കൊച്ചു കൊച്ചു തെറ്റുകൾ
ജീവിതത്തിൽ കൊച്ചു കൊച്ചു തെറ്റുകൾ ചെയ്യാത്തവരായി ആരും തന്നെ കാണില്ല. ആ തെറ്റുകൾ സ്വയം തിരുത്തുകയോ, മറ്റാരെങ്കിലും മുഖേന തിരുത്തപ്പെടുകയോ ചെയ്യുമ്പോൾ, അവ വലിയ തെറ്റുകളായി മാറാതെയും, അതുവഴി പല ആപത്തുകളിൽ നിന്നും രക്ഷപ്പെടുവാനും സാധിക്കുന്നു. എന്നാൽ, കൊച്ചു കൊച്ചു തെറ്റുകൾ തിരുത്തിയില്ലെങ്കിൽ അവ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത് തിരുത്താനാവാത്ത വലിയ തെറ്റുകളിലേക്കും, ജീവന്മരണ പോരാട്ടത്തിലേക്കുമായിരിക്കും.
Actors & Characters
Actors | Character |
---|---|
രവി | |
ബാലൻ | |
പണിക്കർ | |
ഗോപൻ | |
ജയശ്രീ പണിക്കർ | |
ഉഷാ തങ്കച്ചി | |
ലത | |
സാറാമ്മ | |
സരള | |
ഹോട്ടൽ മാനേജർ |
Main Crew
കഥ സംഗ്രഹം
തേക്കടിയിലെത്തിയ ധനികനും, എസ്റ്റേറ്റ് / ഫാക്ടറി ഉടമയുമായ പണിക്കരും (കെ.പി.ഉമ്മർ), ജയശ്രീ പണിക്കരും വേട്ടയ്ക്ക് പോയി മടങ്ങുന്നു. ജയശ്രീയ്ക്ക് താൻ ആഗ്രഹിച്ചപോലെ മാനിനെ വെടിവെച്ച് വീഴ്ത്താൻ കഴിഞ്ഞില്ലല്ലോ എന്ന നിരാശയാണ്. പണിക്കർ ജയശ്രീയെ ഹോട്ടലിൽ കൊണ്ടാക്കി ബോർഡ് മീറ്റിങ് ഉണ്ടെന്നും പറഞ്ഞ് അവിടെ നിന്നും പുറപ്പെട്ടു പോവുന്നു. അവർ പോവുന്നതും വരുന്നതും കൗതുകത്തോടെ നോക്കി നിൽക്കുകയാണ് അടുത്ത മുറിയിൽ താമസിക്കുന്ന രവിയും (സുകുമാരനും), ലതയും (സത്യകല). രവിയും, ലതയും മുറി പൂട്ടി പുറത്തേക്ക് കറങ്ങാനിറങ്ങുമ്പോൾ റിസപ്ഷനിസ്റ്റിനോട് തനിക്കൊരു ട്രങ്കോൾ വരുമെന്നും, വന്നാൽ അത് പെൻഡിങ്ങിൽ വെക്കണമെന്നും പറയുന്നു. അപ്പോൾ, ബില്ല് റൂമിലേക്ക് കൊടുത്തയച്ചിരുന്നുവെന്നും, അത് ക്ലിയർ ചെയ്യണമെന്നും റിസപ്ഷനിസ്റ്റ് പറയുമ്പോൾ ഇന്നോ നാളെയോ റൂം വക്കേറ്റ് ചെയ്യുമെന്നും അന്നേരം എല്ലാം ക്ലിയർ ചെയ്യാമെന്നും പറഞ്ഞ് കറങ്ങാൻ പോവുന്നു. അവർ പോവുന്നത് നോക്കി നിൽക്കുന്ന ഹോട്ടൽ മാനേജർ (പറവൂർ ഭരതൻ) കൗണ്ടറിൽ നിൽക്കുന്ന ഒരു പയ്യനോട് ഇവർ വിവാഹം കഴിച്ചതാണെന്ന് തോന്നുന്നില്ല, എവിടുന്നോ തട്ടിക്കൊണ്ടുവന്നതാണെന്ന് തോന്നുന്നു എന്ന് പറയുന്നു. അതിന്, ആർക്കറിയാം സാർ, ഇതൊക്കെ എങ്ങിനെ കണ്ടുപിടിക്കാനാ എന്ന് ആ പയ്യൻ പറയുന്നു.
രവിയും ലതയും ചുറ്റിക്കറങ്ങി പ്രക്രുതി ഭംഗി ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ ജയശ്രീ ഒറ്റയ്ക്ക് കറങ്ങി നടക്കുന്നത് കാണാനിടയാകുമ്പോൾ, പകൽ മുഴുവൻ ഇങ്ങിനെ ഒറ്റയ്ക്കിരിക്കാനാണെങ്കിൽ എന്തിനാ ഭാര്യയെ കൂടെക്കൊണ്ടു വരുന്നത് എന്ന് ലത ചോദിക്കുമ്പോൾ, അയാൾ വല്യ മനുഷ്യനാണെന്നും, ഭാര്യടെകൂടെ കറങ്ങി നടക്കാനൊന്നും അയാൾക്ക് സമയമില്ല എന്നും, എനിക്ക് വേറെ പണിയൊന്നുമില്ലാത്തത് കൊണ്ടാണ് ഇങ്ങിനെ നിന്റെ കൂടെയിരിക്കുന്നതെന്നും രവി പറയുന്നു. തിരിച്ചു ഹോട്ടൽ മുറിയിലെത്തിയതും ജയശ്രീ ഒറ്റയ്ക്ക് നിൽക്കുന്നത് കാണുന്ന ലത അവരുടെയടുത്ത് ചെന്ന് പരിചയപ്പെടുന്നു. രവിയും ലതയും ഹണിമൂൺ ട്രിപ്പിന് വന്നതാണെന്ന് പറയുന്നു. ജയശ്രീ അവിടെ ഇടയ്ക്കിടയ്ക്കൊക്കെ വന്നു പോവാറുണ്ടെന്നും, നേരമ്പോക്കിന് വേണ്ടി വേട്ടയാടാൻ പോവാറുണ്ടെന്നും, ഇതുവരെ ഒരു മൃഗത്തിനെപ്പോലും വേട്ടയാടാൻ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. പണിക്കർക്ക് രണ്ടു മൂന്ന് ദിവസത്തെ ജോലികൂടി അവിടെയുള്ളത് കൊണ്ട് അതു കഴിഞ്ഞേ തിരിച്ചു പോവുകയുള്ളു എന്ന് പറയുന്നു.
മാനേജർ രവിയുടെ മുറിയിൽ വന്ന് ഇന്ന് ബില്ല് സെറ്റിൽമെൻറ് ചെയ്യാം എന്ന് പറഞ്ഞതല്ലേ, പണമെവിടെ എന്ന് ചോദിക്കുമ്പോൾ രവി ചില ഒഴിവു കഴിവുകൾ പറഞ്ഞ് നാളെ സെറ്റിൽ ചെയ്തേക്കാം എന്ന് പറയുന്നു. പണം കൈയ്യിലില്ലാതെ എന്തിനാണാവോ റൊമാൻസിനായി ഇറങ്ങിത്തിരിക്കുന്നതെന്ന് പിറുപിറുത്തുകൊണ്ട് മാനേജർ തിരിച്ചു പോവുന്നു. ഇതെല്ലാം പുറത്തിരിക്കുന്ന ജയശ്രീ കാണുന്നു.
ജയശ്രീ തന്റെ മുറിയിൽ കയറി ഇന്റർകോമിലൂടെ ലതയെ തന്റെ മുറിയിലേക്ക് ക്ഷണിക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ലതയോട് ചോദിക്കുമ്പോൾ ഇല്ലെന്ന് ലത നുണ പറയുന്നു. തുടർന്ന് ഈ ഹണിമൂൺ ട്രിപ്പ് തുടങ്ങിയിട്ട് എത്രനാളായി എന്ന് ജയശ്രീ ചോദിക്കുമ്പോൾ ഒരു മാസത്തിൽ കൂടുതലായിട്ടുണ്ടാവും എന്ന് ലത പറയുന്നു. ഭർത്താവിനെന്താ ജോലി എന്നായി ജയശ്രീയുടെ അടുത്ത ചോദ്യം. അതിന് ലത ആദ്യം ബിസിനസ്സ് ആണെന്ന് പറഞ്ഞ് പിന്നീട് ജോലിയൊന്നും ആയിട്ടില്ല എന്ന് പറയുന്നു.
ഇവിടെ വരുന്നതിന് തൊട്ടുമുൻപ് എവിടെയായിരുന്നു എന്ന് ജയശ്രീ ചോദിക്കുമ്പോൾ കൊടൈക്കനാൽ, കോവളം എന്നിവിടങ്ങളിൽ കറങ്ങിയ ശേഷമാണ് ഇവിടെ എത്തിയതെന്ന് ലത പറയുന്നു. ഇനിയും നീളുമല്ലേ എന്ന ജയശ്രീയുടെ അടുത്ത ചോദ്യത്തിന് ഇല്ല, നാളെ അല്ലെങ്കിൽ മറ്റെന്നാൾ പോകും എന്ന് ലത പറയുന്നു. ലതയുടെ മറുപടികൾ കേട്ട് ജയശ്രീ പറയുന്നു - ഏതാണ്ട് നിന്റെ പ്രായത്തിൽ തന്നെ തനിക്കൊരു അനുജത്തിയുണ്ടെന്നും, അവളും ലതയെപ്പോലെ ഒരുപാട് നുണകൾ പറയുമെന്നും, താനും ഈ പ്രായമൊക്കെ കടന്നുവന്നവളാണെന്നും. തുടർന്ന്, കുറഞ്ഞപക്ഷം രെജിസ്റ്റർ മാര്യേജ് എങ്കിലും കഴിഞ്ഞുവോ എന്ന് ജയശ്രീ ചോദിക്കുമ്പോൾ, ലത മറുപടി പറയാതെ തല കുനിച്ചിരിക്കുന്നു. രവിയുടെ അളവിൽ കവിഞ്ഞ വാത്സല്യം കണ്ടപ്പോഴേ കല്യാണം കഴിഞ്ഞിട്ടുണ്ടാവില്ലെന്ന് തനിക്ക് തോന്നിയെന്നും, നിയമപരമായി യാതൊരു ബാധ്യതകളും ഇല്ലാത്തപ്പോഴാണ് പുരുഷൻ ഏറ്റവും അടുപ്പം കാണിക്കുക എന്നും ജയശ്രീ പറയുന്നു. തുടർന്ന് ഹോട്ടൽ ബില്ല് സെറ്റിൽ ചെയ്യാൻ വല്ല ബുദ്ധിമുട്ടുകളുമുണ്ടോ എന്ന് ജയശ്രീ ചോദിക്കുമ്പോൾ ബുദ്ധിമുട്ടൊന്നുമില്ലെന്ന് ലത പറയുന്നു. അനാവശ്യമായ പൊങ്ങച്ചം വേണ്ടെന്നും, താൻ തരുന്ന പണം വാങ്ങിച്ച് ബില്ല് സെറ്റിൽ ചെയ്തോളു എന്നും പറഞ്ഞ് നിർബന്ധപൂർവ്വം ജയശ്രീ ലതയുടെ കൈകളിൽ കുറച്ച് പണം നൽകുന്നു. കടമായി കരുതിയാൽ മതിയെന്നും പറഞ്ഞ് തന്റെ അഡ്രസ്സ് കാർഡും ജയശ്രീ ലതയ്ക്ക് നൽകുന്നു. പണിക്കർ ജോലി കഴിഞ്ഞ് റൂമിലേക്കെത്തുകയും, രവിയേയും ലതയെയും പരിചയപ്പെടുകയും ചെയ്യുന്നു. അടുത്ത ദിവസം രാവിലെ വീണ്ടും കാണാമെന്നും പറയുന്നു.
