ദിലീഷ് പോത്തൻ

Dileesh Pothan

അഭിനേതാവ്‌,സംവിധായകൻ,നിർമ്മാതാവ്‌

1981ൽ കുറുപ്പുന്തറയിൽ കൊല്ലാപറമ്പിൽ ഫിലിപ്പിന്റെയും ചിന്നമ്മയുടെയും മകനായി ജനനം. കോതനല്ലൂർ എമ്മാനുവേൽസ് സ്കൂൾ, കെ ഇ കോളേജ് മാന്നാനം, സെന്റ് ഫിലോമോനാസ് കോളേജ് മൈസൂർ എന്നിവടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കാലടി ശ്രീ ശങ്കരാ യൂണിവേഴ്സിറ്റിയിൽ നിന്നും തിയേറ്റർ ആർട്ട്സില്ൽ എം എയും മഹാതമാഗാന്ധി സർവ്വകലാശാലയിൽ നിന്നും എം ഫില്ലും കരസ്ഥമാക്കി. 

ചെറുപ്പം മുതലെ സിനിമ ഒരു ഹരമായിരുന്ന ദിലീഷ് ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന സമയത്ത് കുറച്ച് ഷോർട്ട് ഫിലിമുകള്‍ ചെയ്തിരുന്നു. സിനിമയെ ഗൗരവമായി സമീപിക്കുവാനും പഠിക്കുവാനും വേണ്ടി ജോലിയില്‍ നിന്ന് ലീവെടുത്ത് നാട്ടിലെത്തി. ആ കാലഘട്ടത്തിൽ ചില ടെലിവിഷന്‍ പ്രോഗ്രാമുകളിൽ പ്രവര്‍ത്തിച്ചു.1999ൽ ലാൽ ജോസിന്റെ "ചന്ദ്രനുദിക്കുന്ന ദിക്കിൽ" എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ്‌ ആയി മുഖം കാണിച്ചിരുന്നു. 2010ൽ സൈമൺ കുരുവിളയുടെ സഹസംവിധായകനായി 9 കെ കെ റോഡ്‌ എന്ന ചിത്രത്തിൽ പ്രവർത്തിച്ചു. അടുത്ത സുഹൃത്തുക്കളായ ശ്യാം പുഷ്കരന്റെയും ദിലീഷ് നായരുടേയും നിർബന്ധത്തിൽ സോൾട്ട് & പെപ്പറിൽ ഒരു ചെറുവേഷം അഭിനയിച്ചു. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രം മുതൽ എല്ലാ ആഷിക് അബു ചിത്രങ്ങളിലും അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചു. ഈ സിനിമകളിലെല്ലാം ചെറു വേഷങ്ങളും കൈകാര്യം ചെയ്തു. 2014ൽ ദിലീഷ്‌ നായർ ഠമാർ പഠാർ ചെയ്തപ്പോൾ ദിലീഷ്‌ പോത്തൻ അതിൽ ചീഫ്‌ അസോസിയേറ്റ്‌ ഡയറക്റ്ററായിരുന്നു. 

ഫഹദ് ഫാസിലിനെ നായകനാക്കി 2016ൽ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ സ്വതന്ത്രസംവിധായകനായി മാറി.ഏറ്റവും മികച്ച മലയാളം സിനിമയ്ക്കും മികച്ച സംവിധായകനുമുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും ഏറ്റവുമധികം കലാമൂല്യവും ജനപ്രിയതയുമുള്ള സിനിമയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ആദ്യ സിനിമയ്ക്ക്‌ ലഭിച്ചതോടെ ദിലീഷ്‌ പോത്തൻ മലയാള സിനിമാ ലോകത്തിലെ ശ്രദ്ധേയനായി. 

2017ൽ സുരാജ്‌ വെഞ്ഞാറമൂടും ഫഹദ്‌ ഫാസിലും മുഖ്യകഥാപാത്രങ്ങളായ "തൊണ്ടിമുതലും ദൃക്സാക്ഷിയും" എന്ന ചിത്രം സംവിധാനം ചെയ്തു. ആ വർഷം ഏറ്റവും മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ആ ചിത്രം നേടി. 

2018ൽ സുഹൃത്തും തിരക്കഥാകൃത്തുമായ ശ്യാം പുഷ്‌കരനോടൊപ്പം ചേർന്ന് "വർക്കിംഗ്‌ ക്ലാസ്‌ ഹീറോ" എന്നൊരു സിനിമാ നിർമ്മാണക്കമ്പനി തുടങ്ങി. അവരുടെ നിർമ്മാണ പങ്കാളിത്തമുള്ള ആദ്യ ചിത്രം "കുമ്പളങ്ങി നൈറ്റ്സ്‌" ആയിരുന്നു. 

2021ൽ "വർക്കിംഗ്‌ ക്ലാസ്‌ ഹീറോ"യുടെ നിർമ്മാണ പങ്കാളിത്തത്തോടെ ദിലീഷ്‌ പോത്തൻ സംവിധാനം ചെയ്ത സിനിമയാണ്‌ "ജോജി". ഫഹദ്‌ ഫാസിൽ നായകനായ ശഹീദ്‌ അറാഫത്‌ സംവിധാനം ചെയ്യുന്ന  "തങ്കം" എന്ന സിനിമകൂടി 2021ൽ "വർക്കിംഗ്‌ ക്ലാസ്‌ ഹീറോ" നിർമ്മാണം ആരംഭിച്ചിരുന്നു. 

സിനിമയുടെ സൂക്ഷ്മാംശങ്ങൾ ശ്രദ്ധിക്കുകയും പ്രേക്ഷകനെ കഥയ്ക്കൊപ്പം മറ്റ്‌ സവിശേഷതകളിലേയ്ക്കും ആകർഷിക്കുകയും ചെയ്യുന്നതരം ചലച്ചിത്രഭാഷയാണ്‌ ദിലീഷ്‌ പോത്തന്റേതെന്ന് വിലയിരുത്തപ്പെടുന്നു. 

ഭാര്യ ജിംസി, മകൾ അഞ്ജലീന