ചുക്ക്
ഒരു സാധാരണ കണക്കെഴുത്ത് ജോലിക്കാരനിൽ നിന്ന്, മലഞ്ചരക്ക് കയറ്റുമതി കമ്പനി മുതലാളിയായി വളർന്ന ചാക്കോച്ചന്റെ ജീവിതത്തിലെ നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കഥ. അയാളുടെ പ്രണയകഥയും കൂടിയാണ് 'ചുക്ക്'.
Actors & Characters
Actors | Character |
---|---|
ചാക്കോച്ചൻ | |
മോളി | |
ക്ലാര | |
ലില്ലി | |
മത്തായിച്ചൻ | |
കമ്മത്ത് | |
അന്തോണി | |
മോളിയുടെ അപ്പൻ | |
മേരി | |
ചാക്കോച്ചന്റെ അമ്മ | |
ജിമ്മി | |
ജോണി | |
സണ്ണി | |
അപ്പച്ചൻ മേസ്ത്രി | |
അഡ്വ: കൃഷ്ണപിള്ള | |
കോടതി ശിപായി | |
കങ്കാണി | |
പത്രോസ് വർക്കി മുതലാളി | |
Main Crew
കഥ സംഗ്രഹം
വാർദ്ധക്യത്തിന്റെ പടിക്കൽ എത്തി നിൽക്കുന്ന മത്തായി മുതലാളിയും (അടൂർഭാസി), ചാക്കോച്ചൻ മുതലാളിയും (മധു) മത്തായിയുടെ ബംഗ്ലാവിൽ ഒത്തുകൂടിയിരിക്കുകയാണ്. തിരക്കിട്ട ബിസിനസ്സിനിടയിൽ നിന്നും അല്പനേരത്തേക്കുള്ള വിശ്രമം. അത് ഇടയ്ക്കിടയ്ക്കുള്ള പരിപാടിയാണ്. മത്തായി ഗ്ളാസ്സിൽ മദ്യം പകർന്നുകൊണ്ട് പറയുന്നു - ചാക്കോച്ചനെ കാര്യമായിട്ടൊന്ന് സൽക്കരിക്കണമെന്ന് കഴിഞ്ഞ തവണ എറണാകുളം ടിബിയിൽ വെച്ച് നമ്മൾ കൂടിയപ്പോഴേ ഞാൻ വിചാരിച്ചതാ, ഇന്നിനി ഇപ്പോ തനിക്ക് യാതൊരു പരിപാടിയും വേണ്ട. ഗ്ലാസ്സ് വാങ്ങി ടീപ്പോയിൽ വെച്ച ശേഷം ചാക്കോ പറയുന്നു - ഹോ, ഇത്ര പകലെ വേണ്ടായിരുന്നു, ഞാൻ മത്തായിയച്ചന്റെ സൽക്കാരവും സ്വീകരിച്ച് ഇവിടെ കറങ്ങിക്കിടന്നാലേ, എനിക്ക് ഇഞ്ചിയുടെ ഏജന്റുമാരെ കാണാൻ പറ്റത്തില്ല, ഇത് സീസണാണ്. അതുകേട്ട് മത്തായി പറയുന്നു, ഇഞ്ചിയുടെയും ചുക്കിന്റെയും ബിസിനസ്സ് താൻ എന്നെ പഠിപ്പിച്ചു തുടങ്ങിയോ? അതിന്, എന്നെ പഠിപ്പിച്ചത് മത്തായിയച്ചനല്ലിയോ, ആദ്യം പഠിപ്പിച്ചത് കള്ളത്തരമാ, അതുകൊണ്ടാ ഞാനിപ്പോ ഏജന്റുമാരെ വിശ്വസിക്കാത്തത് എന്ന് ചാക്കോ മറുപടി പറയുന്നു. അപ്പോൾ, ഏതായാലും പഴയ കാര്യങ്ങളെപ്പറ്റി ഓർമ്മിപ്പിക്കുന്നത് രാസമാണേ എന്നും, ചാക്കോച്ചനെ ഇന്ന് സുഖിപ്പിക്കാൻ തന്നെ തീരുമാനിച്ചിരിക്കുന്നു എന്നും, തന്റെ താമസം എന്റെ ഗസ്റ്റ് ഹൗസിൽ എന്നും മത്തായി പറയുന്നു. അതുകേട്ട്, അപ്പൊ ഈ ബംഗ്ലാവിൽ എന്നെ താമസിപ്പിക്കില്ലേ എന്ന് ചാക്കോ ചോദിക്കുമ്പോൾ, എന്റെ വക എസ്റ്റേറ്റ് ഗസ്റ്റ് ഹൗസാണ് ഹേ, താനവിടെ ഇന്ന് താമസിച്ചാ മതി എന്ന് മത്തായി പറയുന്നു. തുടർന്ന് ഇരുവരും ചിയേർസ് പറഞ്ഞ് മദ്യം നുകരുന്നു.
ചിയേർസ് ചാക്കോച്ചന് നല്ലൊരു രാത്രിക്ക് വേണ്ടി എന്ന് മത്തായി പറയുന്നു. അതുകേട്ട്, നല്ല ഒരു രാത്രിയോ, എനിക്ക് ഒരാഴ്ചത്തെ പണിയുണ്ടിവിടെ എന്ന് ചാക്കോച്ചൻ പറയുമ്പോൾ, ആശ്ചര്യത്തിൽ വാ തുറന്ന ശേഷം വളരെ സന്തോഷം എന്ന് മത്തായി പറയുന്നു. അപ്പോൾ ചാക്കോച്ചൻ തുടരുന്നു - ഏജന്റുമാർ കൃഷിക്കാർക്ക് അഡ്വാൻസ് കൊടുക്കാൻ വാങ്ങുന്ന രൂപാ അവർക്ക് കൊടുക്കാറില്ല, പക്ഷേ, ചാക്കോ ആൻഡ് കമ്പനിയെ പറ്റിക്കാൻ ഒക്കില്ല, കടം വാങ്ങുന്ന ഇഞ്ചി കൃഷിക്കാരുടെയും, മുളക് കൃഷിക്കാരുടെയും ലിസ്റ്റ് ഞാൻ ഇങ്ങ് വാങ്ങും, ഇടയ്ക്കിടയ്ക്ക് അത് ചെക്ക് ചെയ്യുകേം ചെയ്യും. അതിന്, ഒരു നല്ല മുതലാളി ആകാൻ ആദ്യം ബിസിനസ്സിലെ കള്ളങ്ങൾ തന്നെ പഠിക്കണമെന്നും, അതിന് തന്റെ ഗുരു ഞാൻ തന്നെയാണ് എന്നും മത്തായി പറയുമ്പോൾ, ഒന്ന് ചിരിച്ച ശേഷം, അർത്ഥം വെച്ചുകൊണ്ട് "എല്ലാറ്റിന്റെയും" എന്ന് ചാക്കോ പറയുന്നു.
ആ സമയത്ത് ഒരു ഭൃത്യൻ ഓടി വന്ന് നമ്മുടെ മേസ്തിരി അപ്പച്ചൻ മരിച്ചു എന്ന് പറയുമ്പോൾ, എപ്പോ എന്ന് മത്തായി ചോദിക്കുന്നു. അതിന് അയാൾ ഇപ്പോ എന്ന് മറുപടി പറയുന്നു. അപ്പോൾ, ഹോ ഞാനീ എസ്റ്റേറ്റ് വാങ്ങിച്ചപ്പോൾ തുടങ്ങയുള്ള മേസ്തിരിയാ, പാവം മനുഷ്യൻ, ഞാൻ അതുവരെ ഒന്ന് പോയിട്ടു വരാം എന്ന് മത്തായി പറയുന്നു. അതുകേട്ട്, ഒരു മരണം കേട്ടപ്പോ കുടിയുടെ സുഖം എല്ലാം അങ്ങ് പോയെന്നും, ഇനി ഞാനവിടെ തനിച്ചിരിക്കണമല്ലോ എന്നും ചാക്കോച്ചൻ പറയുമ്പോൾ, എന്നാ വേണ്ടാ ചാക്കോച്ചൻ കൂടെയങ്ങ് വാ, നമുക്ക് രണ്ടുപേർക്കും കൂടി പോകാം എന്ന് മത്തായി പറയുന്നു. അവർ രണ്ടുപേരും മരണ വീട്ടിലേക്ക് പോകുന്നു.
മത്തായിയും, ചാക്കോച്ചനും മരണവീട് സന്ദർശിച്ച് ഇറങ്ങുമ്പോൾ മത്തായി ഭൃത്യനെ വിളിച്ച്, അപ്പച്ചന് വേണ്ടപ്പെട്ടവരായിട്ട് ദൂരെ നിന്നും ആരും വരാനില്ലല്ലോ എന്ന് ചോദിക്കുമ്പോൾ, ആരും തന്നെയില്ല മുതലാളി എന്നയാൾ പറയുന്നു. അതുകേട്ട്, എന്നാൽ ഉടനെ പള്ളിയിൽ പോയി വിവരം അറിയിക്കണമെന്നും, വേണ്ട ഏർപ്പാടുകളൊക്കെ ചെയ്തോണം എന്നും, സന്ധ്യയ്ക്ക് മുൻപായിട്ട് ശവമടക്ക് നടന്നോട്ടെ എന്നും, ആവശ്യത്തിനുള്ള കാശ് ഓഫീസിൽ നിന്നും വാങ്ങിച്ചോളൂ എന്നും, ഞാൻ പള്ളിയിൽ വന്നേക്കാം എന്നും ഭൃത്യനോട് പറഞ്ഞ ശേഷം മത്തായി ചാക്കോച്ചനെയും കൂട്ടി അവിടുന്നും തിരികെ പോകുന്നു.
തിരികെ ബംഗ്ലാവിലെത്തി വീണ്ടും മദ്യം കഴിക്കാനിരിക്കുമ്പോൾ, ചാക്കോച്ചൻ മദ്യം കഴിക്കാതെ എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിക്കുന്ന മത്തായി, ചാക്കോച്ചൻ ഇതുവരെ അത് കുടിച്ചില്ലല്ലോ എന്ന് ചോദിക്കുന്നു. അതിന് മറുപടി പറയാതെ, അവൾ എവിടത്തുകാരിയാ എന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, ആര് എന്ന് ഒന്നുമറിയാത്ത പോലെ മത്തായി ചോദിക്കുന്നു. അതിന്, മരിച്ചു പോയ അപ്പച്ചന്റെ ഭാര്യ എന്ന് ചാക്കോച്ചൻ പറയുമ്പോൾ, മത്തായി ഒന്ന് ചിരിച്ച ശേഷം, അപ്പോ അവളെ അങ്ങ് ബോധിച്ചു എന്നും, അവളെ നോക്കുന്നത് ഞാൻ കണ്ടു എന്നും പറഞ്ഞ് മത്തായി കളിയാക്കി ചിരിക്കുന്നു. അതുകേട്ട്, ഏയ് അങ്ങിനൊന്നുമില്ലെന്ന് ചാക്കോച്ചൻ പറയുമ്പോൾ, എന്നാലേ കരുവാറ്റക്കാരിയാ എന്ന് മത്തായി പറയുന്നു. അപ്പോൾ, എന്താ പേരെന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, സാറാ എന്നോ മറ്റോ ആണ് പേരെന്നും, പക്ഷേ അവളെ വിളിക്കുന്നത് മോളി എന്നാണ് എന്നും മത്തായി പറയുന്നു. അതു കേട്ടതും ചാക്കോച്ചന് ഷോക്കേറ്റത് പോലെയാവുന്നു. ചാക്കോച്ചൻ എന്തോ ആലോചനയിൽ മുഴുകുന്നു. അന്നേരം ഭൃത്യൻ വന്ന് ശവമടക്കിന് സമയമായി പോകുന്നില്ലേ എന്ന് ചോദിക്കുമ്പോൾ, അയാളോട് കാറിറക്കാൻ പറഞ്ഞിട്ട്, ഞാൻ അവിടം വരെ ഒന്ന് പോയിട്ട് വരാമെന്ന് പറയുമ്പോൾ ചാക്കോച്ചനും കൂടെ പോവാൻ എണീൽക്കുന്നു. അപ്പോൾ, ചാക്കോച്ചനോട് നീ വരേണ്ടെന്നും ഞാൻ മാത്രം പോയിട്ടു വരാമെന്നും പറഞ്ഞ് മത്തായി പോകുന്നു. മത്തായി പോയതും ചാക്കോച്ചൻ പൂർവ്വകാല സ്മരണകളിൽ മുഴുകുന്നു.
യുവാവായ ചാക്കോ രാത്രിയിൽ തന്റെ കുടിലിന് മുൻപിൽ അക്ഷമനായി ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ, തന്റെ ബാല്യകാല സഖിയും കാമുകിയുമായ അയൽക്കാരി മോളിയുടെ (ഷീല) പ്രാർത്ഥനാ ഗാനം കേട്ട് അവളുടെയടുത്തേക്ക് ചെല്ലുന്നു. മോളിയുടെ വീട്ടിൽ അപ്പോൾ അവൾ മാത്രമേയുള്ളു. പ്രാർത്ഥന കഴിയുമ്പോൾ പുറത്തു നിന്നും ചാക്കോയുടെ അമ്മയുടെ (വഞ്ചിയൂർ രാധ) വിളികേട്ട് ഇരുവരും പുറത്തേക്ക് വരുന്നു. മോളിയോട് ചാക്കോയുടെ അമ്മ അവളുടെ അച്ഛനെക്കുറിച്ച് (മുതുകുളം) അന്വേഷിക്കുമ്പോൾ അദ്ദേഹം ഇതുവരെ മടങ്ങിയിട്ടില്ലെന്ന് അവൾ പറയുന്നു. ചാക്കോയെ അമ്മ അത്താഴത്തിന് വിളിച്ചുകൊണ്ടു പോവുമ്പോൾ അവൻ ഞാൻ പിന്നെ വരാമെന്ന് മോളിയോട് ആംഗ്യഭാഷയിൽ പറയുന്നു.
ആഹാരം കഴിഞ്ഞ് വിശ്രമിക്കുമ്പോൾ അമ്മ ചാക്കോയോട് പറയുന്നു - നീ പോയാൽ ഞാനിവിടെ ഒറ്റയ്ക്ക് കഴിയണമല്ലോടാ മോനെ. അപ്പോൾ ചാക്കോ പറയുന്നു, അമ്മച്ചി മോളിക്കുട്ടിയുടെ വീട്ടിൽപ്പോയി ഉറങ്ങിയാൽ മതി എന്നും, ഒരു ജോലി കിട്ടിയിട്ട് ഞാൻ വന്ന് അമ്മച്ചിയെ വിളിച്ചോണ്ട് പൊയ്ക്കൊള്ളാം എന്ന്. അതുകേട്ട്, അമ്മ പ്രതീക്ഷയോടെ, നിനക്കൊരു ജോലി കിട്ടാതിരിക്കില്ല മോനെ എന്ന് പറഞ്ഞ ശേഷം, നീ കിടന്ന് ഉറങ്ങിക്കോ എന്ന് പറയുന്നു. അതിന്, അമ്മച്ചി കിടന്നോ എന്ന് ചാക്കോ പറഞ്ഞ് ചാക്കോ കിടക്കുന്നു.
അടുത്ത ദിവസം രാവിലെ താൻ ജോലി അന്വേഷിച്ച് കൊച്ചിയിലേക്ക് പോവുകയാണെന്ന് പറയാൻ മോളിയുടെ വീട്ടിലേക്ക് ചാക്കോ പോവുന്നു. ചാക്കോ അവിടെ പോകുന്നതിൽ ഇഷ്ടമല്ലാത്ത മോളി പരിഭവത്തോടെ, പണി അങ്ങ് കൈനീട്ടി തന്നേക്കും എന്ന് പറയുന്നു. അതുകേട്ട്, അവൻ പോയി ശ്രമിക്കട്ടെ മോളെ, അതിന് നിനക്കെന്തേ എതിര് എന്ന് മോളിയുടെ അച്ഛൻ പറയുന്നു. അപ്പോഴും പരിഭവത്തോടെ നിൽക്കുന്ന മോളിയോട്, ഞാനങ്ങ് നാടുവിട്ടു പോവുകയൊന്നുമല്ല എന്ന് ചാക്കോ പറയുമ്പോൾ, എനിക്കൊരു ജോലി കിട്ടുമായിരുന്നെങ്കിൽ ഞാനുമങ്ങ് വരുമായിരുന്നു എന്നും, പക്ഷേ ഈ പെണ്ണിനെ തന്നെ വിട്ടേച്ച് എങ്ങിനെ വരാനാ എന്നും, ഞാനങ്ങ് കുളിച്ചേച്ച് വന്നേക്കാം എന്നും പറഞ്ഞ് മോളിയുടെ അച്ഛൻ കുളിക്കാൻ പോകുന്നു. അപ്പോൾ, കൊച്ചിയിൽ പോയി അങ്ങ് വലിയ പ്രമാണി ആവാൻ പോവുകയല്ല, ഞങ്ങൾ പാവങ്ങൾ എന്ന് പരിഭവത്തോടെ മോളി പറയുമ്പോൾ, മോളിയെ മുറുകെ പിടിച്ചുകൊണ്ട് എടി മണ്ടി നിനക്കു വേണ്ടിയല്ലേ ഞാൻ പോവുന്നതെന്ന് ചാക്കോ പറയുന്നു. അപ്പോൾ, അവന്റെ കൈ തട്ടിമാറ്റിക്കൊണ്ട് എനിക്ക് വേണ്ടിയൊന്നും പോണ്ടാ എന്ന് മോളി പറയുന്നു. അതുകേട്ട്, നമ്മൾ എന്നും ഇങ്ങിനെയൊക്കെ കഴിഞ്ഞാൽ മതിയോ, കുറച്ചു രൂപയൊക്കെ ഉണ്ടാക്കാതെ നമ്മൾ എങ്ങിനെയാ കല്യാണം കഴിക്കുന്നതെന്ന് ചാക്കോ പ്രണയാർദ്രനായി പറയുമ്പോൾ, മോളി നാണിച്ചുകൊണ്ട് ചിരിക്കുന്നു. അപ്പോൾ, ചാക്കോ അവളെ പിടിച്ചുലുക്കിക്കൊണ്ട്, കല്യാണം ന്ന് പറഞ്ഞപ്പോൾ പെണ്ണിന്റെ സന്തോഷം കണ്ടോ എന്ന് ചിരിച്ചുകൊണ്ട് പറയുന്നു. അന്നു രാത്രി പ്രണയഗീതം പാടി അവർ ഉല്ലസിച്ചു കഴിയുന്നു.
