ആരാന്റെ മുല്ല കൊച്ചുമുല്ല
മഹേശ്വരിയമ്മ, തങ്കമണിയമ്മ എന്നീ പ്രമുഖകൾ വാഴുന്ന കിങ്ങിണിക്കരയിൽ ബാങ്ക് മാനേജരായി എത്തുന്ന ഓമനക്കുട്ടൻ പ്രണയക്കുരുക്കിൽ പെടുന്നു. അയാളെ സഹായിക്കാൻ ഊട്ടിയിൽ നിന്ന് ഒരു അജ്ഞാതനെത്തുന്നു.
Actors & Characters
Actors | Character |
---|---|
അനാഥൻ/പ്രഭാകരൻ | |
ഓമനക്കുട്ടൻ | |
പഞ്ചായത്ത് പ്രസിഡന്റ് | |
പഞ്ചായത്ത് മെമ്പർ ഭാർഗവൻ പിള്ള | |
രാജപ്പൻ | |
ഓമനക്കുട്ടന്റെ അച്ഛൻ | |
നമ്പ്യാർ | |
ഫാ ജോൺ | |
ജോയ് | |
മാളിയെക്കൽ മഹേശ്വരിയമ്മ | |
ഗോകുലത്തിൽ തങ്കമണിയമ്മ | |
രോഹിണി | |
കവിത | |
ഓമനക്കുട്ടന്റെ അമ്മ | |
ബിന്ദു | |
ചായക്കടക്കാരൻ മൊയ്തു |
Main Crew
കഥ സംഗ്രഹം
ഊട്ടിയിൽ ഒരു സുഹൃത്തിനെ അന്വേഷിച്ചെത്തുന്ന ഓമനക്കുട്ടനെ ചിലർ കൊള്ളയടിക്കുന്നു. വഴിയിൽ അവശനായിക്കിടക്കുന്ന അയാളെ, കാറിൽ അതു വഴി വന്ന യുവാവ് രക്ഷിക്കുന്നു. താൻ കിങ്ങിണിക്കരക്കാരനാണെന്നും സുഹൃത്തിനെത്തിരക്കി എത്തിയതാണെന്നും അയാൾ സ്ഥലം മാറിപ്പോയെന്നും ഓമനക്കുട്ടൻ അയാളോടു പറയുന്നു. കിങ്ങിണിക്കര എന്നു കേട്ടതോടെ യുവാവിന് ഓമനക്കുട്ടൻ്റെ കാര്യങ്ങളിൽ താത്പര്യം തോന്നുന്നു. എന്നാൽ തന്നെക്കുറിച്ച് ഒന്നും വെളിപ്പെടുത്താൻ യുവാവ് തയ്യാറാവുന്നില്ല. താൻ കിങ്ങിണിക്കരയിൽ ബാങ്ക് മാനേജറായി എത്തിയതിനു ശേഷം ഉണ്ടായ സംഭവങ്ങൾ ഓമനക്കുട്ടൻ യുവാവിനോടു പറയുന്നു.
കിങ്ങിണിക്കര ഗ്രാമത്തിലെ പ്രമുഖകളാണ് മഹിളാസമാജം പ്രസിഡൻറ് മാളിയേക്കൽ മഹേശ്വരിയമ്മയും മുൻ പ്രസിഡൻ്റ് ഗോകുലത്തിൽ തങ്കമണിയമ്മയും. നാത്തൂൻമാരാണെങ്കിലും പുറമേ പച്ചച്ചിരിയും അകമേ തമ്മിൽ പാരയുമാണവർ. പൊങ്ങച്ചത്തിൻ്റെ കാര്യത്തിൽ മഹേശ്വരിയമ്മ തങ്കമണിയമ്മയെക്കാൾ ബഹുദൂരം മുന്നിലാണ്. തങ്കമണിയമ്മയുടെ മകൻ രാജപ്പനും മഹേശ്വരിയമ്മയുടെ മകൾ ബിന്ദുവും തമ്മിലുള്ള വിവാഹം പണ്ട് തീരുമാനിച്ചിരുന്നെങ്കിലും, തോറ്റ SSLCക്കാരനും തല്ലിപ്പൊളിയുമായ രാജപ്പന് തൻ്റെ മോളെ കെട്ടിച്ചു കൊടുക്കാൻ മഹേശ്വരിയമ്മയ്ക്ക് അശേഷം താത്പര്യമില്ല. അതറിഞ്ഞതോടെ തങ്കമണിയമ്മയ്ക്ക് മഹേശ്വരിയമ്മയോട് നീരസമാകുന്നു, പുറത്ത് അതു കാണിക്കുന്നില്ലെങ്കിലും.
