ആഷിക് അബു

Aashiq Abu-Director

മലയാള ചലച്ചിത്ര സംവിധായകൻ. 1978 ഏപ്രിലിൽ എറണാംകുളം ജില്ലയിലെ എടപ്പള്ളിയിൽ സി എം അബുവിന്റെയും ജമീല അബുവിന്റെയും മകനായി ജനിച്ചു. കൊച്ചി എസ് ആർ വി ഹൈസ്കൂളിലായിരുന്നു ആഷിക് അബുവിന്റെ വിദ്യാഭ്യാസം. മഹാരാജാസ് കോളേജിലായിരുന്നു അദ്ദേഹത്തിന്റെ കോളേജ് പഠനം. അവിടെവെച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ ഇദ്ദേഹം വിദ്യാർത്ഥി സംഘടന അധ്യക്ഷനായും പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ സംവിധായകൻ അമൽ നീരദിനെ പോലെയുള്ള മുതിർന്ന വിദ്യാർഥികളുമായുള്ള ബന്ധം ഇദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള വരവിന് പ്രചോദനമായി.

പരസ്യ നിർമാതാവായി തന്റെ കലാജീവിതം ആരംഭിച്ച ആഷിക് അബു പപ്പായ മീഡിയ ഡിസൈൻ പ്രൈവറ്റ് ലിമിറ്റഡ്, എന്ന പേരിലുള്ള ഒരു പരസ്യനിർമ്മാണ സ്ഥാപനത്തിന്റെ മേധാവി കൂടിയാണ്. കേരളത്തിലെ പ്രശസ്തമായ വാണിജ്യസ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും പരസ്യങ്ങൾ ഈ സ്ഥാപനം കൈകാര്യം ചെയ്തിട്ടുണ്ട്. സംവിധായകൻ കമലിന്റെ സഹ സംവിധായകനായി സ്വപ്നക്കൂട് എന്ന സിനിമയിലൂടെയായിരുന്നു ആഷിക് അബുവിന്റെ തുടക്കം.  മമ്മൂട്ടിയെ നായകനാക്കി 2009- ൽ ഡാഡി കൂൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടായിരുന്നു സ്വതന്ത്ര സംവിധായകനായത്. 2011- ൽ ആഷിക് അബു സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പെപ്പർ വലിയ സാമ്പത്തിക വിജയം നേടിയതിനോടൊപ്പം നിരൂപക പ്രശംസയും നേടി. തുടർന്ന് ഡാ തടിയാ, ഇടുക്കി ഗോൾഡ്, 22 ഫീമെയിൽ കോട്ടയം, മായാനദി, വൈറസ് എന്നിങ്ങനെ വ്യത്യസ്ത പ്രമേയങ്ങളുള്ള സിനിമകൾ സംവിധാനം ചെയ്തു. 2012-ൽ ഡ്രീം മിൽ സിനിമാസ് ആൻഡ് എന്റർടൈന്മെന്റ് പ്രൈ. ലി. എന്ന പേരിൽ സിനിമ നിർമ്മാണ കമ്പനി ആരംഭിച്ചു. 2017- ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം ആണ് ആദ്യ നിർമ്മാണ സംരംഭം. വൻ ജനപ്രീതി നേടിയ ഈ സിനിമ പല പുരസ്കാരങ്ങളും കരസ്ഥമാക്കി. ഈ മ യൗ ആണ് അവസാനം നിർമ്മിച്ച സിനിമ. സംവിധാനം മാത്രമല്ല ചില സിനിമകളിൽ ആഷിക് അബു അഭിനയിച്ചിട്ടുമുണ്ട്.

ആഷിക് അബുവിന്റെ വിവാഹം 2013-ലായിരുന്നു. പ്രശസ്ത നടി റീമ കല്ലിങ്കലിനെയായിരുന്നു വിവാഹം ചെയ്തത്.