ഭാസി പുത്തില്ലം

Primary tabs

Bhasi Puthillam
ഭാസി പുത്തില്ലം
പുത്തില്ലം ഭാസി
എൻ ഭാസ്കരപിള്ള
ഭാസി തിരുവല്ല

 പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയായ പുത്തില്ലം ഭാസി എന്ന എൻ ഭാസ്കരപിള്ള തന്റെ ഹൈസ്കൂൾ പഠനകാലത്താണ് നാടകരംഗത്തേക്ക് എത്തുന്നത്. സ്കൂളിൽ അവതരിപ്പിച്ച നാടകത്തിലെ അഭിനയമികവാണ് പ്രൊഫഷണൽ നാടകവേദികളിലേക്കുള്ള വഴിതെളിച്ചത്. അങ്ങനെ SSLC ക്ക് ശേഷം   തൊടുപുഴ കൺമണി തീയറ്റേഴ്സിന്റെ  'പർണ്ണശാല' എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടകരംഗത്തെത്തിയ ഭാസി, പിന്നീട് കേരളത്തിലെ ഒട്ടുമിക്ക ട്രൂപ്പുകളുടെയും നാടകവേദികളിൽ സാന്നിധ്യമറിയിച്ചു. കൊട്ടാരക്കര ശ്രീധരൻ നായർ, എം ജി സോമൻ തുടങ്ങിയവരുമായി നാടകരംഗത്ത് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. യാദൃശ്ചികമായി സിനിമയിലേക്കെത്താൻ കാരണമായതും കൊട്ടാരക്കരയുമായുള്ള പരിചയം തന്നെയായിരുന്നു. അങ്ങനെ 1972ൽ പി എൻ മേനോൻ സംവിധാനം ചെയ്ത പണിമുടക്ക് എന്ന ചിത്രത്തിൽ  ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്രാഭിനയം തുടങ്ങി. പിന്നീട് എം ജി സോമൻ സിനിമയിലെത്തിയപ്പോൾ അദ്ദേഹം മുഖ്യവേഷം ചെയ്ത പല സിനിമകളിലും ഭാസിക്കും അവസരം ലഭിക്കുകയുണ്ടായി. തീരങ്ങൾ, തണൽ, യക്ഷിപ്പാറു, വെല്ലുവിളി, മണ്ണ്, രാഗം താനം പല്ലവി, താവളം, തുറന്ന ജയിൽ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇവയിൽപ്പെടുന്നു.

പിൽക്കാലത്ത് സിനിമയിൽ നിന്നും നാടകത്തിൽ നിന്നും ഏതാണ്ട് രണ്ട് പതിറ്റാണ്ടിലധികം നീണ്ട ഇടവേളയെടുത്ത് തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിനടുത്ത് ചെറിയൊരു കട നടത്തി ജീവിതം പുലർത്തി വരവേ, തിരുവല്ല സ്വദേശി തന്നെയായ ബ്ലെസ്സിയുടെ സംവിധാനത്തിൽ 2004 ൽ ഒരുങ്ങിയ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് പുത്തില്ലം ഭാസി വീണ്ടും സിനിമയിലെത്തുന്നത്. ആ ചിത്രത്തെത്തുടർന്ന് ബ്ലെസ്സി ചെയ്ത എല്ലാ ചിത്രങ്ങളിലെയും അഭിനയ സാന്നിധ്യമാവാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഇവയ്ക്ക് പുറമേ ദൈവനാമത്തിൽ, ആലീസ് ഇൻ വണ്ടർലാന്റ്, രസതന്ത്രം, തസ്കരവീരൻ, ചിതറിയവർ, ഒരു ഇന്ത്യൻ പ്രണയകഥ, വൈരം, താക്കോൽ, ബി സി ഡി, ചാർലി തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.