അവിടെക്കാണ്, നമ്പ്യാർ വിരമിക്കുന്ന ഒഴിവിൽ പുതിയ ബാങ്ക് മാനേജരായി ഓമനക്കുട്ടൻ എത്തുന്നത്. പഞ്ചായത്ത് മെമ്പർ ഭാർഗവൻ പിള്ള പറഞ്ഞതനുസരിച്ച് അയാൾ പഞ്ചായത്ത് പ്രസിഡൻ്റിനെ പോയിക്കാണുന്നു. കണ്ണുകളുടെ കാഴ്ചശക്തി പോയെങ്കിലും നാട്ടുകാർ പഞ്ചായത്ത് പ്രസിഡൻ്റിനെ മാറ്റിയിട്ടില്ല. പ്രസിഡൻ്റിന് കൂട്ടായുള്ളത് സഹായിയായ രോഹിണി എന്ന പെൺകുട്ടി മാത്രമാണ്.
ഓമനക്കുട്ടൻ വലിയ തറവാട്ടിലെ സന്തതിയാണെന്നും അവിവാഹിതനാണെന്നും നമ്പ്യാരിൽ നിന്നറിഞ്ഞ മഹേശ്വരിയമ്മ ഓമനക്കുട്ടനിൽ മകളുടെ ഭാവിവരനെക്കാണുന്നു. ഓമനക്കുട്ടൻ്റെ വീട്ടിൽ പോയി അയാളുടെ മാതാപിതാക്കളെക്കാണുന്ന മഹേശ്വരിയമ്മ പിന്നെ ബാങ്കിലെത്തി ഓമനക്കുട്ടനെ വീട്ടിലേക്ക് ക്ഷണിച്ചു സത്ക്കരിക്കുന്നു. എല്ലാ ദിവസവും അയാൾക്ക് ഉച്ചഭക്ഷണം എത്തിക്കാനുള്ള ഏർപ്പാടും ചെയ്യുന്നു. എന്നു മാത്രമല്ല, ചില ദിവസങ്ങളിൽ ജോലിക്കാരൻ ചാക്കോയ്ക്കു പകരം, ബിന്ദു തന്നെ ഭക്ഷണവുമായി ബാങ്കിൽ പോകുന്നു. മെമ്പർ ഭാർഗവൻ പിളളയിൽ നിന്ന് മഹേശ്വരിയമ്മയുടെ ഉദ്ദേശ്യം അറിയുന്ന തങ്കമണിയമ്മയ്ക്ക് ഇരിപ്പുറയ്ക്കുന്നില്ല. അവർ ഓമനക്കുട്ടനെ വീട്ടിൽ വിളിച്ച് സത്ക്കരിക്കുന്നു.
