പി സി സോമൻ

P C Soman

തിരുവനന്തപുരത്തെ ആദ്യകാല നാടക സംഘത്തിലെ സജീവ സാന്നിധ്യമായിരുന്ന
പാൽക്കുളങ്ങര ചെല്ലപ്പൻ പിള്ളയുടെ മകനായി 1940 ൽ ജനിച്ച പി സി സോമൻ തന്റെ 10 ആം വയസ്സിൽ തന്നെ  നാടകത്തിൽ അഭിനയിച്ചു തുടങ്ങി.

തിരുവനന്തപുരത്തെ അഭേദാനന്ദാശ്രമത്തിലാണ് ഇദ്ദേഹം തുടക്കം കുറിച്ചത്. തുടർന്ന് വിക്രമൻ നായർ, കൈനിക്കര സഹോദരന്മാർ എന്നിവരോടൊപ്പം ‘കലാവേദി’ എന്ന അമച്വർ ഗ്രൂപ്പിൽ പ്രവർത്തിച്ച ഇദ്ദേഹം അമച്വർ നാടകങ്ങളുൾപ്പെടെ 350 ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. മലയാളം ദൂരദർശന്റെ ആദ്യ കാലങ്ങളിൽ സീരിയലുകളിലും വേഷങ്ങൾ ചെയ്തിരുന്നു.

ട്രാൻവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ ആദ്യ സിനിമ അടൂർ ഗോപാലകൃഷ്ണന്റെ തന്നെ സ്വയംവരം ആയിരുന്നു. തുടർന്ന് അടൂർ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ ഇദ്ദേഹം ഗായത്രി, കൊടിയേറ്റം, മുത്താരംകുന്ന് പി.ഒ, അച്ചുവേട്ടന്റെ വീട്, ഇരുപതാം നൂറ്റാണ്ട്, മതിലുകൾ, ചാണക്യൻ, കൗരവർ, ധ്രുവം, ഇലയും മുള്ളും, വിധേയൻ, അഗ്നിദേവൻ, കഴകം, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, ഒരു പെണ്ണും രണ്ടാണും, പിന്നെയും തുടങ്ങി നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയങ്ങൾ കാഴ്ചവെച്ചു.

1997 ൽ ഫ്രഞ്ച് സംവിധായകൻ മാർക്യൂസ് എംഹൂഫ് സംവിധാനം ചെയ്ത ഫ്ലാമെൻ ഇമ് പാരഡൈസ് (Flammen im Paradies) എന്ന ഫ്രഞ്ച് സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതിൽ മാമുകോയ, സാലു കൂറ്റനാട് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഇദ്ദേഹം വാർദ്ധക്യ സാഹചരോഗങ്ങളാൽ 2021 മാർച്ച് 26 ആം തിയതി തന്റെ 81 ആം വയസ്സിൽ അന്തരിച്ചു.

തുളസിയാണ് ഭാര്യ. രശ്മി, രോഷ്നി എന്നിവരാണ് മക്കൾ. പ്രമുഖ പത്രപ്രവർത്തകൻ പരേതനായ പി.സി സുകുമാരൻ നായരുടെ സഹോദരനാണ്.