അപ്രതീക്ഷിതമായി പണം കിട്ടിയതിൽ രവി സന്തോഷിക്കുന്നു. മാനേജറെ വിളിച്ച് ബില്ല് സെറ്റിൽ ചെയ്യാൻ ലത പറയുന്നതനുസരിച്ച് രവി മാനേജരെ വിളിച്ച് ബില്ല് സെറ്റിൽ ചെയ്യുന്നു. പണിക്കരും ജയശ്രീയും മുറിയിൽ നിന്നും പുറത്തേക്ക് വരുമ്പോൾ മാനേജർ രവിയുടെ മുറിയിലേക്ക് പോകുന്നത് കാണുമ്പോൾ, നിന്റെ ദാക്ഷിണ്യം കൊണ്ട് അവർ രക്ഷപ്പെട്ടുവെന്ന് പണിക്കർ ജയശ്രീയോട് പറയുന്നു. തനിക്ക് ദയയോ, ദാക്ഷിണ്യമോ ഇല്ലെന്നല്ലേ നിങ്ങളുടെ പരാതി, ഇനി മുതൽ കുറച്ച് അതൊക്കെ തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ജയശ്രീ പറയുന്നു.
അടുത്ത ദിവസം രാവിലെ രവിയും ലതയും ഉത്സാഹത്തോടെ ചുറ്റിക്കറങ്ങുന്നത് ജയശ്രീ സന്തോഷത്തോടെ നോക്കി നിൽക്കുന്നു. ഇന്നും പതിവുപോലെ വേട്ടയ്ക്ക് പോവാം എന്ന് പണിക്കർ പറയുമ്പോൾ, വേണ്ട അത് മടുത്തു തുടങ്ങി എന്ന് ജയശ്രീ പറയുന്നു. പണിക്കരും ജയശ്രീയും പ്രാതൽ കഴിക്കാനായി ഹോട്ടലിൽ ഇരിക്കുമ്പോൾ പണം തന്നു സഹായിച്ചതിന് നന്ദി അറിയിക്കാനായി രവി അവരുടെയടുത്തേക്ക് വരുന്നു. രവി നന്ദി അറിയിക്കുമ്പോൾ ജയശ്രീ അവനെ നോക്കാതെയും, പ്രതികരിക്കാതെയും ഇരിക്കുന്നു. പണിക്കരാണ് പ്രതികരിക്കുന്നത്. ഇനിയും ഇവിടെ എത്ര ദിവസം കാണും എന്ന് രവി ചോദിക്കുമ്പോൾ അത് തീരുമാനിച്ചിട്ടില്ലെന്ന് പണിക്കർ പറയുന്നു. രവി വിട പറഞ്ഞ് നീങ്ങുമ്പോൾ, എന്ത് ചീപ് മനുഷ്യൻ എന്ന് ജയശ്രീ പറയുമ്പോൾ, അവൻ സ്മാർട്ട് ആണെന്നും, അവന് ജീവിക്കാനറിയാമെന്നും പണിക്കർ പറയുന്നു.
നദീ തീരത്ത് ജയശ്രീ ഒറ്റയ്ക്ക് നിൽക്കുമ്പോൾ കാട്ടുപോത്തിന്റെ കൂട്ടം വന്നിട്ടുണ്ടെന്നും, ഇത്രയും ഒന്നിച്ച് കാട്ടുപോത്തുകൾ വരുന്നത് ഇതാദ്യമാണെന്നും, അത് കാണാൻ ബോട്ട് പോകുന്നുണ്ടെന്നും, നീ ഇപ്പോഴും പറയാറുള്ളതല്ലേ കാട്ടുപോത്തുകളെ കാണണം എന്ന്, വാ നമുക്കും പോകാം എന്ന് പണിക്കർ ഓടിവന്ന് പറയുമ്പോൾ ഇപ്പോൾ ആ പരാതിയില്ലെന്നും, അതേർപ്പാട് ചെയ്തത് തന്നെ താനാണെന്നും, ഇവിടെ ബോറടിച്ചു തുടങ്ങിയെന്നും, തനിക്കിപ്പോൾ ഇവിടുത്തെ ത്രില്ല് നഷ്ടപ്പെട്ടുവെന്നും ജയശ്രീ പറയുമ്പോൾ, യു ആർ പെക്യുലിയർ എന്ന് പണിക്കർ പറയുന്നു. തുടർന്ന്, ഇവിടെ കറങ്ങി നടക്കുന്ന എല്ലാർക്കും കിട്ടുന്ന എന്ജോയ്മെന്റ് നമുക്കൊരിക്കലും കിട്ടില്ലെന്നും, നമ്മുടേത് ഒരു ഡിസിപ്ലീൻഡ് ഏർപ്പാട് പോലെ തോന്നുന്നുവെന്നും ജയശ്രീ പറയുമ്പോൾ, അവർ ചെറുപ്പാക്കാരാണെന്നും നമ്മൾ അങ്ങനെയല്ലല്ലോ, അത് അവരുടെ ഭാഗ്യമാണെന്നും, നമ്മൾ അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും പണിക്കർ പറയുന്നു. അപ്പോൾ, നമുക്കിന്ന് തന്നെ തിരിച്ചു പോകാം എന്നും, ഉടൻ തന്നെ വീട്ടിലെത്തിയാൽ മതിയെന്നായി എന്നും ജയശ്രീ പറയുമ്പോൾ പണിക്കർ അത് സമ്മതിക്കുകയും, അവർ അപ്പോൾ തന്നെ വീട്ടിലേക്ക് തിരിക്കുകയും ചെയ്യുന്നു. ജയശ്രീയെ വീട്ടിലാക്കിയ ശേഷം പണിക്കർ സ്വന്തം വീട്ടിലേക്ക് പോവുന്നു.
അയലത്തെ വീട്ടിലെ ഡോക്ടർ കൊച്ചിനെ ജയശ്രീയെ ഏൽപ്പിച്ച് പോകുന്നു. ജയശ്രീ ആ കൊച്ചുമായി കളിച്ചുകൊണ്ടിരിക്കുമ്പോൾ ജയശ്രീയുടെ സഹോദരൻ ഗോപൻ (കലാശാല ബാബു) അവിടേക്ക് വരുന്നു. സംസാരത്തിനിടയിൽ മറ്റൊരു സഹോദരിയായ രമണിയോട് ജയശ്രീയെ ഇടയ്ക്കൊക്കെ പോയി കാണണം എന്ന് താൻ പറയാറുണ്ടെന്നും, അതിനവൾ ഭർത്താവിന് അതിഷ്ടമല്ലെന്നുമാണ് പറയാറ് എന്നും, എന്നാൽ താൻ അങ്ങിനെയല്ലെന്നും തനിക്ക് ചേച്ചിയെ കാണാതിരിക്കാൻ പറ്റില്ലെന്നും പറയുന്നു. അതിന് ആരും കാണാൻ വരുന്നില്ലെങ്കിൽ വേണ്ട, തനിക്കും ആരെയും കാണേണ്ട എന്ന് പറഞ്ഞ്, നിനക്കും ഒരു ദിവസം എന്നെ കാണേണ്ട എന്ന് തോന്നും, അപ്പോൾ നീയും വരാതെയാവും എന്ന് പറയുമ്പോൾ, സഹോദരിമാർക്ക് അവരുടെ ഭർത്താക്കന്മാരുടെ അനുവാദം വാങ്ങണം എന്നും, താനൊരാണായത് കൊണ്ട് തനിക്ക് ആരുടേയും അനുവാദം വാങ്ങേണ്ട എന്നും ഗോപൻ പറയുന്നു. അപ്പോൾ, നിനക്കും അനുവാദം വാങ്ങേണ്ടി വരും - ഭാര്യയുടെ എന്ന് ജയശ്രീ പറയുമ്പോൾ ഗോപൻ മൗനം പാലിക്കുന്നു. തുടർന്ന് ഇന്നിവിടെ താമസിച്ചു കൂടെ, ഇന്ന് തന്നെ മടങ്ങിപ്പോകണോ എന്ന് ജയശ്രീ ചോദിക്കുമ്പോൾ, ഗോപൻ ഒന്നമാന്ദിച്ച ശേഷം ഇന്ന് പോയില്ലെങ്കിൽ ഹോസ്റ്റലിലെ ........ എന്ന് പറഞ്ഞു നിർത്തുമ്പോൾ, അവൻ പതിവ് പോലെ പണത്തിനായി വന്നതാണെന്ന് മനസ്സിലാക്കുന്ന ജയശ്രീ അകത്തേക്ക് പോയി പണമെടുക്കുമ്പോൾ പഴയ ആൽബം എടുത്തു തന്റെ സഹോദരങ്ങളുടെ ഫോട്ടോ നോക്കി നെടുവീർപ്പിടുന്നു.
ഗോപൻ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ദിവസം ഇവിടെ താമസിച്ചാൽ ജയശ്രീക്ക് സന്തോഷമാവില്ലേ എന്ന് വീട്ടുജോലിക്കാരി സാറാമ്മ ചോദിക്കുമ്പോൾ തനിക്ക് തിരിച്ചു ചെന്നിട്ട് ജോലിയുണ്ടെന്നവൻ പറയുന്നു. അപ്പോൾ, കഴിഞ്ഞ തവണ ഇതുപോലെ വന്ന് പണം വാങ്ങിച്ചുകൊണ്ട് പോയി ഇവിടുത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് കൂട്ടുകാരുമായി ആർമാദിച്ചില്ലേ എന്ന് സാറാമ്മ ചോദിക്കുമ്പോൾ, ചേച്ചി അതറിഞ്ഞുവോ എന്നവൻ തിരിച്ചു ചോദിക്കുന്നു. അറിഞ്ഞു എന്ന് സാറാമ്മ പറയുമ്പോൾ ജയശ്രീ അവിടേക്ക് വന്ന് ഗോപന് വേണ്ട പണം നൽകുന്നു. പണവും വാങ്ങി ഗോപൻ സ്ഥലം വിടുന്നു.
രവി ജയശ്രീയെത്തേടി അവരുടെ വീട്ടിലെത്തുന്നു. ജയശ്രീ രവിയോട് പുച്ഛത്തോടെയും, പരിഹാസത്തോടെയും പെരുമാറുന്നു. പണം തിരിച്ചു തരാൻ വേണ്ടിയാണോ വന്നതെന്ന് ജയശ്രീ ചോദിക്കുമ്പോൾ അല്ല എന്ന് രവി പറയുന്നു. തിരിച്ചു തരാൻ താമസിക്കും എന്ന് പറയാനാണ് വന്നതെങ്കിൽ അതിന്റെ ആവശ്യമില്ലെന്നും, അത് സൗകര്യമുള്ളപ്പോൾ തന്നാൽ മതിയെന്നും ജയശ്രീ പറയുന്നു. അപ്പോൾ, അതിനല്ല താൻ ഇവിടെ വന്നതെന്നും, ആ പെണ്ണിന്റെ ജീവിതം തകരാതിരിക്കണമെങ്കിൽ തനിക്കോ തന്റെകൂടെയുള്ള പെണ്ണിനോ പണിക്കരുടെ സ്ഥാപനത്തിൽ ഒരു ജോലി തരപ്പെടുത്തി തരാൻ സാധിക്കുമോ എന്ന് ചോദിക്കാനാണ് വന്നതെന്ന് രവി പറയുന്നു. രവി മടങ്ങിപ്പോവുമ്പോൾ ലതയെക്കൊണ്ട് എന്നോട് സംസാരിക്കാൻ പറയുന്നു എന്ന് ജയശ്രീ പറയുന്നു.