ചാക്കോ കൊച്ചിയിലെത്തി കുറെ അലഞ്ഞു തിരിഞ്ഞതിന് ശേഷം ചുക്ക് കയറ്റി അയക്കുന്ന വർക്കി ആൻഡ് കമ്പനിയിൽ ജോലിക്ക് കണക്കെഴുത്തുകാരനായിട്ട് ചേരുന്നു, പ്രതിമാസം പതിനഞ്ചു രൂപാ ശമ്പളത്തിൽ. ആ കമ്പനിയിലെ മാനേജർ ആണ് കമ്മത്ത് (ശങ്കരാടി). ചാക്കോ വളരെ വേഗം തന്നെ മുതലാളിയുടെ (സാം) വിശ്വാസം പിടിച്ചു പറ്റുന്നു. ആ വിശ്വാസം ചാക്കോയ്ക് പെട്ടെന്നു തന്നെ സ്ഥാനക്കയറ്റവും നേടിത്തരുന്നു. ചാക്കോ ചുക്ക് കപ്പലിൽ കയറ്റി അയക്കുന്ന സ്ഥലത്തേക്ക് അമ്പതു രൂപാ ശമ്പളത്തോടെ നിയമിക്കപ്പെടുന്നു.
അവിടെവെച്ച് ചാക്കോ പാമ്പാടി മത്തായിച്ചനുമായി (അടൂർഭാസി) പരിചയപ്പെടുന്നു. മത്തായി മലഞ്ചരക്ക് സാധനങ്ങളുടെ ഏജൻറ് ആണ്. മത്തായി തന്നെ പരിചയപ്പെടുത്തിക്കൊണ്ട്, ആ കയറ്റുന്നതൊക്കെ എന്റെ ചരക്കാ എന്ന് പറയുമ്പോൾ, കേട്ടിട്ടുണ്ട്, ജോലിക്കാർ പറഞ്ഞു എന്നും, ഞാൻ അതിൽ നിന്നും കുറച്ചു ചാക്കുകൾ മാറ്റി ഇട്ടിട്ടുണ്ട് എന്നും, ചരക്കിന് ഉണക്ക് കുറവാ എന്നും ചാക്കോ പറയുന്നു. അത് രുചിക്കാത്ത മത്തായി, ചാക്കോയ്ക്ക് എന്നെ ശരിക്ക് അറിഞ്ഞുകൂടാത്തത് കൊണ്ടാണ് എന്റെ ചാക്കുകൾ അഴിപ്പിച്ചതെന്നും, ഞാൻ പത്രോസ് വർക്കി മുതലാളിയുടെ പ്രധാന ഏജൻറ് ആണെന്നും, മുതലാളി ഇവിടെ വന്നു നിന്നാൽപ്പോലും എന്റെ ചാക്കുകൾ അഴിപ്പിക്കാറില്ല എന്നും നീരസത്തോടെ പറയുന്നു. അതുകേട്ട്, ഒട്ടും കൂസാതെ, ഞാനിവിടെ നിക്കുമ്പോ മുതലാളി കുറെ ചരക്ക് കൊണ്ടുവന്നാലും ശരി, ഞാനത് അഴിച്ച് പരിശോധിക്കും, അതാണ് എന്റെ ജോലി എന്ന് ചിരിച്ചുകൊണ്ട് ചാക്കോ പറയുന്നു. അപ്പോൾ, മത്തായി ചാക്കോയുടെ ചുമലിൽ ചിരിയോടെ തട്ടിക്കൊടുത്തുകൊണ്ട്, നീയാണെടാ കൊച്ചനെ യഥാർത്ഥത്തിൽ മുതലാളിയോട് കൂറുള്ള ജോലിക്കാരൻ എന്ന് പറഞ്ഞ ശേഷം, തന്റെ തൊഴിലാളിയായ വർഗീസിനെ വിളിച്ച്, എടാ വർഗീസേ, ചാക്കുകളൊക്കെ അഴിച്ച് ഇദ്ദേഹത്തിനെ കാണിക്കു, ഉണക്കു കുറവുണ്ടെങ്കിൽ എല്ലാ ചാക്കും ആകെ അഴിച്ച് നല്ലോണം ഉണക്കി കെട്ടണം എന്ന് ആജ്ഞാപിച്ച ശേഷം, ചാക്കോയോട് എവിടെയാ വീടെന്ന് ചോദിക്കുന്നു. അതിന്, കരുവാറ്റ എന്ന് ചാക്കോ മറുപടി നൽകുന്നു. അപ്പോൾ, വീട്ടിൽ ആരെല്ലാമുണ്ടെന്നായി മത്തായിയുടെ അടുത്ത ചോദ്യം. അതിന് അയാൾക്ക് മുഖം കൊടുക്കാതെ അമ്മച്ചി മാത്രമേയുള്ളുവെന്ന് ചാക്കോ പറയുന്നു. അന്നേരം, അപ്പോൾ ജോലി നടക്കട്ടെ എന്നും, എല്ലാം കഴിഞ്ഞിട്ട് നമുക്കൊന്നു കാണണം എന്ന് അർത്ഥംവെച്ച് പറഞ്ഞുകൊണ്ട് മത്തായി പോകുന്നു. അതിന്, ആ... എന്ന് ചാക്കോ പറയുന്നു.
അന്നു രാത്രി ചാക്കോ മത്തായിയെ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ കാണാൻ ചെല്ലുന്നു. വെയ്റ്റർ വന്ന് കഴിക്കാനുള്ള സാധനങ്ങൾ കൊണ്ടുവന്നു വെക്കുമ്പോൾ മത്തായി പറഞ്ഞു തുടങ്ങുന്നു - ഞാൻ സാധാരണ വന്നാൽ ഈ ഹോട്ടലിലാ ക്യാമ്പ്. കാരണം, നമ്മടെ ചിട്ടകളൊക്കെ ഇവിടാണെങ്കിലേ നടക്കു. അതുകേട്ട്, ഞാൻ അഞ്ചു രൂപാ കൊടുത്തിട്ട് ഒരു മുറി വാടകയ്ക്കെടുത്തിട്ടുണ്ടെന്നും, കമ്പനിയുടെ ഗോഡൗണിലായിരുന്നു കിടപ്പെന്നും, വാടക കമ്പനി കൊടുത്തോളാമെന്ന് മുതലാളി നിർബന്ധിച്ചോണ്ടാ മുറിയെടുത്തതെന്നും ചാക്കോ പറയുന്നു. അപ്പോൾ വെയ്റ്റർ മദ്യക്കുപ്പിയും ഗ്ലാസുമായി അവിടേക്ക് വരുന്നു. അയാളോട് ചാക്കോ രണ്ടു ഗ്ലാസ് വേണ്ടാ, ഒരു ഗ്ലാസ് മതിയെന്നും ചാക്കോ പറയുമ്പോൾ, രണ്ടു ഗ്ലാസ് ഇരിക്കട്ടെയെന്ന് മത്തായി പറയുന്നു. വെയ്റ്റർ എല്ലാം അവിടെ വെച്ച ശേഷം തിരിച്ചു പോകുന്നു. അപ്പോൾ, ഇച്ചിരി അടിച്ചു നോക്കെന്റെ അപ്പനെയെന്ന് മത്തായി പറയുമ്പുമ്പോൾ, ഇതൊക്കെ ശീലിച്ചാൽ വലിയ ബുദ്ധിമുട്ടാ എന്ന് ചാക്കോ പറയുന്നു. അതുകേട്ട്, ഇച്ചിരി കഴിച്ചൂന്നുവെച്ച് ഒരു ശീലമൊന്നുമാകാൻ പോകുന്നില്ലെന്ന് മത്തായി പറയുകയും രണ്ടു ഗ്ലാസുകളിൽ മദ്യം ഒഴിക്കുകയും ചെയ്യുന്നു. എന്നിട്ട്, താനിതുവരെ കഴിച്ചിട്ടേ ഇല്ലയോ എന്ന് മത്തായി ചോദിക്കുമ്പോൾ, മടിച്ചു മടിച്ചു കൊണ്ട് ഒന്നു രണ്ടു പ്രാവശ്യമായിട്ട് ഓരോ ഗ്ലാസ് കള്ളുകുടിച്ചിട്ടുണ്ടെന്ന് ചാക്കോ പറയുന്നു. അതുകേട്ട്, ഹോ... കള്ള്, വെറുതെ വയറു വീർപ്പിക്കാൻ... എന്ന് പുച്ഛത്തോടെ പറഞ്ഞ ശേഷം, നീ ഇതൊന്ന് കഴിച്ചു നോക്കെന്ന് മത്തായി പറയുന്നു. ചാക്കോ മടിച്ചു നിൽക്കുമ്പോൾ, ചുമ്മാ കഴിച്ചു നോക്കെന്നേ എന്ന് മത്തായി വീണ്ടും നിർബന്ധിക്കുന്നു. മത്തായി ഒരു ഗ്ലാസ് കുടിച്ചു കഴിഞ്ഞിട്ടും ചാക്കോ കഴിക്കാതിരിക്കുന്നത് കാണുന്ന മത്തായി, താനെന്താ കഴിക്കാതെ, അതങ്ങ് അടിയപ്പനെ എന്ന് നിർബന്ധിക്കുമ്പോൾ ചാക്കോ അതെടുത്ത് കുടിച്ചു തുടങ്ങുന്നു. അപ്പോൾ, താനൊരു കാര്യം ചെയ്യെന്നും, രണ്ടായിരം രൂപാ എന്നെ എല്പിക്കെന്നും, ഞാൻ തന്റെ പേരിൽ ചരക്കിറക്കാമെന്നും, ഒരു കൊല്ലം കൊണ്ട് ഞാൻ നിന്നെ വലിയവനാക്കാമെന്നും മത്തായി പറയുന്നു. അതുകേട്ട്, ചിരിച്ചുകൊണ്ട് രണ്ടായിരം രൂപയ്ക്ക് ഞാനെവിടെ പോകാനാ എന്ന് ചാക്കോ ചോദിക്കുമ്പോൾ, താന്നങ്ങ് കുടിക്കെന്ന് മത്തായി പറയുന്നു. ചാക്കോ വീണ്ടും മദ്യം നുണയുമ്പോൾ, താനൊരു കാര്യം ചെയ്യെന്നും, ഉടനെ ഒരു പെണ്ണ് കേട്ടെന്നും മത്തായി പറയുന്നു. അതുകേട്ട്, ചാക്കോ ഏതോ ആലോചനയിൽ മുഴിയിരിക്കുമ്പോൾ, താനെന്താ ആലോചിക്കുന്നതെന്ന് മത്തായി ചോദിക്കുന്നു. ചാക്കോ ഒന്നും ഉരിയാടാതെയിരിക്കുമ്പോൾ, താൻ എത്ര നാളിങ്ങനെ കഴിയുമെന്നും, എത്ര നാളിങ്ങനെ ശമ്പളക്കാരനായി കഴിയുമെന്നും, എന്താ ഇതിനൊരു മേൽഗതി എന്നും പറഞ്ഞ് മത്തായി ചാക്കോയെ വീണ്ടും പ്രലോഭിപ്പിക്കുന്നു. അപ്പോൾ, രണ്ടായിരം രൂപാ സ്ത്രീധനം കിട്ടാനുള്ള മാർഗ്ഗമൊന്നും എനിക്കില്ലെന്ന് ചാക്കോ പറയുമ്പോൾ, താനൊന്ന് ആലോചിക്കെന്നും, പറ്റിയില്ലെങ്കിൽ ഞാൻ കൂടെ ശ്രമിക്കാമെന്നും മത്തായി പറയുന്നു. അതുകൂടി കേട്ടതോടെ ചാക്കോ ഏറെക്കുറെ മത്തായിയുടെ പ്രലോഭനത്തിൽ വീണു കഴിഞ്ഞിരുന്നു.
ചാക്കോ ഉടനെ നാട്ടിലേക്ക് പോകുന്നു. ചാക്കോ നാട്ടിലെത്തിയ വിവരം അറിഞ്ഞതും മോളി ജോലി സ്ഥലത്തു നിന്നും ഓടിയെത്തി കിതച്ചുകൊണ്ടേ അവനോട് പറയുന്നു - ചാക്കോച്ചൻ വന്ന വിവരം ഞാൻ ജോലി സ്ഥലത്തുവെച്ചേ അറിഞ്ഞു, ജോലി കഴിഞ്ഞയുടൻ ഞാൻ ഓടിയെത്തുകയായിരുന്നു. അതുകേട്ട്, നീ പതുക്കെ വരാമായിരുന്നല്ലോ, നിന്നെ കാണാതെ ഞാൻ പോകുമോ? അതിന്, ചാക്കോച്ചന് നല്ല ജോലിയാണെന്ന് അപ്പച്ചൻ പറയാറുണ്ടെന്നും, ഞങ്ങൾക്കും കൂടെ ജോലി കിട്ടിയാൽ ഞങ്ങളെക്കൂടെ കൊണ്ടുപോകുമോ എന്ന് മോളി ചോദിക്കുന്നു. അതുകേട്ട് ഉത്തരം പറയുന്നത് ചാക്കോയുടെ അമ്മയാണ് - നിന്നെയും കൂടെ കൊണ്ടുപോകണമെന്നാണെടി ഇവന്റെ ആശ, മനസ്സിലായോ? നിന്റെ അപ്പൻ വന്നാലേ ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട്. ദേ, വേഗം ചെന്ന് വല്ലത്തൊക്കെ ഒന്ന് ഒരുക്കി വെക്ക്, ചെല്ല്. അതുകേട്ട്, നാണിച്ചു ചിരിച്ചുകൊണ്ട് അവിടുന്നും ഓടുന്നു.
വിവാഹക്കാര്യം പറയാനായി ചാക്കോയും, അമ്മയും മോളിയുടെ വീട്ടിലേക്ക് പോകുന്നു. അവരെ സൽക്കരിച്ചുകൊണ്ട് മോളിയുടെ അച്ഛൻ പറയുന്നു - കൊച്ച് മോളിയെ കെട്ടുന്ന കാര്യത്തിൽ എനിക്ക് നൂറു വട്ടം സമ്മതമാ, പക്ഷേ കുറച്ചു സാവകാശം തരണം, ഇച്ചിരി ചിട്ടി പിടിക്കാനുണ്ട്. അതുകേട്ട്, ചാക്കോയുടെ അമ്മ പറയുന്നു - ഒന്നോ രണ്ടോ മാസം കഴിഞ്ഞോട്ടെ. അപ്പോൾ മോളിയുടെ അച്ഛൻ പറയുന്നു - പിടിച്ചാൽ വല്ല മുന്നൂറോ, മുന്നൂറ്റമ്പതോ കിട്ടും, പള്ളിച്ചിലവും കഴിഞ്ഞ് എന്തെങ്കിലും ഇവർക്ക് കൊടുക്കണ്ടായോ? അപ്പോൾ, ഇവന് രണ്ടായിരം രൂപാ ഉടനെ വേണമെന്നാ ഇവൻ പറയുന്നതെന്നും, ഏതാണ്ടൊരു തൊഴില് തുടങ്ങാനാ എന്നും ചാക്കോയുടെ അമ്മ പറയുമ്പോൾ, അയ്യോ, രണ്ടായിരം രൂപായോ, ഞാൻ എവിടുന്നുണ്ടാക്കും എന്ന് അമ്പരപ്പോടെ മോളിയുടെ അച്ഛൻ ചോദിക്കുന്നു. അതുകേട്ട്, എവിടുന്നെങ്കിലും ഉണ്ടാക്കി തന്നെ പറ്റു എന്നും, ഒരു ബിസിനസ് തുടങ്ങാനാ എന്നും ചാക്കോ പറയുന്നു. അപ്പോൾ, രണ്ടായിരം രൂപാ ഒപ്പിക്കാൻ എന്നെക്കൊണ്ട് ഒരിക്കലും പറ്റില്ല എന്നും, പിന്നെ ഈ പെണ്ണാണെങ്കില് ചിട്ടി വെച്ചതോ, ആ മുട്ട വിറ്റതോ, നുള്ളിപ്പെറുക്കി എല്ലാം കൂടെ ഒരു നൂറോ നൂറ്റമ്പതോ കാണും എന്നും, പിന്നെ എന്റെ ചിട്ടി എന്നും, കുഞ്ഞേ ഞങ്ങളെ സഹായിക്കാൻ ആരുമില്ല അപ്പനെ എന്നും ചാക്കോയുടെ കൈപിടിച്ചുകൊണ്ട് വിഷമത്തോടെ മോളിയുടെ അച്ഛൻ പറയുന്നു.
പണമില്ലാതെ തിരിച്ചെത്തിയ ചാക്കോയോട് മത്തായി ഒരു ഉപായവുമായി എത്തി - അത്ര സുന്ദരി അല്ലാത്ത മേരിയെ (കുട്ട്യേടത്തി വിലാസിനി) വിവാഹം ചെയ്യുക, സ്ത്രീധനമായി ആവശ്യമുള്ള തുകയും വാങ്ങുക. ചാക്കോ ആദ്യം അത് വിസമ്മതിക്കുന്നുണ്ടെങ്കിലും, മത്തായിയുടെ കൂടെക്കൂടെയുള്ള പ്രലോഭനത്തിൽ വീണുപോവുന്നു. മേരിയെ വിവാഹം കഴിച്ച് സ്വന്തം നാട്ടിലെത്തുന്ന ചാക്കോയെക്കണ്ട് മോളി ആകെ തകർന്നു പോകുന്നു.
