ഉണ്ണിമേരി

Unnimeri
Date of Birth: 
തിങ്കൾ, 12 March, 1962

തെന്നിന്ത്യൻ ചലച്ചിത്ര നടി, അഗസ്റ്റിൻ ഫെർണാണ്ടസിന്റെയും വിക്ടോറിയയുടെയും മകളായി 1962 മാർച്ച് 12-ന് എറണാംകുളത്ത് ജനിച്ചു.  ഉണ്ണിമേരിയുടെ പ്രാഥമിക വിദ്യാഭ്യാസം എറണാംകുളം സെന്റ് തെരോസ് കോൺവെന്റ് സ്കൂളിലായിരുന്നു. മൂന്നാം വയസ്സുമുതൽ ഉണ്ണിമേരി ശാസ്ത്രീയ നൃത്തപഠനം തുടങ്ങിയിരുന്നു. നിരവധിവേദികളിൽ ഉണ്ണിമേരി നൃത്തം അവതരിപ്പിച്ചിരുന്നു. ബാലനടിയായി 1969-ൽ നവവധു എന്ന സിനിമയിലൂടെയാണ് ഉണ്ണിമേരി അഭിനയം തുടങ്ങുന്നത്. തുടർന്ന് നാലഞ്ച് സിനിമകളിൽ കൂടി ബാല നടിയായി അഭിനയിച്ചു. 1975-ൽ പിക്നിക് എന്ന സിനിമയിൽ വിൻസെന്റിന്റെ നായികയായിട്ടായിരുന്നു ഉണ്ണിമേരിയുടെ ആദ്യ നായികാവേഷം. അഷ്ടമിരോഹിണി എന്നചിത്രത്തിൽ പ്രേംനസീറിന്റെ നായികയായതോടെ ഉണ്ണിമേരി പ്രശസ്തിയിലേയ്ക്കുയർന്നു. തുടർന്ന് നിരവധി സിനിമകളിൽ അക്കാലത്തെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി ഉണ്ണിമേരി അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല  തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലെ നിരവധി സിനിമകളിലും ഉണ്ണിമേരി അഭിനയിച്ചിട്ടുണ്ട്. രണ്ട് ഹിന്ദി ചിത്രങ്ങളിലും അവർ അഭിനയിച്ചു. ഗ്ലാമർ വേഷങ്ങളിൽ കൂടുതൽ അഭിനയിച്ചിരുന്നതിനാൽ ഉണ്ണിമേരി പിന്നീട് മുൻ നിര നായികാസ്ഥാനത്തുനിന്നും മാറി ഗ്ലാമർ റോളുകളിൽ മാത്രമായി ഒതുങ്ങിപ്പോയി.

ഉണ്ണിമേരി 1982 മാർച്ചിൽ വിവാഹിതയായി. സെന്റ് ആൽബർട്ട് കോളേജിലെ പ്രൊഫസ്സർ ആയിരുന്ന റിജോയാണ് ഭർത്താവ്. അവർക്ക് ഒരു മകനാണുള്ളത്. പേര് നിർമ്മൽ. തൊണ്ണൂറുകളുടെ തുടക്കത്തോടെ അഭിനയം നിർത്തിയ ഉണ്ണിമേരി ഇപ്പോൾ ഭക്തി മാർഗ്ഗത്തിലാണ് ജീവിയ്ക്കുന്നത്.