കുര്യൻ വർണ്ണശാല

Kurian Varnashala

തൃശ്ശൂർ വരന്തരപ്പള്ളിയിൽ ജനിച്ചു.  ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം തൃശ്ശൂർ ഗവണ്മെന്റ് ഒക്കുപ്പേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് കൂര്യൻ പഠിച്ചത്. ചെറുപ്പത്തിലേ ചിത്രകലയിൽ തത്പരനായിരുന്ന കൂര്യൻ ഒക്കുപ്പേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കൊണ്ട് നല്ലൊരു ചിത്രകാരനായി. പിന്നീട് മദ്രാസ് ലിത്തോ പ്രസിൽ ജോലിയിൽ പ്രവേശിച്ചു. ആ സമയത്താണ് അദ്ദേഹം ഐ വി ശശിയുമായി പരിചയപ്പെടുന്നത്. അന്ന് ഐ വി ശശി സിനിമകളിൽ കലാ സംവിധായകനായി പ്രവർത്തിയ്ക്കുകയായിരുന്നു.

സിലോൺ റേഡിയോയിൽ "വാനമുദം" എന്ന പരിപാടി അവതരിപ്പിച്ച് പ്രശസ്തരായ കൃസ്ത്യൻ ആർട്സിൽ പോയി ഐ വി ശശിയും കൂടെ സഹായിയായി കൂര്യനും അവരുടെ മാഗസിനുകൾക്ക് കവർ വരച്ചുകൊടുക്കാറുണ്ടായിരുന്നു. കൃസ്ത്യൻ ആർട്സ് നിർമ്മിയ്ക്കാനുദ്ദേശിച്ചിരുന്ന "കായൽ" ഉത്സവം എന്നപേരിൽ മുരളി മൂവീസ് നിർമ്മിച്ചപ്പോൾ ഐ വി ശശി സംവിധായകനായി. ഉത്സവത്തിന്റെ സംവിധാന സഹായിയായി കൂര്യൻ വർണ്ണശാല ചലച്ചിത്ര മേഖലയിൽ അരങ്ങേറി. ഒപ്പം ആ സിനിമയുടെ പരസ്യജോലികൾ നിർവ്വഹിയ്ക്കുകയും ചെയ്തു. പിന്നീട് അനുഭവം, അയൽക്കാരി എന്നീ സിനിമകളിൽ ഐ വി ശശിയുടെ സഹ സംവിധായകനായി പ്രവർത്തിയ്കുന്നതിനോടൊപ്പം അവയുടെയൊക്കെ പരസ്യ ജോലികളും ചെയ്തു. അതിനുശേഷം ഡോക്ടർ ബാലകൃഷ്ണൻ നിർമ്മിച്ച ഹരിഹരൻ - പ്രേംനസീർ സിനിമയായ കോളേജ് ഗേൾ ന്റെ പരസ്യകല നിർവഹിച്ചു. അവിടന്നങ്ങോട്ട് കൂര്യൻ വർണ്ണശാല എന്നപേര് മലയാള സിനിമാ പരസ്യകലാരംഗത്ത് പ്രശസ്തമായി. ഇതാ ഇവിടെ വരെ, രതിനിർവേദം എന്നീ സിനിമകൾക്ക് വേണ്ടി കൂര്യൻ തെയ്യാറാക്കിയ പോസ്റ്ററുകൾ വലിയ തോതിൽ ജനശ്രദ്ധ ആകർഷിച്ചു. നിരവധി സിനിമകൾക്ക് കൂര്യൻ വർണ്ണശാല ഡിസൈൻ, പോസ്റ്റർ ഡിസൈൻ, പബ്ളിസിറ്റി, പരസ്യം എന്നിവ ചെയ്തിട്ടുണ്ട്. അന്തിച്ചുവപ്പ്, എന്ന സിനിമ സംവിധാനം ചെയ്ത് സംവിധാനമേഖലയിലും, അസ്തമിക്കാത്ത പകലുകൾ എന്ന സിനിമ നിർമ്മിച്ച് നിർമ്മാണ മേഖലയിലും കൂര്യൻ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു.