കെ രാമചന്ദ്രബാബു

K RamachandraBabu
കെ രാമചന്ദ്രബാബു - ഛായാഗ്രാഹകൻ
Date of Birth: 
തിങ്കൾ, 15 December, 1947
Date of Death: 
Saturday, 21 December, 2019
സംവിധാനം: 1

തമിഴ് നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലെ മധുരാന്തകത്തിൽ 1947 ഡിസംബർ 15-നാണ് കെ.പി. കുഞ്ഞൻ പിള്ള-പി.കെ പത്മിനിദമ്പതികളുടെ പുത്രനായി രാമചന്ദ്രബാബു ജനിച്ചു. ചെന്നെയിലെ പ്രഗൽഭമായ ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദമെടുത്ത ശേഷം പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണം പഠിച്ചു. പ്രഗൽഭ സംവിധായകരായിത്തീർന്ന ബാലുമഹേന്ദ്ര, ജോൺ ഏബ്രഹാം കെജി ജോർജ്ജ് തുടങ്ങിയവർ അവിടെ സഹപാഠികളായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ  പഠനം അവസാനിക്കുന്നതിനു മുമ്പേ തന്നെ സതീർഥ്യൻ കൂടിയായ ജോൺ ഏബ്രഹാമിന്റെ “വിദ്യാർത്ഥികളേ ഇതിലേ ഇതിലേ” എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറി. തുടർന്ന് മലയാളത്തിലെയും തമിഴിലെയും മികച്ച സംവിധായകരുമൊത്ത് ഏകദേശം 125ൽക്കൂടുതൽ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, അറബിക് , ഇംഗ്ലീഷ് എന്നീ ഭാഷകളിലായി എഴുപതോളം സംവിധായകരുമൊത്ത് പ്രവർത്തിച്ച രാമചന്ദ്രബാബുവിനേത്തേടി നിരവധി അവാർഡുകളുമെത്തി. രാമുകാര്യാട്ടുമൊത്ത് ഈസ്റ്റ്മാൻ കളറിൽപ്പുറത്തിറക്കിയ ദ്വീപ് (1976) മലയാളത്തിലെ മികച്ച ക്യാമവർക്കിനുള്ള സംസ്ഥാന സർക്കാരിന്റെ  അവാർഡ് കരസ്ഥമാക്കി. തുടർന്ന് രതിനിർവ്വേദം(1978),ചാമരം (1980) ഒരു വടക്കൻ വീരഗാഥ(1989) എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.

ഭരതൻ, ഐവി ശശി, കെ ജി ജോർജ്ജ്, പി ജി വിശ്വംഭരൻ എന്നീ സംവിധായകരോടൊത്താണ് മലയാളത്തിൽ ഏറെ ചിത്രങ്ങൾക്ക് ക്യാമറ ചെയ്തത്. ഇരുപത്തിയഞ്ചോളം നവാഗത സംവിധായകർക്കും മമ്മൂട്ടി ,സുകുമാരൻ, മഞ്ജു വാര്യർ തുടങ്ങി 34 അഭിനേതാക്കളും ആദ്യം സ്ക്രീനിലെത്തിയത് രാമചന്ദ്രബാബുവിന്റെ ക്യാമറയിലൂടെയാണ്..മാക്ട ഉൾപ്പടെ നിരവധി സിനിമാസംഘടനകളിൽ സാരഥ്യം വഹിച്ചു. നിരവധി ഇന്ത്യൻ-അന്താരാഷ്ട്രീയ സിനിമാമേളകൾക്ക് ജൂറിയും ചെയർമാനുമൊക്കെ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്സിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ  രവി. കെ. ചന്ദ്രൻ അദ്ദേഹത്തിന്റെ സഹോദരന്മാരിലൊരാളാണ് . ലതികാറാണി ആണ് ഭാര്യ, അഭിഷേക്, അഭിലാഷ് എന്നിവർ മക്കളാണ്.

2019 ഡിസംബർ 21ന് അദ്ദേഹം അന്തരിച്ചു.

 

 

അവലംബം : രാമചന്ദ്രബാബുവിന്റെ വെബ്ബ് സൈറ്റ്