മത്തായി വിരിച്ച വലയിൽ വീണുകഴിഞ്ഞ ചാക്കോ മത്തായിയുടെ ചരക്കുകളൊന്നും പരിശോധിക്കാതെ തന്നെ കയറ്റി അയക്കാൻ തുടങ്ങി. മത്തായി അതിന് ആയിരങ്ങൾ കൈക്കൂലിയായി ചാക്കോവിന് നൽകിത്തുടങ്ങി. അതോടൊപ്പം ചാക്കോയുടെ സ്വന്തം ബിസിനസ്സും പുരോഗമിക്കാൻ തുടങ്ങി. പതിവ് പോലെ ഒരു ദിവസം മത്തായിയുമൊത്ത് മദ്യവും നുകർന്നിരിക്കുമ്പോൾ തന്റെ ഭാര്യ സ്വന്തമായി ഒരു വീട് വെക്കണം എന്നാഗ്രഹിക്കുന്നു എന്ന് ചാക്കോ പറയുമ്പോൾ, മണ്ടത്തരമൊന്നും കാണിക്കാതെയെന്നും, കൈയ്യിലുള്ള പണം വീണ്ടും വീണ്ടും ബിസിനസ്സിൽ മുടക്കെന്നും, വീട് പിന്നെ കെട്ടാമെന്നും മത്തായി ഉപദേശിക്കുന്നു. മത്തായിയുടെ ആ ഉപദേശം ചാക്കോ വേദവാക്കായി എടുക്കുന്നു. അപ്പോൾ, മത്തായി ഏർപ്പാടാക്കിയ അഭിസാരിക അവിടേക്ക് വരുന്നു. അന്നേരം, ചാക്കോ എണീറ്റ് അമ്മച്ചിക്ക് സുഖമില്ലാത്തതു കൊണ്ട് ഞാൻ പോണു എന്ന് പറയുമ്പോൾ, മത്തായി ചാക്കോ തടഞ്ഞു നിർത്തി പതുക്കെ പോയാ മതി എന്ന് പറഞ്ഞ് ചാക്കോയെ അഭിസാരികയോടൊപ്പം വിട്ടേച്ച് മുറിയുടെ വാതിൽ ചാരി അവിടുന്നും പോകുന്നു. ചാക്കോ അങ്ങിനെ മത്തായിയുടെ മറ്റൊരു വലയിലും വീഴുന്നു.
ദിവസങ്ങൾ കടന്നു പോകുന്നു. ഒരു ദിവസം മത്തായി പുതിയ കാറിൽ ചാക്കോയെ കാണാനെത്തുന്നു. ചാക്കോ മത്തായിയുടെ അടുത്തെത്തുമ്പോൾ, പഴയ കാറിൽ യാത്ര ചെയ്തു കഴിയുമ്പോൾ വല്ലാത്ത ക്ഷീണമാവുന്നു എന്നും, അതുകൊണ്ട് പുതിയ കാറ് വാങ്ങിയെന്നും, പുതിയ എസ്റ്റേറ്റ് വാങ്ങിച്ച ശേഷം എന്നും യാത്രയാണെന്നും മത്തായി പറയുന്നു. അതുകേട്ട്, എന്റെ പണം മുടക്കി ബിസിനസ് നടത്തി മത്തായിയച്ചൻ കാശ് കുറെയുണ്ടാക്കി എന്നും, എത്ര രൂപാ ലാഭം കിട്ടിയെന്നും ചാക്കോ ചോദിക്കുമ്പോൾ, മത്തായി ദേഷ്യത്തോടെ നീ കണക്കു ചോദിക്കുകയാണോ എന്ന് ആട്ടുന്നു. അപ്പോൾ, അങ്ങിനെ ആട്ടുകേം പിടിക്കുകേം ഒന്നും വേണ്ടാ, നമ്മൾ പങ്ക് കച്ചവടക്കാരാ, എത്ര രൂപാ ലാഭം കിട്ടിയെന്ന് എനിക്കറിയണം എന്ന് ചാക്കോ ആവേശത്തോടെ കയർക്കുന്നു. എന്നാൽ, മത്തായി അതിനുത്തരം പറയാതെ, അഞ്ചാറ് കാശ് കൈയ്യിൽ കിട്ടിയെന്ന് പറഞ്ഞ് അഹങ്കരിക്കരുതെന്ന് താക്കീത് പോലെ പറഞ്ഞിട്ട് അവിടുന്ന് പോകുന്നു.
ഒരു ദിവസം മുതലാളി വിളിച്ചത് എന്തിനാണെന്ന് ചോദിക്കാൻ വേണ്ടി ചാക്കോ അദ്ദേഹത്തെ കാണാൻ ചെല്ലുമ്പോൾ, എടാ ചെകുത്താനെ നീ എന്നെ നശിപ്പിച്ചെടാ എന്ന് മുതലാളി ചാക്കോയെ നോക്കി കയർക്കുമ്പോൾ, എനിക്കൊന്നും മനസ്സിലാവുന്നില്ലെന്ന് ചാക്കോ പറയുന്നു. അതുകേട്ട്, നോക്കെടാ, ലണ്ടനിൽ നിന്ന് വന്ന കേബിൾ ആണിതെന്ന് പറഞ്ഞ് മുതലാളി ഒരു കടലാസ് വലിച്ചെറിയുന്നു. ചാക്കോ അതെടുത്ത് നോക്കിക്കൊണ്ടിരിക്കുമ്പോൾ, കമ്മത്ത് അരികിൽ വന്ന് ദേ നോക്ക്, നാല് കപ്പൽ ചരക്ക് നമ്മൾ ഇവിടുന്ന് അയച്ചത് മുഴുവനും അങ്ങിനെ തന്നെ തിരിച്ചയച്ചിട്ടുണ്ടെന്നും, കുരുമുളക് ചാക്കിലും വേറെ എന്തൊക്കെയോ ആണെന്നും, ചുക്ക് മുഴുവനും പൂത്തു പോയി എന്നും, ഉണക്ക പോരാ എന്നും വേദനയോടെ പറയുന്നു. എല്ലാം കേട്ട് ചാക്കോ തലകുനിച്ചു നിൽക്കുമ്പോൾ, എന്താടാ അതിൽ എഴുതിയിരിക്കുന്നതെന്ന് മുതലാളി ചോദിക്കുന്നു. അതിന് ഒന്നും പറയാതെ നിൽക്കുന്ന ചോക്കോയെ നോക്കി നീ എന്നെ നശിപ്പിച്ചല്ലോടാ എന്ന് പറഞ്ഞ് മുതലാളി ആകെ അവശനായി കസേരയിൽ ഇരിക്കുന്നു. എന്നിട്ട്, കമ്മത്തിനെ വിളിച്ച് ഞാൻ പൊളിഞ്ഞു എന്ന് മുതലാളി തലയ്ക്ക് കൈവെച്ചിരിക്കുമ്പോൾ ചാക്കോ കേബിൾ സന്ദേശം മേശയിൽ വെച്ച് അവിടുന്നും പുറത്തേക്ക് പോകുന്നു.
ചാക്കോ ആവേശത്തോടെ മത്തായിയെച്ചെന്ന് കണ്ട്, ഇത്രയും വലിയ ചതിവിന് മത്തായിയച്ചന് എന്നെ കൂട്ടു പിടിക്കരുതായിരുന്നു എന്ന് പറയുമ്പോൾ, മത്തായി കൂളായിട്ട്, ഞാൻ എന്തോ ചതിവ് ചെയ്തെന്നാ കൊച്ചനെ, നീ ആവേശം കൊള്ളാതെ ഇരുന്ന് അല്പം അടിക്ക് എന്ന് പറയുന്നു. അതുകേട്ട്, ഞങ്ങൾ കയറ്റി അയച്ച ചരക്കു മുഴുവൻ മായം കലർന്നതായിരുന്നുവെന്നും, എന്റെ മുതലാളിയുടെ കമ്പനി പൊട്ടും എന്നും ചാക്കോ പറയുമ്പോൾ, എടാ ഒന്നളിയാതെ ഒന്നിന് വളമാവുമോ എന്നും, നിനക്ക് നല്ല കാലം വരാൻ പോവുന്നു എന്നും, വർക്കി ആൻഡ് കമ്പനി എങ്ങിനെയെങ്കിലും സ്വന്തമാക്കാൻ നോക്കെടാ കൊച്ചനെ എന്ന് മത്തായി ചിരിച്ചുകൊണ്ട് പറയുന്നു. അതുകേട്ട് മിഴിച്ചു നിൽക്കുന്ന ചാക്കോയെ നോക്കി, എന്താ പറഞ്ഞത് മനസ്സിലായില്ലേ, നിനക്ക് ബുദ്ധിയുള്ളവനാണെങ്കിൽ വർക്കി ആൻഡ് കമ്പനി എന്നുള്ളത് ചാക്കോ ആൻഡ് കമ്പനി എന്നാക്കടാ എന്ന് മദ്യ ലഹരിയിൽ വീണ്ടും പറയുന്നു. ചാക്കോയുടെ മനസ്സിൽ അത് വലിയ മാറ്റങ്ങൾ ഏർപ്പെടുത്തുന്നു. അധികം വൈകാതെ തന്നെ ചാക്കോ മുതലാളിയുടെ കമ്പനി കൈക്കലാക്കി കമ്പനിയുടെ പേര് മത്തായി പറഞ്ഞത് പോലെ ചാക്കോ ആൻഡ് കമ്പനി എന്നാക്കുന്നു.
ചാക്കോച്ചൻ ഭൂതകാല ഓർമ്മകളിൽ നിന്നും മടങ്ങി എത്തുന്നു. ശവമടക്ക് കഴിഞ്ഞ് മത്തായി തിരിച്ചെത്തുമ്പോൾ രാത്രിയായിക്കഴിഞ്ഞു. മദ്യക്കുപ്പികൾ വെച്ചത് അതേപടി ഇരിക്കുന്നത് ശ്രദ്ധിക്കുന്ന മത്തായി ചാക്കോച്ചനോട് കാര്യം തിരക്കുമ്പോൾ ഒറ്റയ്ക്കിരുന്നു കുടിക്കാൻ ഒരു രസം തോന്നിയില്ലെന്ന് ചാക്കോച്ചൻ പറയുന്നു. തുടർന്ന്, ശവമടക്കൊക്കെ കഴിഞ്ഞുവോ, അപ്പച്ചന്റെ ഭാര്യ വല്ലാതെ ദുഃഖിക്കുന്നുണ്ടാവും എന്ന് ചാക്കോച്ചൻ പറയുമ്പോൾ, ചാക്കോച്ചന്റെ മനസ്സീന്ന് അവളങ്ങട് വിട്ടുപോവുന്നില്ല അല്ലിയോ എന്ന് മത്തായി ചോദിക്കുന്നു. അതിന്, മറുപടിയൊന്നും പറയാതെ അവൾക്ക് എത്ര കുട്ടികൾ ഉണ്ടെന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, രണ്ടു കുട്ടികൾ ഉണ്ടെന്നും, പക്ഷെ പ്രസവിച്ചതാണെന് തോന്നാതില്ല എന്നും മത്തായി പറയുന്നു. അതുകേട്ട്, തലകുലുക്കിക്കൊണ്ട് വളരെ ശരിയാണെന്ന് ചാക്കോച്ചൻ പറയുന്നു. അന്നേരം, ചാക്കോച്ചന് അവളെയങ്ങ് വല്ലാതെ ഇഷ്ടപ്പെട്ടു അല്ലിയോ എന്ന് മത്തായി പരിഹാസരൂപേണ ചോദിക്കുമ്പോൾ, ഏയ് അങ്ങിനെയൊന്നുമില്ലെന്ന് ചാക്കോച്ചൻ പറയുന്നു. പിന്നീട്, ചാക്കോച്ചൻ എണീറ്റുകൊണ്ട് എനിക്കൊന്ന് ഉറങ്ങണം എന്ന് പറയുമ്പോൾ, മത്തായി ഡ്രൈവറെ വിളിച്ച് ചാക്കോച്ചനെ ഗസ്റ്റ് ഹൗസിൽ കൊണ്ടാക്കാൻ പറയുന്നു. ചാക്കോച്ചൻ കാറിൽ കയറാൻ പോകുമ്പോൾ, ഞാൻ വരുന്നില്ലെന്നും, എനിക്കൊന്ന് കുളിക്കണമെന്നും മത്തായി പറയുമ്പോൾ, ശരി വേണ്ടെന്ന് ചാക്കോച്ചൻ പറയുന്നു.
ചാക്കോച്ചൻ ഗസ്റ്റ് ഹൗസിലെ മുറിയിൽ കയറിയതും അവിടെയിരിക്കുന്ന മോളിയെക്കണ്ട് അമ്പരക്കുന്നു. അതേ അമ്പരപ്പ് മോളിക്കും ഉണ്ടാവുന്നു. ആ അമ്പരപ്പിൽ അല്പനേരം നിന്ന ശേഷം ചാക്കോച്ചൻ അസ്വസ്ഥനായി മുറിയിൽ നിന്നും പുറത്തു വന്ന് വരാന്തയിൽ വന്നു നിൽക്കുന്നു. അപ്പോൾ മോളിയും ചാക്കോച്ചനെ പിന്തുടർന്ന് വാതിൽക്കൽ വന്നു നിൽക്കുന്നു. അപ്പോൾ, നീ എന്തിനിവിടെ വന്നുവെന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, വന്നതല്ല എന്നും, വരുത്തിയതാണ് എന്നും മോളി വെറുപ്പോടെയും വേദനയുടെയും പറയുന്നു. അതുകേട്ട്, എന്തിന് എന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, മുതലാളിമാരുടെ കിടക്കമുറിയിൽ പെണ്ണിനെ കൊണ്ടുവരുന്നത് എന്തിനാണ് എന്ന് ഞാൻ പറയാതെ തന്നെ അറിയാൻ വയ്യേ എന്ന് മോളി പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. മോളി തുടരുന്നു - എന്നെ മാത്രമല്ല കൊണ്ടുവന്നത്, കുടിക്കാനുള്ളതും ഉണ്ട്, മദ്യവും മാംസവും - ഇത് പറയുമ്പോൾ മോളിയുടെ ശബ്ദത്തിൽ വെറുപ്പും, പുച്ഛവുമായിരുന്നു. അല്പമൊരു മൗനത്തിന് ശേഷം ചാക്കോച്ചൻ തുടരുന്നു - നിന്റെ ഭർത്താവിന്റെ ശവപ്പെട്ടിയുടെ പുറത്തു വീണ മണ്ണിന്റെ നനവ് മാറുന്നതിന് മുൻപ് നീ ഇതിന് തയ്യാറാകരുതായിരുന്നു - ഇത് പറയുമ്പോൾ ചാക്കോച്ചന്റെ ശബ്ദത്തിൽ ദേഷ്യത്തോടൊപ്പം അധികാരവും കലർന്നിരുന്നു. അപ്പോൾ, ഒരു നെടുവീർപ്പോടെ മോളി മറുപടി പറയുന്നു - മനസ്സമാധാനത്തോടുകൂടിയാണ് ഇന്ന് ഞാൻ വന്നത്. എന്റെ കെട്ട്യോൻ വീട്ടിൽ ഉണർന്നിരിക്കുന്നില്ലല്ലോ - ഇതു പറയുമ്പോൾ മോളിയുടെ ശബ്ദം ഇടറിയിരുന്നു. അപ്പോൾ, ചാക്കോച്ചൻ ചോദിക്കുന്നു - നീ എന്നെ അറിയുമോ? അതുകേട്ട്, ചുക്കിന്റെയും, മുളകിന്റെയുമൊക്കെ കുത്തകക്കാരനായ ചാക്കോ മുതലാളി, കങ്കാണി പറഞ്ഞു എന്ന് മോളി പരിഹാസവും, പുച്ഛവും കലർന്ന് പറയുന്നു. അതിന്, അല്ലാതെ എന്നെ അറിയില്ലേ എന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, മോളി തലകുലുക്കിക്കൊണ്ട് ഇല്ല എന്ന് പറയുന്നു. അതുകേട്ട് മിണ്ടാതെ നിൽക്കുന്ന ചാക്കോച്ചനോട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് സാധിച്ചിട്ട് എന്നെ വിട്ടേക്കണം എന്ന് അല്പം ഗൗരവത്തോടെ മോളി പറയുന്നു. അതിനും ഒന്നും പറയാതെ നിൽക്കുന്ന ചാക്കോച്ചനോട് മോളി വീണ്ടും പറയുന്നു - എന്നെ മുറിയിലിരുത്തിയിട്ട് ഇവിടെ വന്നു നിൽക്കുന്നതെന്തിന്? എന്നെ ഇഷ്ടമില്ലെങ്കിൽ പറഞ്ഞു വിടണം. അതുകേട്ട് ചാക്കോച്ചൻ "മോളി" എന്ന് വികാരാധീനനായി വിളിക്കുമ്പോൾ മോളി ചാക്കോച്ചനുമൊത്ത് കഴിഞ്ഞ ആ പഴയ കാലം ഒരു നിമിഷം ഓർത്തു പോവുകയും, കണ്ണുകൾ ഈറനണിഞ്ഞ് അവളെയും മറന്ന് ചാക്കോച്ചാ എന്ന് വിളിക്കുകയും ചെയ്യുന്നു. ചാക്കോച്ചാ എന്ന് വിളിക്കുമ്പോൾ തളർന്ന് വീഴാൻ പോകുന്ന മോളിയെ ചാക്കോച്ചൻ താങ്ങിപ്പിടിച്ച് അവളെ അകത്തേക്ക് കൊണ്ടുപോവുന്നു.
