ലിസി പ്രിയദർശൻ

Lissy Priyadarshan

മലയാളചലച്ചിത്ര നടി. നെല്ലിക്കാട്ടിൽ പാപ്പച്ചന്റെയും ഏലിയാമ്മയുടെയും മകളായി എറണാംകുളം ജില്ലയിലെ പൂക്കാട്ടുപടിയിൽ ജനിച്ചു. വളരെ ചെറുപ്പത്തിലെ മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ അമ്മയുടെ സംരക്ഷണയിലാണ് വളർന്നത്. ലിസിയുടെ വിദ്യാഭ്യാസം സെന്റ് തെരേസാസ് സ്കൂളിലും കോളേജിലുമായിട്ടായിരുന്നു. പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോൾ തന്റെ പതിനാറാം വയസിലാണ് ലിസി സിനിമാമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. സിനിമയിൽ ശ്രദ്ധകേന്ദ്രീകരിയ്ക്കുന്നതിന് വേണ്ടി പഠനം ഇടയ്ക്കു നിർത്തിവെച്ചു.

1982-ൽ "ഇത്തിരിനേരം ഒത്തിരി കാര്യം" എന്ന ബാലചന്ദ്രമേനോൻ സിനിമയിലൂടെയാണ് ലിസി തുടക്കം കുറിയ്ക്കുന്നത്. താമസിയാതെ മലയാള സിനിമയിലെ മുൻനിര നായികയായി വളർന്നു. എൺപതുകളിലെ പ്രധാനപ്പെട്ട എല്ലാ നായകന്മാരുടെയും നായികയായി ലിസി അഭിനയിച്ചു. മോഹൻലാലിന്റെയും,മുകേഷിന്റെയും നായികയായാണ് കൂടുതൽ അഭിനയിച്ചത്. അവരോടൊപ്പം ലിസി അഭിനയിച്ച ബോയിംഗ് ബോയിംഗ്, ചിത്രം, താളവട്ടം, ഓടരുതമ്മാവാ ആളറിയാം, മുത്താരംകുന്ന് പി ഒ.. എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. നായികയായി തിളങ്ങി നിൽക്കുമ്പോളും നായകന്റെ സഹോദരിയായോ, നായികയുടെ കൂട്ടുകാരിയായോ പ്രാധാന്യം കുറഞ്ഞ റോളുകളിൽ അഭിനയിക്കാൻ ലിസിയ്ക്ക് മടിയുണ്ടായിരുന്നില്ല. മലയാളത്തിൽ മാത്രമല്ല ചില തമിഴ്, തെലുങ്കു സിനിമകളിലും ലിസി അഭിനയിച്ചു. തമിഴിൽ കമലഹാസന്റെ നായികയായും അഭിനയിച്ചിട്ടുണ്ട്. ഏകദേശം നൂറോളം സിനിമകളിൽ ലിസി അഭിനയിച്ചിട്ടുണ്ട്.

 സംവിധായകൻ പ്രിയദർശനുമായി പ്രണയത്തിലായ ലിസി 1990 ഡിസംബർ 13ന് അദ്ദേഹത്തെ വിവാഹംചെയ്തു. വിവാഹത്തോട് കൂടി ലിസി അഭിനയം നിർത്തി. പ്രിയദർശൻ - ലിസി ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത് മകൾ കല്യാണി , മകൻ സിദ്ധാർഥ്. കല്യാണി സിനിമാതാരമാണ്. ഇരുപത്തിനാലുവർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ലിസിയും, പ്രിയദർശനും 2016 സെപറ്റംബറിൽ വേർപിരിഞ്ഞു.