക്കുന്നു. പണിക്കർ അകത്തു ചെന്നതും മാധവൻകുട്ടി ഒരു ഫയൽ എവിടെ എന്ന് ചോദിക്കുമ്പോൾ, അര മണിക്കൂറിനുള്ളിൽ റെഡി ആക്കാമെന്നു പറയുന്നു. അതുകേട്ട്, മാധവൻകുട്ടി അലറുന്നു - എന്തായിത്, ഞാൻ ഇന്നലെ തന്നെ പറഞ്ഞതല്ലേ അത് റെഡി ആക്കണമെന്ന്, നിങ്ങൾക്ക് നാണമില്ലേ. അതിന്, പണിക്കർ മാധവൻകുട്ടിയോട് ഒന്ന് പതുക്കെ പറയു എന്ന് പറയുമ്പോൾ, എന്തു പതുക്കെ എന്ന് മാധവൻകുട്ടി വീണ്ടും കയർക്കുന്നു. അപ്പോൾ, ഞാനിവിടുത്തെ സൂപ്രണ്ട് അല്ലേ, ഉറക്കെ വഴക്കു പറഞ്ഞാൽ മറ്റുള്ളവർ കേൾക്കും എന്നു പറയുമ്പോൾ, അതിനെന്താ എന്നും, സൂപ്രണ്ട് ആയാലും, പ്യുൺ ആയാലും എനിക്ക് ഒരുപോലെയാണെന്നും, ഡ്യൂട്ടിയും ഡിസിപ്ലീനുമാണ് ഫസ്റ്റ് എന്നും, ആരും കേൾക്കാതിരിക്കാൻ ഞാൻ നിങ്ങളോട് സ്വകാര്യം പറയണോ എന്നും, പോയി ഫയൽ കൊടുത്തയക്കു എന്നും മാധവൻകുട്ടി കയർക്കുന്നു. പണിക്കർ തലയും കുനിച്ചുകൊണ്ട് ശരിയെന്ന് പറഞ്ഞ് പുറത്തേക്ക് വരുന്നു. പണിക്കർ വാതിൽ തുറന്ന് പാത്തും പതുങ്ങിയും ഒന്ന് നോക്കിയ ശേഷം ഒന്നും സംഭവിക്കാത്തത് പോലെ തന്റെ സീറ്റിൽ വന്നിരിക്കുന്നു. ബെൽ കുറെ അടിച്ചിട്ടും പ്യുൺ ആരും വരാതിരിക്കുമ്പോൾ, പണിക്കർ ഉറക്കെ മനോഹരനെ വിളിക്കുന്നു. മനോഹരൻ അടുത്തു വന്നതും, താണിവിടുത്തെ ആരാ എന്ന് ദേഷ്യത്തോടെ ചോദിക്കുമ്പോൾ, മനോഹരൻ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നോക്കിയ ശേഷം പ്യുൺ എന്ന് പറയുന്നു. അപ്പോൾ, ബെൽ അടിച്ചാൽ കേൾക്കാൻ പാടില്ല അല്ലേ എന്ന് പണിക്കർ വീണ്ടും ദേഷ്യത്തോടെ ചോദിക്കുമ്പോൾ, വർഗീസ് ഉണ്ടല്ലോ എന്ന് കരുതിയാണെന്ന് മനോഹരൻ പറയുന്നു. അതുകേട്ട്, തനിക്ക് വരാൻ പാടില്ലേ, താനാരാ മാനേജരുടെ അളിയനാ എന്ന് പണിക്കർ ദേഷ്യത്തോടെ ചോദിച്ച ശേഷം, പോയി ഒരു ഗ്ലാസ് വെള്ളമെടുത്തുകൊണ്ടുവാ എന്ന് കല്പിക്കുന്നു. മനോഹരൻ വെള്ളമെടുക്കാൻ പോകുമ്പോൾ, പണിക്കർ ഒന്നുകൂടെ ബെൽ അടിക്കുന്നു. അപ്പോൾ തിരികെ വരുന്ന മനോഹരനോട് ആ ഫയൽ കൂടെ എടുത്തുകൊണ്ടു വരൂ എന്ന് പണിക്കർ പറയുന്നു.
മാധവൻകുട്ടി ഓഫീസിൽ നിന്നും വീട്ടിലെത്തുമ്പോൾ ഭാര്യ സുധ (ലക്ഷ്മി) കൂട്ടുകാരികളുമൊത്ത് സൊറപറഞ്ഞിരിക്കുകയാണ്. മാധവൻകുട്ടി വന്നതറിഞ്ഞ് വേലക്കാരിയോട് അദ്ദേഹത്തിന് കാപ്പി കൊണ്ടു കൊടുക്കാൻ പറയുന്നു. മാധവൻകുട്ടി മുകളിലത്തെ തന്റെ മുറിയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ മകൻ പ്രസാദിന്റെ (മാസ്റ്റർ സുജിത്ത്) മുറിക്ക് മുൻപിലൂടെ കടന്നു പോകുന്നു. അതുവരെ കോമിൿസ് പുസ്തകങ്ങൾ നോക്കുകയായിരുന്നു പ്രസാദ് അച്ഛൻ വരുന്നതറിഞ്ഞതും പാഠപുസ്തകങ്ങൾ പഠിക്കുന്നത് പോലെ നടിക്കുകയും, അച്ഛനെ വിഷ് ചെയ്യുകയും ചെയ്യുന്നു. മാധവൻകുട്ടി തിരിച്ച് വിഷ് ചെയ്ത് തന്റെ മുറിയിലേക്ക് കടന്നതും, പ്രസാദ് ഒരു കള്ളച്ചിരിയോടെ പഴയതു പോലെ കോമിൿസ് നോക്കാൻ തുടങ്ങുന്നു. കാപ്പിയുമായി മാധവൻകുട്ടിയുടെ മുറിയിലേക്ക് ചെല്ലുന്ന വേലക്കാരിയോട് നിന്നോട് ആരാണ് കാപ്പി കൊണ്ടുവരാൻ പറഞ്ഞതെന്ന് കയർക്കുമ്പോൾ അവൾ കൊച്ചമ്മ പറഞ്ഞിട്ടാണെന്ന് പറയുന്നു. അതുകേട്ട്, കൊച്ചമ്മ പറഞ്ഞാൽ ഞാൻ കാപ്പി കുടിക്കണോ എന്ന് വീണ്ടും കയർത്ത ശേഷം, മാധവൻകുട്ടി സുധേ ... എന്ന് ഉച്ചത്തിൽ വിളിക്കുന്നു. വേലക്കാരി കാപ്പി അവിടെ വെച്ച് തിരികെ പോകുന്നു. മാധവൻകുട്ടിയുടെ ഉറക്കെയുള്ള വിളി കേട്ടതും സുധ അദ്ദേഹത്തിന്റെ മുറിയിലെത്തി, അദ്ദേഹത്തെ സമാധാനപ്പെടുത്തി കാപ്പി കൊടുക്കുന്നു. എന്നിട്ട്, എല്ലാ കാര്യത്തിലും സായിപ്പിന്റെയാ ചിട്ട, പക്ഷേ ഉള്ളിലിരുപ്പ് ചില പഴയ നായന്മാരുടെയാ എന്ന് കളിയാക്കുന്ന പോലെ പറഞ്ഞിട്ട് സുധ താഴേക്ക് പോകുന്നു. സുധ മുകളിലേക്ക് പോയതും കൂട്ടുകാരികൾ ഈ മനുഷ്യന്റെ കൂടെ സുധ എങ്ങിനെയാ കഴിയുന്നത് എന്ന് കളിയാക്കുന്നു.
സേവ്യർ ജോലിക്ക് പോകാതെ രാവിലെ തന്നെ വഴിയോരത്തിൽ പാമ്പുകളെ വെച്ച് ഷോ നടത്തുന്നത് കണ്ട് രസിച്ചിരിക്കുന്നു. ഷോ കഴിഞ്ഞതും കൂട്ടം പിരിഞ്ഞു പോയിട്ടും അവിടെ തന്നെ കുത്തിയിരിക്കുന്നത് ശ്രദ്ധിക്കുന്ന പാമ്പാട്ടി ഷോ കഴിഞ്ഞു എണീറ്റ് പോകു എന്ന് പറയുമ്പോഴാണ് സേവ്യർ പൊടിയും തട്ടി അവിടുന്നും എണീറ്റ് ഓഫീസിലേക്ക് പോകുന്നത്. പതിവു പോലെ വൈകിയെത്തുന്ന സേവ്യറെ കണ്ടതും എന്തുവാടെ എന്നപോലെ ആംഗ്യം കാണിക്കുന്ന വാച്ച്മാനോട് പോക്കറ്റിൽ നിന്നും ഒരു കത്തെടുത്ത് കാണിക്കുന്നു സേവ്യർ. അപ്പോൾ അയാൾ ആ പൊയ്ക്കോ എന്നതു പോലെ വാതിൽ തുറന്നു കൊടുക്കുന്നു. സേവ്യർ നേരെ പണിക്കരുടെ അടുത്തേക്ക് ചെല്ലുമ്പോൾ, പണിക്കർ വാച്ച് നോക്കുന്നു. അപ്പോൾ, എന്നെ കണ്ടാൽ അങ്ങേര് ആകെ അപ്സെറ്റ് ആകും, ഞാൻ കാണാൻ പോകുന്നില്ല, ലീവ് എടുക്കുവാ, ഇതാ ലീവ് ലെറ്റർ എന്നും പറഞ്ഞ് സേവ്യർ പണിക്കരുടെ നേരെ ലീവ് ലെറ്റർ നീട്ടുന്നു. അതു വാങ്ങിക്കാതെ, ഈ ലീവ് ലെറ്റർ മേടിച്ചു വെച്ചാൽ അങ്ങേര് എന്നെ അപ്സെറ്റ് ആക്കും എന്ന് പണിക്കർ പറയുമ്പോൾ, അതൊന്നും സാരമില്ല, സാറൊന്ന് കൂളായിട്ട് കൈകാര്യം ചെയ്താൽ മതിയെന്ന് പറഞ്ഞ് സേവ്യർ ലീവ് ലെറ്റർ പണിക്കരുടെ മേശമേൽ വെച്ചതിന് ശേഷം, നല്ല മനുഷ്യനാ എന്നും പറഞ്ഞ് സേവ്യർ പുറത്തേക്ക് ഓടുന്നു. അത് കാണുന്ന പണിക്കർ, ചിരിച്ചുകൊണ്ട് ഇതെന്തൊരു ജന്മം എന്ന് പറയുന്നു. മനോഹരൻ അതുകേട്ട് ചിരിക്കുന്നു.