ലത ജയശ്രീയെക്കണ്ട് സംസാരിക്കുന്നു - താൻ ബി എസ്സി ഒന്നാം വർഷം പഠിക്കുമ്പോഴാണ് രവിയുടെ ഓടിപ്പോന്നതെന്നും, രവി ബി കോം ബിരുദധാരിയാണെന്നും, എൽ എൽ ബിയും കംപ്ലീറ്റ് ചെയ്തിട്ടുണ്ടെന്നും പറയുന്നു. നിങ്ങൾ തമ്മിൽ രജിസ്റ്റർ വിവാഹം നടന്നിട്ടില്ലല്ലേ എന്ന് ജയശ്രീ വീണ്ടും ചോദിക്കുമ്പോൾ ഇല്ലെന്ന് ലത പറയുന്നു. വേറെ വല്ല ലീഗൽ കോംപ്ലിക്കേഷൻസ് ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഇല്ലെന്ന് ലത പറയുന്നു. അപ്പോൾ ജയശ്രീ പറയുന്നു, ജോലി തിരഞ്ഞു നടക്കാൻ നിൽക്കാതെ തിരിച്ചു വീട്ടിലേക്ക് തന്നെ പോകു. വീട്ടുകാർ അടിക്കുകയോ, ശകാരിക്കുകയോ ഒക്കെ ചെയ്യുമായിരിക്കും, അതൊന്നും കാര്യമാക്കേണ്ട. വേണമെങ്കിൽ ഞാൻ സഹായിക്കാം എന്ന്. കൂടുതൽ ചതി പറ്റാതിരിക്കാനാണ് താനിതൊക്കെ പറയുന്നതെന്നും, ഗർഭം ഉണ്ടോ ഇല്ലയോ എന്ന് ഡോക്ടറെക്കൊണ്ട് പരിശോധന നടത്തുകയും ചെയ്യാം എന്ന് പറയുമ്പോൾ ലത ഒന്നും പ്രതികരിക്കാതെയിരിക്കുന്നു. പിന്നീട്, വീട്ടിലേക്ക് ഒരിക്കലും തിരിച്ചു പോവില്ലെന്നും, അങ്ങിനെ സംഭവിച്ചാൽ താൻ.......... എന്ന് പകുതിയിൽ തന്നെ നിർത്തുന്നു. തുടർന്ന്, തനിക്കോ രവിക്കോ താങ്കളുടെ ഭർത്താവിന്റെ സ്ഥാപനത്തിൽ വല്ല ജോലിയും ശരിപ്പെടുത്തി തരണം എന്ന് പറയുന്നു. അതിന്, തനിക്ക് ഭർത്താവില്ലെന്ന് ജയശ്രീ പറയുന്നത് കേട്ട് ലത ഞെട്ടുന്നു. പിന്നീട്, മിസ്റ്റർ പണിക്കർ ആരാണെന്ന് ലത ചോദിക്കുമ്പോൾ, താൻ അദ്ദേഹത്തിന്റെ വെപ്പാട്ടിയാണെന്ന് ജയശ്രീ പറയുന്നു. തുടർന്ന്, നിന്റെ പ്രായത്തിൽ താനും പിടിവാശിക്കാരിയായിരുന്നുവെന്നും, പുരുഷനെ അന്ധമായി സ്നേഹിക്കുമായിരുന്നുവെന്നും, നീയും എന്നെപ്പോലെ ആവാതിരിക്കാനായി താൻ സഹായിക്കാം എന്നും ജയശ്രീ പറയുന്നു. പിന്നീട്, പണിക്കരെ വിളിച്ച് രവിക്ക് എന്തെങ്കിലും ജോലി കൊടുത്തേ തീരു എന്ന് ജയശ്രീ പറയുന്നു.
രവി പണിക്കരെ ഓഫീസിൽ ചെന്ന് കാണുന്നു. പണിക്കർ രവിക്ക് അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ ജോലി കൊടുക്കുന്നു. ജോലിയിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ അത് താൻ സഹിക്കുമെന്നും, നേരെ മറിച്ച് വിശ്വാസ വഞ്ചന കാണിച്ചാൽ അത് താൻ ഒരിക്കലും പൊറുക്കില്ലെന്നും, അതിനുള്ള ശിക്ഷ വളരെ കഠിനമായിരിക്കും എന്നും പണിക്കർ രവിയോട് പറയുന്നു.
ഓഫീസിലെ പ്യുൺ ബാലനുമായി (ഇന്നസെൻറ്) സംസാരിക്കുമ്പോൾ പണിക്കരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷറിയുന്നു - പണിക്കരുടെ ഭാര്യ മരിച്ചു പോയതും, മകൻ അമേരിക്കയിലുള്ളതും, മകൾ വിവാഹം കഴിഞ്ഞ് ജർമ്മനിയുള്ളതും, ഒട്ടേറെ ബന്ധുമിത്രാതികളുള്ളതും മറ്റും. പണിക്കർക്ക് കീപ് വല്ലതും ഉണ്ടോ എന്ന് രവി ചോദിക്കുമ്പോൾ, ആദ്യം ഇല്ലെന്നും, പിന്നീട് ഉണ്ടെന്നും ബാലൻ പറയുന്നു. ആ ബന്ധം തുടങ്ങിയിട്ട് നാലോ അഞ്ചോ വർഷങ്ങളെ ആയിട്ടുള്ളുവെന്നും ബാലൻ പറയുന്നു. ആ സ്ത്രീയെ അങ്ങേർക്ക് കല്യാണം കഴിച്ചുകൂടെ എന്ന് രവി ചോദിക്കുമ്പോൾ, അതദ്ദേഹത്തിന്റെ സ്റ്റാറ്റസിനെ ബാധിക്കുന്ന കാര്യമായത് കൊണ്ട് അദ്ദേഹം ചെയ്യില്ലെന്ന് ബാലൻ പറയുന്നു. എന്നാൽ പലർക്കും ഇങ്ങനൊരു ബന്ധമുള്ള കാര്യം അറിയാമെന്നും ബാലൻ പറയുന്നു.
രവി ഓഫീസിലെ സ്റ്റെനോഗ്രാഫർ ആയ ഉഷാ തങ്കച്ചിയെ (ഹേമ ചൗധരി) നോട്ടമിടുന്നു. ഒരു ദിവസം ബസ്സ് കാത്തുനിൽക്കുമ്പോൾ അവർ ഒരു കാറിൽ കയറിപ്പോവുന്നത് കാണുന്നു. പിന്നീട് അവരെ ലഞ്ച് റൂമിൽ ഒറ്റയ്ക്ക് കാണുമ്പോൾ ഹോളിഡേ ഒക്കെ എങ്ങിനുണ്ടായിരുന്നു എന്ന് രവി അർത്ഥം വെച്ച് ചോദിക്കുമ്പോൾ ഗംഭീരമായിരുന്നു എന്നവർ പറയുന്നു. രവി പിന്നീട് അവരോട് സോറി പറയുമ്പോൾ, അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് അവർ തുടരുന്നു - ഇവിടുന്നു കിട്ടുന്ന ഇരുനൂറു രൂപാ കൊണ്ട് കുടുംബം നടത്താൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് താൻ അങ്ങിനെ പോവുന്നത് എന്നും, തെറ്റാണെന്നറിയാമെങ്കിലും നാലഞ്ചു പേരെ പോറ്റി പുലർത്തേണ്ട ചുമതല തന്റേതായത് കൊണ്ട് മറ്റു മാർഗ്ഗമില്ലാതെ ചെയ്തു പോവുന്നതാണെന്നും, ഇനിയും ഇതുപോലെ മറ്റാരുടെ കൂടെയെങ്കിലും താൻ പോവുന്നത് കണ്ടാൽ ഞെട്ടരുതെന്നും അവർ പറയുന്നു.
പണിക്കരും ജയശ്രീയും ഒരു കുന്നിൽ മുകളിലെ അമ്പലത്തിന്റെ പുറകിൽ നിന്നുകൊണ്ട് അസ്തമയ സൂര്യനെ നോക്കി നിൽക്കുമ്പോൾ ജയശ്രീ പറയുന്നു - ഇവിടുത്തെ സൺ സെറ്റ് മനോഹരമാണ്, ഓരോ പ്രാവശ്യവും ഇവിടെ വരുമ്പോൾ തോന്നാറുള്ളത്, ലോകത്തിലെ ഏറ്റവും നല്ല അസ്തമയം ഇവിടുത്തേതാണ് എന്ന്. അതുകേട്ട് പണിക്കർ പറയുന്നു - ഓരോ പ്രാവശ്യവും നീയിതു പറയാറുള്ളതാണ്. മാലതിയും (മരിച്ചുപോയ പണിക്കരുടെ ഭാര്യ) ഇതായിരുന്നു പറയാറ്. പിന്നീടവൾ പറയുമായിരുന്നു - നമ്മളിൽ ആര് ആദ്യം മരിച്ചാലും ഓരോ ചരമവാർഷികത്തിനും ഇവിടെ വന്ന് അസ്തമയം കാണണം എന്ന്. അവൾ പറഞ്ഞ എല്ലാ കാര്യങ്ങൾ ഞാൻ നിറവേറ്റി വരുന്നു. അപ്പോൾ ജയശ്രീ ചോദിക്കുന്നു അസ്തമയം കാണൽ മുടങ്ങുന്നില്ലല്ലോ എന്ന്. അതിന്, ഇത് ഞാൻ ഒരിക്കലും മുടക്കില്ല എന്ന് പണിക്കർ പറയുമ്പോൾ, താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം താനും ഇത് മുടക്കില്ലെന്ന് ജയശ്രീയും പറയുന്നു. തുടർന്ന് പണിക്കർ പറയുന്നു - ചിലപ്പോൾ തോന്നും, ഒരാൾ മരിച്ചു കഴിഞ്ഞാൽ മറ്റെയാൾ വാക്ക് പാലിക്കുന്നതിൽ ഒരർത്ഥവുമില്ലെന്ന്. അതിന് ജയശ്രീ, അതെപ്പോഴാ അങ്ങിനെ തോന്നുന്നതെന്ന് ചോദിക്കുമ്പോൾ, നിന്റെ മുഖം കാണുമ്പോൾ എന്ന് പണിക്കർ പറയുന്നു. അപ്പോൾ ജയശ്രീ ചോദിക്കുന്നു - അതെങ്ങിനെ? അതിന് പണിക്കർ, അങ്ങിനെയൊരു സത്യം ചെയ്തുകൊടുത്തില്ലായിരുന്നെങ്കിൽ നീ പണ്ടേ എന്റെ ഭാര്യ ആകുമായിരുന്നു എന്ന് ചിലപ്പോൾ തോന്നാറുണ്ടെന്ന് പറയുമ്പോൾ, അതിന് ഞാൻ ആകണമെന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് ജയശ്രീ പറയുന്നു. അതിന് മറുപടിയായി ഇല്ല എന്ന് പണിക്കർ പറയുമ്പോൾ, പിന്നെന്താ എന്ന് ജയശ്രീ പറയുന്നു. പണിക്കർ ജയശ്രീയെ വീട്ടിലാക്കി സ്വന്തം വീട്ടിലേക്ക് പോവുന്നു.
