സുരേഷ് കൃഷ്ണ

Suresh Krishna

മലയാള ചലച്ചിത്ര നടൻ. 1973 ഏപ്രിലിൽ ബാലകൃഷ്ണ പണിയ്ക്കരുടെയും പാർവതിയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ ജനിച്ചു. സുരേഷ് കൃഷ്ണയുടെ അച്ഛൻ തമിഴ്നാട്ടിലെ ജലസേചനവകുപ്പിൽ ജോലിചെയ്യുകയായിരുന്നതിനാൽ സുരേഷ് പഠിച്ചതും വളർന്നതും തമിഴ്നാട്ടിലായിരുന്നു. 1990-ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത തമിഴ് സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് അഭിനയജീവിതത്തിന്റെ തുടക്കം. 1995- ൽ സുരേഷ് തമിഴ് സീരിയലായ തിരുവള്ളുവരിൽ തിരുവള്ളുവരായി അഭിനയിച്ചു.  അത് അദ്ദേഹത്തെ തമിഴ്നാടു മുഴുവൻ ശ്രദ്ധിയ്ക്കപ്പെടുന്നതിന് കാരണമാക്കി. 

മലയാള സിനിമയിൽ സുരേഷ്കൃഷ്ണ അഭിനയിയ്ക്കാൻ തുടങ്ങുന്നത് 1993-ൽ ചമയം എന്ന സിനിമയിലൂടെയാണ്. തുടർന്ന് ചില സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത സുരേഷ്കൃഷ്ണയ്ക്ക് കരുമാടിക്കുട്ടൻ  എന്ന സിനിമയിലെ വില്ലൻ വേഷമാണ് വഴിത്തിരിവായത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.കൂടുതലും വില്ലൻ വേഷങ്ങളായിരുന്നു ചെയ്തത്. കൂടാതെ കാരക്റ്റർ റോളുകളിലും സുരേഷ്കൃഷ്ണ അഭിനയിച്ചുവരുന്നു. പഴശ്ശിരാജ- യിലെ കൈതേരി അമ്പു, കുട്ടി സ്രാങ്ക്- ലെ ലോനി ആശാൻ, അനാർക്കലി- യിലെ ആറ്റക്കോയ എന്നിവ സുരേഷ് കൃഷ്ണയുടെ വ്യത്യസ്ഥമായതും നിരൂപക പ്രശംസ നേടിയവയുമായ കഥാപാത്രങ്ങളാണ്.

അഭിനയം കൂടാതെ മറ്റുമേഖലകളിൽ കൂടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നടൻ ബിജുമേനോൻ, സംവിധായകൻ ഷാജൂൺ കാര്യാൽ, തിരക്കഥാകൃത്ത സച്ചി, ഛായാഗ്രാഹകൻ പി സുകുമാർ എന്നിവരോടുകൂടി ചേർന്ന് തക്കാളി ഫിലിംസ് എന്ന നിർമ്മാണ കമ്പനി രൂപീകരിച്ച് സുരേഷ് കൃഷ്ണ ആ കമ്പനിയുടെ ബാനറിൽ ചേട്ടായീസ് എന്ന സിനിമ നിർമ്മിച്ചു. തക്ഷശില എന്ന സിനിമയിൽ സഹ സംവിധായകനായും സുരേഷ്കൃഷ്ണ പ്രവർത്തിച്ചിട്ടുണ്ട്. തന്റെ തുടക്കകാലത്ത് മലയാളത്തിലും തമിഴിലും നിരവധി സീരിയലുകളിൽ സുരേഷ് കൃഷ്ണ അഭിനയിച്ചിരുന്നു.

സുരേഷ് കൃഷ്ണയുടെ ഭാര്യ ശ്രീലക്ഷ്മി. അവർക്ക് രണ്ടുമക്കളാണുള്ളത്. അനന്തകൃഷ്ണ, ഉണ്ണിമായ.