സേവ്യർ ഒരു കടയിൽ നിന്നും കുറച്ചു സാധനങ്ങൾ വാങ്ങി പുറത്തേക്ക് വരുമ്പോൾ, തൊട്ടടുത്ത കടയിൽ നിന്നും പുറത്തേക്കിറങ്ങുന്ന സുധ അത് കാണുകയും, സേവ്യർ എന്നു വിളിച്ച് അടുത്തേക്ക് വരികയും, ഇന്നെന്താ ഓഫീസിൽ പോയില്ലേ എന്നും ചോദിക്കുന്നു. അതുകേട്ട്, ചെറിയ ചമ്മലോടെ ലേറ്റ് ആയതുകൊണ്ട് ലീവ് എടുത്തുവെന്ന് സേവ്യർ പറയുന്നു. അപ്പോൾ, ലേറ്റ് ആയാൽ എന്താ പറഞ്ഞാൽ പോരേ, ഒരു ദിവസത്തെ ലീവ് കളയണോ എന്ന് സുധ ചോദിക്കുമ്പോൾ, അയ്യോ ഒരു ദിവസത്തെ ലീവ് പോയാലും സാരമില്ല, ലേറ്റ് ആയെന്നും പറഞ്ഞ് അങ്ങേരെ കാണാനുള്ള പേടി കൊണ്ടാ എന്ന് സേവ്യർ ചിരിച്ചുകൊണ്ട് പറയുന്നു. അതുകേട്ട്, സുധ ചിരിച്ച ശേഷം, അത് പോട്ടെ, ഇവിടെ എന്താ എന്ന് ചോദിക്കുമ്പോൾ, ഒരു പാക്കറ്റ് ബലൂൺ വാങ്ങിച്ചതാ എന്ന് സേവ്യർ പറയുന്നു. അതിന്, അത് കൊള്ളാം, ഒരു പാക്കറ്റ് ബലൂണോ, ഇതെന്താ വല്ല കച്ചവടവും തുടങ്ങാനാ എന്ന് സുധ ചിരിച്ചുകൊണ്ടേ ചോദിക്കുന്നു. പിന്നീട്, കാറിനടുത്തേക്ക് നടക്കുന്നതിനിടെ ഇയ്യിടെ വീട്ടിലോട്ടൊന്നും കാണാറില്ലല്ലോ എന്ന് സുധ ചോദിക്കുമ്പോൾ, സേവ്യർ ഒന്നും മിണ്ടാതെ പുറകെ നടക്കുന്നു. അപ്പോൾ, ഓ... ഇനീപ്പോ അടുത്ത സസ്പെൻഷൻ കിട്ടണമായിരിക്കും വരാൻ അല്ലേ എന്ന് സുധ ചിരിച്ചുകൊണ്ട് ചോദിക്കുന്നു. അതുകേട്ട്, ശരിയാ, ഓഫീസിൽ വെച്ച് കാലുപിടിക്കാനുള്ള സൗകര്യം ഇല്ലാത്തത് കൊണ്ടാ എന്ന് സേവ്യർ ഒരു ചിരിയോടെ പറയുമ്പോൾ, സുധയും ചിരിച്ചുകൊണ്ട്, വെറുതെയല്ല പ്രസാദ് മോൻ പറയുന്നത്, സേവ്യർ വല്യ തമാശക്കാരനാണെന്ന് എന്ന് പറയുന്നു.
പണിക്കർ വീട്ടിലെത്തിയിട്ടും ഓഫീസിലെ ജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഭാര്യ ജാനകി (ശാന്തകുമാരി), അല്ല ഇത് വന്നപ്പോ തൊട്ടുള്ള ഇരിപ്പാണല്ലോ, എഴുന്നേൽക്കാറായില്ലേ എന്ന് ചോദിക്കുമ്പോൾ, ഈ നിലയ്ക്ക് ഇരുന്നിട്ടു തന്നെ ദിവസവും കുറേശ്ശേ കുറേശ്ശേ കിട്ടിക്കൊണ്ടിരിപ്പുണ്ടെന്ന് പണിക്കർ പറയുന്നു. അതുകേട്ട്, ഇതിൽ കൂടുതൽ ഇനി എങ്ങിനെയാ എന്ന് ജാനകി ചോദിക്കുമ്പോൾ, എങ്ങിനെയാ ഉള്ളതൊന്നും അവിടെയൊരു പ്രശ്നമല്ലെന്നും, എന്തെങ്കിലും ഒരു കാര്യത്തിൽ ഒരു കാലതാമസം ഉണ്ടായാൽ മതി പിന്നങ്ങേർക്ക് കലി ഇളകിയത് പോലെയാ എന്നും, കടിച്ചു തിന്നാൻ വരുമെന്നും പണിക്കർ പറയുന്നു. അപ്പോൾ, അങ്ങേരുടെ സ്വഭാവം നിങ്ങൾക്ക് അറിവുള്ളതല്ലേ എന്നും, നിങ്ങൾ തന്നെ പറയാറുണ്ടല്ലോ മാനേജർ ആയാൽ അങ്ങിനെ തന്നെ വേണമെന്ന് എന്നും ജാനകി പറയുന്നു. അതുകേട്ട്, സംഗതി ശരിയാ, നമ്മുടെ കുറ്റം കൊണ്ടാവൂല്ല എനിക്ക് ഫൈറിങ് കിട്ടണത്, ഏതെങ്കിലും ക്ണാപ്പൻമാർ എന്തെങ്കിലും അനർത്ഥം കാണിച്ചു വെച്ചിട്ടുണ്ടാകും, അവിടുന്ന് തുടങ്ങും, അവസാനിക്കുന്നത് നമ്മുടെ മേലും, ചിലപ്പോ തോന്നും എന്റെ ജാനകി ഇതെല്ലാം കൂടി വലിച്ചെറിഞ്ഞിട്ടങ്ങട് പോന്നാൽ കൊള്ളാം എന്ന്, ചില നേരത്ത് അങ്ങേരുടെ പെരുമാറ്റം കണ്ടാൽ തോന്നും ഈ പറഞ്ഞതൊന്നും അങ്ങേര് അല്ല എന്ന് എന്നും പണിക്കർ പറയുന്നു. അപ്പോൾ, ദേ, സേവ്യർ വന്നിരിപ്പുണ്ടെന്ന് ജാനകി പറയുന്നു. അതുകേട്ട്, പറഞ്ഞത് നന്നായി എന്നും, എത്ര മേടിച്ചു കെട്ടിയാലും, ങേ ഹേ .... ഇങ്ങിനെ നാണമില്ലാത്തൊരു സാധനം എന്ന് പറഞ്ഞുകൊണ്ട് പണിക്കർ സ്വീകരണമുറിയിലേക്ക് പോകുന്നു.
പണിക്കർ സ്വീകരണമുറിയിലേക്ക് വരുമ്പോൾ സേവ്യർ അദ്ദേഹത്തിന്റെ മകൾ ലീലയ്ക്ക് പാഠപുസ്തകത്തിലെ ചില സംശയങ്ങൾ തീർത്തു കൊടുക്കുകയായിരുന്നു. പണിക്കരെ കണ്ടതും, സാർ പുറത്തേക്ക് പോവുകയാണോ എന്ന് സേവ്യർ ചോദിക്കുമ്പോൾ, അല്ലടോ അകത്തേക്ക് വന്ന വേഷം മാറ്റിയിട്ടില്ലെന്ന് പണിക്കർ പറയുന്നു. അപ്പോൾ, ലീല മോൾക്ക് വല്യ കംപ്ലൈന്റ്റ് ആണല്ലോ, സാർ സംശയം ഒന്നും പറഞ്ഞുകൊടുക്കുന്നില്ലെന്ന് സേവ്യർ പറയുന്നു. അതുകേട്ട്, സംശയം പറഞ്ഞുകൊടുക്കാനെ .... തനിക്ക് ഞാൻ പറയുന്നതൊന്നും മനസ്സിലാവില്ല, എടോ ഓഫീസിൽ നിന്നും വന്നിട്ട് ഇതൊന്ന് അഴിച്ചിടാനുള്ള സമയം കിട്ടിയിട്ടില്ല എന്ന് നീരസത്തോടെ പണിക്കർ പറയുന്നു. അതിന്, അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാ എന്ന് സേവ്യർ ചിരിച്ചുകൊണ്ട് പറയുമ്പോൾ, അല്ലെങ്കിലും താൻ ഭാഗ്യവാനാ, തന്റത്ര തൊലിക്ക് കാട്ടിയില്ലാത്തതാ എന്റെ ഭാഗ്യദോഷം എന്ന് പണിക്കർ പറയുന്നു. അതുകേട്ട്, ഞാൻ പറഞ്ഞത് അതല്ലെന്നും, കുട്ടികൾക്ക് സംശയം പറഞ്ഞുകൊടുക്കുന്ന കാര്യമാ എന്നും സേവ്യർ ചിരിച്ചുകൊണ്ട് പറയുന്നു. അതുകേട്ട് മൗനം പാലിക്കുന്ന പണിക്കരെ നോക്കി, വീട്ടിൽ ഞാൻ ഇല്ലെങ്കിലും അവൾ എന്തെകിലുമൊക്കെ പറഞ്ഞുകൊടുക്കും, അതുകൊണ്ട് അങ്ങനൊരു കംപ്ലൈന്റ്റ് ഇല്ലെന്നും, ഇപ്പൊ പിന്നെ ചെറിയ ക്ലാസ് അല്ലേയെന്നും, ഒന്നു രണ്ടു കൊല്ലം കൂടി കഴിയുമ്പോ എവിടെങ്കിലും ഒരു ട്യൂഷൻ ഏർപ്പെടുത്തണം എന്നും സേവ്യർ പറയുന്നു. അപ്പോഴേക്കും ജാനകി കാപ്പിയുമായി എത്തുന്നു. അന്നേരം, അല്ല, ചേച്ചിക്കെങ്കിലും എന്തെങ്കിലുമൊന്ന് പറഞ്ഞു കൊടുത്തുകൂടെ എന്ന് സേവ്യർ ചോദിക്കുമ്പോൾ, പറഞ്ഞു കൊടുക്കാൻ വല്ല വിവരവും ഉണ്ടായിട്ടു വേണ്ടേ എന്ന് പണിക്കർ കളിയാക്കുന്നു. എന്നിട്ട് പണിക്കർ വസ്ത്രം മാറാൻ അകത്തേക്ക് പോകുന്നു.
മാധവൻകുട്ടിയും സുധയും രാവിലെ കടൽത്തീരത്ത് നടന്ന ശേഷം വീട്ടിൽ തിരിച്ചെത്തുന്നു. മാധവൻകുട്ടി സുധയും, മോനോടുമൊത്ത് കളിതമാശ പറഞ്ഞ് ചായ കുടിക്കുന്നു. പിന്നീട്, എല്ലാവരും പ്രാതൽ കഴിക്കുമ്പോൾ, പ്രസാദ് സ്പൂണും ഫോർക്കും കൊണ്ട് പ്ലേറ്റിൽ ഒച്ചപ്പാടുണ്ടാക്കി ആഹാരം കഴിക്കുമ്പോൾ മാധവൻകുട്ടി അവനെ അരിശത്തോടെ നോക്കിക്കൊണ്ട് അവനെ ശകാരിക്കുന്നു. സുധ സമാധാനപ്പെടുത്താൻ ശ്രമിക്കുമ്പോൾ, മാധവൻകുട്ടി ദേഷ്യപ്പെട്ട് അവിടുന്നും എണീറ്റ് പോകുന്നു.
മനോഹരൻ ഓഫീസിൽ യൂണിഫോം ധരിക്കാതെ ജോലി ചെയുമ്പോൾ മാധവൻകുട്ടി മനോഹരനെ ശകാരിക്കുകയും, ഉപദേശിക്കുകയും ചെയ്യുന്നു.