രവി ഉഷാ തങ്കച്ചിയുമായി അടുക്കുന്നു. അവരുമൊത്ത് സായാഹ്നങ്ങളിൽ ഊരു ചുറ്റി നടക്കുന്നത് ജയശ്രീ കാണാനിടയാകുന്നു. ജയശ്രീ രവിയെ വിളിച്ച് ഉടൻ തന്നെവന്ന് കാണണമെന്ന് പറയുന്നു. രവി വരുന്നതിന് മുൻപ് സാറാമ്മയെ അവരുടെ വീട്ടിലേക്ക് പൊയ്ക്കൊള്ളാനും, വൈകീട്ട് വന്നാൽ മതിയെന്നും പറഞ്ഞ് അവരെ പറഞ്ഞയക്കുന്നു. രവി എത്തിയതും, തന്നോട് നുണ പറയരുതെന്നും, ഉഷാ തങ്കച്ചിയോടൊപ്പം എന്തിനാണ് ഊരു ചുറ്റി നടക്കുന്നതെന്നും, എട്ടും പൊട്ടും തിരിയാത്ത ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് വന്നിട്ട് ഇപ്പോൾ മറ്റൊരുവളുമായി എന്തിനാണ് ഊരു ചുറ്റുന്നതെന്നും ജയശ്രീ അരിശത്തോടെ രവിയോട് ചോദിക്കുന്നു. അവരുടെ കൂടെ കണ്ടെങ്കിൽ അതിന് നിങ്ങൾക്കെന്താണെന്ന് രവി മറു ചോദ്യം ചോദിക്കുന്നു. തനിക്ക് നഷ്ടമുണ്ടെന്നും, പാവപ്പെട്ടവളായ ലതയ്ക്ക് ഒരു ജീവിതം കിട്ടിക്കോട്ടെ എന്നു കരുതി മാത്രമാണ് നിങ്ങൾക്ക് ഒരു ജോലി വാങ്ങിച്ചു തന്നതെന്നും, ലതയോട് വിശ്വാസ വഞ്ചന കാണിച്ചാൽ താനത് പൊറുക്കില്ലെന്നും ജയശ്രീ പറയുമ്പോൾ, താനൊരു വിശ്വാസക്കേടും കാണിച്ചിട്ടില്ലെന്ന് രവി പറയുന്നു. അപ്പോൾ ജയശ്രീ ചോദിക്കുന്നു - ആ പെണ്ണിന്റെ കൂടെ കണ്ടതോ എന്ന്. അവളൊരു പെണ്ണാനായത് കൊണ്ടും, ഞാനൊരു ആണായത് കൊണ്ടുമാണെന്ന് രവി അതിനുത്തരം നൽകുന്നു. തുടർന്ന്, ഒന്ന് തുമ്മിയെന്നു വെച്ച് തെറിച്ചു പോവുന്നതൊന്നുമല്ല സദാചാരം എന്ന് രവി പറയുമ്പോൾ, ആരുടേയെന്ന് ജയശ്രീ ചോദിക്കുന്നു. അതിന് ആരുടേയും എന്ന് രവി മറുപടി നൽകുന്നു. തുടർന്ന്, എന്റെയും നിങ്ങളുടെയും എന്ന് രവി കൂട്ടിച്ചേർക്കുന്നു. പിന്നീട്, എനിക്ക് നിങ്ങളെ അറിയില്ലേ മിസ്സിസ് പണിക്കർ, നിങ്ങൾ എന്നോട് സദാചാരം പറയരുതെന്ന് രവി പറയുമ്പോൾ, ജയശ്രീ ദേഷ്യത്തിൽ രവിയുടെ കരണത്തടിക്കുന്നു. തുടർന്ന്, നാണവും നന്ദിയുമില്ലാത്ത മനുഷ്യൻ എന്ന് ജയശ്രീ പറയുമ്പോൾ, ഔദാര്യം കാണിച്ചതിന്റെ അവകാശം കാണിക്കുകയാണോ എന്ന് രവി ചോദിക്കുമ്പോൾ, ജയശ്രീ രവിയുടെ കരണത്ത് ഒന്ന് കൂടെ പൊട്ടിച്ച്, നാളെ മുതൽ നിങ്ങൾ ഓഫീസിൽ വരണ്ട എന്ന് കുപിതയായി പറയുന്നു.
രവി ജയശ്രീയുടെ അടുത്ത് വന്ന്, നാളെ മുതൽ എനിക്ക് ജോലിയില്ലെന്നല്ലേ പറഞ്ഞത്, എനിക്ക് പുല്ലാണ് നിങ്ങളുടെ ജോലി, നിങ്ങളുടെ ഇമോഷൻ കൊള്ളാം, പറഞ്ഞതിന്റെ സ്പിരിറ്റും എനിക്ക് മനസ്സിലായി, പക്ഷേ, യജമാനത്തിയായതുണ്ടല്ലോ, അത് വേണ്ടായിരുന്നു, നിങ്ങൾക്ക് ആള് തെറ്റിപ്പോയി എന്ന് പറഞ്ഞ് ജയശ്രീയുടെ കരണത്തടിക്കുന്നു. പകച്ചു നിൽക്കുന്ന ജയശ്രീയോട്, നാലു പേരറിയേ ഒരു പെണ്ണിനെ കെട്ടാൻ അറിയാത്ത ആളൊന്നുമല്ല താനെന്നും, അങ്ങിനെ ചെയ്യാത്തത് വിവാഹമെന്ന ഏർപ്പാടിനോട് താൻ അത്രയേ വില കല്പിക്കുന്നുള്ളുവെന്നും, തനിക്ക് തോന്നിയത് താൻ ചെയ്യുമെന്നും, തന്റെ ജീവിതം തന്റെ സുഖത്തിനുള്ളതാണെന്നും, നിങ്ങളുടെ ജോലിയില്ലെങ്കിൽ വേറൊരു ജോലി, ലതയില്ലെങ്കിൽ വേറൊരു ലത, ഉഷാ തങ്കച്ചിയില്ലെങ്കിൽ വേറൊരു തങ്കച്ചി, അങ്ങിനെയൊന്നും നിങ്ങൾ എന്നെ വിരട്ടാൻ നോക്കരുത്, ഓഫീസിൽ നിന്നും പിരിച്ചുവിടുന്നതൊക്കെ നിങ്ങൾ ചെയ്താ മതി, നാളെ മുതൽ താനിവിടെ പോകുന്നില്ല എന്ന് ആവേശത്തോടെ പറഞ്ഞ് രവി പുറത്തേക്ക് പോകുന്നു. പകച്ചു നിൽക്കുന്ന ജയശ്രീ രവിയുടെ തന്റേടത്തിലും പൗരുഷത്തിലും അവളറിയാതെ തന്നെ ആകൃഷ്ടയാവുന്നു.
നാളെ മുതൽ ഒരാഴ്ചത്തേക്ക് അവധിയെടുക്കാൻ പോവുകയാണെന്നും, നിന്നെയും കൂട്ടി കറങ്ങാൻ പോവുകയാണെന്നും രവി ലതയോട് പറയുമ്പോൾ, അങ്ങിനെ ഇടയ്ക്കിടക്ക് അവധിയൊന്നും എടുക്കേണ്ടെന്നും, കുറേക്കഴിയുമ്പോൾ കുറെ ദിവസത്തേക്ക് അവധി ഒന്നിച്ചെടുത്ത് ഹണിമൂൺ പോവണമെന്നും ലത പറയുന്നു. അതിന് ഇപ്പോൾ കഴിഞ്ഞതോ എന്ന് രവി ചോദിക്കുമ്പോൾ, അത്തരത്തിലുള്ളതല്ലെന്നും, അത് കല്യാണം കഴിക്കാതെ നടന്ന ഹണിമൂൺ ആയിരുന്നുവെന്നും, ഇതങ്ങിനെയുള്ളതല്ലെന്നും ലത പറയുന്നു. താലി കിട്ടണമെന്നും, രജിസ്റ്റർ ചെയ്യണമെന്നുമുള്ള പൂതി നിനക്ക് ഇനിയും മാറിയിട്ടില്ലേ, എന്തിനാ ഇത്ര ധൃതി പിടിക്കുന്നതെന്ന് രവി ചോദിക്കുമ്പോൾ, തനിക്ക് ധൃതിയൊന്നുമില്ലെന്നും, നിങ്ങളിൽ പൂർണ്ണ വിശ്വാസമാണെന്നും ലത പറയുന്നു.
അടുത്ത ദിവസം രവി പത്രത്തിൽ വാക്കൻസി കോളം നോക്കിയിരിക്കുമ്പോൾ ജയശ്രീ അവിടേക്ക് വരുന്നു. ലതയെവിടെയെന്ന് രവിയോട് ചോദിക്കുമ്പോൾ അകത്തുണ്ടെന്ന് രവി പറയുന്നു. തുടർന്ന് ഓഫീസിലേക്ക് പോവുന്നില്ലെന്ന് ജയശ്രീ ചോദിക്കുമ്പോൾ, ഇല്ലെന്ന് രവി പറയുന്നു. പോകണം, അത് പറയാനാണ് താനിവിടെ വന്നതെന്ന് പറഞ്ഞിട്ട് ജയശ്രീ അകത്തേക്ക് പോവുന്നു. ലത ജയശ്രീയുമായി സംസാരിച്ചിരിക്കുമ്പോൾ, രവി ഓഫീസിൽ പോകാതെ മടിപിടിച്ചിരിക്കുകയാണെന്ന് പറയുന്നു. അത് പാടില്ല ഓഫീസിലേക്ക് പോകണം എന്ന് ജയശ്രീ രവിയോട് പറയുന്നു. രവി ഓഫീസിലേക്ക് പോവുന്നു. ജയശ്രീ തിരിച്ചു പോകുമ്പോൾ ലതയെ ഇടയ്ക്കൊക്കെ വീട്ടിലേക്ക് വരണം എന്ന് ക്ഷണിക്കുന്നു. കാറിൽ തിരിച്ചു പോവുമ്പോൾ ജയശ്രീയെ രവിയുടെ ഓർമ്മകൾ വേട്ടയാടുന്നു.
ജയശ്രീ പണിക്കരെ വിളിച്ച് ഉഷാ തങ്കച്ചിയെ ഉടൻ തന്നെ പിരിച്ചു വിടണം എന്ന് പറയുമ്പോൾ, അവർ നല്ലൊരു സ്റ്റാഫ് ആണെന്നും, ഒരു കാരണവുമില്ലാതെ എങ്ങിനെ പിരിച്ചു വിടാൻ കഴിയും എന്ന് പണിക്കർ ചോദിക്കുന്നു. അതിന്, അവർ രവിയുമായി കറങ്ങി നടക്കുന്നത് കണ്ടു എന്നും, അവരെ പറഞ്ഞു വിടണം എന്നും ജയശ്രീ പറയുമ്പോൾ ആലോചിച്ച് വേണ്ടത് ചെയ്യാം എന്ന് പണിക്കർ പറയുന്നു. പിന്നെ, ഉഷയെ വിളിച്ച് അവരെ കോയമ്പത്തൂർ ശാഖയിലേക്ക് ട്രാൻസ്ഫെർ ആക്കിയതിനുള്ള ലെറ്റർ ടൈപ്പ് ചെയ്യാൻ പറയുന്നു. മറ്റു സ്റ്റാഫുകളോട് താൻ ട്രാൻസ്ഫർ ആയ കാര്യം ഉഷ അറിയിക്കുന്നു. രവിക്ക് അതിൽ വിഷമം തോന്നുന്നു.
