ഇന്നസെന്റ്

Innocent
Innocent
ആലപിച്ച ഗാനങ്ങൾ: 4
കഥ: 2

മലയാള ചലച്ചിത്ര നടൻ. 1948 മാർച്ച് 4 ന് തെക്കേത്തല വറീതിന്റെയും, മാർഗരീത്തയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനിച്ചു. Little Flower Convent Higher Secondary School, Irinjalakuda, Don Bosco Higher Secondary School, Irinjalakuda, and Sree Sangameswara NSS School, Irinjalakuda. എന്നീ സ്ക്കൂളുകളിൽ നിന്നായിരുന്നു ഇന്നസെന്റിന്റെ പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ്വരെ മാത്രമേ അദ്ദേഹം പഠിച്ചിട്ടുള്ളൂ. പഠനം നിർത്തിയതിനുശേഷം ഇന്നസെന്റ് മദ്രാസിലേയ്ക്ക് പോകുകയും അവിടെ സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി കുറച്ചുകാലം വർക്ക്ചെയ്യുകയും ചെയ്തു. ആ സമയത്ത് അദ്ദേഹം ചില സിനിമകളിൽ ചെറിയവേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് തന്റെ സിനിമാഭിനയത്തിന് തുടക്കമിട്ടു. 1972ൽ ഇറങ്ങിയ ചിത്രശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. തുടർന്ന് ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ആ കാലത്ത് അദ്ദേഹം തന്റെ ബന്ധുക്കളോടൊപ്പം ദാവൺഗരെയിൽ കുറച്ചുകാലം ഒരു  തീപ്പെട്ടിക്കമ്പനി നടത്തിയിരുന്നു. ആ സമയത്ത് ദാവൺഗരെയിലുള്ള കേരളസമാജത്തിന്റെ പ്രോഗ്രാമുകളിൽ അവതരിപ്പിയ്ക്കുന്ന നാടകങ്ങളിൽ ഇന്നസെന്റ് അഭിനയിക്കുകയും അവിടെയുള്ളവരുടെ അംഗീകാരം നേടുകയും ചെയ്തു. ദാവൺഗരെയിൽനിന്ന് നട്ടിലെത്തിയ ഇന്നസെന്റ് ഇവിടെ ചില ബിസിനസ് ചെയ്യുകയും അതോടൊപ്പം രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.1979ൽ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായി ഇന്നസെന്റ് തിരഞ്ഞെടുക്കപ്പെട്ടു. 

ഇന്നസെന്റ് ഈ കാലത്തും സിനിമകളിൽ ചെറിയവേഷങ്ങൾ ചെയ്തിരുന്നു 1986 മുതലാണ് അദ്ദേഹം സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്. 1989ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവായത്. റാംജിറാവുവിലെ മന്നാർ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതിനേടുകയും ഇന്നസെന്റിന് ധാരാളംആരാധകരെ നേടിക്കൊടുക്കുകയുംചെയ്തു. തുടർന്ന് ഗജകേസരിയോഗം, ഗോഡ്ഫാദർ, കിലുക്കം,വിയറ്റ്നാംകോളനി,ദേവാസുരം,കാബൂളിവാല ... എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഇന്നസെന്റ് മികച്ചകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുകയും അവയെല്ലാം പ്രേക്ഷകപ്രീതിനേടുകയുംചെയ്തു. കോമഡിറോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ളനടനാണ് ഇന്നസെന്റ്. അഭിനയിയ്ക്കുന്ന എല്ലാകഥാപാത്രങ്ങളെയും പ്രേക്ഷകരുടെമനസ്സിൽ എന്നെന്നും നിലനിൽക്കുന്നതാക്കാൻ ഇന്നസെന്റിന്റെ ഉജ്ജ്വലമായ അഭിനയത്തിനു കഴിയുന്നു. എല്ലാതരം റോളുകളും ചെയ്തിട്ടുണ്ടെങ്കിലും കോമഡിറോളുകളാണ് ഇന്നസെന്റിനെ പ്രേക്ഷകഹൃദയങ്ങളിൽ പ്രിയങ്കരനാക്കിയത്.

ഇന്നസെന്റ് പന്ത്രണ്ട് വർഷം Association of Malayalam Movie Artistes (AMMA) യുടെ പ്രസിഡന്റ് ആയി ഇരുന്നിട്ടുണ്ട്. മലയാളത്തിനുപുറമെ തമിഴ്,കന്നഡ, ഹിന്ദി,ഇംഗ്ലീഷ് സിനിമകളിലും ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്. ധാരാളം സ്റ്റേജ്ഷോകളിലും, ടെലിവിഷൻഷോകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. നടൻ എന്നതിനുപുറമെ ഇന്നസെന്റ് നിർമ്മാതാവുകൂടിയാണ് നാലു സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. രണ്ടു സിനിമകൾക്ക് അദ്ദേഹം കഥ എഴുതിയിട്ടുണ്ട്. ചില സിനിമകളിൽ പാട്ടുപാടി ഇന്നസെന്റ് താനൊരു ഗായകൻ കൂടിയാണെന്ന് തെളിയിച്ചിട്ടുണ്ട്.

നല്ലൊരു എഴുത്തുകാരൻ കൂടിയായ ഇന്നസെന്റ് നാലു പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിയ്ക്കുപിന്നിൽ (ആത്മകഥ) ,കാൻസർവാർഡിലെചിരി.. എന്നിവയാണ്. തൊണ്ടയിൽ കാൻസർ ബാധിച്ച് കുറച്ചുകാലം ചികിത്സാർത്ഥം ആശുപത്രിയിൽ കിടന്നതിന്റെ അനുഭവങ്ങളാണ് കാൻസർവാർഡിലെ ചിരി എന്ന പുസ്തകം. 1976 സെപ്റ്റംബർ 6 ന് ആയിരുന്നു ഇന്നസെന്റിന്റെ വിവാഹം. ഭാര്യ ആലീസ്. മകൻ സോണറ്റ്.

2014 ലെ ലോക്സഭാ ഇലക്ഷനിൽ ഇന്നസെന്റ് എൽ ഡി എഫ് സ്വതന്ത്രസ്താനാർത്ഥിയായി മത്സരിച്ച് ജയിക്കുകയും എം പി ആവുകയും ചെയ്തു.