വൈകുന്നേരം സുധ പ്രസാദിനെയും കൂട്ടി കടൽത്തീരത്തേക്ക് പോകുമ്പോൾ സേവ്യർ അവരെ കാണുകയും, പ്രസാദിനോടൊപ്പം കുതിര സവാരി ചെയ്യുകയും ചെയ്യുന്നു. അപ്പോൾ, ഭാര്യയെയും കുട്ടികളെയും എന്തുകൊണ്ടാണ് സേവ്യർ കൂടെ കൊണ്ടുവരാത്തത് സുധ ചോദിക്കുമ്പോൾ, അവൾ ഭയങ്കര നാണക്കാരിയാണെന്നും, വീട്ടിൽ നിന്ന് എവിടേക്കും ഇറങ്ങില്ലെന്നും സേവ്യർ പറയുന്നു. അതുകേട്ട്, എല്ലാവരെയും കൂട്ടി വീട്ടിൽ വരണമെന്ന് സുധ പറയുമ്പോൾ, ഒരു ദിവസം വരാമെന്ന് സേവ്യർ പറയുന്നു. പിന്നീട് സുധയും പ്രസാദും തിരികെ പോകുന്നു.
അവർ പോയ ശേഷം സേവ്യർ പാർക്കിലൂടെ നടക്കുമ്പോൾ അവിടെ മനോഹരൻ തന്റെ കാമുകി ഓമനയോടൊപ്പം (ബീന കുമ്പളങ്ങി) ഇരിക്കുന്നത് കണ്ട് അവിടേക്ക് വരുന്നു. മനോഹരൻ സേവ്യറിനെയും, ഓമനയെയും അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുത്തുന്നു. അല്പം കളി തമാശകൾ പറഞ്ഞ ശേഷം സേവ്യർ അവിടുന്നും പോകുന്നു.
മാധവൻകുട്ടി ഓഫീസിലേക്ക് വരുമ്പോൾ ഓഫീസിന് മുൻപിൽ നിൽക്കുന്ന ബലൂൺകാരന്റെയടുത്ത് സേവ്യർ നിൽക്കുന്നു. മാധവൻകുട്ടി അകത്തേക്ക് ചെന്ന് പണിക്കരോട് പ്രോജക്ടിന്റെ കാര്യം അന്വേഷിക്കുമ്പോൾ പണിക്കർ ഇപ്പോൾ കൊടുത്തയക്കാമെന്ന് പറഞ്ഞ് പുറത്തേക്ക് വരുന്നു. അത് ടൈപ്പ് ചെയ്യാൻ ബാക്കിയുള്ളത് കൊണ്ട് ദേഷ്യത്തോടെ പുറത്തു നിൽക്കുന്ന സേവ്യറെ വിളിച്ചുകൊണ്ടു വരാൻ മനോഹരനെ പറഞ്ഞയക്കുന്നു. അകത്തേക്ക് വരുന്ന സേവ്യറിനോട് പ്രൊജക്റ്റ് റെഡി ആയോ എന്ന് ചോദിക്കുമ്പോൾ ഇല്ലെന്നു പറയുന്നു. അപ്പോൾ, എന്നാ നീ മാനേജരോട് നീ തന്നെ ചെന്നു പറയ് എന്ന് പറഞ്ഞ് പണിക്കർ സേവ്യറിനെ മാനേജരുടെ പക്കൽ അയക്കുന്നു. അകത്ത് ചെന്ന് മാധവൻകുട്ടിയോട് സേവ്യർ കാര്യം പറയുമ്പോൾ, മാധവൻകുട്ടി ശകാരിക്കുന്നു. സേവ്യർ പെട്ടെന്ന് ചെയ്തു തരാം എന്ന് പറയുമ്പോൾ മാധവൻകുട്ടി അല്പം തണുക്കുകയും, അന്നത്തെ പണികൾ സേവ്യറിന് കൊടുക്കുകയും ചെയ്യുന്നു. ലത സേവ്യറിനോട് എന്തിനാ ദിവസവും ഇങ്ങിനെ അങ്ങേരുടെ പക്കൽ നിന്നും വാങ്ങിച്ചു കൂട്ടുന്നതെന്ന് ചോദിക്കുമ്പോൾ, അതൊന്നും കാര്യമാക്കേണ്ടെന്ന് സേവ്യർ പറയുന്നു.
ഒരു ദിവസം ഉച്ചയ്ക്ക് കുടുംബ സുഹൃത്തായ ഡോക്ടർ തോമസ് (ഭാരത് ഗോപി) മാധവന്കുട്ടിയെ കാണാനെത്തുന്നു. സുധയോട് മാധവൻകുട്ടി എവിടെയെന്ന് ചോദിക്കുമ്പോൾ വന്നിട്ടില്ലെന്ന് സുധ പറയുന്നു. അവർ കളി തമാശകൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ മാധവൻകുട്ടി എത്തുന്നു. മാധവൻകുട്ടി വന്നതും തോമസ് സുധയോട് ചോദിക്കുന്നു - ഒരു ഘടികാരത്തിനെ കല്യാണം കഴിച്ചതായി നിനക്ക് തോന്നാറില്ലേ. എന്നിട്ട്, തോമസ് മാധവൻകുട്ടിയോട് പറയുന്നു - നിന്റെ പേര് ഞാൻ മാറ്റിയിരിക്കുന്നു, നിനക്ക് പറ്റിയ പേര് സമയപാലകൻ എന്നാണ് എന്ന് പറയുമ്പോൾ, സുധ ചിരിക്കുന്നു. അപ്പോൾ, തുടങ്ങിയോ നിന്റെ വളിപ്പ് എന്നും, ഇതുപോലുള്ള സംസാരം കൊണ്ടാണ് നീ നിന്റെ ഡിഗ്നിറ്റി കളയുന്നത് എന്ന്. അതുകേട്ട്, നീ പറഞ്ഞു താ ഞാൻ എപ്പോഴൊക്കെ ഏത് നിലവാരത്തിൽ സംസാരിക്കണമെന്ന് എന്ന് തോമസ് ചോദിക്കുന്നു. തോമസ് വീണ്ടും ഓരോന്ന് പറഞ്ഞു തുടങ്ങുമ്പോൾ സുധ ഉച്ചയൂണ് തയ്യാറായെന്ന് വന്നു പറയുന്നു. ഊണിന്റെ കൂടെ തനിക്ക് സ്മാളും വേണമെന്ന് തോമസ് പറയുമ്പോൾ, എനിക്ക് വേണ്ട തോമസിന് കൊടുക്കെന്ന് മാധവൻകുട്ടി പറയുന്നു. അതുകേട്ട്, കുപിതനാവുന്ന തോമസ്, ഒന്ന് കമ്പനി കൂടാനാണ് താനിവിടെ വന്നതെന്നും, അതില്ലാത്തത് കൊണ്ട് താൻ ആഹാരം കഴിക്കുന്നില്ലെന്നും പറഞ്ഞ് പിണങ്ങി പോവുന്നു. തോമസ് പോയ ശേഷം സുധ അദ്ദേഹത്തിന്റെ പക്ഷം പറഞ്ഞ് സംസാരിക്കുമ്പോൾ, അതൊന്നും നീ എന്നെപ്പഠിപ്പിക്കേണ്ടെന്ന് മാധവൻകുട്ടി ഗൗരവത്തോടെ പറയുന്നു.
ഉച്ചയ്ക്ക് ഓഫീസിൽ എല്ലാവരും ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ പണിക്കർ ലതയുടെ കല്യാണക്കാര്യം ഒത്തെന്ന് പറയുന്നു. അതുകേട്ട്, മനോഹരൻ ഒരു നെടുവീർപ്പിട്ടുകൊണ്ട്, ഹാ.. ഓരോരുത്തരുടെ യോഗം എന്ന് പറയുമ്പോൾ, വിഷമിക്കണ്ട മനോഹരാ, നിനക്കും തെളിഞ്ഞു തുടങ്ങിയില്ല ഭാഗ്യം എന്ന് സേവ്യർ പറയുന്നു. അതുകേട്ട് മനോഹരൻ നാണിക്കുന്നു. ഊണ് കഴിഞ്ഞ് എണീൽക്കുമ്പോൾ, തന്റെ മോൾടെ പിറന്നാൾ ആണെന്നും, രാത്രി അത്താഴം കഴിക്കാൻ വരണമെന്നും പറഞ്ഞ് പണിക്കർ സേവ്യറിനെ ക്ഷണിക്കുന്നു.
രാത്രി സേവ്യർ പണിക്കരുടെ വീട്ടിലേക്ക് വരുമ്പോൾ പണിക്കർ ജാനകിയുടെ മുടിക്കെട്ടിൽ മുല്ലപ്പൂ ചൂടിക്കുന്നത് കണ്ട് നാണിച്ചു നിൽക്കുന്നു. അപ്പോൾ പണിക്കർ സേവ്യറിനെ അകത്തോട്ട് ക്ഷണിക്കുമ്പോൾ, സേവ്യർ ചോദിക്കുന്നു - എനിക്കൊരു സംശയം, ഇന്ന് മോളുടെ പിറന്നാൾ ആണോ അതോ നിങ്ങളുടെ വെഡിങ് ആനിവേഴ്സറി ആണോ. അതുകേട്ട്, ഞങ്ങൾക്ക് എന്നും ആനിവേഴ്സറി തന്നെയാടോ എന്ന് പറയുന്നു. തുടർന്ന് സേവ്യർ മോളെ വിളിച്ച് സമ്മാനം നൽകുന്നു. അപ്പോൾ ജാനകി ഭാര്യയേം, കുട്ടികളെയും എന്തുകൊണ്ട് കൂടെ കൊണ്ടുവന്നില്ലെന്ന് ചോദിക്കുമ്പോൾ, അവർ വന്നില്ലെന്ന് പറയുന്നു. തുടർന്ന് സേവ്യർ ആഹാരം കഴിച്ച് മടങ്ങുന്നു.
മാധവൻകുട്ടി രാത്രിയിൽ ഒരു പാർട്ടിക്ക് വേണ്ടി ഒരുങ്ങി ഇറങ്ങാൻ നിൽക്കുമ്പോൾ സുധയെ വിളിക്കുന്നു. അപ്പോൾ അണിഞ്ഞൊരുങ്ങി വരുന്ന സുധയോട് നീ വരേണ്ട, ഇത് മാനേജർസ് അസോസിയേഷന്റെ പേർസണൽ പാർട്ടിയാണെന്നും, ആവശ്യമില്ലാത്ത സ്ഥലത്ത് ഭാര്യയെ കെട്ടിയെഴുന്നെള്ളിക്കുന്നത് തനിക്കിഷ്ടമല്ലെന്നും മാധവൻകുട്ടി പറയുന്നു. തനിക്ക് പരിചയമുള്ള മറ്റു പല സ്ത്രീകളും അവിടെ പോകുന്നുണ്ടെന്ന് സുധ പറഞ്ഞു നോക്കുന്നുണ്ടെങ്കിലും മാധവൻകുട്ടി തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും ഒറ്റയ്ക്ക് പോവുകയും ചെയ്യുന്നു.
അടുത്ത ദിവസം രാവിലെ സുധ കാപ്പി കൊണ്ടു വെക്കുമ്പോൾ, മാധവൻകുട്ടി തലേ ദിവസം പാർട്ടിയിൽ നടന്നു കൂത്തുകളെക്കുറിച്ച് പറയുന്നു. സുധ അതൊന്നും ചെവിക്കൊള്ളുന്നില്ല. പിന്നീട് ഇരുവരും പതിവുപോലെ കടൽത്തീരത്തേക്ക് നടക്കാൻ പോകുന്നു.