ജയശ്രീയാണ് ഉഷയെ ട്രാൻസ്ഫെർ ചെയ്യിച്ചതെന്ന് രവി ഊഹിച്ചെടുക്കുന്നു. ഈ കാര്യം സംസാരിക്കാനായി നിങ്ങളെ കാണണം എന്ന് രവി ജയശ്രീയെ വിളിച്ച് പറയുമ്പോൾ, ഉഷയെ ട്രാൻസ്ഫെർ ചെയ്യിച്ചത് താനെന്നും, നിങ്ങൾക്ക് അതിനെക്കുറിച്ചന്വേഷിക്കാൻ അവകാശമില്ലെന്നും, നിങ്ങളെ ഇപ്പോൾ കാണാൻ പറ്റില്ലെന്നും ജയശ്രീ പറയുന്നു. ഇതെല്ലം കേട്ടു നിൽക്കുന്ന സാറാമ്മയോട്, അയാളെ തനിക്കിഷ്ടമായെന്നും, ഒന്നുമല്ലെങ്കിലും സ്വന്തം ജീവിതം സ്വന്തം സുഖത്തിനുള്ളതാണെന്ന് തുറന്നു പറയാനുള്ള തന്റേടം അയാൾ കാണിച്ചല്ലോ എന്ന് ജയശ്രീ പറയുമ്പോൾ, അതിനെന്ത് തന്റേടം വേണമെന്ന് സാറാമ്മ ചോദിക്കുന്നു. അപ്പോൾ, അങ്ങിനെയല്ല ചേട്ടത്തി, നമ്മളാരും അത് പറയാറില്ല, ആഗ്രഹങ്ങളെല്ലാം മനസ്സിലൊതുക്കി, അത് നേടാനുള്ള ധൈര്യം കാണിക്കാതെ ...... എന്ന് ജയശ്രീ പറയാൻ വന്നത് മുഴുമിക്കാതെ നിർത്തുമ്പോൾ, സാറാമ്മ അവൾ പറയാൻ ആഗ്രഹിച്ചത് മനസ്സിലാക്കിയത് പോലെ നെടുവീർപ്പിടുന്നു. തുടർന്ന് അവിടെയിരിക്കുന്ന അയലത്തെ വീട്ടിലെ കുഞ്ഞിനെ നോക്കി, ഇതുപോലൊരു കുഞ്ഞ്, സ്വന്തമെന്ന് പറയാൻ എന്തെങ്കിലുമൊന്ന്, ആഗ്രഹിച്ചുവെന്നും, ആ മോഹങ്ങളെല്ലാം കുഴിച്ചുമൂടി ഒരു വെപ്പാട്ടിയുടെ കുപ്പായവും ഇട്ട് എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ സാറാമ്മ ഇടയ്ക്ക് കേറി, ഇപ്പോഴെങ്കിലും കുഞ്ഞിങ്ങനെയൊക്കെ ചിന്തിച്ചു തുടങ്ങിയല്ലോ എന്ന് പറയുമ്പോൾ, അതെന്താ എന്ന് ജയശ്രീ ചോദിക്കുന്നു. അതിന്, അതങ്ങിനെയാണെന്നും, പണിക്കരാണ് തന്നെ ഇവിടെ ജോലിക്കാക്കിയതെന്നും, അദ്ദേഹം വലിയ ആളാണെങ്കിലും അദ്ദേഹത്തിന്റെ പല ചെയ്തികളും തനിക്ക് ഇഷ്ടമല്ലെന്നും, പ്രത്യേകിച്ച് കുഞ്ഞിനോടുള്ള പെരുമാറ്റമാണെന്നും സാറാമ്മ പറയുന്നു. അപ്പോൾ, ഒരു കീപ്പിന് കൊടുക്കേണ്ടതും, അതിൽക്കൂടുതലും എനിക്കദ്ദേഹം തരുന്നുണ്ടല്ലോ എന്ന് ജയശ്രീ പറയുമ്പോൾ, അതുകൊണ്ടായോ എന്ന് സാറാമ്മ ചോദിക്കുന്നു. അതുകേട്ട്, പിന്നെ എന്ന് ജയശ്രീ മറു ചോദ്യം ചോദിക്കുമ്പോൾ, ഒന്നുകിൽ ആണുങ്ങളെപ്പോലെ അദ്ദേഹം കല്യാണം കഴിക്കണം, അല്ലെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം കുഞ്ഞിനെങ്കിലും തരണം എന്ന് സാറാമ്മ പറയുന്നു.
പണിക്കർ ഓഫീസിൽ ഇല്ലാത്ത നേരം നോക്കി രവി ജയശ്രീയെ കാണാൻ വരുന്നു. കുഞ്ഞുമായി കളിച്ചുകൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി രവിയെ അവിടെ കണ്ടതും, എന്താ വീണ്ടും എന്നെ തല്ലാൻ വന്നതാണോ, ഇപ്പോഴും താൻ ഒറ്റയ്ക്കേയുള്ളു, സൗകര്യമാ, വരൂ എന്ന് പറഞ്ഞ് രവിയെ ജയശ്രീ അകത്തേക്ക് ക്ഷണിക്കുന്നു. അകത്ത് വന്നതും, ആ പാവം പെണ്ണിനെ ട്രാൻസ്ഫെർ ചെയ്തിട്ട് നിങ്ങൾക്കെന്ത് കിട്ടി എന്ന് ചോദിച്ച് തുടരുന്നു - വലിയ വീടുകളിൽ അടുക്കളക്കാരിയും ഡ്രൈവറും തമ്മിൽ അടുപ്പമാണെന്നറിഞ്ഞാൽ സാധാരണ യജമാൻ ചെയ്യുന്ന ഒരു പണിയുണ്ട് - ഡ്രൈവറെ വിളിച്ചങ്ങ് വിരട്ടിയിട്ട് ആ പെണ്ണിനെയങ്ങ് പറഞ്ഞു വിടും എന്ന് പറയുമ്പോൾ, ഇതും അങ്ങിനെയാണോ എന്ന് ജയശ്രീ ചോദിക്കുന്നു. അതിൽക്കവിഞ്ഞെന്ന് പറഞ്ഞ്, ആരെ രക്ഷപ്പെടുത്താനാണ് നിങ്ങൾ ആ പെണ്ണിനെ കഷ്ടപ്പെടുത്തിയത്? എന്നെയോ? ലതയെയോ? അതോ ഓഫീസിന്റെ പ്രെറ്റിജിനെയോ എന്ന് ചോദിക്കുമ്പോൾ, എല്ലാം എന്ന് ജയശ്രീ മറുപടി നൽകുന്നു. അതിന്, നന്നായി അത് ചെയ്യേണ്ട ഒരാളും എന്ന് രവി പുച്ഛത്തോടെ പറയുമ്പോൾ അതെന്താ എന്ന് ജയശ്രീ ചോദിക്കുന്നു. അതിന്, ആ പെണ്ണും നിങ്ങളും തമ്മിൽ എന്താ ഇത്ര വലിയ വ്യത്യാസം എന്ന് രവി മറു ചോദ്യം ചോദിക്കുന്നു.
പകച്ചു നിൽക്കുന്ന ജയശ്രീയോട്, മിസ്റ്റർ പണിക്കാരെപ്പോലെ എല്ലാം ചെയ്തു കൊടുക്കാൻ ഒരാളെ കിട്ടിയാൽ അവളും നിങ്ങളെപ്പോലെ അടങ്ങി ഒതുങ്ങിയിരിക്കും എന്ന് രവി പറയുമ്പോൾ, മതി എന്ന് ജയശ്രീ പറയുന്നു. തുടർന്ന് എനിക്കറിയാം നിങ്ങളിതൊക്കെ പറയും എന്നും, ഇന്നലെ രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ താനും ഇതൊക്കെ തന്നെയാണ് ഓർത്തതെന്നും, തനിക്കെന്താ ഉഷാ തങ്കച്ചിയെ ശിക്ഷിക്കാനാവകാശമെന്നും, അവൾക്ക് പലരുടെയും കാരുണ്യം വേണമെന്നും, തന്നെപ്പോലെ പറ്റില്ലെന്നും, തനിക്ക് തന്നെക്കുറിച്ച് തന്നെ പുച്ഛം തോന്നിയെന്നും, തന്റെ വാക്ക് കേട്ട് സദാചാരത്തിന്റെ പേരും പറഞ്ഞ് ആ കുട്ടിയെ ട്രാൻസ്ഫെർ ചെയ്ത ആ മനുഷ്യനോടും പുച്ഛം തോന്നിയെന്നും പറയുന്നു. അതുകേട്ട്, മിസ്സിസ് പണിക്കർ എന്ന് രവി വിളിക്കുമ്പോൾ, നിങ്ങൾക്കെങ്കിലും അങ്ങിനെ വിളിക്കാതിരുന്നുകൂടെ എന്ന് പുച്ഛത്തോടെയും, ദുഃഖത്തോടെയും ജയശ്രീ ചോദിക്കുന്നു. തുടർന്ന്, എല്ലാം അറിഞ്ഞിട്ടും എന്തിനാണ് ഈ ഹിപ്പോക്രസി, നിങ്ങളെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയത് നിങ്ങൾക്ക് ഹിപ്പോക്രസി ഇല്ലാത്തത് കൊണ്ടാണെന്നും ജയശ്രീ പറയുമ്പോൾ, താനിറങ്ങുന്നു എന്ന് പറഞ്ഞ് രവി വീട്ടിൽ നിന്നും ഇറങ്ങുന്നു.
പണിക്കരും ജയശ്രീയും സായാഹ്നത്തിൽ കടൽത്തീരത്തിരിക്കുമ്പോൾ വോട്ടേഴ്സ് ലിസ്റ്റ് എടുക്കാൻ ആളു വന്നിരുന്നുവെന്നും, ഭർത്താവിന്റെ പേര് ചോദിച്ചപ്പോൾ നിങ്ങളുടെ പേര് കൊടുത്തുവെന്നും പറയുമ്പോൾ, അത് വേണ്ടായിരുന്നുവെന്ന് പണിക്കർ പറയുന്നു. അതിനെന്താ, അവിടെയും കിടക്കട്ടെ ഒരു പേര്, നമുക്ക് കള്ളവോട്ട് ചെയ്യാമെന്ന് ജയശ്രീ പറയുമ്പോൾ, നിനക്കറിയില്ലേ ഞാനിനിയും പറഞ്ഞു തരണോ എന്ന് പറയുമ്പോൾ, ദേഷ്യപ്പെടേണ്ടാ ഞാൻ കള്ളം പറഞ്ഞതാണെന്ന് ജയശ്രീ പറയുന്നു. അതുകേട്ട്, തന്നെ ടെസ്റ്റ് ചെയ്യുന്നത് ഇഷ്ടമല്ലെന്നും, തനിക്ക് ജയശ്രീയെ വിവാഹം കഴിക്കാൻ സാധിക്കില്ല എന്നും, അതെന്തുകൊണ്ടാണെന്നുള്ള കാരണങ്ങൾ താൻ പലപ്പോഴായും പറഞ്ഞിട്ടുണ്ടല്ലോ എന്ന് പണിക്കർ ചോദിക്കുന്നു. അതിന്, പലപ്പോഴും പറയാൻ പാടില്ലാത്തത് പലതും പറഞ്ഞു പോവുന്നുവെന്നും, ഓർക്കാൻ പാടില്ലാത്തത് പലതും ഓർത്തും പോവുന്നുവെന്ന് ജയശ്രീ പറയുന്നു. തുടർന്ന് പണിക്കർ അർത്ഥഗർഭമായി ഒന്ന് മൂളിയ ശേഷം നമുക്ക് പോവാം എന്ന് പറയുന്നു. ഇരുവരും നടന്നു നീങ്ങുന്നു.