പള്ളി ഏറ്റെടുത്തു നടത്തുന്ന പഞ്ചായത്തു വക അനാഥാലയത്തിൻ്റെ പേരിൽ മെമ്പർ ഭാർഗവൻ പിള്ള സ്വന്തം ആവശ്യങ്ങൾക്കായി ലോൺ എടുത്തിട്ടുണ്ട്. എന്നു തന്നെയല്ല, അനാഥക്കുഞ്ഞുങ്ങളെ അയാൾ സ്വന്തം പറമ്പിൽ പണിയെടുപ്പിക്കാറുമുണ്ട്, അയാൾ. ഭാർഗവൻ പിള്ളയ്ക്ക് അനാഥാലയത്തിൻ്റെ പേരിൽ ലോൺ നല്കരുതെന്ന് ബാങ്കിലെ അക്കൗണ്ടൻ്റ് ജോയിയോട് ഫാദർ ജോൺ പറയുന്നു. പിറ്റേന്ന് ബാങ്കിലെത്തുന്ന ഭാർഗവൻ പിള്ള, ബിന്ദു ഓമനക്കുട്ടനുമായി സംസാരിച്ചിരിക്കുന്നതു കാണുന്നു. ലോൺ അനുവദിക്കണമെന്ന ആവശ്യം ഓമനക്കുട്ടൻ നിഷേധിച്ചതോടെ അയാൾ കോപാകുലനായി ഇറങ്ങിപ്പോകുന്നു.
ചാക്കോ ബാങ്കിൽ നിന്ന് തിരികെക്കൊണ്ടു വന്ന ടിഫിൻ കരിയറിൽ നിന്ന് ഒരു കത്ത് മഹേശ്വരിയമ്മയ്ക്ക് കിട്ടുന്നു. അത് ഒരു പ്രണയ ലേഖനമാണെന്നു കണ്ടപ്പോൾ, പാത്രം കഴുകുമ്പോൾ മകൾ കാണട്ടെ എന്ന ഉദ്ദേശ്യത്തിൽ, അവരത് തിരികെ ടിഫിൻ കരിയറിൽ തന്നെ വയ്ക്കുന്നു. അതേ സമയം, ഓമനക്കുട്ടന് പെൺസ്വരത്തിൽ പ്രണയം പുരട്ടിയ ടെലിഫോൺ കാളുകൾ വരുന്നുണ്ട്. ബിന്ദുവിനു വരുന്ന ഫോൺ കോളുകൾ ശ്രദ്ധിക്കുന്ന മഹേശ്വരിയമ്മയോട് അത് ഓമനക്കുട്ടനാണെന്ന് ചാക്കോ പറയുമ്പോൾ അവർ സന്തോഷിക്കുന്നു. മഹേശ്വരി പല രീതിയിലും ഓമനക്കുട്ടനോട് അടുപ്പവും സ്നേഹവും കാണിക്കുന്നു.
ഓമനക്കുട്ടൻ്റെ പിറന്നാൾ ദിവസം തങ്കമണിയമ്മ ക്ഷണിച്ചതനുസരിച്ച് അയാൾ രാത്രിഭക്ഷണം കഴിക്കാൻ അവരുടെ വീട്ടിലെത്തുന്നു. അവിടെ വച്ച് തങ്കമണിയമ്മയുടെ മകൾ കവിതയെ തനിക്കിഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കന്നെന്നും അയാൾ പറയുന്നു. തങ്കമണിയമ്മയ്ക്കും അത് സമ്മതമാണ്. എന്നാൽ, ഓമനക്കുട്ടൻ എപ്പോഴും തൻ്റെ വീട്ടിൽ വരാറുണ്ടെന്നും ഫോണിൽ ബിന്ദുവിനോട് സംസാരിക്കാറുണ്ടെന്നും മഹേശ്വരിയമ്മ പറയുന്നതോടെ, തങ്കമണിയമ്മയ്ക്ക് നിരാശയും ദേഷ്യവും തോന്നുന്നു.അവർ ബാങ്കിലെത്തി ഓമനക്കുട്ടനോട് ദേഷ്യപ്പെടുകയും തൻ്റെ വീട്ടിൽ വരരുതെന്ന് താക്കീത് ചെയ്യുകയും ചെയ്യുന്നു. 'ഓമനക്കുട്ടൻ പ്രശ്നം' അയാളുടെ വീട്ടിലും കിങ്ങിണിക്കരയിലും ചർച്ചയാവുന്നു. ഒരു രാത്രിയിൽ, ബിന്ദുവിനെ വിവാഹം കഴിക്കണം എന്നു പറഞ്ഞ് മെമ്പർ ഭാർഗവൻ ഓമനക്കുട്ടനെ ഭീഷണിപ്പെടുത്തുന്നു. പേടിച്ചു പോയ അയാൾ രായ്ക്കുരാമാനം ഊട്ടിയിലെ സുഹൃത്തിൻ്റെ അടുത്തേക്ക് സ്ഥലം വിടുന്നു.