മാധവൻകുട്ടിയും സുധയും രാവിലെ പതിവ് പോലെ കടത്തീരത്ത് നടന്ന ശേഷം വീട്ടിൽ തിരിച്ചെത്തുന്നു. മാധവൻകുട്ടി ഓഫീസിലേക്ക് ഇറങ്ങുമ്പോൾ സുധയെ വിളിച്ച് നീ ഇന്നലെയോ മിനിഞ്ഞാന്നോ മറ്റോ സാരികൾ വാങ്ങാൻ പോകണം എന്ന് പറഞ്ഞില്ലേ എന്ന് ചോദിക്കുമ്പോൾ, അതേ എന്ന് സുധ പറയുന്നു. അതുകേട്ട്, എപ്പോഴാ പോകുന്നത് എന്ന് മാധവൻകുട്ടി ചോദിക്കുമ്പോൾ, പോകുന്നില്ലെന്ന് സുധ പറയുന്നു. അതിന്, അതെന്താ എന്ന് മാധവൻകുട്ടി ചോദിക്കുമ്പോൾ, ഇപ്പോ ഉള്ള സാരികൾ തന്നെ കൂടുതലാ എന്ന് സുധ പറയുന്നു. അതുകേട്ട്, ഓഹോ.... എന്ന് അർത്ഥഗർഭത്തോടെ പറഞ്ഞ ശേഷം മാധവൻകുട്ടി ഓഫീസിലേക്ക് പോകുന്നു.
മാധവൻകുട്ടി പോയതിന് ശേഷം കുറച്ചു നേരം കഴിഞ്ഞ് ലേഡീസ് ക്ലബ്ബിലെ സുധയുടെ കൂട്ടുകാരികൾ സുധയെത്തേടി എത്തുന്നു. വന്നപാടെ അവരിലൊരാൾ (വഞ്ചിയൂർ രാധ), താനെന്ത് പണിയാടോ ഇന്നലെ കാണിച്ചത്, താനെന്തേ ഇന്നലെ പാർട്ടിക്ക് വരാഞ്ഞേ? എന്ന് ചോദിക്കുമ്പോൾ, ഞങ്ങൾ ഇറങ്ങുന്ന സമയത്ത് ഒരു ഗസ്റ്റ് വന്നുവെന്നും, പിന്നെങ്ങിനെ എനിക്ക് വരാൻ പറ്റുക എന്നും സുധ പറയുന്നു. അപ്പോൾ, അവരിൽ മറ്റൊരാൾ (ലളിതശ്രീ), എവിടെയെങ്കിലും പോകാൻ നേരത്ത് വന്നു കേറുന്ന ഗുസ്റ്റുകളോട് തോന്നുന്ന ഒരു സന്തോഷം എന്ന് പരിഹാസരൂപേണ പറയുമ്പോൾ, എന്ത് ചെയ്യാനാ ചിലപ്പോൾ നമ്മൾ സന്തോഷം അഭിനയിച്ചല്ലേ പറ്റു എന്ന് സുധ പറയുന്നു. പിന്നീട്, വീണ്ടും ആദ്യത്തെ സ്ത്രീ, ഏതായാലും ഇന്നലത്തെ ഡിന്നർ വളരെ ഗ്രാന്റ് ആയിരുന്നുവെന്നും, താനില്ലാത്തൊരു കുറവൊഴിച്ചാൽ എന്നും പറയുന്നു. അതിന് പിന്നാലെ രണ്ടാമത്തെയാൾ, മെട്രോ ക്യാബിസിന്റെ മാനേജർ മിസ്റ്റർ അലക്സാണ്ടറെ താൻ അറിയില്ലേ, പുള്ളി ആളൊരു റിസേർവ്ഡ് ടൈപ്പ് ആണെന്നാണ് കരുതിയിരുന്നത്, ഇന്നലെ രണ്ട് സ്മാൾ അടിച്ചപ്പഴത്തേക്കും ഇഷ്ടന്റെ വിധം മാറി, എന്തൊരു പെർഫോമൻസ് ആയിരുന്നെന്നോ എന്ന് പറയുന്നു. സുധ എല്ലാം രസിച്ച് കേട്ടിരിക്കുന്നു. അപ്പോൾ, മൂന്നാമതൊരാൾ മിസ്റ്റർ മാധവൻ നായർ മാത്രം ഇന്നലെ എന്തോ ഔട്ട് ഓഫ് മൂഡിലായിരുന്നു എന്നും, താനില്ലാത്ത കാരണം കൊണ്ടായിരിക്കും എന്ന് പറയുമ്പോൾ എല്ലാവരും ചിരിക്കുന്നു.
അന്നേരം, വീണ്ടും ആദ്യത്തെയാൾ, താനൊന്ന് വേഗം ഡ്രസ്സ് ചെയ്തിട്ട് വാ എന്ന് പറയുമ്പോൾ, എങ്ങോട്ടാ എന്ന് സുധ ചോദിക്കുന്നു. അതുകേട്ട്, അതങ്ങ് മറന്നുവോ, ഇന്നല്ലേ നമ്മൾ എഡ്യൂക്കേഷൻ മിനിസ്റ്റർ കാണാൻ അപ്പോയ്ന്റ്മെന്റ് വാങ്ങിയിരിക്കുന്നതെന്ന് അവർ പറയുമ്പോൾ, അയ്യോ ഞാൻ വരണോ എന്ന് സുധ ചോദിക്കുന്നു. അപ്പോൾ മൂന്നാമത്തെയാൾ, ക്ലബ്ബിന്റെ പ്രസിഡന്റ് ആയ താൻ വരാതെ എങ്ങിനെ, പെട്ടെന്ന് റെഡി ആയി വാ എന്ന് നിർബന്ധിക്കുമ്പോൾ സുധ വസ്ത്രം മാറാനായി അകത്തേക്ക് പോകുന്നു. അന്നേരം, കൂട്ടുകാരികളുടെ കുശുകുശുപ്പ് തുടങ്ങുന്നു - കേട്ടില്ലേ സുധ ഒരു വണ്ടം കാച്ചിയത്, ഇന്നലെ പാർട്ടിക്ക് വരാഞ്ഞത് ഗസ്റ്റ് ഉണ്ടായിരുന്നത് കൊണ്ടാണെന്ന്, ഏയ്, അതൊന്നും ആയിരിക്കില്ല, മാധവൻ നായർ പോവേണ്ട എന്ന് പറഞ്ഞിരിക്കും, നമുക്കറിയില്ല പുള്ളിക്കാരന്റെ സ്വഭാവം - മാധവൻ നായർ പറയാതെ സുധയ്ക്ക് ഇങ്ങോട്ടും അനങ്ങാൻ പറ്റില്ലെന്ന്. ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ സുധ ചാവി എടുക്കാൻ മറന്നുവെന്ന് പറഞ്ഞ് താഴേക്ക് വന്ന് ചാവി എടുത്തുകൊണ്ട് പോവുന്നു. അപ്പോൾ, ഒരുവൾ - ശ്ശോ എല്ലാം കേട്ടല്ലോ എന്ന് പറയുന്നു. ഇവരുടെ വർത്തമാനം കേട്ട സുധ ആകെ അപ്സെറ്റ് ആവുന്നു. പിന്നെ, സ്വയം നിയന്ത്രിച്ച് താഴേക്ക് വന്ന്, താൻ വരുന്നില്ലെന്നും, ഫോൺ ചെയ്ത് ചോദിച്ചപ്പോ മാധവൻകുട്ടി പോകേണ്ടെന്ന് പറഞ്ഞെന്നും, മാധവൻകുട്ടി പോകേണ്ടെന്ന് പറഞ്ഞാൽ എനിക്ക് അനങ്ങാൻ പറ്റില്ലെന്നും പറയുമ്പോൾ വന്ന കൂട്ടുകാരികൾ ഒരക്ഷരം മിണ്ടാതെ തലയും കുനിച്ച് അവിടുന്നും ഇറങ്ങുന്നു.
രാത്രിയിൽ കിടക്കാൻ പോകുമ്പോൾ മാധവൻകുട്ടിയെ ആരോ ഫോണിൽ വിളിച്ച് ജോലിയിൽ വന്ന പാളീച്ചകളെക്കുറിച്ചും, അതിന് ബോർഡ് ഓഫ് ഡിറക്ടർസിനെ അഭിമുഖീകരിക്കേണ്ടി വരും എന്ന് പറയുമ്പോൾ, താൻ അതിന് തയ്യാറാണെന്ന് മാധവൻകുട്ടി പറയുന്നു. സുധ അതൊന്നും ശ്രദ്ധിക്കാതെ കിടക്കയിൽ തിരിഞ്ഞു കിടക്കുന്നു. അപ്പോൾ, മാധവൻകുട്ടി ആത്മഗതം എന്നപോലെ പറയുന്നു - എത്ര ആത്മാർത്ഥതയോടെ പ്രവർത്തിച്ചാലും ഫലം മറിച്ചാണ്, ബിസിനസ്സിൽ ചിലപ്പോൾ പാളീച്ചകൾ ഉണ്ടാകും, അതിനെക്കുറിച്ച് അന്വേഷിക്കാനും സമാധാനം ചോദിക്കാനും ആളുകളുണ്ട്, കമ്പനിക്ക് വലിയ ലാഭം ഉണ്ടാവുമ്പോൾ വിളിച്ചൊരു കോംപ്ലിമെൻറ് പറയാൻ ഒറ്റക്കുഞ്ഞുണ്ടാവില്ല, ഇക്കണക്കിന്, പുതിയ ബോർഡ് ഓഫ് ഡിറക്ടർസുമായി സഹകരിച്ചു പോകാൻ പ്രയാസമുള്ള കാര്യമാണ്, ഇത്ര പങ്ക്ച്യുവലും സ്ട്രിക്റ്റുമായ ഒരു മാനേജറെ അവർക്ക് തപസ്സിരുന്നാൽ കിട്ടുമോ. ഇത്രയും പറഞ്ഞിട്ട് മാധവൻകുട്ടി സുധയെ നോക്കുമ്പോൾ, സുധ ഒന്നും സംഭവിക്കാത്ത മട്ടിൽ തിരിഞ്ഞു തന്നെ കിടപ്പാണ്. അപ്പോൾ, പുറത്തോ സ്വസ്ഥതയില്ല, വീട്ടിനകത്ത് വന്നാൽ ഉള്ള സ്വസ്ഥതയും നശിക്കും, മറ്റുള്ളവർ കൊട്ടുന്ന താളത്തിന് തുള്ളുന്നവൻ ആയിരുന്നെങ്കിൽ എല്ലാവർക്കും വലിയ സന്തോഷം ആയേനെ എന്ന് മാധവൻകുട്ടി പറയുമ്പോൾ, സുധ തിരിഞ്ഞുകൊണ്ട് മാധവൻകുട്ടിയെ തുറിച്ചു നോക്കിയ ശേഷം വീണ്ടും തിരിഞ്ഞു കിടക്കുന്നു. അപ്പോൾ മാധവൻകുട്ടി വീണ്ടും അരിശത്തോടെ തുടരുന്നു - ആശയപ്പൊരുത്തമില്ലാത്തവരുമായി യോജിച്ച് പോകാൻ പ്രയാസമാണ്, അത് സ്ഥാപനങ്ങളായാലും, വ്യക്തികളായാലും. ഞാൻ അനുഭവിക്കുന്ന ടെൻഷൻ എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ, അതെന്താണെന്ന് അന്വേഷിക്കാൻ പോലും ഒരാളുമില്ല, ഞാൻ ആർക്കുവേണ്ടിയാണ് എന്തിന് വേണ്ടിയാണ് ഇത്രയും കഷ്ടപ്പെടുന്നത് എന്ന് മാധവൻകുട്ടി ആവേശത്തോടെ കയർത്തുകൊണ്ടിരിക്കുമ്പോൾ തന്നെ സുധ സഹികെട്ട് അവിടുന്നും എണീറ്റ് മകന്റെ മുറിയിലേക്ക് പോകുന്നു.