രവി ഓഫീസിൽ നിന്നും മടങ്ങിയ ശേഷം ലതയോടൊപ്പം സിനിമ കാണാൻ ഇറങ്ങുമ്പോൾ അവിടേക്ക് ജയശ്രീ കാറിൽ വരുന്നു. അവർ രണ്ടുപേരെയും തിയറ്ററിൽ കൊണ്ടാക്കുന്നു. രവി ടിക്കറ്റ് വാങ്ങാൻ പോകുമ്പോൾ, ഈ സിനിമാ കാണലൊക്കെ ഇപ്പോഴേ നടക്കുള്ളു, ഒരു കുഞ്ഞുണ്ടാകുന്നതോടെ ആ സ്വാതന്ത്രമൊക്കെ പോകും എന്ന് ലതയോട് ജയശ്രീ പറയുമ്പോൾ, അതുകൊണ്ട് കുഞ്ഞ് ഉടനെയൊന്നുമുണ്ടാവില്ല എന്ന് ലത മറുപടി പറയുന്നു. പ്ലാനിങ് ആണോ എന്ന് ജയശ്രീ ചോദിക്കുമ്പോൾ, അതേ എന്ന് ലത തലയാട്ടുന്നു. അപ്പോൾ, തനിക്ക് ലതയോട് അസൂയ തോന്നുന്നുവെന്നും, താനാണെങ്കിൽ ഒരു കുഞ്ഞിന് വേണ്ടി തപസ്സിരിക്കുകയാണെന്നും, ലതയാണെങ്കിൽ അതുണ്ടാകാതിരിക്കാൻ മരുന്നു കഴിക്കുകയും ചെയ്യുന്നു എന്ന് പറയുന്നു. ആ നേരത്ത് ടിക്കറ്റുമായി രവി വരികയും, അവർ തിയറ്ററിലേക്ക് പോവുകയും ജയശ്രീ തിരിച്ചു പോവുകയും ചെയ്യുന്നു.
അയലത്തെ ഡോക്ടർ കുഞ്ഞിനെ കൊണ്ടുപോവാൻ വരുമ്പോൾ, ഒരുപാട് കാലം മരുന്ന് കഴിച്ച് പ്രസവം നീട്ടുന്നത് നല്ലതല്ലെന്നും, ഒടുവിൽ പ്രസവിക്കാം എന്ന് തീരുമാനിക്കുമ്പോൾ അത് പ്രയാസമായി തീരുമെന്നും പറയുമ്പോൾ ജയശ്രീ പിന്നെ പ്രസവിക്കില്ലേ ഡോക്ടർ എന്ന് ചോദിക്കുന്നു. അതിന്, അങ്ങിനെയല്ല, ചില കേസുകൾ അങ്ങിനെ സംഭവിക്കാറുണ്ടെന്ന് ഡോക്ടർ പറയുന്നു. തുടർന്ന്, ഒരു കുട്ടിയായി കഴിഞ്ഞ ശേഷം മതി ഫാമിലി പ്ലാനിംഗ് ഒക്കെ എന്ന് ലതയോട് പറഞ്ഞേക്കു എന്ന് പറഞ്ഞ് ഡോക്ടർ കുഞ്ഞുമായി മടങ്ങുന്നു. അവർ മടങ്ങിയ ശേഷം "നിന്നെ വിവാഹം കഴിക്കാൻ സാധ്യമല്ല, അതെന്തുകൊണ്ടാണെന്ന് പലപ്പോഴായിട്ടും ഞാൻ പറഞ്ഞു കഴിഞ്ഞു" എന്ന പണിക്കരിന്റെ വാക്കുകൾ ജയശ്രീയുടെ മനസ്സിൽ മുഴങ്ങുമ്പോൾ, ജയശ്രീ വിഷമിച്ചു നിൽക്കുന്നു.
ജയശ്രീ ഗോപനുമൊത്ത് അവൻ കൊണ്ടുവന്ന മറ്റൊരു സഹോദരി ഗീതയുടെ കുഞ്ഞിന്റെ ഫോട്ടോകൾ നോക്കിക്കൊണ്ടിരുന്നു. അവൾക്ക് ഇവിടെ വരാൻ ഇഷ്ടമല്ലെന്നും, കുഞ്ഞിനേയും എന്നോടൊപ്പം അയക്കാൻ ഇഷ്ടമല്ലെന്നും ഗോപൻ പറയുമ്പോൾ, ഇഷ്ടമല്ലെങ്കിൽ വേണ്ട വരണ്ടാ എന്ന് ജയശ്രീ പറയുന്നു. ആ നേരം രവി കടന്നു വരുന്നു. ജയശ്രീ രവിക്ക് അനിയനെ പരിചയപ്പെടുത്തുന്നു. ഗോപൻ പണിയുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോവുന്നു. തേക്കടിയിലെ ഹോട്ടൽ ബില്ലടയ്ക്കാൻ സഹായിച്ച പണം രവി ജയശ്രീക്ക് തിരിച്ചു കൊടുക്കുന്നു. ജയശ്രീ കുഞ്ഞിന്റെ ഫോട്ടോകൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ രവി ജയശ്രീയെ കാമത്തോടെ നോക്കിക്കൊണ്ടിരിക്കുന്നു. ജയശ്രീ അത് ശ്രദ്ധിച്ച് രവിയെ നോക്കുമ്പോൾ, ഇക്കണക്കിന് ആ കുഞ്ഞിനെ അങ്ങ് തട്ടിക്കൊണ്ട് പോവുന്ന ലക്ഷണമുണ്ടല്ലോ എന്ന് രവി കളിയാക്കുമ്പോൾ, കൊണ്ടുപോന്നേനെ പക്ഷേ അവർ തരില്ല എന്ന് ജയശ്രീ മറുപടി നൽകുന്നു. അങ്ങിനെയാണെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുത്ത്, സ്വന്തം പോലെയങ്ങ് വളർത്തണം എന്ന് രവി പറയുമ്പോൾ, സ്വന്തം പോലെയങ്ങ് വളർത്തി എന്നുവെച്ച് സ്വന്തമാക്കുമോ എന്ന് ജയശ്രീ ചോദിക്കുന്നു. തുടർന്ന്, സ്വന്തമായി ഒരു കുട്ടിയുണ്ടാകാതിരിക്കാൻ താനൊരു മച്ചിയോ വിധവയോന്നുമല്ലെന്നും, ഒരു കെണിയിലായിപ്പോയെന്ന് വെച്ച് എന്ന് പറയാൻ വന്നത് മുഴുമിപ്പിക്കാതെ വികാരാതീതയാവുമ്പോൾ രവി ജയശ്രീയെ തഴുകിക്കൊണ്ട് ആശ്വസിപ്പിക്കുന്നു - ജയശ്രീയെ വിഷമിപ്പിക്കാനല്ല ഞാനത് പറഞ്ഞത്, എനിക്കറിയാം ജയശ്രീ വല്ലാത്തൊരു കെട്ടുപാടിലാണെന്ന് എന്ന് രവി പറയുമ്പോൾ, എനിക്കാരുമില്ലെന്ന് പറഞ്ഞ് ജയശ്രീ വിതുമ്പുന്നു. രവി ഉടനെ ജയശ്രീയെ കെട്ടിപ്പിടിച്ചുകൊണ്ട് വീ വിൽ സോൾവ് ആൾ ദി പ്രോബ്ലെംസ് എന്ന് മന്ത്രിക്കുന്നത് പോലെ പറയുന്നു. പിന്നീട് രവി ഒന്നും പറയാതെ വിടവാങ്ങുമ്പോൾ ജയശ്രീയുടെ മനസ്സിൽ ശുഭപ്രതീക്ഷകൾ ഉദിക്കുന്നതിന്റെ സൂചനയായി ജയശ്രീ കണ്ണുനീർ തുടച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്നു.
പണിക്കർ പതിവുപോലെ ജയശ്രീയെ കാണാൻ വരികയും, രാത്രിയിൽ ഒന്ന് പുറത്തു കറങ്ങിയിട്ടു വരാം എന്നു പറയുകയും ചെയ്യുമ്പോൾ, വേണ്ട നേരം ഒരുപാടായിയെന്നും, തനിക്ക് സുഖം തോന്നുന്നില്ലെന്നും ജയശ്രീ പറയുന്നു. അപ്പോൾ, ഇവിടുത്തെ ബിസിനസ്സ് എല്ലാം നിർത്തലാക്കി ജർമ്മനിയിൽ ചെല്ലണമെന്നും, അവിടെ പുതിയ ബിസിനസ്സ് തുടങ്ങാം എന്നും പറഞ്ഞ് മകളുടെ കത്ത് വന്നു എന്നും, ഇവിടുത്തെ പൊളിറ്റിക്സ്, പ്രോബ്ലെംസ് ഒക്കെ നോക്കുമ്പോൾ അവൾ പറയുന്നത് പോലെ ചെയ്താലോ എന്നാലോചിക്കുകയാണെന്നും, നിന്നെ ഇവിടെ തനിച്ചാക്കി പോണമല്ലോ എന്നാലോചിമ്പോഴാണ് .......... എന്ന് പണിക്കർ പറയുമ്പോൾ, അതിതെന്താ നമ്മൾ തമ്മിൽ കാണുന്നതിന് മുൻപും താൻ ജീവിച്ചിരുന്നല്ലോ എന്ന് ജയശ്രീ പറയുന്നു. അത് പണിക്കർക്ക് ദഹിക്കാത്തത് പോലെ അദ്ദേഹം ദേഷ്യത്തോടെ ഞാൻ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുന്നു.