കഥകേട്ടു കഴിഞ്ഞപ്പോൾ താൻ കൂടി കിങ്ങിണിക്കരയിലേക്ക് വന്ന് പ്രശ്നങ്ങൾ പരിഹരിക്കാം എന്നു യുവാവ് പറയുന്നു. അവർ നാട്ടിലെത്തുന്നു. ഓമനക്കുട്ടൻ നാട്ടിലെത്തിയതറിഞ്ഞ് കാര്യങ്ങൾ തിരക്കി അയാളുടെ താമസസ്ഥലത്തെത്തിയ നമ്പ്യാരെ, ഓമനക്കുട്ടൻ കുളിക്കുകയാണെന്നു പറഞ്ഞ് യുവാവ് തിരികെ അയയ്ക്കുന്നു. പേര് ചോദിച്ച നമ്പ്യാരോട് 'അനാഥൻ' എന്നാണയാൾ പറയുന്നത്. കാര്യങ്ങളറിഞ്ഞ മഹേശ്വരിയമ്മ ഓമനക്കുട്ടനെ കണ്ടിട്ടു തന്നെ കാര്യം എന്ന മട്ടിൽ ഗർവോടെ അയാളുടെ താമസസ്ഥലത്തെത്തുന്നു.എന്നാൽ അവരെയും അനാഥൻ മടക്കി അയയ്ക്കുന്നു. 'അനാഥൻ, എന്ന പേരിനെ ഹസിക്കുന്ന മഹേശ്വരിയമ്മ, 'എന്നാൽ ഏഴാം വയസ്സിൽ മരിച്ച സുരേഷ് എന്നു വിളിക്കാം' എന്ന അയാളുടെ മറുപടി കേട്ട് ഞെട്ടുന്നു.
അനാഥൻ പറയുന്നതൊന്നും കാര്യമാക്കേണ്ടാ എന്ന് ഭാർഗവൻ പിള്ള മഹേശ്വരിയമ്മയോടു പറയുന്നു. അയാൾ പറഞ്ഞതനുസരിച്ച്, പതിവുപോലെ ഓമനക്കുട്ടന് മഹേശ്വരിയമ്മ ഭക്ഷണം കൊടുത്തയയ്ക്കുന്നു. എന്നാൽ ചാക്കോയുടെ കൈയിൽ അനാഥൻ ഭക്ഷണത്തിനുള്ള പണം കൊടുത്തയയ്ക്കുന്നതോടെ മഹേശ്വരിയമ്മയുടെ ആ തന്ത്രവും പാളുന്നു. ഇതിനിടയിൽ അനാഥൻ സൈമണച്ചൻ്റെ കുഴിമാടം സന്ദർശിക്കുകയും അനാഥാലയത്തിലെ കുട്ടികൾക്ക് ഭക്ഷണം നല്കുകയും ചെയ്യുന്നു. പക്ഷേ, 'നീ ആരാണു കുഞ്ഞേ' എന്ന ഫാദർ ജോണിൻ്റെ ചോദ്യത്തിൽ നിന്ന് അയാൾ എപ്പോഴും ഒഴിഞ്ഞുമാറുന്നു.