അകത്തു ചെന്നതും ഇരുവരും കുറെ നേരം ആശ്ലേഷഭരിതരായി നിൽക്കുന്നു. പിന്നീട്, മോളി ചാക്കോച്ചന്റെ പിടി വിടുവിച്ച് വിസ്കി തരട്ടെ എന്ന് പറഞ്ഞ് ഗ്ലാസിൽ വിസ്കി പകർന്ന് അത് ചാക്കോച്ചന് കൊടുത്ത് ഒറ്റ വീർപ്പിനു കുടിക്കണം എന്ന് പറയുന്നു. അതുകേട്ട്, ഒറ്റ വീർപ്പിന് ഇത് മുഴുവനുമോ എന്ന് ചോദിക്കുമ്പോൾ, അതേ, ഈ ആലോചനയും മുഷിപ്പും ഒക്കെ അതിലാണ്ട് മുങ്ങിച്ചാവട്ടെ എന്ന് പറഞ്ഞ ശേഷം, ഞാനും കുടിക്കാൻ പോവുന്നു എന്ന് പറഞ്ഞ് മോളി ഗ്ലാസിൽ വിസ്കി പകർന്ന് താനും കുടിക്കുന്നു. ചാക്കോ കസേരയിൽ ഇരുന്നുകൊണ്ട് മോളിയെ തന്റെയടുത്ത് ചേർത്തു നിർത്തിക്കൊണ്ട്, നീ എന്നെ ഓർക്കാറുണ്ടായിരുന്നോ എന്ന് ചോദിക്കുമ്പോൾ, മോളി ചിരിച്ചുകൊണ്ട് വല്ലപ്പോഴുമൊക്കെ എന്ന് പറയുന്നു. അപ്പോൾ, രണ്ടായിരം രൂപയ്ക്ക് വേണ്ടി മറ്റൊരുത്തിയെ കെട്ടിയ എന്നോട് നിനക്ക് ദേഷ്യമുണ്ടോ എന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ ഇല്ല എന്ന് മോളി പറയുന്നു. തുടർന്ന്, എന്നെ കെട്ടിയിരുന്നെങ്കിൽ ചാക്കോച്ചന് ഈ നില വരുമായിരുന്നോ എന്ന് ചോദിക്കുന്നു. ചാക്കോ ഒന്നാലോചിച്ച ശേഷം നീ എങ്ങിനെ ഈ നിലയിലായി എന്ന് ചോദിക്കുന്നു. അതിന്, ഒരു ചുടു നിശ്വാസമിട്ടുകൊണ്ട് ജീവിതം ഇങ്ങിനെയൊക്കെയാണ് എന്ന് മോളി പറയുന്നു. പിന്നീട്, വീണ്ടും മദ്യം പകർന്ന് ചാക്കോച്ചന് കൊടുത്ത് കുടിക്കാൻ പറയുന്നു. അത് വാങ്ങി ടീപ്പോയിൽ വെച്ചുകൊണ്ട്, നീയിങ്ങിനെ ഒട്ടേറെ പുരുഷന്മാരുടെ കൂടെ പോകാറുണ്ടായിരുന്നോ ചാക്കോച്ചൻ ചോദിക്കുമ്പോൾ, കൈയിലിരിക്കുന്ന മദ്യം ഒറ്റ വലിക്ക് കുടിച്ച ശേഷം എന്തിനിതൊക്കെ അറിയുന്നു എന്ന് മോളി ചോദിക്കുന്നു. അതുകേട്ട്, എനിക്കറിയണം എന്ന് പറയുന്ന ചാക്കോച്ചനോട് പറയില്ല എന്ന് മോളി പറയുന്നു. അപ്പോൾ, നിന്റെ ഭർത്താവിനെ നീ സ്നേഹിച്ചിരുന്നില്ലേ എന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, സ്നേഹിച്ചിരുന്നുവെന്ന് ദീർഘശ്വാസമിട്ടുകൊണ്ട് മോളി പറയുന്നു. തുടർന്ന്, സ്ത്രീധനം കൂടാതെ എന്നെ കെട്ടാൻ തയ്യാറായ ആ മനുഷ്യനോട് ജീവന് തുല്യം സ്നേഹമായിരുന്നു എന്ന് മോളി വികാരാധീനയായി പറയുന്നു. അതുകേട്ട്, അയാൾ നിന്നെയും സ്നേഹിച്ചിരുന്നോ എന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, സ്നേഹിച്ചിരുന്നു എന്ന് മോളി പറയുന്നു. അതിന്, എന്നിട്ട് അയാൾകൂടി അറിയേ മത്തായിയുടെയും, അയാൾക്ക് സൽക്കരിക്കേണ്ടവരുടെയും മെത്തയിലേക്ക് നീ പോയി അല്ലേ? ചാക്കോച്ചൻ ചോദിക്കുമ്പോൾ, അല്പം മാറിനിന്ന് മുഖം തിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു കഴിഞ്ഞു, ഇതും ഒരു ജീവിതം എന്ന് പറഞ്ഞ് മോളി വീണ്ടും മദ്യം അകത്താക്കുന്നു. എന്നിട്ട്, പിന്നെയും എന്തിന് ഓരോന്ന് ചോദിക്കുന്നു, ആ വിസ്കി മുഴുവനും കഴിക്കു എന്ന് ചാക്കോച്ചന്റെ അടുത്തു വന്ന് അദ്ദേഹത്തെ മുറുകെ തഴുകിക്കൊണ്ട്, എല്ലാം മറന്ന് ഈയൊരു രാത്രി നമുക്ക് പഴയ കാലത്തെ മോളിയും ചാക്കോച്ചനുമാവാം, കഴിക്കു എന്ന് മോളി വികാരാധീനയായി പറയുന്നു. എന്നിട്ട്, ഞാനും കുടിക്കാമെന്ന് മോളി പറയുമ്പോൾ, വേണ്ട നീ കുടിക്കേണ്ടെന്ന് ചാക്കോച്ചൻ പറയുന്നു. അപ്പോൾ, ഞാൻ കുടിക്കും, അല്ലാതെ എനിക്ക് ചാക്കോച്ചനുമൊരുമിച്ച് കഴിയാൻ വയ്യ എന്ന് പറഞ്ഞ് മോളി പൊട്ടിക്കരയുമ്പോൾ ചാക്കോച്ചൻ അവളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നു. മോളിയെ തഴുകിക്കൊണ്ട് ചാക്കോച്ചൻ പറയുന്നു - നിന്നെ ഞാൻ ഓർക്കാത്ത ദിവസങ്ങളില്ല, ഞാൻ സ്നേഹിച്ചത് നിന്നെയാണ്, പക്ഷേ കിട്ടിയത് രണ്ടായിരം രൂപയായിരുന്നു, അവളിൽ എനിക്ക് മൂന്ന് കുട്ടികളും ഉണ്ട്, പക്ഷേ ... എന്ന് മുഴുമിപ്പിക്കുന്നതിന് മുൻപ്, ചാക്കോച്ചന്റെ വായ പൊത്തിക്കൊണ്ട് ഒരു പക്ഷേയും എനിക്ക് കേൾക്കേണ്ടെന്നും, എന്റെ പഴയ ചാക്കോച്ചനെ എന്റെ മുൻപിൽ ഞാൻ കാണുന്നു എന്നും, എന്റെ ഭർത്താവ് മരിച്ച ഈ ദിവസം എല്ലാം മറന്ന് ഈ ശരീരത്തിൽ കെട്ടിപ്പിടിച്ച്, ഈ കൈത്തണ്ടകളിൽ കൈ വെച്ച് എനിക്കുറങ്ങണം, എല്ലാം മറന്നുറങ്ങണം എന്നും മോളി പറയുന്നു.
കിടക്കയിൽ ഇരുവരും ഇഴുകിച്ചേർന്ന് കിടക്കുമ്പോൾ, ഞാൻ കുറച്ചു നേരം കൂടി എന്റെ ചാക്കോച്ചന്റെ കൂടെ കിടന്നോട്ടെ എന്ന് മോളി പറയുമ്പോൾ, കുറച്ചു നേരമല്ല, ഈ ജീവിതകാലം മുഴുവൻ നിനക്ക് എന്റെ അടുത്തു കിടന്ന് ഉറങ്ങാം എന്ന് ചാക്കോച്ചൻ പറയുന്നു. അതിന്റെ പൊരുളറിയാതെ മോളി ചാക്കോച്ചനെ നോക്കുമ്പോൾ, ഞാൻ ഇതുവരെ ഉറങ്ങിയില്ലെന്നും, ഞാൻ എന്നെപ്പറ്റിയും നിന്നെപ്പറ്റിയും ആലോചിക്കുകയായിരുന്നുവെന്നും, എനിക്ക് നീയില്ലാതെ ജീവിക്കാൻ വയ്യ മോളി എന്നും, നീ എന്റേത് മാത്രമായിരിക്കും എന്നും, പറയു നീ എന്റെ സ്വന്തമാകുമോ എന്നും ചാക്കോച്ചൻ ചോദിക്കുമ്പോൾ, മോളി ചാക്കോച്ചന്റെ മാറിൽ മുഖം പുതച്ച് വിതുമ്പുന്നു. അപ്പോൾ ചാക്കോച്ചൻ അവളോട് വീണ്ടും വീണ്ടും പറയു എന്ന് ചോദിക്കുന്നു. അപ്പോൾ മോളി കണ്ണീർ തുടച്ചുകൊണ്ട് നേരാണോ ഈ ചോദിക്കുന്നതെന്ന് ചോദിക്കുമ്പോൾ, ഞാൻ നിന്നോട് സത്യമല്ലാതെ പറഞ്ഞിട്ടില്ലെന്നും, നിന്റെ കഴിഞ്ഞുപോയ കാലത്തെപ്പറ്റി ഞാനൊരിക്കലും ചോദിക്കില്ലെന്നും, നീ എന്നോടൊപ്പം വരുമോ മോളി, പറയു എന്നും ചാക്കോച്ചൻ വീണ്ടും വീണ്ടും ചോദിക്കുന്നു. അതുകേട്ട്, അപ്പോൾ ചാക്കോച്ചന്റെ ഭാര്യയോ എന്ന് മോളി ചോദിക്കുമ്പോൾ, അവൾ എന്റെ ഭാര്യയായിരിക്കും എന്നും, നീ ഞാൻ എല്ലാം മറന്ന് സ്നേഹിക്കുന്ന എന്റെ മോളിയായിരിക്കും എന്നും ചാക്കോച്ചൻ പറയുന്നു. അതിന്, ഓ.. വെപ്പാട്ടി എന്ന് മോളി മരവിപ്പോടെ പറയുമ്പോൾ, നീ എന്റെ ഇഷ്ടത്തെ അത്ര മോശമായി കണക്കാക്കരുതെന്നും, എനിക്കൊരു ഭാര്യയുണ്ടെന്നുള്ളത് സത്യമാണെന്നും, പക്ഷേ ഞാൻ ആദ്യമായും അവസാനമായും സ്നേഹിച്ചത് നീയാണ് എന്ന് ചാക്കോച്ചൻ പറയുന്നു. അതുകേട്ട്, മോളി വീണ്ടും ചാക്കോച്ചന്റെ മാറിൽ മുഖം താഴ്ത്തി വിതുമ്പുന്നു. എന്നിട്ട്, എനിക്ക് രണ്ടു കുട്ടികളുണ്ടെന്ന് മോളി പറയുമ്പോൾ, അവരെ ഞാൻ എന്റെ കുട്ടികളായി കണക്കാക്കാം എന്നും, പറയു മോളി നീ എന്റേത് മാത്രമായിരിക്കുമ്പോ എന്ന് ചാക്കോച്ചൻ വീണ്ടും ചോദിക്കുമ്പോൾ, ചാക്കോച്ചനോട് ചേർന്ന് കിടന്ന് ഞാനെന്നെന്നും എന്റെ ചാക്കോച്ചന്റെ മാത്രമായിരിക്കും എന്ന് മോളി പറയുന്നു. അപ്പോൾ ചാക്കോച്ചൻ പറയുന്നു - നമുക്ക് ഉടനെ തന്നെ ഇവിടുന്നും പോകണം, ഒന്നും ആലോചിക്കാനില്ല, വരൂ പോകാം. അതുകേട്ട്, എവിടേക്ക് എന്ന് മോളി ചോദിക്കുമ്പോൾ, എന്നോടൊപ്പം എന്ന് ചാക്കോച്ചൻ പറയുന്നു. മോളി ഒന്നും പറയാതെയിരിക്കുമ്പോൾ, എന്താ എന്നെ വിശ്വാസമില്ലേ എന്ന് ചാക്കോച്ചൻ ചോദിക്കുന്നു. അപ്പോൾ ചാക്കോച്ചന്റെ മാറിൽ മുഖം താഴ്ത്തിക്കൊണ്ട് വിശ്വാസമാണെന്ന് മോളി പറയുന്നു. അവർ രണ്ടുപേരും ആദ്യം നേരെ മോളിയുടെ വീട്ടിലേക്ക് പോകുന്നു.
ചാക്കോച്ചൻ വീടിന്റെ പുറത്തു നിൽക്കുന്നു. മോളി മാത്രം അകത്തേക്ക് പോയി ഉറങ്ങിക്കിടക്കുന്ന ലില്ലിക്കുട്ടിയെയും (വിനോദിനി aka റീന), ജിമ്മിക്കുട്ടനെയും (മാസ്റ്റർ രഘു) വിളിക്കുന്നു. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ പുറത്തേക്ക് വന്ന്, മക്കളോട് ഞാൻ എന്താണ് പറയേണ്ടത്, ആരുടെ കൂടെയാണ് പോണെന്ന് പറയണം എന്ന് ചോദിക്കുമ്പോൾ, ഇഷ്ടമുള്ളത് പറഞ്ഞോളൂ എന്ന് ചാക്കോച്ചൻ പറയുന്നു. അപ്പോൾ, ചിറ്റപ്പന്റെ കൂടെയാണെന്ന് പറയട്ടെ എന്ന് മോളി ചോദിക്കുമ്പോൾ, പറഞ്ഞോളൂ എന്ന് ചാക്കോച്ചൻ പറയുന്നു. മോളി വീണ്ടും അകത്തേക്ക് പോയി മക്കളെ വിളിച്ചുണർത്തിയിട്ട് ചിറ്റപ്പന്റെ വീട്ടിലേക്ക് പോകാം എന്ന് പറയുമ്പോൾ, ചിറ്റപ്പനോ എന്ന് അവർ ചോദിക്കുന്നു. അപ്പോഴേക്കും ചാക്കോച്ചനും അകത്തേക്ക് വരുന്നു. അപ്പോൾ, ചാക്കോച്ചനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇതാണ് ചിറ്റപ്പൻ എന്ന് മോളി പറയുന്നു. അന്നേരം, വരൂ നമുക്ക് വേഗം പോകാം എന്ന് ചാക്കോച്ചൻ പറയുമ്പോൾ, ഒരു നിമിഷം ഞാൻ തുണികൾ എടുത്തു വരട്ടെ എന്ന് പറഞ്ഞ് മോളി മറ്റൊരു മുറിയിലേക്ക് ഓടുന്നു. ചാക്കോച്ചൻ അവരെയും കൂട്ടി ഒരു പുതിയ ബംഗ്ലാവിലേക്ക് പോവുന്നു.
രണ്ടാഴ്ചകൾക്ക് ശേഷം ചാക്കോച്ചൻ ഓഫീസിൽ ചെല്ലുമ്പോൾ കമ്മത്ത് കുറെയേറെ കടലാസുകൾ ഒപ്പിടാനായി കൊണ്ടുവെക്കുമ്പോൾ സണ്ണിയെക്കൊണ്ട് (ജനാർദ്ദനൻ) ഒപ്പിടീച്ച് അയക്കാമായിരുന്നില്ലേ എന്ന് ചാക്കോച്ചൻ ചോദിക്കുന്നു - സണ്ണി ചാക്കോച്ചന്റെ മൂത്ത മകനാണ്.. അതുകേട്ട്, സണ്ണിയോട് പറഞ്ഞപ്പോൾ അപ്പച്ചൻ വരട്ടെയെന്ന് പറഞ്ഞുവെന്നും, പിന്നെ വളരെ അർജെന്റ്റ് ആയിട്ടുള്ളത് ഒപ്പിട്ടയച്ചുവെന്നും കമ്മത്ത് പറയുന്നു. അതിന്, കുറെയൊക്കെ ജോലി അവനും ചെയ്യട്ടെയെന്നും, എനിക്ക് വയസ്സായി വരികയല്ലേ എന്നും ചാക്കോച്ചൻ പറയുന്നു. അന്നേരം, നമ്മുടെ ഏജൻറ്മാരെ ആരെയെങ്കിലും കണ്ടോ എന്ന് കമ്മത്ത് ചോദിക്കുന്നു. കാണാൻ കഴിഞ്ഞില്ലെന്ന് ചാക്കോച്ചൻ പറയുമ്പോൾ, രൂപാ രണ്ടു ലക്ഷമാണ്, ഒരാഴ്ചയായി ചരക്കെന്തെങ്കിലും വന്നിട്ടെന്നും, വന്നെങ്കിൽ ഇപ്പോ ചുക്ക് സ്റ്റോക്ക് ചെയ്യുന്ന സമയമാണെന്നും കമ്മത്ത് പറയുന്നു. അതിന്, സണ്ണിയെ അറിയിച്ചാൽ മതിയെന്നും, എനിക്കല്പം വിശ്രമം ആവശ്യമാണെന്നും ചാക്കോച്ചൻ പറയുന്നു. അന്നേരം, നമ്മുടെ ബാങ്കിൽ നിന്നും രണ്ടു ലക്ഷം രൂപാ .... എന്ന് പറയാൻ വന്നത് പറയാതെ മടിച്ചു നിൽക്കുന്ന കമ്മത്തിനോട് അത് ഞാനെടുത്തു എന്ന് ചാക്കോച്ചൻ പറയുന്നു. അപ്പോൾ, അത് സമയത്ത് അറിയിക്കാത്തത് കൊണ്ട് ഇവിടെ കുഴപ്പം പറ്റേണ്ടതായിരുന്നുവെന്നും, ഇവിടുന്ന് ഒരു എഴുപതിനായിരം രൂപയുടെ ചെക്ക് നമ്മൾ ഇഷ്യൂ ചെയ്തുവെന്നും, അത് മടങ്ങേണ്ടാതായിരുന്നുവെന്നും, പിന്നെ ഒരു കണക്കിന് അതെല്ലാം ശരിപ്പെടുത്തിയെന്നും കമ്മത്ത് പറയുന്നു. അതുകേട്ട്, എന്റെ ഒരു ആവശ്യത്തിന് വേണ്ടി ഞാൻ രണ്ടു ലക്ഷം രൂപാ എടുത്തുവെന്നും, അതെന്റെ കണക്കിൽ എഴുതിക്കോളൂ എന്നും ചാക്കോച്ചൻ പറയുമ്പോൾ, അപ്പോൾ ഇൻകം ടാക്സ് .... എന്ന് പകുതി പറഞ്ഞു നിർത്തുന്നു കമ്മത്ത്. അതിന്, കണക്കുകളൊക്കെ കമ്മത്ത് എഴുതിക്കൊണ്ടാ മതിയെന്നും, സണ്ണിയില്ലേ എന്നും ചാക്കോച്ചൻ ചോദിക്കുമ്പോൾ, ഉവ്വ് മുകളിലുണ്ടെന്നും, ഒപ്പിടാനുള്ള കടലാസ്സ് ..... എന്ന് പറഞ്ഞ് വീണ്ടും കമ്മത്ത് അമാന്തിച്ചു നിൽക്കുന്നു. അതുകേട്ട്, എല്ലാം സണ്ണി ഇട്ടോളുമെന്നും, കുറെ വർഷങ്ങളായി ഞാനീ ഭാരം ചുമക്കുന്നുവെന്നും, ഇനി കാര്യങ്ങളൊക്കെ കമ്മത്തും സണ്ണിയും കൂടെ നോക്കിക്കൊണ്ടാ മതിയെന്നും, ഒരു പൊതു മേൽനോട്ടം മാത്രമേ എന്നെക്കൊണ്ട് സാധിക്കു, ഒരല്പം വിശ്രമം വേണ്ടേ എന്നും ചാക്കോച്ചൻ പറയുന്നു. അപ്പോൾ, വിവരങ്ങളെല്ലാം മത്തായിച്ചൻ പറഞ്ഞുവെന്നും, പറഞ്ഞത് ശരിയാണെങ്കിൽ ഇങ്ങിനെയങ്ങോട്ട് മുൻപോട്ട് പോവുകയാണെങ്കിൽ ഈ കമ്മത്തെ പിരിച്ചു വിടുന്നതാണ് നല്ലതെന്നും, ഒരാൾ നശിക്കുന്നത് കമ്മത്ത് ഈ കണ്ണുകൊണ്ട് കണ്ടതാണെന്നും, ഇനിയൊരാൾ നശിക്കുന്നത് കാണാൻ ശേഷിയില്ലാത്തതു കൊണ്ട് പറയുകയാണെന്നും കമ്മത്ത് വേദനയോടെ പറയുന്നു. ചാക്കോച്ചൻ ഒന്നും മിണ്ടാതെ അവിടുന്നും പോകുന്നു.