പണിക്കരും ജയശ്രീയും അസ്തമയ സൂര്യനെ കാണാൻ പോകുന്ന സ്ഥലത്ത് രവിയും ജയശ്രീയും നിൽക്കുമ്പോൾ രവി ചോദിക്കുന്നു - അയാൾ ഇവിടെ എല്ലാ കൊല്ലവും വരുന്നത് എനിക്ക് മനസ്സിലാവും, പക്ഷേ ജയയെക്കൂടി ഒപ്പം കൊണ്ടുവരുന്നത് കുറച്ച് ക്രൂരമാണ്, ഒരു തരം സാഡിസ്റ്റിക് പ്ലഷർ, അങ്ങിനെ തോന്നാറില്ലേ? അതിന്, ഒരു അടിമയ്ക്ക് അങ്ങിനൊന്നും തോന്നിക്കൂടല്ലോ എന്ന് ജയശ്രീ പറയുമ്പോൾ, ഒരുപക്ഷേ അതിഷ്ടമായത് കൊണ്ടല്ലേ എന്നും അടിമയായിരിക്കുന്നതെന്ന് രവി ചോദിക്കുന്നു. അപ്പോൾ, എന്തിനിഷ്ടപ്പെടണം എന്ന് ജയശ്രീ ചോദിക്കുമ്പോൾ, എന്തോ എന്ന് രവി മറുപടി നൽകുന്നു. തുടർന്ന്, ഇഷ്ടത്തോടെ ആരും അടിമകളാകാറില്ലേ എന്ന് ജയശ്രീ പറയുമ്പോൾ, എന്നല്ല താൻ പറഞ്ഞത്, അതുകൊണ്ട് നേട്ടങ്ങൾ വല്ലതുമുണ്ടെങ്കിൽ ........ എന്ന് രവി മുഴുമിപ്പിക്കാതെ നിർത്തുമ്പോൾ, എന്ത് നേട്ടങ്ങൾ എന്ന് ജയശ്രീ ചോദിക്കുന്നു. അതിന്, അനിയത്തിമാരെ വിവാഹം കഴിപ്പിച്ചു, അനിയൻ പഠിക്കുന്നു എന്ന് രവി ഉത്തരം നൽകുമ്പോൾ, അതൊന്നും നേട്ടങ്ങളല്ല എന്ന് ജയശ്രീ പറയുന്നു. പിന്നെ എന്ന് രവി വീണ്ടും ചോദിക്കുമ്പോൾ, ഒരു പെണ്ണ് അവളുടെ ശരീരം കൊടുക്കുമ്പോൾ കിട്ടുന്ന വേലക്കൂലിയാണെന്ന് ജയശ്രീ പറയുന്നു. അപ്പോൾ ശരീരം മാത്രമോ എന്നാവുന്നു രവിയുടെ ചോദ്യം. അതിന്, അതേ ശരീരം മാത്രം എന്നും, തന്റെ മനസ്സ് ആർക്കെങ്കിലും കൊടുക്കാൻ പറ്റുമെന്ന് തീരെ പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും, അത് സ്വീകരിക്കാൻ ആളുണ്ടാവുമെന്നും താൻ മോഹിച്ചിട്ടില്ലെന്നും ജയശ്രീ പറയുമ്പോൾ, എന്നാലിതാ ഉണ്ടെന്ന് രവി പറയുമ്പോൾ, എനിക്കിത് വിശ്വസിക്കാമോ എന്ന് ജയശ്രീ ചോദിക്കുന്നു. അതേ എന്നപോലെ രവി തലയാട്ടുന്നു. അപ്പോൾ, തലയാട്ടിയാൽ പോരാ, പറയു, എനിക്കത് കേൾക്കണം എന്ന് ജയശ്രീ പറയുമ്പോൾ, രവി വിശ്വസിക്കു എന്ന് പറഞ്ഞ് ജയശ്രീയെ ആശ്ലേഷിച്ചുകൊണ്ട് ജയയ്ക്ക് ഞാനുണ്ട് എന്ന് മന്ത്രിക്കുന്ന പോലെ പറയുന്നു. തുടർന്ന് അവരിരുവരും ലതയറിയാതെ കറങ്ങി നടക്കുന്നു.
ഒരു ദിവസം ലതയുടെ ചേച്ചി സരള (ശാന്തകുമാരി) രവിത്തേടി ഓഫീസിലെത്തുന്നു. ഗവണ്മെന്റ് ആശുപത്രിയിൽ നേഴ്സ് ആയി ജോലി നോക്കുന്ന അവർ രവിയും ലതയും ഇവിടെയുള്ള കാര്യം എങ്ങിനെയോ അറിഞ്ഞ് അവരെക്കുറിച്ച് അന്വേഷിക്കാൻ വന്നതാണ് അവർ. ലതയെ താൻ കൊന്നിട്ടില്ലെന്നും, വിശ്വാസമാവുന്നില്ലെങ്കിൽ വീട്ടിൽ പോയി നോക്കാം എന്ന് പറഞ്ഞ് രവി അവർക്ക് തന്റെ മേൽവിലാസം നൽകുന്നു. രവിയുടെ വീട്ടിലെത്തിയ സരള അച്ഛന് രവിയും ലതയും ഇവിടെയുള്ള കാര്യം അറിയില്ലെന്നും, അമ്മയ്ക്ക് മാത്രം അറിയാം എന്നും, അമ്മ പറഞ്ഞത് കൊണ്ടാണ് അന്വേഷിക്കാൻ വന്നതെന്നും ലതയോട് പറയുന്നു. തുടർന്ന് നിങ്ങളുടെ വിവാഹം നടന്നോ എന്ന് ചോദിക്കുമ്പോൾ അതേ എന്ന് ലത നുണപറയുന്നുണ്ടെങ്കിലും സരള അത് വിശ്വസിക്കുന്നില്ല. രജിസ്റ്റർ ചെയ്തുവോ എന്ന് വീണ്ടും വീണ്ടും ചോദിക്കുമ്പോൾ ലത ഇല്ലെന്ന് തലയാട്ടുന്നു. കുപിതയാവുന്ന സരള ലതയുടെ ചെകിടത്തടിച്ച്, നീയാരാടി അവന്റെ ഭാര്യയോ അതോ വെപ്പാട്ടിയോ, നാളെ അവൻ ഉപേക്ഷിച്ചു പോയാൽ ഭാര്യയായിരുന്നു എന്ന് തെളിയിക്കാൻ നിന്റെ പക്കൽ എന്ത് തെളിവാണുള്ളതെന്ന് ചോദിക്കുമ്പോൾ, അങ്ങിനൊന്നും സംഭവിക്കില്ലെന്നും, താൻ നിർബന്ധിക്കാത്തത് കൊണ്ടാണ് ഇതുവരെ വിവാഹം നടക്കാതെന്നേയുള്ളു എന്നും ലത പറയുന്നു. അവളുടെ ഈ പൊട്ടത്തരത്തിന് കഷ്ടം എന്ന് മാത്രമേ സരളയ്ക്ക് മറുപടിയായി പറയാനുണ്ടായിരുന്നുള്ളു. രാത്രിയിൽ രവിയോട് ലത വിവാഹക്കാര്യത്തെക്കുറിച്ച് പറയുമ്പോൾ, നിന്റെ ചേച്ചിക്ക് വട്ടാണെന്നും, നീ മിണ്ടാതെ കിടന്നുറങ്ങെന്നും രവി പറയുന്നു.
രവി ജയശ്രീയെക്കണ്ട് ലത വിവാഹത്തിനായി ധൃതികൂട്ടുന്നതിനെക്കുറിച്ച് പറയുന്നു. അപ്പോൾ, ഒന്നുകിൽ ലതയോട് കാര്യങ്ങൾ തുറന്നു പറയണം എന്നും, കാര്യം പറഞ്ഞാൽ മനസ്സിലാക്കാവുന്ന പ്രായമുണ്ടല്ലോ അവൾക്ക് എന്നും, ഒരു തീരുമാനമെടുക്കുന്നുണ്ടെങ്കിൽ അതെടുക്കേണ്ടത് ഇപ്പോഴാണ് എന്നും ജയശ്രീ പറയുന്നു. തുടർന്ന്, അവൾ നിങ്ങളുടെ ഭാര്യ അല്ല, നിങ്ങൾക്ക് ഒരു ഭാര്യയുണ്ടായിരുന്നെങ്കിൽ നമ്മൾ തമ്മിൽ അടുക്കുമായിരുന്നുവോ എന്ന് ജയശ്രീ ചോദിക്കുന്നു. ഒന്നും മിണ്ടാതെ മിഴിച്ചു നിൽക്കുന്ന രവിയോട്, എന്താ ഒന്നും മിണ്ടാത്തതെന്ന് ജയശ്രീ വീണ്ടും ചോദിക്കുന്നു. അതിന്, എന്താ പറയേണ്ടതെന്നറിയില്ലെന്നും, താനാകെ കൺഫ്യൂസ്ഡ് ആണെന്നും രവി പറയുമ്പോൾ, അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും, ഇത്ര കാലമായിട്ടും അവളെ കല്യാണം കഴിക്കണമെന്ന് തോന്നാത്തതെന്തുകൊണ്ടാണെന്നും, അതിനെപ്പറ്റി ആലോചിട്ടുണ്ടോ എപ്പോഴെങ്കിലും എന്നും ജയശ്രീ ചോദിക്കുമ്പോൾ ഇല്ലെന്നും, ഒരുപക്ഷേ അബോധ മനസ്സിൽ അത് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടാവും എന്നും രവി പറയുന്നു. അതിന്, താനൊരു ഫാറ്റലിസ്റ്റ് അല്ലെന്നും, ഇത് വിധിയാണെന്നും ജയശ്രീ പറയുന്നു. എന്ത് പറയണമെന്നറിയാതെ രവി പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോൾ, താനെന്തായാലും സരളയുമായി ഒന്ന് സംസാരിച്ചു നോക്കാം എന്ന് ജയശ്രീ പറയുന്നു.
ജയശ്രീ സരളയെ വീട്ടിൽ കൊണ്ടുവന്ന് സംസാരിക്കുന്നു. രവിയെ വിശ്വസിക്കാൻ കൊള്ളില്ലെന്നും, അവന് ഓഫീസിൽ മറ്റൊരു പെണ്ണുമായി ബന്ധമുണ്ടായിരുന്നുവെന്നും, നിങ്ങൾ ലതയെ തിരിച്ചുകൊണ്ടുപോയി വേറെ നല്ലൊരു പയ്യനെ കണ്ടുപിടിച്ച് വിവാഹം കഴിച്ചു കൊടുക്കുന്നതാണ് നല്ലതെന്ന് പറയുന്നു. അത് നടക്കില്ലെന്നും, അവളെ അച്ഛൻ വീട്ടിൽ കയറ്റില്ലെന്നും സരള പറയുമ്പോൾ, നിങ്ങളുടെ കൂടെ നിർത്താമല്ലോ എന്ന് ജയശ്രീ പറയുന്നു. അതും സാധിക്കില്ലെന്നും, തനിക്ക് ഒരുപാട് പ്രാരാബ്ധങ്ങളുണ്ടെന്നും സരള പറയുന്നു. അത് കേട്ട്, ചുമതലക്കാരാരുമില്ലാത്തത് കൊണ്ടാണ് ലത കണ്ടവന്റെ കൂടെ ഒളിച്ചോടിയത് എന്ന് പുച്ഛത്തോടെ പറയുന്നു. തുടർന്ന്, ലത ചെറുപ്പമാണെന്നും, ഇനിയും ശ്രദ്ധിച്ചാൽ നല്ലൊരു ജീവിതം അവൾക്കുണ്ടാവും എന്ന് ജയശ്രീ പറയുമ്പോൾ, അത് അവൾക്ക് കൂടി തോന്നണമല്ലോ എന്ന് സരള പറയുമ്പോൾ, അത് വേണമെന്ന് ജയശ്രീയും പറയുന്നു.