ഒരു ദിവസം നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുന്ന അനാഥനും ഓമനക്കുട്ടനും അവിടെ ജോയിയെ ബിന്ദുവിനൊപ്പം കാണുന്നു. അയാളുടെ മുറി കണ്ടു പിടിച്ച് ഇരുവരും അവിടെത്തുന്നു. ഗത്യന്തരമില്ലാതായപ്പോൾ, താൻ ബിന്ദുവുമായി പ്രണയത്തിലാണെന്നും ഓമനക്കുട്ടൻ എന്ന പേരിൽ ബിന്ദുവിനെ വിളിച്ചിട്ടുണ്ടെന്നും അയാൾ പറയുന്നു. മഹേശ്വരിയമ്മയുടെ നേതൃത്വത്തിൽ മഹിളാസമാജം നടത്തുന്ന മിശ്രവിവാഹച്ചടങ്ങു നടക്കുകയാണ്. അവിടേക്കു വരുന്ന അനാഥൻ, ഒരു മിശ്രവിവാഹം കൂടി നടത്തിത്തരണം എന്നു പറയുന്നു. മഹേശ്വരിയമ്മ ഗർവോടെ അതു സമ്മതിക്കുന്നു. എന്നാൽ ജോയിയും ബിന്ദുവും അവിടേക്കു വരുന്നതോടെ അവർ ഞെട്ടുന്നു. ഗത്യന്തരമില്ലാതെ ജോയിയുടെയും ബിന്ദുവിൻ്റെയും വിവാഹം അവർക്ക് നടത്തേണ്ടി വരുന്നു.
കവിതയുമായുള്ള വിവാഹം നടത്തിക്കൊടുക്കണം എന്നു പറയാൻ അനാഥൻ തങ്കമണിയമ്മയെ കാണുന്നു. എന്നാൽ അവരുടെ തണുപ്പൻ പ്രതികരണം കാണുമ്പോൾ, അവരെ അമ്മയെപ്പോലാണ് കാണുന്നതെന്നു പറഞ്ഞ് അയാൾ പോകുന്നു. കവിതയെ ഓമനക്കുട്ടന് വിവാഹം കഴിച്ചു കൊടുക്കാൻ തങ്കമണിയമ്മ തീരുമാനിക്കുന്നു. വിവാഹത്തിന് അനാഥൻ വരാതെ നോക്കണമെന്ന് തങ്കമണിയമ്മ ഭാർഗവൻ പിള്ളയോടു പറയുന്നു. അനാഥൻ മൊയ്തുവിൻ്റെ ചായക്കടയുടെ പിറകിലേക്ക് താമസം മാറുന്നു. വിവാഹത്തിന് നാടു മുഴുവൻ ക്ഷണമുണ്ടെങ്കിലും അനാഥനെ മാത്രം ക്ഷണിക്കുന്നില്ല. വിവാഹ ദിവസം അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന അനാഥനെ ഭാർഗവൻ പിള്ള എഴുന്നേല്പിച്ചു വിടുന്നു. അതു കാണുന്ന തങ്കമണിയമ്മ അസ്വസ്ഥയാകുന്നു. അന്നു രാത്രി അനാഥൻ തങ്കമണിയമ്മയെ കാണാൻ വരുന്നു - താൻ ആരാണെന്നു വെളിപ്പെടുത്താൻ.
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ശാലീനസൗന്ദര്യമേസിന്ധുഭൈരവി |
മധു ആലപ്പുഴ | ആലപ്പി രംഗനാഥ് | കെ ജെ യേശുദാസ് |
2 |
കാട്ടിൽ കൊടും കാട്ടിൽ |
മധു ആലപ്പുഴ | ആലപ്പി രംഗനാഥ് | കെ ജെ യേശുദാസ് |
3 |
പൊൻ താമരകൾ |
മധു ആലപ്പുഴ | ആലപ്പി രംഗനാഥ് | കെ ജെ യേശുദാസ്, എസ് ജാനകി |