ചാക്കോച്ചൻ അവിടുന്ന് നേരെ പോവുന്നത് സണ്ണിയെ കാണാനാണ്. തന്നെക്കണ്ട് മുഖം കറുപ്പിച്ച് നിൽക്കുന്ന സണ്ണിയോട്, നീ എന്താടാ ഒന്നും മിണ്ടാത്തെ എന്ന് ചാക്കോച്ചൻ ചോദിക്കുന്നു. ആ നേരം കമ്മത്തും കുറെ കടലാസുകളുമായി അവിടേക്ക് വരുന്നു. ചാക്കോച്ചന്റെ ചോദ്യത്തിന്, ഞാനെന്തു മിണ്ടാനാ, കച്ചവടം തളരുകയാണ് എന്ന് ചാക്കോച്ചന് മുഖം കൊടുക്കാതെ സണ്ണി പറയുന്നു. അതുകേട്ട്, തളരാതെ നോക്കണം എന്ന് ചാക്കോച്ചൻ പറയുമ്പോൾ, ഓഫീസിന് അറിയാതെ രണ്ടു ലക്ഷം രൂപയും മറ്റും ബാങ്കിൽ നിന്നും എടുത്താൽ എന്ന് ..... സണ്ണി പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ, അതാണിപ്പോ എല്ലാവർക്കും വിഷമം എന്നും, ഞാനുണ്ടാക്കിയതാണ് എടുത്തതെന്നും ചാക്കോച്ചൻ കയർക്കുന്നു. അതിന്, എന്നാൽ കമ്പനി പൂട്ടിയേക്കണം എന്ന് അരിശത്തോടെ സണ്ണി പറയുന്നു. അതുകേട്ട്, ഞാനായിട്ട് പൂട്ടുന്നില്ലെന്നും, ഞാൻ രണ്ടു ലക്ഷം രൂപ എടുത്തെങ്കിൽ അതിലേറെ ലക്ഷത്തിന്റെ മുതലുണ്ടെന്നും, കമ്പനി തളരാതെ നോക്കേണ്ടത് നീയാണെന്നും ആവേശത്തോടെ പറഞ്ഞ ശേഷം, എഴുന്നേറ്റുകൊണ്ട് എനിക്കല്പം വിശ്രമിക്കണം എന്ന് ശാന്തനായി ചാക്കോച്ചൻ പറയുന്നു. അപ്പോൾ, കമ്പനി ഞാൻ നോക്കാം, അതപ്പൻ വാക്കാൽ പറഞ്ഞാൽ പോരാ എന്ന് സണ്ണി പറയുമ്പോൾ, ഓ... വ്യവസ്ഥയുണ്ടാക്കണമെന്നായിരിക്കും എന്ന് പറഞ്ഞ ശേഷം, കമ്മത്തിനെ വിളിച്ച് ഉടനെ തന്നെ അഡ്വക്കേറ്റ് കൃഷ്ണ പിള്ളയെക്കണ്ട് (വീരൻ) കമ്പനി ഭരണം മുഴുവൻ ഞാൻ സണ്ണിയെ ഏല്പിച്ചിരിക്കുന്നതായി ഒരു വ്യവസ്ഥ ഉണ്ടാക്കണമെന്നും, എനിക്ക് ഒരു പൊതു മേൽനോട്ടം മാത്രം മതിയെന്നും, വീട്ടിൽ പോയിട്ട് ഞാൻ ഉടനെ വന്നേക്കാം എന്നും പറഞ്ഞ് ചാക്കോച്ചൻ പോവുന്നു.
ചാക്കോച്ചൻ വീട്ടിൽ പോയിട്ട് തിരിച്ചു പോകുമ്പോൾ ഭാര്യ മേരി പള്ളിയിൽ നിന്നും മടങ്ങുന്നു. ഗേറ്റ് കടന്നു വരുന്ന മേരിയോട് ഇളയ മകൻ ജോണി (എം.ജി.സോമൻ) അകത്തു നിന്നും ഓടി വന്ന് ഞങ്ങളുടെ അപ്പൻ വന്നിട്ട് പോയത് കണ്ടോ എന്ന് കയർക്കുന്നു. അതിന് ഉത്തരമൊന്നും പറയാതെ മേരി അവനെത്തന്നെ വേദനയോടെ നോക്കി നിൽക്കുന്നു. അപ്പോൾ ജോണി വീണ്ടും പുച്ഛത്തോടെ പറയുന്നു - അപ്പൻ, വേശ്യയുടെ കൂടെ താമസമാക്കിയിരിക്കുന്ന അപ്പൻ. അതിനും ഉത്തരമൊന്നും പറയാതെ നിൽക്കുന്ന മേരിയെ നോക്കി ജോണി പറയുന്നു - മേലാൽ ഇവിടെ വന്നാൽ ചൂലെടുത്ത് അടിക്കണം. അതുകേട്ട്, മേരി ദേഷ്യത്തോടെ ജോണിയുടെ കരണത്തിട്ട് ഒന്ന് പൊട്ടിക്കുന്നു. ഉമ്മറത്തു നിൽക്കുന്ന മകൾ ക്ലാരയും (സുജാത) വേലക്കാരൻ അന്തോണിയും (ബഹദൂർ) അത് ദുഃഖത്തോടെ നോക്കി നിൽക്കുന്നു.
ബംഗ്ലാവിന്റെ പൂന്തോട്ടത്തിലെ പടിക്കെട്ടിൽ ഇരുന്നുകൊണ്ട് മോളി ലില്ലിക്കുട്ടിയോട് പറയുന്നു - അമ്മ ആദ്യം സ്നേഹിച്ച പുരുഷനാണ് ചാക്കോച്ചൻ. മോള് വളർന്നു വരികയല്ലേ, അതുകൊണ്ടാണ് മോളോട് അമ്മ എല്ലാം തുറന്നു പറഞ്ഞത്. എല്ലാം കേട്ട് തലയും കുനിച്ച് ഒന്നുമുരിയാടാതെയിരിക്കുന്ന മോളെ നോക്കി നീയെന്താ ഒന്നും മിണ്ടാത്തതെന്ന് ചോദിക്കുന്നു. അതുകേട്ട്, ഞാനെന്ത് മിണ്ടാനാണ്, ഞങ്ങടെ അപ്പച്ചൻ മരിച്ചു, ഞങ്ങൾക്കിനി ആരുമില്ല എന്നു പറഞ്ഞ് ലില്ലിക്കുട്ടി വിതുമ്പുന്നു. അന്നേരം അവിടേക്ക് ഓടി വരുന്ന ജിമ്മിക്കുട്ടൻ ലില്ലിയോട് എന്തിനാ കരയുന്നതെന്ന് ചോദിക്കുന്നു. അവൾ ഒന്നും മിണ്ടാതിരിക്കുമ്പോൾ ചേച്ചി എന്തിനാ കരയുന്നതെന്ന് മോളിയോട് ചോദിക്കുന്നു. ജിമ്മിയെ മടിയിലിരുത്തിക്കൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞ ശേഷം, നിങ്ങളുടെ ചിറ്റപ്പൻ സ്വന്തം അപ്പനെപ്പോലെ നിങ്ങളെ സ്നേഹിക്കും എന്നും, ഈ വലിയ വീട് അമ്മച്ചിടെ പേർക്കാ വാങ്ങിയിരിക്കുന്നതെന്നും, ഇതെല്ലാം നിങ്ങൾക്കല്ലാതെ മറ്റാർക്കാണ് മക്കളെ എന്നും മോളി പറയുന്നു. അപ്പോൾ, ചിറ്റപ്പൻ ഞങ്ങളോട് സ്നേഹമായിട്ട് ഒന്നും പറയാത്തതെന്താ എന്ന് ജിമ്മി ചോദിക്കുന്നു അതുകേട്ട് ഒന്ന് പകച്ച ശേഷം, അദ്ദേഹം വലിയ മുതലാളി അല്ലേ എന്ന് മോളി പറയുമ്പോൾ, അപ്പോ ചിറ്റപ്പൻ അല്ല മുതലാളിയാണ് എന്ന് ജിമ്മി പറയുന്നു. അതുകേട്ട് മിണ്ടാതിരിക്കുന്ന മോളിയെ കെട്ടിപ്പിടിച്ചുകൊണ്ട് ജിമ്മി പറയുന്നു - മുതലാളിക്ക് അമ്മച്ചിയെയാ ഇഷ്ടം, നമുക്ക് നമ്മുടെ വീട്ടിൽ താമസിച്ചാ മതി അമ്മച്ചി എന്ന് ജിമ്മി പറയുമ്പോൾ അവനോട് എന്തു പറയണമെന്നറിയാതെ മോളി വിഷമിച്ചിരിക്കുന്നു. അപ്പോഴേക്കും കാർ വരുന്നത് കണ്ട് മോളി പൂമുഖത്തേക്ക് പോകുന്നു. ലില്ലിയും ജിമ്മിയും മോളി പോകുന്നതും വിഷമത്തോടെ നോക്കി നിൽക്കുന്നു.
ചാക്കോച്ചൻ കാറിൽ നിന്നും ഇറങ്ങിയതും, ഞാൻ വിചാരിച്ചു രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞേ വരുള്ളൂ എന്ന് മോളി പറയുമ്പോൾ, മോളി കെട്ടിപ്പിടിച്ചുകൊണ്ട് നിന്നെ കാണാതെ ഒരു ദിവസമെങ്കിലും എനിക്ക് കഴിയാൻ പറ്റുമോ എന്ന് ചാക്കോച്ചൻ ചോദിക്കുന്നു. അപ്പോൾ, വീട്ടിൽ എല്ലാവര്ക്കും സുഖമാണോ എന്ന് മോളി ചോദിക്കുന്നു. അതിന്, ചൊവ്വില്ലാതെ ആ... എന്ന് പറഞ്ഞിട്ട് വാ അകത്തേക്ക് പോകാം എന്ന് പറഞ്ഞ് ചാക്കോച്ചൻ മോളിയേയും കൂട്ടി അകത്തേക്ക് പോകുന്നു. അകത്തേക്ക് നടക്കുമ്പോൾ, വീട്ടിൽ വിശേഷം എന്തുണ്ട് എന്ന് മോളി ചോദിക്കുമ്പോൾ, ഹോ എന്ത് വിശേഷം എന്ന് ചാക്കോച്ചൻ പറയുന്നു. അപ്പോൾ, മേരി ചേട്ടത്തി ഒന്നും ചോദിച്ചില്ലേ എന്ന് മോളി ചോദിക്കുമ്പോൾ, മോളിയെ തന്നോട് ചേർത്തു നിർത്തിക്കൊണ്ട് ഒന്നും ചോദിച്ചില്ലെന്ന് ചാക്കോച്ചൻ പറയുന്നു. അപ്പോൾ, ചാക്കോച്ചന്റെ പിടി വിടുവിച്ചുകൊണ്ട്, ചെറുപ്പക്കാരുടെ കൂട്ടാണല്ലോ എന്ന് ചിണുങ്ങിക്കൊണ്ട് മോളി പറയുന്നു. അതുകേട്ട്, അതേ മോളി, നിന്നെ വീണ്ടും കണ്ടതു മുതൽ ഞാൻ വീണ്ടും ചെറുപ്പമായി എന്നും, അന്ന് നമ്മൾ ആദ്യമായി വീട്ടു പറമ്പിൽ വെച്ച് കൂടിയില്ലേ അന്നത്തെ ആവേശമാണിപ്പോൾ എന്നും, നിന്നോടൊപ്പം ഇങ്ങിനെ കഴിയാൻ വേണ്ടി ഞാൻ കമ്പനി ചുമതലകളൊക്കെ സണ്ണിയെ ഏൽപ്പിച്ചുവെന്നും, എനിക്കൊരു മേൽനോട്ടം മാത്രമെന്നും ചാക്കോച്ചൻ പറയുമ്പോൾ, ഞാൻ അഭിപ്രായമൊന്നും പറയുന്നില്ലെന്ന് മോളി പറയുന്നു, അപ്പോഴവർ കിടപ്പുമുറിയിലെത്തിക്കഴിഞ്ഞു. അപ്പോൾ, അതെന്താ, നീ എന്റെ എല്ലാമല്ലേ എന്ന് ചോക്കോച്ചൻ ചോദിക്കുമ്പോൾ, ഏതിഷ്ഠവും ഞാൻ അനുസരിക്കുമെന്നും, ഏത് കഷ്ടപ്പാടും ഞാൻ സഹിക്കുമെന്നും, എന്റെ ചാക്കോച്ചന്റെ സന്തോഷത്തിന് വേണ്ടി എന്നും പറഞ്ഞ് മോളി ചാക്കോച്ചനെ ആശ്ലേഷിക്കുന്നു. ചാക്കോച്ചൻ നിർവൃതിയോടെ എനിക്കത് കേട്ടാൽ മതിയെന്ന് പറയുന്നു. അന്നേരത്ത് പണിക്കാരിപ്പെണ്ണ് കാപ്പിയുമായി വരുമ്പോൾ, മോളി ചാക്കോച്ചന്റെ പിടിയിൽ നിന്നും കുതറി മാറിക്കൊണ്ട്, ശ്ശോ, ആ പെണ്ണ് എന്ത് വിചാരിക്കും, കിഴവനും കിഴവിയും കൂടി മുതുകൂത്ത് കളിക്കുന്നുവെന്ന് പറയും എന്ന് മോളി പറയുമ്പോൾ, പറയട്ടെ എന്നും, ലോകം മുഴുവനും നമ്മുടെ പ്രേമത്തിൽ അസൂയപ്പെട്ട് നമ്മൾ മധുവിധു ആഘോഷിക്കുകയാണെന്ന് പറയട്ടെ എന്നു പറഞ്ഞ് ചാക്കോച്ചൻ മോളിയെ കെട്ടിപ്പിടിക്കുമ്പോൾ, കൊള്ളാം എന്ന് മോളി പറയുന്നു.
രാത്രിയിൽ ലില്ലി പാഠപുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോൾ ജിമ്മി അവളുടെ പക്കൽ ഓടിവന്ന്, ചേച്ചി എനിക്ക് പേടിയാവുന്നു എന്ന് പറയുമ്പോൾ, മോൻ പേടിക്കേണ്ടെന്ന് പറഞ്ഞ് ലില്ലി അവനെ ചേർത്തു പിടിക്കുന്നു. അപ്പോൾ, അമ്മച്ചി എവിടെ പോയിരിക്കുവാ എന്ന് ജിമ്മി ചോദിക്കുമ്പോൾ, അമ്മച്ചി നടക്കാൻ പോയിരിക്കുവാ എന്ന് ലില്ലി പറയുന്നു. അതുകേട്ട്, രാത്രി കുറെ നേരമായല്ലോ എനിക്ക് പേടിയാവുന്നു എന്ന് ജിമ്മി വീണ്ടും പറയുമ്പോൾ, അവനെ ആശ്വസിപ്പിച്ച് നമുക്ക് കുരിശു വരയ്ക്കാം അപ്പോൾ പേടി തോന്നില്ല എന്ന് ലില്ലി പറയുന്നു.
അല്പനേരം കഴിഞ്ഞ് മോളിയും ചാക്കോച്ചനും നടത്തം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാണുന്നത് ലില്ലിയും ജിമ്മിയും പ്രാർത്ഥിച്ചു നിൽക്കുന്നതാണ്. അതുകണ്ട് മോളി മക്കളുടെ പക്കൽ ചെല്ലാൻ ശ്രമിക്കുമ്പോൾ ചാക്കോച്ചൻ അതു തടഞ്ഞ് മോളിയെ കിടക്കറയിലേക്ക് കൊണ്ടുപോവുന്നു. വസ്ത്രങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോൾ, എന്റെ പിള്ളേർ ഈ വീടുമായി ഇണങ്ങുന്നതേയില്ലെന്നും, ഒരധികപ്പറ്റ് പോലെ എന്ന് മോളി പറയുമ്പോൾ, ചാക്കോച്ചൻ ഒന്നും പറയാതെ എന്തോ ആലോച്ചിരിക്കുന്നു. അപ്പോൾ, മോളി ചാക്കോച്ചന്റെ അടുത്തു വന്നു കെട്ടിപ്പിടിച്ചുകൊണ്ട് നമ്മൾ ചെറുപ്പത്തിലേ കൂടേണ്ടതായിരുന്നു എന്ന് പറയുമ്പോൾ, ആ... അത് സാധിച്ചില്ലല്ലോ എന്ന് ചാക്കോച്ചൻ പറയുന്നു. പിന്നീട്, നമുക്ക് പിള്ളേരെ കോൺവെൻറ്റിൽ അയക്കാമെന്ന് ചാക്കോച്ചൻ പറയുമ്പോൾ, ലില്ലിയോട് ചോദിക്കട്ടെയെന്ന് മോളി പറയുന്നു. അതുകേട്ട്, തട്ടിക്കയറിക്കൊണ്ട് ചോദിക്കാനൊന്നുമില്ലെന്നും, കോൺവെൻറ്റിൽ വളർന്നാൽ പിള്ളേർ ചീത്തയാവില്ലാ എന്നും ചാക്കോച്ചൻ പറയുമ്പോൾ, ചാക്കോച്ചന്റെ ഇഷ്ടമെന്ന് മോളി പറയുന്നു. അപ്പോൾ ചിരിച്ചുകൊണ്ട്, പിള്ളേരെ കോൺവെൻറ്റിൽ അയച്ചിട്ട് നമുക്ക് രണ്ടുപേർക്കും കൂടെ മൈസൂർ, കന്യാകുമാരി, കോവളം, തേക്കടി ഇവിടമെല്ലാം ഒരു ചുറ്റു ചുറ്റണം എന്ന് പറഞ്ഞ് മോളിയെ കെട്ടിപ്പിടിക്കുന്നു. അതിന്, മധുവിധുവോ എന്ന് പറഞ്ഞ് മോളി ചിരിക്കുമ്പോൾ, അതേ മധുവിധു എന്ന് ചാക്കോച്ചൻ പൊട്ടിചിരിച്ചുകൊണ്ട് പറയുന്നു. പറഞ്ഞത് പോലെ മക്കളെ കോൺവെൻറ്റിൽ ചേർത്ത ശേഷം അവർ ഇപ്പറഞ്ഞ സ്ഥലങ്ങളെല്ലാം ചുറ്റി നടക്കുന്നു.
