കാരൈക്കുടി നാരായണൻ

Karaikkudi Narayanan

തമിഴ്നാട്ടിലെ കാരൈക്കുടി എന്ന ദേശത്താണ് കാരൈക്കുടി നാരായണൻ ജനിച്ചത്. ഹൈസ്കൂൾ പഠിക്കുമ്പോൾ തന്നെ നാരായണൻ കവിതകൾ എഴുതാൻ തുടങ്ങിയിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജ് പഠന കാലത്ത് ഒരിക്കൽ പ്രശസ്ത തമിഴ് ചലച്ചിത്ര ഗാനരചയിതാവ് കണ്ണദാസൻ പങ്കെടുത്ത വേദിയിൽ കവിത ചൊല്ലാനുള്ള സന്ദർഭം നാരായണൻ നേടിയെടുത്തു. ആ സദസ്സിൽ വെച്ച് കണ്ണദാസനിൽ നിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് നാരായണന്റെ കവിതാപുസ്തകം വായിച്ചുനോക്കിയ കവി കണ്ണദാസൻ നല്ലൊരു ഭാവിയുണ്ടെന്ന് പുസ്തകത്തിൽ എഴുതുകയും ചെയ്തു.. കണ്ണദാസന്റെ ആ വാക്കുകൾ നൽകിയ പ്രചോദനം നാരായണനെ സിനിമ എന്ന മായിക ലോകത്തേക്ക് കടക്കാൻ പ്രേരിപ്പിച്ചു. മദ്രാസിൽ ചെന്നാൽ തനിക്ക് തമിഴ് സിനിമാ ലോകത്തിൽ അറിയപ്പെടുന്ന ഗാനരചയിതാവി പ്രകാശിക്കാൻ കഴിയും എന്ന് സ്വപ്നം കണ്ട നാരായണൻ താമസിയാതെ മദ്രാസിലേയ്ക്ക് യാത്രയായി.

മദ്രാസിൽ എത്തിയ നാരായണന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പല സംവിധായകരുടെയും കൂടെ നിന്നെങ്കിലും അദ്ദേഹത്തിറന്റെ ആഗ്രഹംപോലെ സിനിമയിൽ ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. സംവിധായകൻ ഭീംസിംഗിന്റെ കീഴിൽ പട്ടത്തുറാണി എന്ന തമിഴ് സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായിക്കൊണ്ട് നാരായണൻ സിനിമയിൽ തുടക്കം കുറിച്ചു. പട്ടത്തുറാണിയുടെ തിരക്കഥാകൃത്തായ ജാവർ സീതാരാമൻ നാരായണന്റെ കഥകൾ എഴുതാനുള്ള കഴിവ് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പരിചയമുള്ള ഒരു നാടക ട്രൂപ്പിലേക്ക് പറഞ്ഞയച്ചു. അവിടെ അവർ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ഒരു കഥയ്ക്ക് സംഭാഷണം എഴുതിക്കൊണ്ട് നാരായണൻ നാടക രംഗത്ത് അരങ്ങേറി. ആ അനുഭവം നാടക / സിനിമാ നടനായ എവിഎം രാജനു വേണ്ടി "പാശദീപം" എന്നൊരു നാടകം എഴുതാനുള്ള സന്ദർഭം ഒരുക്കി. അതിനുശേഷം മറ്റൊരു നാടക / സിനിമാനടനായ മേജർ സുന്ദരരാജന്റെ നാടക ട്രൂപ്പിൽ ചേർന്നു. മേജർ സുന്ദരരാജനുവേണ്ടി നാരായണൻ ആദ്യമെഴുതിയ നാടകമായ അച്ചാണി.വൻ വിജയം നേടി. പ്രശസ്ത സംവിധായകൻ എ വിൻസന്റ് അച്ചാണി സിനിമയാക്കാനുള്ള അവകാശം വാങ്ങുകയും മലയാളത്തിൽ പ്രേംനസീർ, നന്ദിത ബോസ്, വിൻസന്റ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അച്ചാണി എന്ന പേരിൽ തന്നെ സംവിധാനം ചെയ്യുകയും ചെയ്തു. അച്ചാണി ബോക്സോഫീസിൽ വലിയ വിജയമായി.

മേജർ സുന്ദരരാജനുവേണ്ടി നാരായണൻ എഴുതിയ സൊന്തം എന്ന നാടകം അതേപേരിൽ സിനിമയായപ്പോൾ അതിന്റെ തിരക്കഥ, സംഭാഷണം രചിച്ചത് നാരായണനായിരുന്നു. തുടർന്ന് നാരായണന് "ദീർഘസുമംഗലി", "തേൻ സിന്ത്തേ വാനം" (മലയാളത്തിലെ"ലേഡീസ് ഹോസ്റ്റൽ"-ലിന്റെ തമിഴ് റീമേക്), "ഒണ്ണേ ഒണ്ണ് കണ്ണേ കണ്ണ്", "തൂണ്ടിൽ മീൻ", "ദിക്കട്ര പാർവ്വതി" എന്നിങ്ങനെ കുറേ ചിത്രങ്ങൾക്ക് സംഭാഷണം എഴുതി. അതിനോടൊപ്പം നാടക രചനയും തുടർന്നു കൊണ്ടിരുന്നു. അച്ചാണി തമിഴ് സിനിമയായി എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന നാരായണൻ മലയാള നിർമ്മാതാക്കളിൽ നിന്നും അതിനുള്ള അവകാശം വാങ്ങി  നാരായണൻ തന്നെ തിരക്കഥ, സംഭാഷണം സംവിധാനം നിർമ്മാണം എന്നിവ നിർവഹിച്ച അച്ചാണി തമിഴിലും വലിയ വിജയമായി. അച്ചാണിയ്ക്ക് ആ വർഷത്തെ മികച്ച തമിഴ് സിനിമയ്ക്കുള്ള തമിഴ്നാട് സർക്കാറിന്റെ അവാർഡ് ലഭിയ്ക്കുകയും ചെയ്തു. അച്ചാണിയ്ക്ക് ശേഷം അദ്ദേഹം കുറച്ചു തമിഴ് ചിത്രങ്ങൾ കൂടി സംവിധാനം ചെയ്തു. പിന്നീട് ടെലിവിഷൻ മേഖലയിലേയ്ക്ക് മാറിയ നാരായണൻ ചില സീരിയലുകളും സംവിധാനം ചെയ്തിരുന്നു.

കാരൈക്കുടി നാരായണന്റെ ഭാര്യ മെയ്യമ്മൈ. ഒരു മകൾ അഴകമ്മൈ.

 

 

 

കടപ്പാട് - Romu Iver's Facebook Post