രവിക്ക് ജോലിയിൽ ശ്രദ്ധ ചെലുത്താൻ കഴിയാതെ വരികയും, ജോലികളിൽ തെറ്റു പറ്റുകയും ചെയ്യുന്നു. പണിക്കർ രവിയെ വിളിച്ച് മുൻപ് കാണിച്ച സ്മാർട്നെസ്സ് ഒക്കെ എവിടെപ്പോയി എന്ന് ശകാരിക്കുന്നു. ജയശ്രീ ഗർഭിണിയാണെന്ന വിവരം സാറാമ്മ അറിയുകയും, രവിയെ വിളിച്ച് അറിയിക്കുകയും ചെയ്യുന്നു. കുന്നിൻ മുകളിലത്തെ ക്ഷേത്രത്തിൽ വെച്ച് രവി ജയശ്രീയെ കാണുകയും, പെട്ടെന്നൊരു തീരുമാനം എടുക്കാൻ തന്നെക്കൊണ്ട് കഴിയുന്നില്ലെന്ന് പറയുമ്പോൾ, വൈകുന്തോറും ......... എന്ന് അർധോക്തിയിൽ നിർത്തുമ്പോൾ, എനിക്ക് മനസ്സിലാവുന്നുണ്ടെന്ന് രവി പറയുന്നു. തുടർന്ന്, അദ്ദേഹത്തിൽ നിന്നും തനിക്ക് കുഞ്ഞുണ്ടാവില്ലെന്നും, ഒരു കുഞ്ഞ് തന്റെ എന്നത്തേയും സ്വപ്നമായിരുന്നുവെന്നും, ഇപ്പോഴത് എനിക്ക് കിട്ടിയിരിക്കുകയാണെന്നും, എന്ത് വന്നാലും അതിനെ നശിപ്പിക്കുന്നതിനെക്കുറിച്ച് മാത്രം തനിക്ക് ആലോചിക്കാൻ വയ്യെന്നും, താനത് ചെയ്യില്ലെന്നും, അതിലും ഭേദം തന്നെത്തന്നെ നശിപ്പിക്കുന്നതായിരിക്കും നല്ലത് എന്നും ജയശ്രീ വികാരാതീതയായി പറയുന്നു. പിന്നീട്, കണക്കു പറയുകയാണെന്ന് വിചാരിക്കരുതെന്നും, ലതയെക്കാൾ ഒരു വിവാഹത്തിന് ആവശ്യപ്പെടാൻ തനിക്കാണ് അധികാരം കൂടുതലുണ്ടെന്നും ജയശ്രീ പറയുമ്പോൾ, സമ്മതിച്ചു എന്ന് രവി പറയുന്നു.
തിരിച്ച് കാറിൽ മടങ്ങുമ്പോൾ, എന്റെ ജീവിതം എന്റെ സുഖത്തിനാണെന്ന് പറഞ്ഞ രവിയെയാണ് താൻ ഇഷ്ടപ്പെട്ടതെന്നും, തനിക്ക് ഇഷ്ടം പോലെ പണമുണ്ടെന്നും, ലതയെക്കാൾ സൗന്ദര്യവുമുണ്ടെന്നും, പിന്നെന്തിനാണ് രവി മടിച്ചു നിൽക്കുന്നു എന്നതാണ് തനിക്ക് മനസ്സിലാവാത്തത് എന്ന് ജയശ്രീ ചോദിക്കുമ്പോൾ, എല്ലാം എനിക്കറിയാം എന്ന് രവി പറയുന്നു. പിന്നെന്തിന് മടിക്കണം, അവളെ പറഞ്ഞു വിടാൻ നോക്ക് എന്ന് ജയശ്രീ പറയുമ്പോൾ, പോയില്ലെങ്കിലോ എന്ന് രവി ചോദിക്കുന്നു. പോണം, പോയെ ഒക്കു, എവിടെ നിന്നോ വന്നു കയറിയ ഏതോ ഒരു പെണ്ണിന് അങ്ങിനൊരു വാശി പാടില്ല, കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടും പോവുന്നില്ലെങ്കിൽ, അവളെ ഒഴിവാക്കേണ്ടി വരും എന്ന് അധികാരത്തോടെ ജയശ്രീ പറയുമ്പോൾ, എങ്ങിനെ എന്ന് രവി ചോദിക്കുന്നു. അതിന് മറുപടിയായി അതെനിക്ക് വിട്ടു തരു എന്ന് ജയശ്രീ പറയുന്നു.
ജയശ്രീ രവിയുമൊത്ത് തന്റെ വീട്ടിലെത്തുമ്പോൾ അവിടെ പണിക്കർ ഇരിക്കുന്നത് കണ്ട് രണ്ടുപേരും ഒന്ന് പരുങ്ങുന്നു. അവർ പരുങ്ങുന്നത് മനസ്സിലാക്കിയിട്ടെന്നോണം, ലതക്കുഞ്ഞ് ഇതുവരെ എത്തിയില്ല എന്ന് പറഞ്ഞ് അവരിരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നു. അതുകേട്ട്, ഇതുവരെയും എത്തിയില്ലേ എന്ന് ജയശ്രീ ചോദിക്കുമ്പോൾ, ഇല്ല ആറുമണിക്ക് വരാം എന്നുപറഞ്ഞതാണ്, പക്ഷേ ഇത്രേം വൈകിയിട്ടും വന്നിട്ടില്ല എന്ന് മറുപടി പറയുന്നു. അപ്പോൾ, എന്നാൽ ഇനി അവൾ വരില്ലായിരിക്കും എന്ന് രവി പറയുമ്പോൾ, രവിയുടെ മിസ്സിസ് ഇന്നിവിടെ വരുമെന്ന് പറഞ്ഞിരുന്നുവോ എന്ന് സംശയത്തോടെ ചോദിക്കുന്നു. അതേ, രവിയെ വഴിയിൽവെച്ച് കണ്ടപ്പോൾ ലത ഇവിടെയുണ്ടെന്ന് പറഞ്ഞ് ഞാനാണ് കൂട്ടിക്കൊണ്ടു വന്നതെന്ന് മറുപടി പറയുന്നത് ജയശ്രീയാണ്. എന്നാൽ കുറച്ചു കൂടി വെയിറ്റ് ചെയ്തു നോക്കു എന്ന് പണിക്കർ പറയുമ്പോൾ, ഇല്ല ഇനിയവൾ വരാൻ സാധ്യതയില്ല, ഞാൻ ഇറങ്ങുന്നു എന്ന് പറഞ്ഞ് രവി ഇറങ്ങാൻ നിൽക്കുമ്പോൾ പണിക്കർ ഡ്രൈവറെ വിളിച്ച് രവിയെ വീട്ടിൽക്കൊണ്ടാക്കാൻ പറയുന്നു.
രവി വീട്ടിലെത്തുമ്പോൾ സരള ലതയെ ഉപദേശിക്കുന്നതാണ് കാണുന്നത് - ഇത്രയും ദിവസമായിട്ടും വിവാഹം കഴിക്കാത്തതിനാൽ രവിയെ ഉപേക്ഷിച്ച് പോരാനാണ് അവർ ലതയെ നിർബന്ധിക്കുന്നത്. രവിയും സരളയും ഇതിനെ ചൊല്ലി വഴക്കിടുന്നു. ഒടുവിൽ വിവാഹം കഴിക്കില്ലെന്നും, വേണമെങ്കിൽ ലതയെ നിങ്ങളുടെ കൂടെ കൊണ്ടുപൊയ്ക്കൊള്ളു, തനിക്കൊന്നും സംഭവിക്കില്ല എന്ന് രവി പറയുമ്പോൾ ലത ഞെട്ടുന്നു. നിങ്ങളുടെ വായിൽ നിന്ന് തന്നെ തനിക്കിത് കേൾക്കണമായിരുന്നു, അത് കേട്ടു എന്ന് സരള പറയുമ്പോൾ, അറിഞ്ഞല്ലോ എന്നാൽ ഇറങ്ങിപ്പോകു എന്ന് രവി പറയുമ്പോൾ സരള ഇറങ്ങിപ്പോവുന്നു. ലത രവി പറഞ്ഞതോർത്ത് വിഷമിച്ചിരിക്കുന്നു.
രാത്രിയിൽ സാറാമ്മയും ജയശ്രീയും സംസാരിച്ചിരിക്കുമ്പോൾ, ഒന്നുകിൽ താനിതിൽ അടിയോടെ ഒഴുകിപ്പോകും, അല്ലെങ്കിൽ ജീവിതത്തിനാദ്യമായി ഒരർത്ഥമുണ്ടാവും എന്ന് ജയശ്രീ പറയുന്നു. അതിന്, ആ പിന്നെന്ത് പറയുന്നു എന്ന് സാറാമ്മ ചോദിക്കുമ്പോൾ, വെറുതെ വാശിപിടിച്ചിരിക്കുകയാണ്, അതാണ് തനിക്ക് മനസ്സിലാവാത്തതെന്ന് ജയശ്രീ മറുപടി പറയുന്നു. അതുകേട്ട്, മനസ്സിലാക്കാൻ ഒന്നുമില്ല, അവൾക്കൊന്നും പറ്റിയിട്ടില്ലല്ലോ, എന്താ അവൾക്ക് തിരിച്ച് വീട്ടിലേക്ക് പോയാൽ, വീട്ടുകാര് അവളെ തല്ലിക്കൊല്ലുവോ, അതിന് തക്കവണ്ണം കൊലപാതമൊന്നും ചെയ്തിട്ടില്ലല്ലോ, എന്നോ ഒരിക്കൽ ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി, അത്രയല്ലേയുള്ളു, കുഞ്ഞൊട്ടും മാറിക്കൊടുക്കരുത്, ഞാൻ പറഞ്ഞേക്കാം, ഇനിയൊരു പക്ഷേ ഇങ്ങിനെയൊരവസരം തന്നെ കിട്ടിയെന്ന് വരില്ല എന്ന് സാറാമ്മ പറയുമ്പോൾ, എനിക്കറിയാം ചേട്ടത്തി എന്ന് ജയശ്രീ പറയുന്നു.
തേക്കടിയിലെ ഓഫീസിൽ ചില കാര്യങ്ങളെല്ലാം ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് പണിക്കർ ചില സഹപ്രവർത്തകരെയും കൂട്ടി രവിയെ മൂന്ന് ദിവസത്തേക്ക് അവിടെ പോകാൻ പറയുന്നു. തനിക്കിവിടെ ഒറ്റക്കിരിക്കാൻ കഴിയില്ലെന്ന് പണിക്കരോട് പറഞ്ഞ് ജയശ്രീയും പണിക്കാരോടൊപ്പം അവിടെ പോകണം എന്ന് ശഠിക്കുമ്പോൾ പണിക്കർ ശരിയെന്ന് പറയുന്നു. തനിക്ക് കൂട്ടിനായി ലതയെയും കൂട്ടാം എന്ന് ജയശ്രീ പറയുമ്പോൾ പണിക്കർ അതിനും ശരി എന്ന് പറയുന്നു. ലതയോട് ജയശ്രീ ഈ കാര്യം പറയുമ്പോൾ, തനിക്ക് മനസ്സിന് ആകെ സുഖമില്ലെന്നും പറഞ്ഞ് ലത ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു. അവിടെപ്പോയി രണ്ടു മൂന്ന് ദിവസങ്ങൾ താമസിക്കുമ്പോൾ നിങ്ങളുടെ എല്ലാ പ്രോബ്ലെമുകളും മാറിയിരിക്കും എന്ന് ജയശ്രീ പറയുന്നു. തുടർന്ന്, നമ്മൾ തമ്മിൽ ആദ്യമായി അവിടെ വെച്ചാണ് കണ്ടുമുട്ടിയത്, വീണ്ടും അവിടെ താമസിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല, ഒരു ഒഴിവു കഴിവും പറയാതെ സമ്മതിക്കണം എന്ന് ജയശ്രീ പറയുമ്പോൾ, ലത വരാം എന്ന് സമ്മതിക്കുന്നു.
Video & Shooting
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
തുലാഭാരമല്ലോ ജീവിതം |
ബിച്ചു തിരുമല | ശ്യാം | കെ ജെ യേശുദാസ്, ലത രാജു |
2 |
പ്രഭാതഗാനങ്ങൾ നമ്മൾ |
ബിച്ചു തിരുമല | ശ്യാം | എസ് ജാനകി, കോറസ് |
Contributors | Contribution |
---|---|
Poster Image | |
കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ, പോസ്റ്റർ ഇമേജ് |