കറക്കമെല്ലാം കഴിഞ്ഞ് ചാക്കോച്ചൻ ഓഫീസിൽ പോയി കുറെ നാളായി കമ്പനി വിവരങ്ങളൊന്നും അറിയുന്നില്ല എന്ന് പറയുമ്പോൾ, കമ്മത്ത് ഓടിവന്ന് ആഴ്ചയിൽ ഒരിക്കൽ കണക്കും റിപ്പോർട്ടും ആലുവായ്ക്ക് അയക്കാരുണ്ടായിരുന്നല്ലോ എന്ന് പറയുന്നു. അതുകേട്ട്, ഞാൻ ഒരു മാസമായി ആലുവയിൽ ഉണ്ടായിരുന്നില്ലെന്നും, കോവളത്തും കന്യാകുമാരിയിലുമൊക്കെയായിരുന്നുവെന്നും, കുറെ വിശ്രമമൊക്കെ ആവശ്യമല്ലേ കമ്മത്തി എന്നും ചാക്കോച്ചൻ പറയുന്നു. അതുകേട്ട്, കമ്മത്ത് നാണിച്ച് തലകുനിച്ചു ഒരു ചിരിയും പാസാക്കി നിൽക്കുന്നു. അപ്പോൾ, സണ്ണി കാര്യങ്ങളൊക്കെ ശരിക്കും നോക്കുന്നുണ്ടല്ലോ എന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, വളരെ കറക്റ്റ് ആണെന്നും, ഇപ്പോൾ തന്നെ ഏജന്റ്മാരെ കാണാനായി പോയിരിക്കുകയാണെന്നും കമ്മത്ത് പറയുന്നു. അന്നേരം, ചാക്കോച്ചൻ കസേരയിൽ നിന്നും എണീറ്റുകൊണ്ട് പോകാൻ ഒരുങ്ങുമ്പോൾ, കണക്കുകളൊന്നും നോക്കുന്നില്ലേ എന്ന് കമ്മത്ത് ചോദിക്കുമ്പോൾ, അതൊക്കെ ആലുവയിൽ ചെന്നിട്ട് നോക്കിക്കോളാം എന്ന് ചാക്കോച്ചൻ പറയുന്നു.
ഓഫീസിൽ നിന്നും പുറത്തേക്ക് വരുന്ന ചാക്കോച്ചന്റെ ശ്രദ്ധയിൽപ്പെടുന്നത് "സണ്ണി ഏജൻസിസ്" എന്ന ബോർഡ് ആണ്. അത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇതെന്താണെന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, അത് വെറുതെ ഒരു രസത്തിന് സണ്ണി എഴുതി വെച്ചതാണെന്ന് കമ്മത്ത് പറയുന്നു. അതുകേട്ട്, എന്തിന് എന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, അത് മലഞ്ചരക്കിന്റെ വ്യാപാരമാണ് ഉദ്ദേശമെന്ന് കമ്മത്ത് പറയുന്നു. അതിൽ ഏതോ പന്തികേട് തോന്നുന്ന ചാക്കോച്ചൻ നേരെ ആ കെട്ടിടത്തിലുള്ള ഓഫീസിലേക്ക് പോകുന്നു. എല്ലാം വീക്ഷിച്ച ശേഷം, എന്താ കമ്മത്തി ഈ പുതിയ ഏർപ്പാടുകളൊക്കെ എന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, ഈ കമ്പനി ചരക്കെടുത്ത് നമ്മുടെ കമ്പനിക്ക് വിൽക്കുന്നു എന്നും, ഇൻകം ടാക്സിന്റെ ഒരു അഡ്ജസ്റ്മെൻറ് ആണെന്നും കമ്മത്ത് പറയുന്നു. അതുകേട്ട്, അത് നേരത്തെ പറഞ്ഞുകൂടായിരുന്നോ എന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, കമ്മത്ത് ഒരു വളിച്ച ചിരി പാസാക്കുന്നു. അപ്പോൾ, ആരാണിതിന്റെ ഉടമസ്ഥൻ എന്ന് ചോദിക്കുമ്പോൾ, സണ്ണിയാണെന്നും, സണ്ണി സമർത്ഥനായ ഒരു ബിസിനസ്കാരനാണെന്നും കമ്മത്ത് പറയുന്നു. അതുകേട്ട്, അവൻ സമർത്ഥനാണെന്നും, എനിക്ക് ജോണിയെക്കുറിച്ചാണ് ഉൽക്കണ്ഠയെന്നും, സമർത്ഥനായ ജ്യേഷ്ഠൻ അനിയനെപ്പോലും ഓർത്തില്ലെന്നും, അല്ലെങ്കിൽ പുതിയ കമ്പനിയുടെ പേര് സണ്ണി ബ്രതെർസ് എന്നാക്കുമായിരുന്നു എന്നും, ഞാൻ മഠയനല്ല കമ്മത്തി എന്നും പറഞ്ഞുകൊണ്ട് ചാക്കോച്ചൻ അവിടുന്നും പോകുന്നു.
ചാക്കോച്ചൻ കാറിൽ മടങ്ങുമ്പോൾ വഴിയോരത്ത് ജോണി ഒരു പെണ്ണിന്റെ കൂടെ മോട്ടോർബൈക്കിൽ ഇരിക്കുന്നതാണ്. ചാക്കോച്ചൻ തന്നെ ശ്രദ്ധിക്കുന്നത് കാണുന്ന അവൻ പെട്ടെന്ന് തന്നെ ബൈക്ക് ഓടിച്ചു പോവുന്നു.
ചാക്കോച്ചൻ തന്റെ വീട്ടിൽ എത്തുമ്പോൾ കാണുന്നത് വീടിന് പുറത്തുള്ള തോട്ടത്തിൽ ഇരിക്കുന്ന ക്ലാരയെയാണ്. അവളോട്, നീയെന്താടി ഇവിടെ ഇരിക്കുന്നതെന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, ഒന്നുമില്ലെന്നവൾ പറയുന്നു. അപ്പോൾ, നീ കോളേജിലേക്ക് പോവുന്നില്ലേയെന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, ഇല്ലെന്നവൾ മറുപടി പറയുന്നു. എന്തേ എന്ന ചാക്കോച്ചന്റെ ചോദ്യത്തിന് ഒന്നും മിണ്ടാതെ നിൽക്കുന്ന ക്ലാരയോട് എന്താടി നീ ഒന്നും മിണ്ടാത്തതെന്ന് ചോദിച്ചുകൊണ്ട് ചാക്കോച്ചൻ അവളുടെ അടുത്തേക്ക് വരുന്നു. അതുകേട്ട്, ഞാൻ പഠിത്തം നിർത്തിയെന്ന് ക്ലാര പറയുമ്പോൾ, പഠിത്തം നിർത്തിയോ എന്താടി പറയുന്നേ എന്ന് ചാക്കോച്ചൻ ചോദിക്കുന്നു. അപ്പോൾ, മറ്റു കുട്ടികളുടെ പരിഹാസം കേൾക്കാൻ എനിക്ക് വയ്യപ്പച്ചാ എന്നും, തന്നെയുമല്ല അമ്മച്ചി ആരോടും മിണ്ടാതെ സങ്കടപ്പെട്ട് കഴിയുകയാണെന്നും, സണ്ണിച്ചായൻ ബിസിനസ്സ് കാര്യങ്ങൾക്ക് ഓടി നടക്കുകയാണെന്ന് പറയുന്നുവെന്നും, ജോണിച്ചായനെ കാണാനേ ഇല്ലെന്നും, ഞാനെങ്കിലും എന്റെ അമ്മച്ചിയുടെ കാര്യങ്ങൾ നോക്കേണ്ടേ എന്നും ക്ലാര കരഞ്ഞുകൊണ്ടേ പറയുന്നു. അതു പറഞ്ഞ ശേഷം ക്ലാര വീടിനുള്ളിലേക്ക് പോവുന്നു. അവളുടെ പുറകെ ചാക്കോച്ചനും.
അകത്തേക്ക് ചെന്നതും ചാക്കോച്ചൻ പണിക്കാരൻ അന്തോണിയോട് കൊച്ചമ്മ എവിടെടാ എന്ന് ചോദിക്കുമ്പോൾ, പ്രാർത്ഥിക്കുകയാണെന്ന് അന്തോണി പറയുന്നു. അതുകേട്ട് പ്രാർത്ഥനാ മുറിയിലേക്ക് ചെല്ലാനൊരുങ്ങുന്ന ചാക്കോച്ചനോട്, മുതലാളി ഞാൻ കമ്പനി തുടങ്ങിയ കാലം തൊട്ട് കൂടിയതാണെന്ന് അന്തോണി പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, അതുകൊണ്ട് ഇപ്പോൾ പിരിഞ്ഞു പോകണോ എന്ന് ഇടയ്ക്ക് കയറി ചാക്കോച്ചൻ ചോദിക്കുന്നു. അതിന്, സ്വമനസ്സാലെ പിരിഞ്ഞു പോവുകയാണെങ്കിൽ അത് പള്ളിപ്പറമ്പിലേക്കായിരിക്കും എന്ന് അന്തോണി പറയുന്നു. അപ്പോൾ, കാര്യം പറയടാ എന്ന് ചാക്കോച്ചൻ അല്പം അരിശത്തോടെ പറയുന്നു. അതുകേട്ട്, മുതലാളി കൊച്ചമ്മയെ സങ്കടപ്പെടുത്തരുതെന്ന് അന്തോണി വേദനയോടെ പറയുന്നു. അതിന്, ഹോ, ഇതെന്ത് നാശമാണ്, വീട്ടിൽ വന്നു കയറിയാൽ മക്കൾ മുതൽ ജോലിക്കാർ വരെ സ്വൈരം തരില്ല, എന്റെ വിഷമം ആരും മനസ്സിലാക്കുന്നില്ല എന്ന് ചാക്കോച്ചൻ ദേഷ്യത്തോടെ പറയുന്നു. അതുകേട്ട്, അത് ഞങ്ങളുടെ കുറ്റമാണോ എന്ന് അന്തോണി ചോദിക്കുമ്പോൾ, പിന്നെ ആരുടെ കുറ്റം എന്നും, ഞാൻ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി ചിലതൊക്കെ ചെയ്യുന്നു എന്നും, അതുകൊണ്ട് ഞാൻ ഭാര്യയെ മറക്കുന്നില്ലെന്നും, മക്കളെ മറക്കുന്നില്ലെന്നും ചാക്കോച്ചൻ ആവേശത്തോടെ പറയുന്നു. അപ്പോൾ, മുതലാളി എല്ലാം മറന്നുവെന്നും, പള്ളിയെ മറന്നുവെന്നും, പട്ടക്കാരെ മറന്നുവെന്നും, കമ്പനിവരെ മറന്നുവെന്ന് കരഞ്ഞുകൊണ്ടേ അന്തോണി പറയുമ്പോൾ ചാക്കോച്ചൻ അന്തോണിയുടെ കരണത്തടിക്കുന്നു. അതുകേട്ട് ക്ലാര അകത്തുനിന്ന് വന്ന് പകച്ചു നിൽക്കുന്നു.
ചാക്കോച്ചൻ പ്രാർത്ഥനാ മുറിയിലേക്ക് പോകുന്നു. അവിടെ മേരി കസേരയിൽ ബൈബിളും നോക്കിയിരിക്കുന്നത് കാണുന്നു. മേരിയോട് എന്തോ ചോദിക്കാനുദ്ദേശിച്ച് പിന്നീട് ചോദിക്കാതെ തന്നെ ചാക്കോച്ചൻ അവിടുന്നും പോകുന്നു. രാത്രിയായിട്ടും മേരി അതേ ഇരിപ്പാണ്. ചാക്കോച്ചൻ അപ്പോൾ പ്രാർത്ഥനാ മുറിക്ക് പുറത്ത് അസ്വസ്ഥനായി ഉലാത്തിക്കൊണ്ടിരിക്കുന്നു. രാത്രി ഏറെ നേരമായിട്ടും അതേ ഇരിപ്പിരിക്കുന്ന മേരിയുടെ പക്കൽ ചാക്കോച്ചൻ വരുന്നു. മേരിയുടെ പുറകിൽ നിന്നു കൊണ്ട് ചാക്കോച്ചൻ പറയുന്നു - നീ എങ്കിലും എന്റെ ഹൃദയം മനസ്സിലാക്കണം, ഞാൻ പറയുന്നതൊന്ന് കേൾക്ക് മേരി എന്ന് പറഞ്ഞുകൊണ്ടേ മേരി പിടിച്ചുലയ്ക്കുമ്പോൾ, മേരിയുടെ കൈയ്യിൽ പുസ്തകം താഴെ വീഴുകയും, തല ചരിയുകയും ചെയ്യുമ്പോൾ, ചാക്കോച്ചൻ മേരിയെയും കെട്ടിപ്പിടിച്ച് അലറുന്നു. തുടർന്ന് മേരിയെ അടക്കം ചെയ്ത സ്ഥലത്ത് ചെന്ന് പ്രാർത്ഥിച്ച് കണ്ണീർ വാർക്കുന്നു.
മേരി മരിച്ച് ഒരു മാസം കഴിയുമ്പോൾ തന്നെ ചാക്കോച്ചൻ മോളിയെ വിവാഹം കഴിക്കുന്നു. വിവാഹം കഴിഞ്ഞ് മോളിയുമൊത്ത് കാറിൽ വരുമ്പോൾ മോളി ചോദിക്കുന്നു - കഴുത്തിൽ താലി കെട്ടുമ്പോൾ, എന്തായിരുന്നു ഒരു പരിഭ്രമം? അതുകേട്ട്, എനിക്ക് പരിഭ്രമം ഒന്നുമുണ്ടായില്ലെന്ന് ചാക്കോച്ചൻ പറയുമ്പോൾ, ഹും ... കൈ വിറച്ചു എന്ന് ചിരിച്ചുകൊണ്ട് മോളി പറയുന്നു. അതിന്, മേരി മരിച്ചിട്ട് ഒരു മാസം അല്ലേ ആയുള്ളു എന്ന് ചാക്കോച്ചൻ പറയുന്നു. പിന്നീട് ചാക്കോച്ചൻ ഡ്രൈവറോട് കാർ വീട്ടിലോട്ട് വിടാൻ പറയുന്നു. വീട്ടിലെത്തിയതും ഗേറ്റ് പൂട്ടിയിരിക്കുന്നത് കണ്ട് ചാക്കോച്ചൻ കയർക്കുന്നു - ഞാൻ വരുന്നു എന്ന് പറഞ്ഞ് കമ്പി അടിച്ചിട്ടും താഴിട്ട് പൂട്ടിയിരിക്കുന്നോ എന്ന്. അതുകേട്ട്, കമ്പി അടിച്ചില്ലായിരുന്നെങ്കിൽ ഗേറ്റ് പൂട്ടുകയില്ലായിരുന്നോ എന്ന് മേരി ചോദിക്കുന്നു. ചാക്കോച്ചൻ ബഹളം വെച്ച് പൊട്ട് തല്ലിപ്പൊട്ടിക്കാൻ ഡ്രൈവറോട് പറയുമ്പോൾ, ആളുകൾ ശ്രദ്ധിക്കും, വെറുതെ നാണക്കേടുണ്ടാക്കരുതെന്ന് പറഞ്ഞ് മോളി ചാക്കോച്ചനെ സമാധാനപ്പെടുത്തി അവിടുന്നും തിരികെ പോകുന്നു.
അവിടുന്ന് ചോക്കോച്ചൻ നേരെ പോകുന്നത് കമ്പനിയിലേക്കാണ്. അവിടെയെത്തിയതും മേരി ചാക്കോച്ചനെ ഉപദേശിക്കുന്നു, വീട്ടിനു മുൻപിൽ ഉണ്ടാക്കിയ പോലുള്ള ബഹളം ഇവിടെ ഉണ്ടാക്കരുത്, മക്കൾക്ക് ചിലപ്പോൾ കമ്പി കിട്ടിക്കാണില്ല എന്നൊക്കെ പറഞ്ഞ്. എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാം എന്നു പറഞ്ഞ് ചാക്കോച്ചൻ പുറത്തു നിന്നുകൊണ്ട് തന്നെ സണ്ണി ഇല്ലേ ഇവിടെയെന്ന് ഉച്ചത്തിൽ ചോദിക്കുമ്പോൾ കമ്മത്ത് ഓടി വരികയും, സണ്ണി ബിസിനസ്സ് കാര്യത്തിനായി ഊട്ടിക്ക് പോയിരിക്കുകയാണെന്നും പറയുന്നു. അപ്പോൾ ക്ലാര ഇല്ലേ അവിടെയെന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ അവളെയും കൂട്ടിയാണ് പോയതെന്ന് കമ്മത്ത് പറയുന്നു. അതുകേട്ട്, എപ്പോൾ പോയി, ഇന്നലെ അല്ലേ അവർ പോയതെന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, വളരെ അർജെന്റ്റ് ആയതുകൊണ്ടാണ് അവർ പോയതെന്ന് കമ്മത്ത് പറയുന്നു. അപ്പോൾ, വീട്ടിന്റെ ചാവി എവിടെയെന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ കമ്മത്ത് ഒന്നും പറയാതെ നിൽക്കുന്നു. അന്നേരം ഞാൻ അയച്ച കമ്പി കിട്ടിയില്ലേയെന്ന് ചോദിക്കുമ്പോൾ എനിക്ക് കിട്ടി എന്ന് കമ്മത്ത് പറയുന്നു. അപ്പോഴേക്കും ജോലിക്കാരെല്ലാം അവിടെ കൂടിക്കഴിഞ്ഞിരുന്നു. അവരെയെല്ലാം കമ്മത്ത് പറഞ്ഞയക്കുന്നു.
