രവി മേനോൻ

Ravi Menon

പാലക്കാട് ജില്ലയിലെ കരിമ്പുഴ, ശ്രീകൃഷ്ണപുരം സ്വദേശിയായ രവീന്ദ്രനാഥ മേനോൻ ആണ് രവി മേനോൻ എന്ന പേരിൽ അറിയപ്പെട്ടത്. ജോലിയാവശ്യത്തിനായി ബോംബെയിലെത്തുകയും സിനിമയിൽ താല്പര്യം തോന്നി പിന്നീട് പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചേരുകയുമായിരുന്നു. അവിടെ സഹപാഠിയായ കബീർ റാവുത്തറിന്റെ ഡിപ്ലോമ ഫിലിമായ “മാനിഷാദ”യിലൂടെ അഭിനയ രംഗത്ത് തുടക്കമിട്ടു. ഈ ചിത്രം കാണാനിടയായ പ്രമുഖ സംവിധായകൻ മണി കൗൾ അദ്ദേഹത്തിന്റെ “ദുവിധ” എന്ന ബോളിവുഡ് ചിത്രത്തിൽ രവി മേനോനെ നായകനാക്കി.

ചിത്രത്തിനോടൊപ്പം തന്നെ രവി മേനോൻ എന്ന നടനും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ബോളിവുഡിൽത്തന്നെ “സപ്നോം കി റാണി”,” ജംഗൽ മേം മംഗൽ”, “ദോ കിനാരേ”, “വ്യാപാർ” എന്ന തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. എം ടി വാസുദേവൻ നായർ രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറക്കിയ നിർമ്മാല്യത്തിലാണ് രവി മേനോൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. നിർമ്മാല്യത്തിലെ ശാന്തിക്കാരനായ ഉണ്ണി നമ്പൂതിരി ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഏറെ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. സിനിമാരംഗത്തിനു പുറമേ ടെലിവിഷൻ പരമ്പരകളിലും ടെലിഫിലിമുകളിലും സജീവമായിരുന്നു.

പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അർബുദ രോഗബാധയേത്തുടർന്ന് 2007 നവംബർ 24ന്  അദ്ദേഹം മരിച്ചു. അവിവാഹിതനായിരുന്നു.