അടുത്ത ദിവസം മാധവൻകുട്ടി നേരെ സുഹൃത്തായ ഡോക്ടർ തോമസിനെ കാണാൻ പോകുന്നു. നീയിപ്പോ ധൃതിപിടിച്ച് ജോലി രാജിവെക്കാനൊന്നും പോകേണ്ടെന്നും, എക്സ്പ്ലനേഷൻ ചോദിച്ചിട്ടില്ലേ, അത് സബ്മിറ്റ് ചെയ്താൽ പ്രശ്നം തീർന്നല്ലോ എന്ന് തോമസ് പറയുമ്പോൾ, എനിക്ക് കമ്പനിയുടെ കാര്യമൊന്നും ഒരു പ്രശ്നമല്ലെന്നും, അതിലെന്നെ കുറ്റപ്പെടുത്താനും അവർക്ക് കഴിയില്ലെന്നും, എനിക്കതിൽ ഉറപ്പുണ്ടെന്നും, പക്ഷേ ഞാനിത്ര മനഃപ്രയാസം സഹിക്കുമ്പോൾ സമാധാനിപ്പിക്കുന്ന ഒരു വാക്ക് പറയാൻ പോലും സുധ മനസ്സ് കാണിക്കുന്നില്ലെന്നും, ഇൻഡിഫറെൻറ് ആയിട്ട് മാറി നിൽക്കുന്നുവെന്നും മാധവൻകുട്ടി പറയുന്നു. അതുകേട്ട്, അതിന് സുധയെ കുറ്റപ്പെടുത്തിയിട്ട് കാര്യമൊന്നുമില്ലെന്നും, നീ പഠിപ്പിച്ചുവെച്ചിരിക്കുന്നത് അങ്ങിനെയല്ലേ എന്നും, കമ്പനി കാര്യങ്ങളിലൊന്നും ഇന്റർഫിയർ ചെയ്യരുതെന്നല്ലേ നിന്റെ കല്പന എന്നും തോമസ് പറയുമ്പോൾ, ഇത് കമ്പനി കാര്യമല്ലെന്നും, എന്റെ പേർസണൽ പ്രോബ്ലം ആണെന്നും മാധവൻകുട്ടി പറയുന്നു. അതിന്, ഒരു ചിരി പാസാക്കിയ ശേഷം, അതെങ്ങിനെ ഇത് നീയും എംഡിയും തമ്മിലുള്ള ഫൈറ്റ് അല്ലേ എന്നും, സുധ പറയുന്ന ഏതെങ്കിലും അഡ്വൈസ് നീ സ്വീകരിക്കുമോ എന്നും തോമസ് ചോദിക്കുമ്പോൾ, എനിക്കാവശ്യം അഡ്വൈസ് അല്ലെന്നും, അവൾക്ക് വിവരമില്ലാത്ത വിഷയത്തിൽ അവളുടെ അഡ്വൈസ് എനിക്കാവശ്യമില്ലെന്നും, പക്ഷേ സമാധാനിപ്പിക്കുന്ന ഒരു വാക്ക് പറഞ്ഞുകൂടേ എന്നും മാധവൻകുട്ടി പറയുന്നു. അതുകേട്ട്, വീണ്ടും ചിരിച്ചുകൊണ്ട്, എന്റെ മാധവൻകുട്ടി സമാധാനിപ്പിക്കുന്നതിന്റെ ഇടയ്ക്ക് അല്പം ഉപദേശം ഉണ്ടായെന്നും വരും എന്നും, അപ്പോഴേക്കും ഉപദേശിക്കാൻ വരരുതെന്ന് നീ ചാടിത്തുടങ്ങും എന്നും, പിന്നെ അവരെങ്ങിനെ ആശ്വസിപ്പിക്കാൻ വരും എന്നും തോമസ് ചോദിക്കുമ്പോൾ, ഒരു ഭാര്യ ഭർത്താവിനെ എങ്ങിനെ ആശ്വസിപ്പിക്കാൻ വരണമെന്ന് പഠിപ്പിക്കാൻ എനിക്ക് സാധിക്കില്ലെന്ന് മാധവൻകുട്ടി പറയുന്നു. അപ്പോൾ, അങ്ങിനെയാണെങ്കിൽ നീയൊരു കാര്യം ചെയ്യെന്നും, പേടിപ്പിക്കാനൊന്നും പോകേണ്ടെന്നും, ഒരു ഭാര്യയോട് ഭർത്താവ് പെരുമാറുന്ന വിധത്തിൽ നീ അങ്ങോട്ട് പെരുമാറ് എന്നും, അപ്പോൾ അതിനനുസരിച്ചുള്ള പ്രതികരണം സുധയിലും ഉണ്ടാവുമെന്നും തോമസ് പറയുന്നു. അതത്ര രുചിക്കാത്തത് പോലെ നേരമായി ഞാൻ പോകുന്നു എന്ന് മാധവൻകുട്ടി പറയുമ്പോൾ, എന്താ ഇത്ര ധൃതി, ഇന്ന് ഞായറാഴ്ചയല്ലേ എന്ന് തോമസ് ചോദിക്കുന്നു. പത്തുമണിക്ക് ഒരു അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നും പറഞ്ഞ് മാധവൻകുട്ടി ഇറങ്ങിപ്പോകുന്നു.
സേവ്യർ മാധവൻകുട്ടിയുടെ വീട്ടിൽ വന്ന് പ്രസാദിന് തന്റെ പിറന്നാൾ ആണെന്നും പറഞ്ഞ് കേക്ക് കൊടുക്കുന്നു. അച്ഛൻ വീട്ടിൽ ഇല്ലെന്നും, പിന്നെ പാടാം എന്നു പറഞ്ഞു പറ്റിക്കുന്ന അങ്കിൾ ഇന്ന് തീർച്ചയായും പാടണം എന്ന് പ്രസാദ് നിർബന്ധിക്കുമ്പോൾ സേവ്യർ പാടുന്നു. അതുകേട്ടുകൊണ്ട് അകത്തു നിന്നും വരുന്ന സുധ, ഇങ്ങിനെയൊരു കഴിവും കൂടിയുണ്ടെന്ന് അറിയില്ലായിരുന്നല്ലോ എന്നു പറഞ്ഞ്, എന്താ വിശേഷിച്ച് വല്ല സസ്പെന്ഷനോ മറ്റോ കിട്ടിയോ എന്ന് ചോദിക്കുമ്പോൾ, ഇല്ലെന്ന് സേവ്യർ പറയുന്നു. അപ്പോൾ, അങ്കിൾ ബർത്ത്ഡേ കേക്ക് കൊണ്ടുവന്നതാ എന്ന് പ്രസാദ് പറയുമ്പോൾ, അയ്യോ മോശം മോനേ, നീയല്ലേ അങ്കിൾന് സമ്മാനം കൊടുക്കേണ്ടതെന്ന് സുധ പറയുന്നു. അതുകേട്ട്, പ്രസാദ് വലുതാവുമ്പോ അങ്കിൾന് വലിയ സമ്മാനം തരുമെന്ന് സേവ്യർ പറയുന്നു. അപ്പോഴേക്കും മാധവൻകുട്ടി അവിടെ വരുന്നു. സേവ്യർ മാധവൻകുട്ടിയെ ചെയ്യുമ്പോൾ, തിരിച്ചും വിഷ് ചെയ്ത് മാധവൻകുട്ടി അകത്തേക്ക് പോകുന്നു.
സേവ്യറിനെ അകത്തേക്ക് വിളിച്ച് സുധ കാപ്പി കൊടുത്ത ശേഷം സേവ്യറുമായി സംസാരിച്ചിരിക്കുന്നു. സംസാരിക്കുന്നതിനിടെ ഇയ്യിടെ എന്തിനാണ് സസ്പെന്ഷൻ ചെയ്തതെന്ന് ചോദിക്കുമ്പോൾ, എന്തിനാണെന്ന് പോലും അറിയില്ല, വൈകുന്നേരമായപ്പോൾ അകത്തേക്ക് വിളിച്ച് സസ്പെന്ഷൻ കൈയ്യിൽ വെച്ചു തന്നു എന്ന് സേവ്യർ പറയുന്നു. അപ്പോൾ, നോക്കിക്കോ ഇതുപോലെ ഒരു ദിവസം ഡിസ്മിസ്സൽ ഓർഡറും കൈയ്യിൽ തരുമെന്ന് സുധ പറയുമ്പോൾ, എന്നാൽ ആ ദിവസം ഞാൻ തൂങ്ങിച്ചാവുമെന്ന് സേവ്യർ പറയുന്നു. അതുകേട്ട് സുധ അമ്പരന്നു പോവുന്നു. അന്നേരം, ഇത്തവണ എനിക്കുവേണ്ടി സാറിനോട് ഒന്ന് പറയണമെന്ന് സേവ്യർ പറയുമ്പോൾ, ഞാൻ പറഞ്ഞാൽ കേൾക്കുന്ന ആളാണോ, ഇത്തരം കാര്യങ്ങളിലൊന്നും ഞാൻ ഇടപെടാറില്ല എന്നും സുധ പറയുന്നു. അതുകേട്ട്, ഈ ഒരു തവണ എനിക്ക് വേണ്ടി എന്ന് സേവ്യർ കെഞ്ചുമ്പോൾ, ശരി എന്ന് പറഞ്ഞ് സേവ്യറിനെ ഇരിക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോകുന്നു. മാധവൻകുട്ടിയോട് സേവ്യർ പാവമാണെന്നും, തെറ്റ് ആർക്കാണ് പറ്റാതെന്നും, ഈ ഒരു തവണ ക്ഷമിച്ച് അയാളുടെ സസ്പെന്ഷൻ പിൻവലിക്കണം എന്നും സുധ കുറെ കെഞ്ചിയിട്ടും മാധവൻകുട്ടി അതിന് സമ്മതിക്കുന്നില്ല.