ജോലിക്കാരെല്ലാം പോവുമ്പോൾ ചാക്കോച്ചൻ പറയുന്നു - ആ വീട് ഞാൻ വെച്ചതാണ്. അന്ന് ഇവളെയും വിളിച്ച് ഞാൻ അവിടെ ചെന്നിരുന്നെങ്കിൽ തടയാൻ ആരുമുണ്ടായിരുന്നില്ല. അതുകേട്ട്, ഞാൻ ഇവിടുത്തെ മാനേജർ മാത്രമാണെന്നും, വർക്കി ആൻഡ് കമ്പനിയിലും ഞാൻ മാനേജർ ആയിരുന്നുവെന്നും കമ്മത്ത് പറയുന്നു. അപ്പോൾ, ചെപ്പും പന്തും ഇപ്പോഴും എന്റെ കൈയ്യിൽ തന്നെയാണെന്ന് നിന്റെ കൊച്ചുമുതലാളിയോട് പറഞ്ഞേക്കു എന്ന് ചാക്കോച്ചൻ പറയുമ്പോൾ, കമ്മത്ത് ഒന്നും പറയാതെ ചിരിക്കുന്നു. അപ്പോൾ ചാക്കോച്ചൻ തുടരുന്നു - കമ്പനി കാര്യമെല്ലാം ഞാൻ തന്നെ ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നു, വീട്ടിൽ താമസിക്കാനും എന്ന് പറഞ്ഞ് മോളിയേയും കൂട്ടി കമ്പനിയുടെ അകത്തേക്ക് പോകുന്നു.
അകത്തു ചെന്ന് ചാക്കോച്ചൻ കമ്മത്തിനോട് കണക്കുകളെല്ലാം ചോദിക്കുമ്പോൾ, അതൊക്കെ ഞാൻ സ്ഥിരമായി അങ്ങോട്ട് അയക്കാരുണ്ടായിരുന്നല്ലോ എന്ന് കമ്മത്ത് പറയുന്നു. അതുകേട്ട്, അതൊന്നും ഞാൻ നോക്കിയില്ലെന്നും, ഇപ്പോൾ കാണിക്ക് എന്നും ചാക്കോച്ചൻ പറയുമ്പോൾ, അതൊക്കെ ഓഡിറ്ററുടെ ഓഫിലാണെന്ന് കമ്മത്ത് പറയുന്നു. അതിന്, എന്നാൽ അതൊക്കെ പിന്നീട് നോക്കാം എന്ന് പറഞ്ഞിട്ട്, എനിക്ക് ഗോഡൗൺ ഒക്കെ ഒന്ന് പരിശോധിക്കണം എന്ന് ചാക്കോച്ചൻ പറയുമ്പോൾ, ഗോഡൗണിൽ ഇപ്പോൾ നമ്മുടെ ചരക്കുകളൊന്നും ഇല്ലെന്ന് കമ്മത്ത് പറയുന്നു. അതുകേട്ട്, മുടിച്ചോ എന്ന് ചാക്കോച്ചൻ അരിശത്തോടെ ചോദിക്കുമ്പോൾ, എല്ലാം സണ്ണി കമ്പനിയുടെ ചരക്കുകളാണ് കിടക്കുന്നതെന്ന് കമ്മത്ത് പറയുന്നു. അപ്പോൾ, പുറത്തു കിടക്കുന്ന ചരക്കുകൾ നോക്കി അതൊക്കെയോ എന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, അതും സണ്ണി കമ്പനിയുടേതാണെന്ന് കമ്മത്ത് പറയുന്നു. അതുകേട്ട്, മിണ്ടാതെ നിൽക്കുന്ന ചാക്കോച്ചനോട് കമ്മത്ത് പറയുന്നു - ഇപ്പോൾ വിദേശത്തേക്ക് ചരക്കുകൾ അയക്കുന്നത് സണ്ണി കമ്പനിയാണ്, നമ്മൾ സണ്ണി കമ്പനിക്ക് സപ്പ്ളൈ ചെയ്യുന്നു. അതുകേട്ട്, ഒന്ന് മൂളിയ ശേഷം, ബാങ്കിൽ രൂപാ എത്ര കിടപ്പുണ്ട്, എനിക്ക് കുറച്ചു പണം വേണമായിരുന്നു എന്ന് ചാക്കോച്ചൻ പറയുമ്പോൾ, നമ്മുടെ ബാങ്കിൽ ഇപ്പോൾ പണമില്ലെന്നും, സണ്ണി കമ്പനിയിൽ നിന്നും കുറച്ചു പണം വരാനുണ്ടെന്നും, അത് വന്നാൽ പറയാമെന്നും കമ്മത്ത് പറയുന്നു. അപ്പോൾ, എനിക്ക് പണം വേണമെന്ന് പറഞ്ഞാൽ അവനോട് ചോദിക്കണോ എന്ന് ചാക്കോച്ചൻ അരിശത്തോടെ ചോദിക്കുന്നു. അതുകേട്ട്, മുതലാളി ഒന്ന് വിശ്രമിക്കാൻ പോയി, സണ്ണി ഇങ്ങിനെ ചില ഏർപ്പാടുകൾ എല്ലാം ഉണ്ടാക്കി, പക്ഷേങ്കിൽ നമുക്ക് രൂപാ നഷ്ടമില്ലാട്ടോ എന്ന് കമ്മത്ത് പറയുമ്പോൾ ചാക്കോച്ചൻ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുന്നു. അപ്പോൾ, നമുക്ക് പോകരുതോ എന്ന് മോളി ചോദിക്കുന്നു. ചാക്കോച്ചനും മോളിയും മോളിക്ക് വാങ്ങിയ ബംഗ്ലാവിലേക്ക് പോകുന്നു. കാറിൽ തിരികെ പോകുമ്പോൾ, നീ എന്നെ നശിപ്പിച്ചു എന്ന് ചാക്കോച്ചൻ പറയുമ്പോൾ, മോളി വിതുമ്പുന്നു. അതു കാണുന്ന ചാക്കോച്ചൻ, ഞാൻ അവനെ ഉദ്ദേശിച്ച് പറഞ്ഞതാ എന്ന് പറയുന്നു.
ചാക്കോച്ചനും മോളിയും വീടിനു പുറത്തെ ഉദ്യാനത്തിൽ കാപ്പിയും കുടിച്ചിരിക്കുമ്പോൾ, സണ്ണി കുറച്ചു പണം തന്നയച്ചിട്ടുണ്ടെന്ന് പറഞ്ഞ് കമ്മത്ത് ഒരു ചെക്കും കത്തും ചാക്കോച്ചനെ ഏൽപ്പിക്കുന്നു. അത് സന്തോഷത്തോടെ വാങ്ങി കത്ത് വായിച്ചു നോക്കുന്ന ചാക്കോച്ചൻ കമ്മത്തിനോട് പൊട്ടിത്തെറിക്കുന്നു - നീയും ഇതിന് കൂട്ടു നിന്നോ എന്ന്. തനിക്കൊന്നും അറിയില്ലെന്നും, താനെപ്പോഴും വിശ്വസ്തനാണെന്നും പറഞ്ഞ് കമ്മത്ത് അവിടുന്നും പോകുന്നു. അപ്പോൾ, ആ കത്തിൽ എന്താണ് എന്താണ് എഴുതിയിരിക്കുന്നതെന്ന് മോളി ചോദിക്കുമ്പോൾ, കമ്പനിയുടെ നടത്തിപ്പിൽ എനിക്ക് കാര്യമില്ലെന്നും, ചിലവിന് മാസം അഞ്ഞൂറ് രൂപാ തന്നുകൊള്ളാമെന്നും, തൽക്കാലത്തെ ചിലവിന് ആയിരം രൂപാ കൊടുത്തയച്ചിരിക്കുന്നു എന്നും പറഞ്ഞ് ചാക്കോച്ചൻ കത്തും ചെക്കും കീറാൻ തുനിയുമ്പോൾ മോളി തടുക്കുന്നു. എന്നിട്ട്, അവിവേകമൊന്നും കാണിക്കരുതെന്നും, പിള്ളേർ പ്രായമായാൽ അപ്പനെ ഒരു മൂലയിൽ ഇരുന്നുകൊള്ളാൻ പറയുമെന്നും, അതനുസരിക്കണമെന്നും മോളി പറയുമ്പോൾ, ഞാൻ അനുസരിക്കണമെന്നോ, ഒരു കൂലി വേലക്കാരന്റെ നിലയിൽ നിന്ന് അധ്വാനിച്ച് ആ കമ്പനിയും ആ വീടും ഉണ്ടാക്കിയ ഞാൻ മൂലയിൽ ഇരുന്നുകൊള്ളണമെന്നോ, ആ കമ്പനി ഞാൻ തിരിച്ചെടുക്കും, ഞാൻ അവന്റെ പേരിൽ കേസു കൊടുക്കും എന്ന് ചാക്കോച്ചൻ ആവേശത്തോടെ പറയുന്നു. അതുകേട്ട്, കേസ് കൊടുക്കാൻ പണം വേണ്ടേയെന്ന് മോളി ചോദിക്കുമ്പോൾ, പണം പണം പണം, നിന്റെ മക്കളുടെ കോൺവെന്റ് പഠിത്തമൊക്കെ നിർത്തിക്കോണം, അവർക്ക് വേണ്ടി ചിലവാക്കാൻ ഇനി എന്റെ കൈയ്യിൽ പണമില്ല, വേണ്ടി വന്നാൽ ഈ പറമ്പും വീടും ഞാൻ വിൽക്കും, എന്നാലും ഞാൻ അവന്റെ പേരിൽ കേസ് കൊടുക്കും, നീ കാരണം ഞാൻ മുടിഞ്ഞു എന്ന് ആവേശത്തോടും, അരിശത്തോടും പറഞ്ഞ് ചോക്കോച്ചൻ അവിടുന്നും പോകുമ്പോൾ മോളി വിതുമ്പിക്കൊണ്ട് നിൽക്കുന്നു.
ചാക്കോച്ചൻ നേരെ കൃഷ്ണ പിള്ള വക്കീലിനെക്കണ്ട് നിങ്ങൾ കൂടി അറിഞ്ഞുകൊണ്ട് എന്നെ ചതിക്കരുതായിരുന്നു എന്ന് പറയുമ്പോൾ, എന്തു പറ്റിയെന്ന് വക്കീൽ ചോദിക്കുന്നു. ചാക്കോച്ചൻ സണ്ണി കത്തിൽ സൂചിപ്പിച്ച കാര്യം പറയുമ്പോൾ, നിങ്ങൾ തന്നെയല്ലേ കമ്പനി സണ്ണിയെ ഏൽപ്പിച്ചതെന്നും, ഞാൻ എഴുതിയ എഗ്രിമെന്റ് വായിച്ചു നോക്കീട്ടല്ലേ ഒപ്പിട്ടതെന്നും വക്കീൽ ചോദിക്കുന്നു. അതുകേട്ട്, അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും, എനിക്ക് അവന്റെ പേരിൽ കേസ് കൊടുക്കണമെന്നും, കമ്പനി തിരിച്ചെടുക്കണമെന്നും, കാർ വിറ്റ പണവുമായിട്ടാണ് ഞാൻ വന്നിരിക്കുന്നതെന്നും ചാക്കോച്ചൻ പറയുന്നു. അതിന്, മകനെ പ്രതിയാക്കിയാണോ കേസ് കൊടുക്കുന്നതെന്ന് വക്കീൽ ചിരിച്ചുകൊണ്ട് ചോദിക്കുമ്പോൾ, അതേ എന്ന് ചാക്കോച്ചൻ പറയുന്നു. അതുകേട്ട്, ആ കമ്പനിയുടെ ഇന്നത്തെ സ്ഥിതി അറിയാമോ, പിടിമുറ്റാത്ത വണ്ണം അത് വളർന്നിരിക്കുന്നു, മറ്റൊരു പേരിലാണെങ്കിലും, ചാക്കോച്ചൻ ഉണ്ടാക്കിയ കമ്പനി മലഞ്ചരക്കുകളുടെ കുത്തക സ്ഥാപനമായി വളർന്നിരിക്കയാണ് എന്ന് വക്കീൽ പറയുമ്പോൾ, എനിക്ക് ഞാൻ ഏൽപ്പിച്ച തുകയും, എന്റെ കമ്പനിയും തിരിച്ചു കിട്ടിയാൽ മതിയെന്ന് ചാക്കോച്ചൻ പറയുന്നു. അത് കിട്ടുമെന്ന് തോന്നുന്നില്ലെന്നും, എഗ്രിമെന്റിൽ തിരിച്ചു തരാൻ വ്യവസ്ഥയില്ലെന്നും, നിങ്ങളുടെ കേസ് പിടിക്കാൻ എനിക്ക് പറ്റുകയില്ലെന്നും, ഞാൻ സണ്ണി ഏജൻസീസിന്റെ ലീഗൽ അഡ്വൈസറാണ് എന്നും വക്കീൽ കർക്കശമായി പറയുമ്പോൾ, നിങ്ങൾ വേശ്യകളെപ്പോലെയാണെന്നും, ഞാൻ വേറെ വക്കീലന്മാരുണ്ടോ എന്ന് നോക്കട്ടെ എന്നും ചാക്കോച്ചൻ അരിശത്തോടെ പറയുന്നു. അതുകേട്ട്, കലി തുള്ളാതെ, കാര്യം മനസ്സിലാക്കു എന്ന് വക്കീൽ ചാക്കോച്ചൻ നിർബന്ധിച്ച് ഇരിക്കാൻ പറയുന്നു. എന്നിട്ട്, ഞാൻ സണ്ണിയുടെ സംസാരിച്ചിട്ട് എന്തെങ്കിലും പരിഹാരമുണ്ടാക്കാം എന്ന് വക്കീൽ പറയുമ്പോൾ, എനിക്ക് നിങ്ങളുടെ ഔദാര്യം വേണ്ടാ എന്ന് ചാക്കോച്ചൻ പറയുന്നു. അതുകേട്ട്, ആ സ്ത്രീ ഇത്ര ഭയങ്കരി ആണോ ചാക്കോച്ചാ എന്ന് വക്കീൽ ചോദിക്കുമ്പോൾ, എന്റെ ഭാര്യക്കെതിരായി ഒരക്ഷരം പറയരുതെന്ന് ചാക്കോച്ചൻ പറയുന്നു. അപ്പോൾ നിങ്ങൾക്ക് വന്ന മാറ്റം കണ്ട് ഞാൻ പറഞ്ഞതാണെന്ന് വക്കീൽ പറയുന്നു. ചാക്കോച്ചൻ അതുകേട്ട് ഒന്നുമുരിയാടാതെ എണീറ്റ് പോകുമ്പോൾ, കുഴപ്പങ്ങളൊന്നും സ്വയം വരുത്തി വെക്കരുതെന്ന് വക്കീൽ പറയുന്നു.
സണ്ണി കമ്മത്തുമായി വീട്ടിലെത്തി അന്തോണിയെ വിളിച്ച് ചാക്കോച്ചൻ കേസ് കൊടുക്കാൻ പോകുന്ന കാര്യം അറിയിക്കുന്നു. അതുകേട്ട് അങ്ങോട്ട് വരുന്ന ക്ലാര അത് ആരെങ്കിലും വെറുതെ പറഞ്ഞതാവും എന്ന് പറയുമ്പോൾ, അത് സത്യമാണെന്നും, കമ്മത്ത് എല്ലാം അന്വേഷിച്ച് വന്ന് പറഞ്ഞതാണെന്നും പറയുന്നു. അപ്പോൾ, താനൊരിക്കലും നുണ പറയുകില്ലെന്ന് കമ്മത്ത് പറയുന്നു. അതുകേട്ട്, വലിയ മുതലാളിക്ക് ഒരു സങ്കടം വരുന്നത് തനിക്ക് സഹിക്കാൻ കഴിയില്ലെന്ന് പറയുമ്പോൾ, ഇതിലും വലിയ സങ്കടം വലിയ മുതലാളിക്ക് വരാൻ പോവുകയാണെന്നും, കാൽ കാശിന്റെ മുതൽ പോലും താൻ വിട്ടു കൊടുക്കില്ലെന്നും സണ്ണി പറയുന്നു. അതുകേട്ട്, ക്ലാര സണ്ണിയെ കുറെ ഉപദേശിക്കുന്നുണ്ടെങ്കിലും, സണ്ണി തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് തറപ്പിച്ചു പറയുന്നു. അപ്പോൾ, അപ്പനെ വിഷമിപ്പിച്ചിട്ട് കാൽ കാശിന്റെ സ്വത്തു പോലും തനിക്ക് വേണ്ടെന്ന് ക്ലാര പറയുമ്പോൾ, നിനക്ക് കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് സണ്ണി മുകളിലത്തെ മുറിയിലേക്ക് കയറിപ്പോകുന്നു. ക്ലാര വിതുമ്പിക്കൊണ്ട് നിൽക്കുമ്പോൾ, അന്തോണി അവളെ ആശ്വസിപ്പിക്കുന്നു.
