പുന്നപ്ര അപ്പച്ചൻ
മലയാള ചലച്ചിത്ര നടൻ. ആലപ്പുഴജില്ലയിലെ പുന്നപ്രയിൽ ജനിച്ചു. ചെറുപ്പത്തിലെ അഭിനയത്തിൽ താത്പര്യമുള്ളയാളായിരുന്നു അപ്പച്ചൻ. സിനിമാമോഹവുമായി നടന്ന അപ്പച്ചന് ആദ്യമായി ഒരു വേഷം കിട്ടുന്നത് 1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ്. പുന്നപ്രയിൽ വെച്ച് നടന്ന ഷൂട്ടിംഗ് കാണാൻ സത്യനോടുള്ള ആരാധന നിമിത്തം ചെന്ന അപ്പച്ചന് സിനിമയിലെ മാനേജരായ ഒരു സുഹൃത്ത് മുഖേന അതിൽ ചെറിയ ഒരുവേഷം കിട്ടി. അതിനുശേഷം ഉദയായുടെ എല്ലാ സിനിമകളിലും അപ്പച്ചന് ഒരു വേഷം കിട്ടിയിരുന്നു. മഞ്ഞിലാസിന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് അപ്പച്ചന് ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത്. ഒരു തൊഴിലാളി നേതാവായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്.
വില്ലൻ വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുള്ളത്. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം - എന്ന സിനിമയിൽ തുടങ്ങി പിന്നീട് അടൂരിന്റെ എല്ലാ സിനിമകളിലും അപ്പച്ചന് ഒരു വേഷം ഉണ്ടായിരുന്നു. പ്രശസ്ത സംവിധായകൻ പത്മരാജന്റെ ഞാൻ ഗന്ധർവൻ എന്ന സിനിമയിലും പുന്നപ്ര അപ്പച്ചന് അഭിനയിക്കാൻ കഴിഞ്ഞു. മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങളുടെയും കൂടെയും അപ്പച്ചന് അഭിനയിച്ചിട്ടുണ്ട്.