ഒരു ദിവസം നല്ല "ഫിറ്റ്" ആയിട്ട് ഡോക്ടർ തോമസ് മാധവൻകുട്ടിയുടെ വീട്ടിലേക്ക് വരുന്നു. അപ്പോൾ സുധ മാത്രമേയുള്ളു വീട്ടിൽ. തോമസ് അകത്തേക്ക് വന്നതും, ഇന്ന് ഇത്രയും കുടിക്കാനുള്ള കാരണമെന്താണാവോ എന്ന് സുധ ചോദിക്കുമ്പോൾ, സുധ നല്ല തമാശക്കാരിയാണല്ലോ എന്ന് തോമസ് പറയുന്നു. അതുകേട്ട്, ഇല്ലെന്ന് ആരു പറഞ്ഞുവെന്നും, കൂടിവന്നാൽ മാധവൻകുട്ടി പറഞ്ഞുകാണും എന്നും, ഇന്നാള് പറഞ്ഞുവല്ലോ കുടി നിർത്തിയെന്ന് എന്നും പറയുമ്പോൾ, നിർത്തിയ കാലത്ത് ഞാൻ കുടിയേക്കുറിച്ച് ഏറെ വായിച്ചുവെന്നും, അവസാനം വായന നിർത്തി കുടി തുടങ്ങി എന്നും തോമസ് പറയുന്നു. അപ്പോൾ, ചിരിച്ചുകൊണ്ട്, ഇനി കുടി നിർത്തിയിട്ട് കാര്യമൊന്നുമില്ലെന്ന് കണ്ടിട്ടോ അതോ കുടിക്കണത് കൊണ്ട് കുഴപ്പമൊന്നുമില്ലെന്നുള്ളത് കൊണ്ടോ എന്ന് സുധ ചോദിക്കുന്നു. അന്നേരം, ഇപ്പോഴത്തെ കുടിക്ക് ഒരു പ്രത്യേക കാരണമുണ്ടെന്നും, എന്റെ ഭാര്യയെയും അവളുടെ പുതിയ ഭർത്താവിനെയും ഞാനിന്ന് കണ്ടുവെന്നും, അതിന്റെ ആഘോഷമാണെന്നും, അവൾ പണ്ടത്തേക്കാൾ സുന്ദരി ആയിരുന്നുവെന്നും, അവളുടെ ഭർത്താവിന് എന്നെ പരിചയപ്പെടുത്തിയെന്നും, എനിക്കയാളെ വളരെ പിടിച്ചുവെന്നും, വളരെ നല്ല മനുഷ്യനാണെന്നും, എനിക്കവളെയും ഇന്നലെ വളരെ ഇഷ്ടപ്പെട്ടു എന്നും, എന്റെ അതേ സ്പിരിറ്റ് അവൾക്കുമുണ്ടെന്ന് ഇന്നലെ ഞാൻ മനസ്സിലാക്കിയെന്നും തോമസ് പറയുമ്പോൾ, പണ്ടത് മനസ്സിലാക്കാൻ കഴിഞ്ഞില്ല അല്ലേ എന്ന് സുധ ചോദിക്കുന്നു. അപ്പോൾ, അതുകൊണ്ടല്ലേ വിവാഹമോചനം ചെയ്യേണ്ടി വന്നതെന്നും, പരസ്പരം മനസ്സിലാക്കാൻ അല്പം താമസിച്ചു പോയി എന്നും തോമസ് പറയുന്നു. അതിന്, ഇപ്പോൾ ദുഃഖം തോന്നുണ്ടല്ലേ എന്ന് സുധ ചോദിക്കുമ്പോൾ, തോമസ് ആലോചനയിൽ മുഴുകിയിരിക്കുന്നു.
സേവ്യർ പാർക്കിൽ ഇരിക്കുന്ന വയസ്സായ ഒരു മനുഷ്യനോട് (പി.ആർ.മേനോൻ) എന്താ ഇവിടെ ഇരിക്കുന്നത്, ഇപ്പോഴും ഇവിടെ കാണാറുണ്ടല്ലോ എന്ന് ചോദിക്കുമ്പോൾ, അദ്ദേഹം ഒന്നും മിണ്ടാതെ ഗൗരവത്തോടെ ഇരിക്കുന്നു. അപ്പോൾ, ചോദിക്കുന്നത് കൊണ്ട് വിഷമം തോന്നരുത് കേട്ടോ എന്ന് പറയുമ്പോൾ, അദ്ദേഹം സേവ്യറെ ഒന്ന് നോക്കിയ ശേഷം, ഇതിനേക്കാൾ വലുത് എന്നും കേൾക്കുന്നുണ്ട്, എന്നിട്ട് വേണ്ടേ ഈ ചോദ്യത്തിന് വിഷമം തോന്നാൻ എന്ന് നീരസത്തോടെ പറയുന്നു. തുടർന്ന് അദ്ദേഹവുമായി സംസാരിക്കുമ്പോൾ, അദ്ദേഹം പെൻഷൻ പറ്റുന്ന ആളാണെന്നും, വരുമാനം കുറഞ്ഞാൽ വീട്ടിൽ മര്യാദ കുറയുമെന്നും ജോലിയില്ലാതെ ജീവിക്കുന്നത് ബുദ്ധിമുട്ടാണെന്നും, കല്യാണം കഴിക്കരുതെന്നും, അഥവാ കഴിച്ചാലും കുട്ടികൾ ഉണ്ടാവരുതെന്നും സേവ്യർ മനസ്സിലാക്കുന്നു. പിന്നീട് സേവ്യർ അദ്ദേഹത്തെ ചായ കുടിക്കാൻ കൊണ്ടുപോവുന്നു.
ഒരു ദിവസം ഓമന മനോഹരനെ കാണാൻ ഓഫീസിൽ എത്തുന്നു. അവിടെ പ്യുൺ ജോലി നോക്കുന്ന മനോഹരനെക്കണ്ട് ഓമന അമ്പരന്ന് നിൽക്കുന്നു. മനോഹരൻ ഓമനയെ ഓഫീസിന് പുറത്തുകൊണ്ടു പോയി സംസാരിക്കുമ്പോൾ, സാരമില്ല, ഞാൻ സ്നേഹിച്ചത് മനോഹരനെയാണ് മനോഹരന്റെ ജോലിയെയല്ല, ഇപ്പോൾ ഞാൻ വന്നത് വീട്ടിൽ ആലോചന തുടങ്ങി എന്നും, ഇനി വെച്ച് താമസിപ്പിക്കാൻ പറ്റില്ല എന്നും ഓമന പറയുന്നു. അതുകേട്ട്, അതോർത്ത് നീ വിഷമിക്കേണ്ടെന്നും, എന്നെ തെറ്റിദ്ധരിക്കാതിരുന്നാൽ മതിയെന്നും മനോഹരൻ പറയുമ്പോൾ, ഇനിയിപ്പോ എപ്പോഴാ കാണുന്നത് എന്ന് ഓമന ചോദിക്കുന്നു. അതിന്, വൈകുന്നേരം കടൽത്തീരത്ത് വെച്ച് കാണാം എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ വർഗീസ് വന്ന് അകത്ത് വന്ന് ജോലി ചെയ്യെടാ എന്ന് പറയുന്നു. അപ്പോൾ, ഓമനയോട് വൈകുന്നേരം കാണാമെന്നു പറഞ്ഞ് മനോഹരൻ അകത്തേക്ക് പോകുന്നു.
സുധ ലേഡീസ് ക്ലബ്ബിൽ നിന്നും കൂട്ടുകാരികളുമൊത്ത് മടങ്ങുമ്പോൾ മാധവൻകുട്ടി ഓഫീസിൽ നിന്നും തിരിച്ചെത്തി പത്രം വായിച്ചിരിക്കുകയാണ്. സുധ കൂട്ടുകാരികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവരെയെല്ലാം പരിചയമുണ്ടല്ലോ എന്ന് മാധവൻകുട്ടിയോട് ചോദിക്കുമ്പോൾ, അതേ എന്ന പോലെ മാധവൻകുട്ടി തലയാട്ടുന്നു. സുധ കൂട്ടികാരികളോട് ഇരിക്കാൻ പറയുമ്പോൾ അവർ ധൃതിയുണ്ടെന്ന് പറഞ്ഞ് തിരിച്ചു പോവുന്നു. സുധ അടുക്കളയിൽ ചെന്ന് വേലക്കാരിയോട് മാധവൻകുട്ടി വന്നിട്ട് കുറെ നേരമായോ എന്ന് ചോദിക്കുമ്പോൾ അതേയെന്നവൾ പറയുന്നു. സുധ ധൃതിയിൽ കാപ്പിയുമെടുത്ത് മാധവൻകുട്ടിയുടെയടുത്തേക്ക് പോകുന്നു. കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ, ഓഫീസിൽ വിട്ടു വന്നിട്ട് ഭാര്യയെ കാത്തിരിക്കുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല എന്ന് മാധവൻകുട്ടി പറയുമ്പോൾ, മാധവൻകുട്ടി പറയുന്നത് കേട്ടാൽ തോന്നും ഓഫീസിൽ നിന്നും വരുമ്പോൾ എന്നും ഞാനിവിടെ ഉണ്ടാവാറില്ലെന്ന് എന്ന് സുധ പറയുന്നു. അതുകേട്ട്, അത്ര സുഖിക്കാത്തത് പോലെ മാധവൻകുട്ടി സുധയെ നോക്കുന്നു. അപ്പോൾ, വെറുതെ ഇവിടുന്ന് മടുത്തിട്ടാ വല്ല സോഷ്യൽ ആക്ടിവിറ്റീസിനും പോകുന്നതെന്നും, മനസ്സ് തുരുമ്പെടുക്കാതിരിക്കാൻ എന്നും സുധ പറയുമ്പോൾ, സോഷ്യൽ ആക്ടിവിറ്റീസ് എന്നും പറഞ്ഞ് ഉടുത്തൊരുങ്ങി നടക്കണം, അതല്ലേ സംഭവം എന്ന് കളിയാക്കുന്നത് പോലെ മാധവൻകുട്ടി പറയുന്നു. അതുകേട്ട്, മാധവൻകുട്ടി ഇത്ര ചീപ്പ് ആവരുതെന്ന് അരിശത്തോടെ പറഞ്ഞുകൊണ്ട് സുധ അവിടുന്നും എണീറ്റ് അകത്തേക്ക് പോകുന്നു.
മകനെ ഉറങ്ങാൻ കിടത്തിയതിന് ശേഷം സുധ അവരുടെ കിടക്കമുറിയിലേക്ക് വരുമ്പോൾ കാണുന്നത് മാധവൻകുട്ടി ചിന്താവിഷ്ടനായി വരാന്തയിൽ നിൽക്കുന്നതാണ്. സുധ അദ്ദേഹത്തെ സമാധാനപ്പെടുത്തി അകത്തേക്ക് കൂട്ടിക്കൊണ്ട് വന്ന് കിടക്കുന്നു.
സേവ്യർ രാവിലെ പാതയോരത്ത് നിന്നുകൊണ്ട് സിനിമ പോസ്റ്ററും നോക്കി നിൽക്കുന്നത് ശ്രദ്ധിക്കുന്ന മനോഹരൻ സേവ്യറുടെ അടുത്തേക്ക് വന്ന് ഓഫീസിലേക്കൊന്നും ഇല്ലേ എന്ന് ചോദിക്കുമ്പോൾ, പിന്നെ എന്ന് സേവ്യർ പറയുന്നു. ഇരുവരും ഓഫീസിലേക്ക് നടക്കുന്നു. കല്യാണം ഒക്കെ ഏതുവരെയായി എന്ന് സേവ്യർ ചോദിക്കുമ്പോൾ, സംഗതി ഒക്കെ ഏതാണ്ട് ഒത്തുവന്നിട്ടുണ്ടെന്ന് പറഞ്ഞിട്ട്, മനോഹരൻ പക്ഷേ ...... എന്ന് വലിക്കുന്നു. അതെന്താ ഒരു പക്ഷെ എന്ന് സേവ്യർ ചോദിക്കുമ്പോൾ, കല്യാണം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ പക്ഷം അവളുടെ ഒരു സ്റ്റാറ്റസ് നോക്കി നടത്തേണ്ടേ, എന്റെ കൈയ്യിലാണെങ്കിൽ കാശുമില്ല, ഇങ്ങിനത്തെ ഒരു കല്യാണമായതുകൊണ്ട് ഞാൻ തന്നെ ചിലവ് ചെയ്യുകയും വേണം, നീട്ടി വെക്കാൻ ഒരു നിവർത്തിയുമില്ല എന്ന് മനോഹരൻ പറയുന്നു. അതുകേട്ട്, അതെന്താ എന്ന് സേവ്യർ ചോദിക്കുമ്പോൾ, അവൾ കിടന്ന് കയർ പൊട്ടിക്കുകയാണെന്ന് മനോഹരൻ പറയുന്നു. അതിന്, താൻ വിഷമിക്കാതെ, പൈസേടെ കാര്യമല്ലേ, അതിന് ഞാൻ വഴിയുണ്ടാക്കാം, എന്റെ പ്രോവിഡന്റ് ഫണ്ടിൽ നിന്ന് ഞാൻ പൈസ എടുത്തു തരാം, താൻ തിയ്യതി ഉറപ്പിച്ചോ, വേറൊരു കാര്യം കല്യാണത്തിന് ഞാൻ തലേന്നേ വരും, എന്റെ മേൽനോട്ടത്തിൽ വേണം എല്ലാം എന്ന് സേവ്യർ പറയുന്നു. അതുകേട്ട്, മനോഹരൻ സന്തോഷത്തോടെ അത് പിന്നെ അങ്ങനെയല്ലേ എന്ന് പറയുന്നു.
