വി ടി നന്ദകുമാർ

V T Nandakumar Writer
V T Nandakumar-Writer
Date of Birth: 
ചൊവ്വ, 27 January, 1925
കഥ: 8
സംഭാഷണം: 9
തിരക്കഥ: 7

കൊടുങ്ങല്ലൂർ രാജകുടുംബാംഗമായ കുഞ്ഞുണ്ണിത്തമ്പുരാൻടേയും വടശ്ശേരി തൈപ്പറമ്പിൽ മാധവിയമ്മയുടേയും മകനായി തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിലായിരുന്നു നന്ദകുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദത്തിന് പഠിച്ചെങ്കിലും പഠനം പാതിവഴി ഉപേക്ഷിച്ച് ഇന്ത്യമുഴുവൻ സഞ്ചരിച്ചു. തിരിച്ചെത്തിയ അദ്ദേഹം എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ ഉദ്യോഗം സ്വീകരിച്ചെങ്കിലും താമസിയാതെ ജോലി രാജി വച്ച് യാത്ര എന്നൊരു മാസിക തുടങ്ങി.

1972 ലാണ് വി ടി നന്ദകുമാർ സിനിമാലോകത്തേക്ക് എത്തിയത്. അദ്ധേഹത്തിന്റെ ദൈവത്തിന്റെ മരണം എന്ന നോവൽ തീർത്ഥയാത്ര എന്ന പേരിൽ എ വിൻസന്റ് സനിമയാക്കി. 'തീര്‍ത്ഥയാത്ര'യിലെ അഭിനയം കവിയൂര്‍ പൊന്നമ്മയ്ക്ക് ആ വര്‍ഷത്തെ മികച്ച സഹനടിക്കുള്ള സംസ്ഥാനഅവാര്‍ഡ് നേടിക്കൊടുത്തതോടെ വിടി നന്ദകുമാർ സിനിമാരംഗത്ത് പ്രശസ്തനായി. തുടർന്ന് ധർമ്മയുദ്ധം, വിഷ്ണുവിജയംരണ്ടു പെൺകുട്ടികൾ,അശ്വരഥം എന്നിവയുൾപ്പെടെ പതിനാലോളം സിനിമകൾക്ക് കഥ,തിരക്കഥ,സംഭാഷണം നിർവഹിച്ചു. ലസ്ബിയൻ പ്രമേയം ആദ്യമായി മലയാളത്തിൽ കൈകാര്യം ചെയ്ത സിനിമയായിരുന്നു "രണ്ട് പെൺകുട്ടികൾ".

അദ്ദേഹത്തിന്റെ പ്രധാന നോവലുകൾ ദൈവത്തിന്റെ മരണം, രണ്ടു പെൺകുട്ടികൾ, നാളത്തെ മഴവില്ല്, രക്തമില്ലാത്ത മനുഷ്യൻ, ചാട്ടയും മാലയും, വണ്ടിപ്പറമ്പന്മാർ, ദേവഗീതം, തവവിരഹേ വനമാലീ, ഞാൻ-ഞാൻ മാത്രം, വീരഭദ്രൻ/,സമാധി, ഇരട്ടമുഖങ്ങൾ, ഞാഞ്ഞൂൽ, സൈക്കിൾ, ആ ദേവത, രൂപങ്ങൾ, ഭ്രാന്താശുപത്രി തുടങ്ങിയവയാണ്. വി ടി യുടെ ചെറുകഥാ സമാഹരങ്ങൾ - പ്രേമത്തിന്റെ തീർത്ഥാടനം, സ്റ്റെപ്പിനി, കൂകാത്ത കുയിൽ, കൽപ്പടവുകൾ, ആശ എന്ന തേരോട്ടം, നീലാകാശവും കുറേ താരകളും, ഒരു നക്ഷത്രം കിഴക്കുദിച്ചു തുടങ്ങിയവ. നാടകങ്ങൾ - ഏഴുനിലമാളിക, കിങ്ങിണി കെട്ടിയ കാലുകൾ, മഴക്കാലത്തു മഴ പെയ്യും, സ്ത്രീ അവളുടെ ഭംഗി എന്നിവയാണ്. 

മഹാഭാരതത്തിലെ കര്‍ണ്ണനെ പ്രമേയമാക്കി ഒരു ബൃഹദ് നോവല്‍ വിടി നന്ദകുമാർ എഴുതിത്തുടങ്ങിയിരുന്നു. ആറു ഭാഗങ്ങളിലായി ആറായിരത്തേളം പേജുകളുള്ള ഒരു കര്‍ണകഥ- എന്റെ കര്‍ണന്‍.എന്നായിരുന്നു പേര്. അതിശക്തമായ ഭാഷയില്‍ നവീനമായൊരു എഴുത്തിന്റെ മുഖം വെട്ടിത്തുറന്നുകൊണ്ടായിരുന്നു കുങ്കുമം വാരികയിൽ നോവല്‍ തുടങ്ങിയത്. അതിന്റെ ഒരു ഭാഗം പ്രസിദ്ധീകരിച്ചു വന്നതോടെ  ചില ഇടപെടലുകളുണ്ടായതിനെ തുടർന്ന് നോവലിന്റെ പ്രസിദ്ധീകരണം നിലച്ചു. ഈ സംഭവത്തോടെ അദ്ദേഹം സാഹിത്യലോകത്ത് നിന്നും മാനസികമായി ഉള്‍വലിഞ്ഞു. പിന്നീട് വിടി ഒന്നും എഴുതി പ്രസിദ്ധീകരിച്ചില്ല. 2000 ഏപ്രിൽ 30 -ന് വിടി നനദകുമാർ അന്തരിച്ചു.

വിടി നന്ദകുമാറിന്റെ ഭാര്യ  ലളിത.  മകൻ എഴുത്തുകാരനും സംഗീതജ്ഞനും പത്രപ്രവർത്തകനുമായ ശ്രീജിത്ത് നന്ദകുമാർ .