മോളി കിടക്കമുറിയിൽ വിഷണ്ണയായിരിക്കുമ്പോൾ ചാക്കോച്ചൻ അവളോട് എന്താ കാര്യമെന്ന് ചോദിക്കുന്നു. അതുകേട്ട്, നീ കാരണം ഞാൻ മുടിഞ്ഞു എന്ന് നിങ്ങൾ പറഞ്ഞ ആ നിമിഷം മുതൽ എന്റെ മുഖത്തെ ചിരി എന്നെന്നേക്കുമായി മാഞ്ഞു പോയി എന്ന് മോളി പറയുന്നു. അതിന്, പറയാൻ പാടില്ലാത്തത് പറഞ്ഞുപോയി എന്ന് ചാക്കോച്ചൻ മാപ്പ് ചോദിക്കുമ്പോൾ, ഞാൻ മൂലമാണ് എല്ലാം സംഭവിച്ചതെന്ന് നിങ്ങൾ പറഞ്ഞത് ശരിയാണെന്നും, കോൺവെന്റിൽ നിന്നും മക്കളെ തിരിച്ചയക്കാൻ വേണ്ടി ഞാൻ എഴുതിയിട്ടുണ്ടെന്നും മോളി പറയുന്നു. അതുകേട്ട്, നീ എന്തിനങ്ങിനെ ചെയ്തുവെന്നും, എനിക്ക് എന്റെ പഴയ മോളിയും, സുഖവും തിരിച്ചു കിട്ടണമെന്നും ചാക്കോച്ചൻ പറയുമ്പോൾ, ഇത്രയൊക്കെ സുഖമേ വിധിച്ചിട്ടുള്ളു എന്ന് കരുതിക്കോളൂ എന്ന് മോളി പറയുന്നു. അതിന്, നീ എന്നെ വിട്ട് പോകാൻ പോവുകയാണോ എന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, ഈ മിന്ന് എന്റെ കഴുത്തിൽ ഇല്ലായിരുന്നെങ്കിൽ ഞാൻ പോകുമായിരുന്നു എന്നും, ലില്ലിക്കുട്ടിയുടെ അപ്പൻ മരിച്ച അന്ന് തന്നെ ഞാൻ കൂടെ പോന്നത് എന്തിനാണെന്നും മോളി ചോദിക്കുന്നു. അതുകേട്ട്, ചെറുപ്പത്തിൽ നീ സ്നേഹിച്ച പുരുഷൻ വിളിച്ചത് കൊണ്ടെന്ന് ചാക്കോച്ചൻ പറയുമ്പോൾ, അത് മാത്രമല്ലെന്നും, ജീവിക്കാൻ വേണ്ടിയെന്നും, എന്റെ മക്കൾ പാറക്കപ്പറ്റാണെന്നും, ആ തോട്ടത്തിൽ നിന്നും പ്രായമായി വരുന്ന മകളെയും എനിക്ക് എവിടെയെങ്കിലും പോകണമായിരുന്നുവെന്നും മോളി പറയുന്നു. അതിന്, അപ്പോൾ നിനക്ക് എന്നോട് സ്നേഹമില്ലേ എന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, സ്നേഹിക്കാതെ സാധ്യമല്ല എന്ന് മോളി പറയുന്നു. അപ്പോൾ, മോളി കെട്ടിപ്പിടിച്ചുകൊണ്ട്, നീ എന്നെ സ്നേഹിക്കണമെന്നും, ലോകാവസാനം വരെ എനിക്ക് നിന്നോടൊപ്പം ജീവിക്കണമെന്നും പറഞ്ഞ് മോളിയെ ആശ്വസിപ്പിക്കുന്നു.
ലില്ലി ജിമ്മിയോട് കോൺവെന്റ് വിട്ട് പോകണമെന്ന് പറയുമ്പോൾ, നമുക്ക് അവിടെ പോകേണ്ടെന്ന് അവൻ പറയുന്നു. അപ്പോൾ, ഇനി മുതൽ ഫീസ് അയച്ചു തരാൻ കഴിയില്ലെന്ന് അമ്മച്ചി എഴുതിയിട്ടുണ്ട്, അതുകൊണ്ട് നമുക്ക് പോയെ പറ്റു എന്ന് ലില്ലി പറയുന്നു. അതുകേട്ട്, മുതലാളിക്ക് നമ്മളെ ഇഷ്ടമല്ലെന്നും, അമ്മച്ചിക്കും ഇപ്പോൾ നമ്മളെ ഇഷ്ടമല്ലാതായി എന്നും ജിമ്മി പറയുമ്പോൾ, അമ്മച്ചിക്ക് നമ്മളെ ഇഷ്ടമാണെന്ന് ലില്ലി പറയുന്നു. അതിന്, മുതലാളി ഉള്ളപ്പോൾ അമ്മച്ചി ഇപ്പോഴും അയാളുടെ കൂടെയാണ്, നമ്മളുടെ പക്കൽ വരികയെ ഇല്ല എന്ന് ജിമ്മി പറയുമ്പോൾ, നിനക്ക് ഞാനുണ്ടല്ലോ കൂടെ എന്നു പറഞ്ഞ് ലില്ലി അവനെ തഴുകുന്നു.
ചാക്കോച്ചൻ മോളിയുടെ വീട്ടിൽ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്തു നിന്നും "സാർ" എന്നൊരു വിളി കേൾക്കുന്നു. ആരാത് എന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, കോടതി ശിപ്പായി (ജെ എ ആർ ആനന്ദ്) ആണെന്ന് പറഞ്ഞ് ഒരു മനുഷ്യൻ അകത്തേക്ക് കടന്നു വരുന്നു. അയാളോട് എന്താ കാര്യം എന്ന് ചാക്കോച്ചൻ ചോദിക്കുമ്പോൾ, ഒരു ജപ്തി നോട്ടീസ് നടത്താനാണെന്നും, രണ്ടു ലക്ഷം രൂപയ്ക്കാണ് അന്യായം കൊടുത്തതെന്നും ശിപ്പായി പറയുന്നു. അതുകേട്ട് ചാക്കോച്ചൻ കസേരയിൽ നിന്നും ഞെട്ടി എഴുന്നേൽക്കുന്നു. അന്നേരം, അപ്പനെ അറിയാവുന്ന മകൻ എന്നും, ഓടുന്ന പട്ടിക്ക് ഒരു മുഴം കൂട്ടിക്കണ്ടറിഞ്ഞു എന്നും മോളി പുച്ഛത്തോടെ പറയുന്നു. ചാക്കോച്ചൻ ആകെ തളർന്ന് കസേരയിൽ ഇരുന്നുകൊണ്ട് ഞാൻ എന്ത് ചെയ്യണം മോളി എന്ന് ദയനീയമായി ചോദിക്കുമ്പോൾ, മോളി ചാക്കോച്ചന്റെ അടുത്തെത്തി നോട്ടീസ് ഒപ്പിട്ട് കൊടുക്കണമെന്ന് പറഞ്ഞ ശേഷം ശിപ്പായിയെ നോക്കി കൊണ്ടുവരൂ എന്ന് പറയുന്നു. ശിപ്പായി നോട്ടീസ് കൊടുക്കുമ്പോൾ മോളി അതു വാങ്ങി ചാക്കോച്ചനെക്കൊണ്ട് ഒപ്പിടുവിച്ച് അയാൾക്ക് തിരിച്ചു കൊടുക്കുന്നു. ശിപ്പായി അതു വാങ്ങിച്ച് ഒരു കോപ്പി മോളിയെ ഏൽപ്പിച്ച ശേഷം തിരികെ പോകുന്നു.
ശിപ്പായി പോയ ശേഷം, ഇനി ഞാൻ എന്ത് ചെയ്യണമെന്ന് ചാക്കോച്ചൻ മോളിയെ നോക്കി ദയനീയമായി ചോദിക്കുമ്പോൾ, മോളി ചാക്കോച്ചനെ ആശ്വസിപ്പിച്ചുകൊണ്ട്, ഉള്ളത് വല്ലതും കഴിച്ചുകൊണ്ട് അടങ്ങി ഒതുങ്ങി ജീവിക്കണം എന്ന് പറയുന്നു. അതുകേട്ട്, എന്റെ മോൻ എന്നെ അവന്റെ കടക്കാരൻ ആക്കിക്കളഞ്ഞല്ലോ എന്നും, എന്റെ സ്വത്തുക്കൾക്ക് മുഴുവനും അവൻ മാത്രം അവകാശി ആയെന്നും, എന്റെ ജോണിയുടെയും ക്ലാരയുടെയും സ്ഥിതി ഇനി എന്താവും എന്നും വിഷമത്തോടെ പറഞ്ഞ ശേഷം, സ്വയം നിയന്ത്രിച്ചുകൊണ്ട് എനിക്കവനെ ഒന്ന് കാണണം എന്നു പറഞ്ഞുകൊണ്ട് കസേരയിൽ നിന്നും എണീൽക്കുന്നു. അതുകേട്ട്, ഞാനും വരുന്നു എന്നും, എനിക്കും ചിലത് സംസാരിക്കാനുണ്ടെന്നും മോളി പറയുന്നു. അതിന്, ശരി വേഗം തയ്യാറായിക്കോ എന്ന് ചാക്കോച്ചൻ പറയുന്നു. അവർ ഒരുങ്ങി സണ്ണിയെ കാണാനായി ഇറങ്ങിക്കൊണ്ടിരിക്കുമ്പോൾ, ഒരു സ്വൈരവുമില്ല, മനസ്സിന് ആകെ വിഷമം എന്ന് ചാക്കോച്ചൻ പറയുന്നു. അവർ വാതിൽക്കൽ എത്തുമ്പോൾ ലില്ലിയും ജിമ്മിയും കൈയ്യിൽ പെട്ടികളുമായി കയറി വരുന്നു. മോളി മകനെ വാത്സല്യത്തോടെ പുണർന്നു നിൽക്കുമ്പോൾ, ഉള്ള സ്വൈരക്കേട് പോരാ എന്നും, കയറി വന്നിരിക്കുന്നു എന്നും അരിശത്തോടെ പറഞ്ഞുകൊണ്ട് ചാക്കോച്ചൻ ധൃതിയിൽ പുറത്തേക്ക് പോകുന്നു. എന്തു ചെയ്യണമെന്നറിയാതെ ഒന്ന് പകച്ചു നിന്ന ശേഷം മോളിയും ചാക്കോച്ചന്റെ പുറകെ പോകുന്നു. മക്കളും, വേലക്കാരിയും അവർ പോകുന്നത് വേദനയോടെ നോക്കി നിൽക്കുന്നു.
ചാക്കോച്ചനും, മോളിയും വക്കീൽ കൃഷ്ണ പിള്ളയെ കാണാനായി അദ്ദേഹത്തിന്റെ ഓഫീസിൽ കാത്തിരിക്കുന്നു. അപ്പോൾ, കുഞ്ഞുങ്ങള് വന്നിട്ട് ..... എന്ന് പറയാൻ വന്നത് പകുതിയിൽ നിർത്തിയിട്ട് നെറ്റിയും തിരുമ്മിക്കൊണ്ട് അപ്പോ മുതൽ മനസ്സ് വല്ലാതിരിക്കുന്നു എന്ന് വേദനയോടെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സ്റ്റാഫ് വന്ന് നിങ്ങൾക്ക് പോകാം എന്നു പറയുന്നു. ചാക്കോച്ചനും മോളിയും അകത്തേക്ക് പോകുമ്പോൾ വക്കീൽ അവരെ സ്വീകരിച്ചിരുത്തുന്നു. കേസിനും വഴക്കിനും മറ്റും എന്നെ പ്രേരിപ്പിച്ചവൾ എന്ന് നിങ്ങളൊക്കെ ധരിച്ചു വെച്ചിരിക്കുന്നില്ലേ, അവളാണിവൾ, എന്റെ ഭാര്യ എന്ന് മോളിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞ ശേഷം, പക്ഷേ കേസിനും വഴക്കിനുമൊന്നും പോകേണ്ട, കമ്പനിയും വീടുമൊക്കെ മക്കൾ എടുത്തുകൊള്ളട്ടെ എന്ന് എന്നെ ഉപദേശിച്ചിട്ടേയുള്ളു ഇവൾ, എന്റെ ഭാര്യ എന്ന് ചാക്കോച്ചൻ പറയുമ്പോൾ വക്കീൽ ചാക്കോച്ചനെ തന്നെ മിഴിച്ചു നോക്കിയിരിക്കുന്നു. എന്നിട്ട്, നിന്നുകൊണ്ടിരിക്കുന്ന മോളിയോട് ഇരിക്കു എന്ന് വക്കീൽ പറയുമ്പോൾ മോളി ഇരിക്കുന്നു.
അപ്പോൾ വക്കീൽ പറയുന്നു - വന്നതെന്തിനെന്ന് മനസ്സിലായി, ദേഷ്യപ്പെടാതെ കാര്യമെന്തെന്ന് മനസ്സിലാക്കണം. അഡ്വക്കേറ്റ് ദേവസ്സിക്കുട്ടിയെക്കൊണ്ട് സണ്ണിക്ക് നോട്ടീസ് അയപ്പിച്ചതെന്തിന്? അതുകേട്ട്, അങ്ങിനെ സംഭവിച്ചു എന്ന് ചാക്കോച്ചൻ പറയുമ്പോൾ, അതുകൊണ്ടാണ് സണ്ണി ഏജൻസീസ് അന്യായം കൊടുത്തതും, ജപ്തിക്ക് ഏർപ്പാട് ചെയ്തതും എന്ന് വക്കീൽ പറയുന്നു. അതിന്, എല്ലാം കള്ളക്കണക്കുകൾ അല്ലിയോ വക്കീൽ സാറേ എന്ന് ചിരിച്ചുകൊണ്ട് ചാക്കോച്ചൻ പറയുന്നു. തുടർന്ന്, കൂടുതൽ അവകാശികൾ ഉണ്ടായപ്പോൾ ബുദ്ധിയുള്ളവർ കരുതിയെന്ന് മോളി ചാക്കോച്ചനെ നോക്കി പറഞ്ഞ ശേഷം വക്കീലിനോട് പറയുന്നു - വക്കീൽ സാർ, ഞാൻ ചാക്കോച്ചന്റെ സ്വത്തുക്കൾ ഒന്നും ആഗ്രഹിച്ചിട്ടില്ല. അപ്പോൾ, എനിക്കും സ്വത്തും പണവും ഒന്നും വേണ്ടെന്നും, ഉള്ളതൊക്കെ ഞാൻ എഴുതി കൊടുത്തേക്കാമെന്നും, എനിക്ക് രണ്ടപേക്ഷയെ ഉള്ളുവെന്നും, എന്നെ അവൻ കടക്കാരനാക്കരുതെന്നും, എന്റെ ജോണി മോനെയും ക്ലാരയെയും വഴിയാധാരമാക്കരുതെന്നും ചാക്കോച്ചൻ വികാരാധീനനായി പറയുന്നു. അതുകേട്ട്, ജോണി മര്യാദയ്ക്ക് നിന്നാൽ സണ്ണി നോക്കിക്കൊള്ളുമെന്നും, സണ്ണി ഇപ്പോൾ ഒരു പുതിയ ബിസിനസ്സ് തുടങ്ങിയിരിക്കുകയാണെന്നും, ഇഞ്ചി കൃഷിക്കും മുളക് കൃഷിക്കുമെല്ലാം രൂപാ പണയത്തിന്മേൽ പണം കടം കൊടുക്കുന്ന ഏർപ്പാട് എന്നും, സണ്ണി ഇപ്പോൾ തന്നെ ചുക്കിന്റെയും മുളകിന്റെയും കുത്തക വ്യാപാരി ആയിരിക്കയാണെന്നും, ചാക്കോച്ചനായിരുന്നെങ്കിൽ നിങ്ങളുടെ ബിസിനസ്സ് ഇത്രയും വളര്ക്കില്ലായിരുന്നു എന്നും, അതിനെ ശപിക്കാതെ വഴിമാറി കൊടുക്കുന്നതാണ് നല്ലതെന്നും വക്കീൽ പറഞ്ഞു നിര്ത്തുന്നു. അപ്പോൾ, എനിക്ക് സണ്ണിയെ ഒന്ന് കാണണം എന്ന് ചാക്കോച്ചൻ പറയുമ്പോൾ ഇന്ന് പറ്റില്ലെന്നും, വ്യവസായ വകുപ്പ് മന്ത്രിയുമായി കോൺഫറൻസോ, ഡിന്നറോ ഒക്കെയുണ്ടെന്നും വക്കീൽ പറയുന്നു. അതുകേട്ട്, ജനിപ്പിച്ച തന്തയ്ക്കൊന്ന് കാണണമെന്ന് പറഞ്ഞാൽ ഏതു സുൽത്താൻ വന്നാൽ എന്താ എന്ന് ചാക്കോച്ചൻ ആക്രോശത്തോടെ ചോദിക്കുമ്പോൾ, ഞാൻ ഫോണിൽ ഒന്ന് കോൺടാക്ട് ചെയ്ത് നോക്കാമെന്ന് വക്കീൽ പറയുന്നു. തുടർന്ന് വക്കീൽ സണ്ണിയെ ഫോണിൽ വിളിച്ച് സംസാരിക്കുമ്പോൾ സണ്ണി ഇപ്പോൾ പറ്റില്ലെന്ന് പറയുന്നു. വക്കീൽ തുടർന്ന് സംസാരിക്കുമ്പോൾ സണ്ണിയുടെ കൂടെ മത്തായിച്ചനും ഉള്ളതായി അറിയുന്നു. കേസും കൂട്ടത്തിനൊന്നും ചാക്കോച്ചൻ പോവുന്നില്ലെന്നും, വേണ്ടത് നമ്മൾ ചെയ്യണമെന്നും സണ്ണിയെ വക്കീൽ അറിയിക്കുന്നു. അപ്പോൾ പതിനായിരം കൊടുത്ത് മോളിയെ പറഞ്ഞുവിടണമെന്ന് സണ്ണി പറയുമ്പോൾ, അത് ശരിയാവില്ല ഇരുപത്തിനായിരമെങ്കിലും കൊടുക്കാമെങ്കിൽ ഞാൻ പറഞ്ഞു നോക്കാമെന്ന് വക്കീൽ പറഞ്ഞുകൊണ്ടിരിക്കെ, അതൊന്നും നടക്കില്ല വക്കീൽ സാറേ എന്നും, ഇരുപത്തിനായിരമല്ല ഇരുപത് ലക്ഷമായാലും ഇവൾക്ക് പുല്ലാണെന്നും, ഞങ്ങളെ വേർതിരിക്കാമെന്ന് ആരും കരുതേണ്ടെന്നും, എനിക്കവനെ കാണുകേം വേണ്ടെന്ന് അരിശത്തോടെ പറഞ്ഞ് ചാക്കോച്ചൻ മോളിയേയും കൂട്ടി അവിടുന്നും പോവുന്നു.