തനിക്കുടുക്കാൻ എടുത്തു വെച്ചിട്ടുള്ള മുണ്ടും ഷർട്ടും നോക്കിയിട്ട്, ഈ വേഷത്തിലാണോ ഓഫീസിൽ പോകേണ്ടതെന്ന് മാധവൻകുട്ടി ചോദിക്കുമ്പോൾ, നമുക്കിന്ന് കല്യാണത്തിന് പോകേണ്ട എന്ന് സുധ ചോദിക്കുന്നു. അതുകേട്ട്, എനിക്ക് സമയമില്ലെന്നും, നീ തനിച്ചു പോയാൽ മതിയെന്നും മാധവൻകുട്ടി പറയുമ്പോൾ സുധ ആകെ അപ്സെറ്റ് ആകുന്നു. മാധവൻകുട്ടി ഓഫീസിലേക്കുള്ള വസ്ത്രങ്ങൾ മാറുമ്പോൾ, നമ്മൾ രണ്ടുപേരും പോകേണ്ടതല്ലേ, ഞാൻ തനിച്ചു ചെന്നാൽ അവരെന്ത് വിചാരിക്കും, അവർ പ്രത്യേകിച്ച് പ്രതീക്ഷിക്കുന്നത് മാധവൻകുട്ടിയെയാണ് എന്ന് സുധ പറയുമ്പോൾ, എനിക്ക് ഒരു തരത്തിലും വരാൻ പറ്റില്ല, എനിക്ക് വേറെ ചില ജോലികൾ ഉണ്ടെന്ന് മാധവൻകുട്ടി പറയുന്നു. അപ്പോൾ, പുറമെ വല്ലവരുമായിരുന്നെങ്കിൽ വല്ല കാരണങ്ങളും പറയാമായിരുന്നു എന്നും, ഇതിപ്പോ അത് പറ്റുമോ, വരുന്ന ബന്ധുക്കളൊക്കെ നമ്മൾ ചെല്ലാത്തതിന്റെ കാരണം ചോദിക്കുമെന്നും, അതിന് എന്ത് ഉത്തരം പറയുമെന്നും സുധ വിഷമത്തോടെ ചോദിക്കുന്നു. അതിന്, മാധവൻകുട്ടി മുഖം കൊടുക്കാതെ, നീ പോയാൽ പ്രോബ്ലം തീർന്നില്ലേ എന്ന് പറയുന്നു. അതുകേട്ട്, മാധവൻകുട്ടി വരാത്തതിന് ഞാനെന്ത് സമാധാനം പറയും എന്ന് വിഷമത്തോടെ ചോദിക്കുമ്പോൾ, ഞാൻ വളരെ ബിസിയാണ്, മറ്റു ചില പ്രോബ്ലെംസ് ഉണ്ടെന്ന് പറയണം എന്ന് മാധവൻകുട്ടി പറയുന്നു. അതിന്, എന്താണീ പറയുന്നത്, അവിടെ വരുന്നവരാരും പ്രോബ്ലെംസ് ഇല്ലാത്തവരാണോ, നമ്മൾ ഇത്ര അടുത്തായിട്ടും ചെന്നില്ലെങ്കിൽ .... എന്ന് സുധ പറയുമ്പോൾ, എനിക്ക് വരാൻ പറ്റില്ലെന്ന് പറഞ്ഞ് മാധവൻകുട്ടി സൂട്ട്കേസുമെടുത്ത് ഓഫീസിലേക്ക് പോകുന്നു. അന്നേരം പ്രസാദ് അടുത്തുവന്ന് കല്യാണത്തിന് പോകേണ്ട അമ്മേ എന്ന് ചോദിക്കുമ്പോൾ, ഇല്ലെന്നും, മോൻ ഉടുപ്പ് മാറ്റി സ്കൂളിലേക്ക് പൊയ്ക്കൊള്ളൂ എന്നും പറഞ്ഞിട്ട് സുധ അകത്തേക്ക് പോകുന്നു.
മാധവൻകുട്ടി ഓഫീസിലെത്തിയതും സേവ്യർ മാധവൻകുട്ടിയെ മുറിയിലേക്ക് ചെല്ലുന്നു. അവിടെച്ചെന്ന് എന്താ കാര്യം എന്ന് പറയാതെ കുത്തിയിരിക്കുമ്പോൾ, വന്ന കാര്യം എന്താണെന്ന് പറഞ്ഞു തുലയ്ക്ക് എന്ന് മാധവൻകുട്ടി കയർക്കുന്നു. അപ്പോൾ, പേടിച്ച് പേടിച്ച് സേവ്യർ പറഞ്ഞു തുടങ്ങുന്നു - വൈകി വരുന്നതും, വരാതിരിക്കുന്നതും മനപ്പൂർവ്വമല്ലെന്നും, എന്റെ നിവർത്തികേടുകൊണ്ടാണെന്നും, എന്റെ വീട്ടിലെ സ്ഥിതി ദയനീയമാണെന്നും, ദിവസവും ഓഫീസിലേക്ക് വരുന്നതിന് മുൻപ് മക്കളെ കുളിപ്പിച്ച്, ആഹാരം പാചകം ചെയ്ത്, അവർക്കും കിടപ്പിലായ ഭാര്യയ്ക്കും ആഹാരം കൊടുത്ത്, മക്കളെ സ്കൂളിലേക്ക് പറഞ്ഞയച്ച്, ഭാര്യയെ പരിചരിച്ച ശേഷമാണ് ഓഫീസിലേക്ക് വരുന്നതെന്നും, ചില ദിവസം ഭാര്യയ്ക്ക് അസുഖം കൂടുതലാവുമെന്നും, ഒന്ന് കരയാൻ പോലും കഴിയാതെ അവളുടെ വിമ്മിഷ്ടം കാണുമ്പോൾ മക്കളും കിടന്ന് കരയുമെന്നും, നോക്കാനോ അന്വേഷിക്കാനോ വേറെ ആരുമില്ലെന്നും, അവരെ അങ്ങിനെ ഇട്ടേച്ച് എനിക്കെങ്ങിനെ പോരാൻ കഴിയുമെന്നും കരഞ്ഞുകൊണ്ടേ സേവ്യർ പറയുന്നു. പിന്നീട്, കണ്ണുനീർ തുടച്ചുകൊണ്ട്, ഞാനിതൊന്നും ആരോടും പറയാറില്ലെന്നും, പറഞ്ഞിട്ടെന്തിനാ മറ്റുള്ളവരെക്കൂടി വിഷമിപ്പിക്കുന്നത് എന്നും വീണ്ടും കരച്ചിലോടെ പറഞ്ഞു നിർത്തുമ്പോൾ, മാധവൻകുട്ടി സേവ്യർ വീട്ടിൽ പൊയ്ക്കൊള്ളാൻ പറയുന്നു. സേവ്യർ പോയതും മാധവൻകുട്ടി ആലോചനയിൽ മുഴുകിയിരിക്കുന്നു. എന്നിട്ട്, സുധയെ ഫോണിൽ വിളിച്ച് കല്യാണത്തിന് പോയില്ലേ എന്ന് ചോദിക്കുന്നു. അതിന് സുധ ഇല്ലെന്ന് പറയുന്നു. അതുകേട്ട്, പോകാമായിരുന്നില്ലേ എന്ന് മാധവൻകുട്ടി ചോദിക്കുമ്പോൾ, സുധ ഒന്നും പറയാതെയിരിക്കുന്നു. അപ്പോൾ, ആരെങ്കിലും ചെന്നില്ലെങ്കിൽ മോശമാണെന്നും, എനിക്ക് വരാൻ ഒരു നിവർത്തിയുമില്ലാഞ്ഞിട്ടാ എന്നും, സുധ പോകു എന്നും മാധവൻകുട്ടി പറയുമ്പോൾ, സുധ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്യുന്നു.
മനോഹരൻ ഓമനയെ കാണാൻ അവൾ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് പോകുന്നു. അവിടെ ചെന്ന്, ഒരു ജോലിക്കാരനോട് സിസ്റ്റർ ഓമന എവിടെയെന്ന് ചോദിക്കുമ്പോൾ, അയാൾ ഒന്നാലോചിച്ച് ശേഷം, ഓ.... ഓമന, മുകളിലത്തെ വരാന്തയിൽ ഉണ്ടെന്ന് പറയുന്നു. മനോഹരൻ മുകളിലത്തെ നിലയിലേക്ക് പോകുമ്പോൾ കാണുന്നത് തറ വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന ഓമനയെയാണ്. തന്നോട് നേഴ്സ് ആണെന്ന് പറഞ്ഞ് തൂപ്പുകാരിയായിട്ടാണല്ലോ ജോലി ചെയ്യുന്നതെന്നറിയുന്ന മനോഹരൻ തരിച്ചു നിന്നു പോകുന്നു. അപ്പോൾ, ഓമന മനോഹരന്റെ അടുത്തെത്തി, മനോഹരേട്ടൻ സ്നേഹിച്ചത് ജോലിയെ അല്ലല്ലോ, എന്നെയല്ലേ എന്ന് ചോദിക്കുമ്പോൾ, അതേയെന്ന പോലെ മനോഹരൻ തലയാട്ടുന്നു.
സേവ്യർ പള്ളിയിൽ പോയി പ്രാർത്ഥിച്ച ശേഷം പള്ളീലച്ചനെ (ജോൺ വർഗീസ്) ചെന്ന് കാണുന്നു. പള്ളീലച്ചൻ സേവ്യറിനോട് സമയത്തിനും നേരത്തിനും നീ ഓഫീസിൽ പോകാറുണ്ടല്ലോ എന്ന് ചോദിക്കുമ്പോൾ, ഉവ്വെന്നും, എന്നിൽ നിന്ന് എന്തെങ്കിലും കുറ്റങ്ങൾ സംഭവിച്ചാൽ അദ്ദേഹം ക്ഷമിക്കാറുണ്ടെന്നും സേവ്യർ പറയുന്നു. അതുകേട്ട്, നിന്നെ എടുത്ത് വളർത്തിയത് ഞാനാണെങ്കിലും, ഇപ്പോൾ നിന്റെ രക്ഷിതാവ് അദ്ദേഹമാണെന്നും ഫാദർ പറയുന്നു. അതിന്, ആ ബോധം എനിക്കെപ്പോഴും ഉണ്ടെന്ന് സേവ്യർ പറയുന്നു. അപ്പോൾ, നിന്റെ ദുഃഖം മറ്റാർക്കും അറിയില്ല മകനെ എന്നും, സർവശക്തനായ ദൈവം നിന്നെ രക്ഷിക്കും എന്നും ഫാദർ പറയുന്നു. സേവ്യർ അദ്ദേഹത്തോട് വിട പറയുമ്പോൾ, ദൈവം അറിയാതെ ഒരു പച്ചത്തൂവൽ പോലും കൊഴിയുന്നില്ല മകനെ എന്നു പറഞ്ഞ് ഫാദർ സേവ്യറിനെ യാത്രയാക്കുന്നു.
സേവ്യറുടെ പക്കൽ മനോഹരൻ വന്നു നിൽക്കുമ്പോൾ, ലോൺ സാങ്ക്ഷൻ ആയി വന്നിട്ടുണ്ടെന്നും, എപ്പോഴാ കാശിന് ആവശ്യംന്നുവെച്ചാ പറഞ്ഞാ മതി എന്നും സേവ്യർ പറയുമ്പോൾ, മനോഹരൻ ഒന്നും മിണ്ടാതെ നിൽക്കുന്നു. സേവ്യർ മനോഹറിന്റെ ഉന്മേഷക്കുറവിന്റെ കാര്യം തിരക്കുമ്പോൾ, തനിക്കൊരു കളിപ്പ് പറ്റിയെന്നും, ഓമന നഴ്സ് അല്ലെന്നും സ്വീപ്പർ ആണെന്നും മനോഹരൻ വിഷമത്തോടെ പറയുന്നു. അതുകേട്ട്, സേവ്യർ ഓഫീസിൽ നിന്നും ഇറങ്ങാനുള്ള ഒരുക്കങ്ങൾ ചെയ്തുകൊണ്ട്, അത്രേയുള്ളോ, മനോഹരാ അതൊന്നും സാരമില്ലെന്നും, സ്നേഹിക്കാൻ ഒരാളുണ്ടാവുക അതല്ലേ പ്രധാനം എന്ന് പറഞ്ഞുകൊണ്ട് ഓഫീസിൽ നിന്നും ഇറങ്ങുന്നു.
സേവ്യർ രാവിലെ കുറെ നേരം കടൽത്തീരത്ത് ഇരുന്ന ശേഷം അടുത്തുള്ള സ്കൂളിലേക്ക് കുട്ടികൾ പോകുന്നതും നോക്കി നിൽക്കുന്നു. പിന്നീട്, ഓഫീസിൽ ചെന്ന് പണിക്കരോട് ഇന്ന് തനിക്ക് അവധി വേണമെന്ന് പറയുമ്പോൾ, ഇന്ന് കോൺഫെറൻസ് ഉള്ള ദിവസമാണ് അവധിയെടുക്കാൻ പറ്റില്ലെന്ന് പറയുമ്പോൾ, സേവ്യറും തനിക്ക് അവധിയെടുക്കാതെ നിവർത്തിയില്ലെന്ന് ശഠിക്കുന്നു. അപ്പോൾ, പണിക്കർ സേവ്യറോട് മാനേജരോട് ചെന്ന് പറഞ്ഞിട്ട് വേണ്ടത് പോലെ ചെയ്തോളു എന്ന് പറഞ്ഞ് സേവ്യറെ മാനേജരുടെ പക്കലേക്ക് പറഞ്ഞയക്കുന്നു. മാധവൻകുട്ടിയോട് തന്റെ ഭാര്യയ്ക്ക് അസുഖം കൂടുതലാണെന്നും, അവധിയെടുക്കാതെ വഴിയില്ലെന്നും സേവ്യർ പറയുമ്പോൾ, മാധവൻകുട്ടി ശരിയെന്ന് പറയുന്നു.
രാവിലെ സുധ കൊടുത്ത കാപ്പി കുടിച്ചുകൊണ്ട്, ഇന്നലെ പ്രസാദിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് വന്നുവല്ലേ എന്ന് മാധവൻകുട്ടി ചോദിക്കുമ്പോൾ, ഒന്ന് ശങ്കിച്ചു നിന്ന ശേഷം, എല്ലാ വിഷയത്തിലും തോറ്റിട്ടില്ലെന്ന് സുധ പറയുന്നു. അതുകേട്ട്, അടുത്ത ടേം വരുമ്പോഴേക്കും മുഴുവനും തീർന്ന് കിട്ടുവോ എന്ന് മാധവൻകുട്ടി ചോദിക്കുമ്പോൾ, സുധ ഒന്നും മിണ്ടാതെ തലകുനിച്ചിരിക്കുന്നു. അപ്പോൾ, ചെറുക്കനെ വീട്ടിൽ നിർത്തി ലാളിച്ച് ലാളിച്ച് വഷളാക്കാവുന്നതിലധികം നീ വഷളാക്കി എന്ന് അരിശത്തോടെ മാധവൻകുട്ടി പറയുമ്പോൾ, അടുത്ത ആഴ്ച മുതൽ ഒരു ട്യൂഷൻ ...... എന്ന് മടിച്ചു മടിച്ചു കൊണ്ട് പറഞ്ഞു വരുമ്പോൾ, മാധവൻകുട്ടി ചാടി എഴുന്നേറ്റ്, ട്യൂഷൻ.... അവനെ അന്നേ ബോർഡിങ്ങിൽ ആക്കണം എന്ന് പറഞ്ഞപ്പോൾ നീ കേട്ടില്ലെന്നും, നിന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി അവനെ ഈ വീട്ടിൽ നിർത്തി അവനെ വഷളാക്കി, അതിനുള്ള പ്രതിഫലം കിട്ടി എന്ന് ഗർജ്ജിക്കുന്നു. സുധ അതുകേട്ട് ഒന്നും മിണ്ടാതെ അരിശത്തോടെ മുകളിലേക്ക് ഓടിപ്പോകുന്നു. മാധവൻകുട്ടി സമാധാനത്തിനായി കടൽത്തീരത്തിലേക്ക് പോകുന്നു. അവിടെ അദ്ദേഹം കാണുന്നത് ഭാര്യയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു അവധിയെടുത്ത സേവ്യർ കുറെ ചേരിപ്പിള്ളേരുടെ കൂടെ പട്ടം പറപ്പിച്ച് ആടിപ്പാടി രസിച്ചു കളിക്കുന്നതാണ്. വരുമ്പോഴുണ്ടായിരുന്ന അരിശത്തേക്കാൾ പതിന്മടങ്ങ് അരിശത്തോടെ മാധവൻകുട്ടി വീട്ടിലേക്ക് തിരികെ പോകുന്നു.
ഓഫീസിലെത്തിയതും മാധവൻകുട്ടി ആദ്യം ചെയ്യുന്ന കാര്യം സേവ്യറെ ജോലിയിൽ നിന്നും ഡിസ്മിസ് ചെയ്യുന്ന ഓർഡർ പുറപ്പെടുവിച്ചുകൊണ്ടാണ്. ടൈപ്പിസ്റ്റ് ലത ഈ കാര്യം ഓഫീസിലുള്ളവരോട് അറിയിക്കുന്നു. അതുകേട്ട് ഓഫീസിൽ ദുഃഖം തളം കെട്ടി നിൽക്കുന്നു. ഇതൊന്നുമറിയാതെ സേവ്യർ പതിവു പോലെ ഡ്യൂട്ടിക്ക് നേരം വൈകിയെത്തുന്നു. സേവ്യർ നേരെ പണിക്കരുടെ പക്കൽ ചെന്ന്, പത്തു മിനിറ്റേ വൈകിയുള്ളു, ഞാൻ ഒപ്പിട്ടോട്ടെ എന്ന് ചോദിക്കുമ്പോൾ പണിക്കർ അവനെത്തന്നെ നോക്കി മിഴിച്ചിരിക്കുന്നു. അപ്പോൾ, ലത മാധവൻകുട്ടിയുടെ മുറിയിൽ നിന്നും വന്ന് സേവ്യർ മാനേജർ വിളിക്കുന്നു എന്ന് പറയുന്നു. സേവ്യർ അകത്തു ചെന്നതും മാധവൻകുട്ടി സേവ്യർക്ക് നേരെ ഡിസ്മിസ്സൽ ഓർഡർ നീട്ടുന്നു. സേവ്യർ ഓർഡർ വായിച്ച് കുറെ നേരം മാധവൻകുട്ടിയെ തന്നെ ദയനീയമായി നോക്കി നിന്ന ശേഷം ശരി സാർ എന്ന് പറഞ്ഞുകൊണ്ട് മുറിക്ക് പുറത്തേക്ക് പോകുന്നു. പുറത്തു വരുന്ന സേവ്യർ അല്പനേരം തന്റെ ടൈപ്പ്റൈറ്ററേയും പിടിച്ചു നിന്ന്, ഡിസ്മിസ്സൽ ഓർഡർ ടൈപ്പ്റൈറ്ററുടെ മുകളിൽ തന്നെ ഉപേക്ഷിച്ച് ഓഫീസിൽ നിന്നും ഇറങ്ങിപ്പോകുന്നു. സഹപ്രവർത്തകരെല്ലാവും സേവ്യറെ തന്നെ ദയനീയമായി നോക്കുന്നു. ഓഫീസിൽ നിന്നും ഇറങ്ങി ലിഫിറ്റിൽ കയറുന്ന സേവ്യർ അവിടെവെച്ച് വിങ്ങിപ്പൊട്ടുന്നു. സേവ്യർ പോയ ശേഷം മാധവൻകുട്ടി പണിക്കരെ വിളിച്ച് സേവ്യറിന് കൊടുക്കാനുള്ള പ്രോവിഡന്റ് ഫണ്ട് മറ്റും ഗ്രാറ്റിവിറ്റി തുക കണക്കുകൂട്ടി വെക്കാൻ പറയുകയും, സേവ്യർ എപ്പോൾ വരുന്നുവോ അന്നേരം തനിക്ക് വേണ്ടി കാത്തിരിക്കാതെ ഈ തുക അയാൾക്ക് കൊടുത്തുകൊള്ളാനും പറയുന്നു. പണിക്കർ മറുപടിയൊന്നും പറയാതെ മൂകനായി വിഷാദഭാവത്തോടെ സ്വന്തം സീറ്റിലേക്ക് പോകുന്നു. ഓഫീസിൽ ശ്മശാന മൂകത തളം കെട്ടി നിൽക്കുന്നു.
അന്ന് രാത്രി സുധ, പ്രസാദ്, മാധവൻകുട്ടി മൂവരും ഉറങ്ങാൻ കഴിയാതെ വിഷമിക്കുന്നു. പ്രസാദ് തന്റെ മുറിയിൽ നിന്നും മാധവൻകുട്ടിയുടെ മുറിയിലേക്ക് പോകുമ്പോൾ, അദ്ദേഹം അവനെ സമാധാനിപ്പിച്ച് പോയി കിടന്നുറങ്ങാൻ പറയുന്നു. പ്രസാദ് തിരികെ തന്റെ മുറിയിൽ വന്ന് സുധയോടൊപ്പം കിടക്കുമ്പോൾ, സുധ അവനെ തലോടിക്കൊണ്ട് കിടക്കുന്നു.
Video & Shooting
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഉല്ലല ചില്ലല |
കാവാലം നാരായണപ്പണിക്കർ | എം ബി ശ്രീനിവാസൻ | കെ ജെ യേശുദാസ് |
2 |
അനന്ത സ്നേഹത്തിന് |
കാവാലം നാരായണപ്പണിക്കർ | എം ബി ശ്രീനിവാസൻ | കെ ജെ യേശുദാസ് |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ |